Thursday, October 29, 2009

അബൂ നുവാസ്‌ - കള്ളിന്റെ കവി


അബൂ നുവാസ്‌ കള്ളിന്റെ കവി

അബ്ബാസിയ കാലഘട്ടത്തിൽ ജീവിച്ച അതിപ്രശസ്തനായ അറബിക്കവിയാകുന്നു അബൂനുവാസ്‌. ദിമശ്കി(സിറിയ)പിതാവിന്റെയും പാർസി(ഇറാൻ) മാതാവിന്റെയും പുത്രനായി ക്രിസ്തു വർഷം 762-ൽ (ഹിജ്‌റ 145) അബൂ അലി അൽ ഹസൻ ഇബ്ൻ ഹാനി എന്നു പേരുള്ള അബൂനുവാസ്‌ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ്‌ ഉമയത്ത്‌ രാജ വംശത്തിലെ മർവ്വാൻ ബിൻ മുഹമ്മദ്‌ രാജാവിന്റെ സൈനികനായിരുന്നു. അൽ സാബ്‌ യുദ്ധത്തിൽ മർവാൻ പരാജയപ്പെട്ടപ്പോൾ അദ്ദേഹം കുടുംബ സമേധം ഇറാഖിലെ ബസറയിൽക്കു കുടിയേറി, അബൂ നുവാസിന്‌ ആറുവയസ്സുള്ള്പ്പോൾ അദ്ദേഹത്തിന്റെ പിതാവു മരിച്ചു.
ഭരണം അബ്ബാസികളുടെ കൈകളിലെത്തിയപ്പോൾ അവർ ബസറയിൽ നിന്നും കൂഫയിലേക്ക്‌ താമസം മാറി. അവിടെ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഖുർആനിലും ഹദീസിലും കർമ്മ ശാസ്ത്രത്തിലുമൊക്കെ അദ്ദേഹത്തിന്ന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നത്രെ.
അങ്ങനെയിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധ സംസ്കാരിക തലസ്ഥാനമായ ബാഗ്ദാദിലേക്ക്‌ തിരിഞ്ഞത്‌. അവിടുത്തെ രാജാവ്‌ ഹാറൂൺ റഷീദിനെ നിരന്തരം പുകഴ്ത്തിപ്പാടിയ അബൂ നുവാസ്‌ ക്രമേണ ഹാറൂൺ റഷീദിന്റെ ഉറ്റമിത്രമായി. എന്നാലും കവിയുടെ അസാംസ്കാരിക പ്രവർത്തനങ്ങളിൽ കോപിഷ്ഠനായ രാജാവ്‌ പലപ്പോഴും അദ്ദേഹത്തെ ജയിലിലടച്ചു ശിക്ഷിച്ചു. എന്നാൽ ഉന്നതന്മാരുമായുള്ള കവിയുടെ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ അപ്പോഴൊക്കെയും അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്തു. അവസാനം അദ്ദേഹം ഭാഗ്ദാദിൽ നിന്നും ദിമശ്കിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കും ഒളിച്ചോടി. ഹാറൂൺ റഷീദിന്റെ മരണത്തിനു ശേഷം അബൂ നുവാസ്‌ അദ്ദേഹത്തിന്റെ മകനായ അമീനിന്റെ കൂടെ കൂടി. ഭൂത കാലങ്ങളിൽ നിന്നു ഖേദിക്കുകയും അമീനിനെ പുകഴ്ത്തുകയും ചെയ്ത്‌ അദ്ദേഹം രാജ സദസ്സിൽ ഉന്നത സ്ഥാനം അലങ്കരിച്ചു. എന്നാൽ അമീനിനും സഹോദരൻ മഅമൂനിനും തമ്മിലുള്ള അധികാരത്തർക്കങ്ങൾക്കിടയിൽ അബൂ നുവാസിന്റെ അമീനുമായുള്ള സൗഹൃദം ശത്രുക്കൾ ഒരായുധമാക്കി. സാംസ്കാരികമായി അധ:പതിച്ച ഒരു കവിയെ ഉന്നതങ്ങളിൽ വാഴിക്കുന്നതിനെതിരെ ചിലർ ആരോപണമുന്നയിച്ചു. അങ്ങനെ അമീനും അദ്ദേഹത്തെ തടവറയിലാക്കി. ഫദ്‌ൽ ഇബ്ൻ റബീഹ്‌ എന്ന പണ്ഡിതന്റെ ശിപാർശയിൽ പിന്നീട്‌ അദ്ദേഹം ജയിൽ മോചിതനായി. അമീൻ മരിച്ചപ്പോൾ അദ്ദേഹം ആലപിച്ച വിലാപ കാവ്യം അബൂനുവാസിന്റെ ആത്മാർത്ഥ സ്നേഹത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
പിന്നീട്‌ മഅമൂൻ ഭാഗ്ദാദിലെത്തുന്നതിനു മുമ്പ്‌ തന്നെ(813 ക്രി.വ.) അദ്ദേഹം മരണപ്പെട്ടിരുന്നു.
കള്ളും പേണ്ണുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങൾ.
അദ്ദേഹം മരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വപ്നം കണ്ടുവെന്നും താങ്കളെ അല്ലാഹു എന്തു ചെയ്തുവെന്ന് ചോദിച്ചപ്പോൾ എന്റെ ഈ കവിത കാരണം എനിക്ക്‌ അല്ലാഹു പൊറുത്തു തന്നുവേന്ന് പറഞ്ഞെന്നും രേഖപ്പെടുത്തിയതു കാണുന്നു
(ആ കവിത ഇതാകുന്നു)

"എന്റെ നാഥാ,
എന്റെ പാപങ്ങൾ വളരെ വലുതാണെങ്കിലും
നിന്റെ കാരുണ്യം അതിനേകാൾ വലുതാണല്ലോ!
അതുകൊണ്ട്‌ നീ കൽപ്പിച്ച പ്രകാരം
വളരെ വിനയത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു:
എന്റെ കൈ നീ തട്ടിയാൽ
ആരാണെന്നോട്‌ കരുണ കാണിക്കുക?
നല്ലവർ മാത്രമേ
നിന്നിൽ പ്രതീക്ഷയർപ്പിക്കാൻ പാടുള്ളൂവെങ്കിൽ
കുറ്റവാളികളായ പാപികൾ
ആരെയാണ്‌ പ്രതീക്ഷിക്കേണ്ടത്‌?
നിന്നിലുള്ള പ്രതീക്ഷയല്ലാതെ
മറ്റൊരു മാർഗ്ഗം എനിക്കില്ല
നിന്റെ മാപ്പ്‌ മനോഹരമാകുന്നു,
ഞാനണെങ്കിലോ ഒരു മുസൽമാനും."
ശേഷം ഈ കവിത തന്റെ തലയണക്കടിയിലുണ്ടെന്ന്
അദ്ദേഹം പറഞ്ഞെന്നും ചെന്നു നോക്കിയപ്പോൾ ആളുകളതു കണ്ടെന്നുമുള്ള ഐതീഹ്യവും പ്രസിദ്ധമാണ്‌.

ശാഇറുൽ ഖംർ (കള്ളിന്റെ കവി എന്നാണ്‌ എദ്ദേഹത്തിനെ അറബി ലോകം വിളിക്കുന്നത്‌)
അദ്ദേഹം ഹജ്ജിനെക്കുറിച്ചെഴുതിയ കവിതയാണ്‌ കഴിഞ്ഞ പോസ്റ്റിൽ കൊടുത്തത്‌- അദ്ദേഹം എഴുതിയതു കോണ്ടു തന്നെ അതിന്‌ അതിന്റേതായ പ്രത്യേകതയുണ്ടാകുമല്ലോ)
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില കവിതകൾ അടുത്ത പോസ്റ്റുകളിൽ പ്രതീക്ഷിക്കാം..

Wednesday, October 28, 2009

ഹജ്ജ്‌ - അബൂ നുവാസ്‌


ഹജ്ജ്‌ - അബൂ നുവാസ്‌
ഞങ്ങളുടെ ദൈവമേ,
നീ എത്ര വലിയ നീതിമാൻ!!
നിന്റെ ആധിപത്യത്തിന്നു കീഴിൽ
നീ തന്നെ സർവ്വാധിപൻ

നിന്റെ വിളിക്കിതാ ഞാൻ ഉത്തരം ചെയ്യുന്നു,
വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു,
എല്ലാ സ്തോത്രങ്ങളും നിനക്കാകുന്നു,

അധികാരങ്ങളും നിനക്കു തന്നെ
നിനക്കതിൽ ഒരു പങ്കുകാരുമില്ല
നിന്നോട്‌ ചോദിച്ചവനൊന്നും
നിരാശനായി മടങ്ങാറില്ല.

നിനക്കു ഞാനുത്തരം ചെയ്യുന്നു
സ്തോത്രങ്ങളെല്ലാം നിനക്കാകുന്നു
എങ്ങോട്ടു പോയാലും ആ ദാസന്‌ നീ മാത്രമേ ഉള്ളൂ
നീ ഇല്ലെങ്കിൽ, എന്റെ നാഥാ,
അവൻ നശിച്ചതു തന്നെ,

നിനക്കു വീണ്ടും ഉത്തരം ചെയ്യുന്നു,
വീണ്ടും നിന്നക്കു സ്തുതി!!
നിനക്കു കൂട്ടാളികളേതുമില്ല,

ഇരുണ്ട രാത്രികളും
ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്ന
ആകാശത്തിലെ നക്ഷത്രങ്ങളും
മുഴുവൻ പ്രവാചകന്മാരും മലക്കുകളും
എല്ലാ ഭൂനിവാസികളും
നിനക്കുള്ളതാകുന്നു,
അവ പ്രാർത്ഥിക്കുന്നതും
പുകഴ്ത്തുന്നതും നിന്നെ മാത്രമാകുന്നു

നിന്റെ വിളി ഞാൻ കേൾക്കുന്നു
നിനക്കാകുന്നു സ്തുതികളഖിലവും
അധികാരവും നിനക്ക്‌,
നിനക്കതിൽ പങ്കുകാരേതുമില്ല

പാപികളേ,
എന്താണ്‌ നിങ്ങൾ അമാന്തിക്കുന്നത്‌?
വേഗമാകട്ടെ, പ്രതീക്ഷകൾ പെട്ടെന്നു പൂവണിയട്ടെ,
കർമ്മങ്ങൾക്ക്‌ ശുഭ പര്യവസാനമുണ്ടാകട്ടെ,

(നാഥാ..)
ഞാൻ വീണ്ടും നിന്റെ വിളിക്കുത്തരം ചെയ്യുന്നു
നിനക്കു സ്തോത്രം
അധികാരവും നിനക്ക്‌
നിനക്ക്‌ പങ്കുകാരേതുമില്ല.

Tuesday, October 27, 2009

ഓർമ്മകൾ - അഹ്‌മദ്‌ മഥർ


ഓർമ്മകൾ - അഹ്‌മദ്‌ മഥർ
ഞാനോർക്കുന്നു...
പണ്ട്‌ എന്റെ വായിൽ
നാവ്‌ എന്നൊരു സാധനമുണ്ടായിരുന്നു എന്ന്

വളരെക്കാലം മുമ്പാണത്‌..
അന്ന് ആ നാവ്‌
നാട്ടിൽ നീതിയും സ്വാതന്ത്ര്യവും ഇല്ലെന്ന്
വേവലാതിപ്പെട്ടുകൊണ്ടിരുന്നു
പോലീസുകാർ അത്‌ രഹ്സ്യമായി
പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന്
അത്‌ പരസ്യപ്പെടുത്തുകയും ചെയ്തു

അങ്ങനെ ഒരു പരാതിയുമായി
ഭരണാധികാരിയെ സമീപിച്ചപ്പോൾ
അദ്ദേഹം
ഔദ്യോഗികമായ
ഒരു ശസ്ത്രക്രിയയിലൂടെ
ആ നാവിനെ എന്റെ വായിൽ നിന്നും
നീക്കം ചെയ്തു കളഞ്ഞു

നാവ്‌ വായിൽ ഒരധികപ്പറ്റാണെന്നും
അതിന്‌ കടുത്ത അണുബാധയേറ്റിട്ടുണ്ടെന്നുമുള്ള
വ്യക്തമായ തെളിവുകൾ നിരത്തിയ
ഒരു റിപ്പോർട്ട്‌
ശസ്ത്രക്രിയക്കു തൊട്ടു മുമ്പ്‌
അദ്ദേഹം സമർപ്പിക്കുകയും ചെയ്തു.

Sunday, October 25, 2009

അധിനിവേശ ഭൂമിയിലെ കവികൾ - നിസാർ ഖബ്ബാനി


അധിനിവേശ ഭൂമിയിലെ കവികൾ.
നിസാർ ഖബ്ബാനി.
-----------------------
അധിനിവേശ ഭൂമിയിലെ കവികളേ,
കണ്ണീരും ചെളിയും പുരണ്ട
പുസ്തകത്താളുകളുടെ ഉടമകളേ,

തൂക്കിലേറ്റപ്പെടുന്നവന്റെ ചക്രശ്വാസം കണക്കെ
കണ്ഠ നാളങ്ങളിൽ നിന്നും
കറകറ ശബ്ദം പുറപ്പെടുവിക്കുന്നവരേ,

കശാപ്പു ചെയ്യപ്പെട്ടവന്റെ പിരടിയുടെ നിറമുള്ള മഷിയുമായി
എഴുത്തു നടത്തുന്നവരേ,

വർഷങ്ങളുടെ ശ്രമഫലത്താൽ
ഞങ്ങൾ നിങ്ങളിൽ നിന്നും
ഒരു കാര്യം പഠിച്ചു
"ഞങ്ങൾ പരാജിതരായ കവികളാണെന്ന്...
ചരിത്രത്തിൽ നിന്നും
ദുഃഖിതരുടെ സങ്കടങ്ങളിൽ നിന്നും
ഞങ്ങൾ തികച്ചും അന്യരാണെന്നും.."

നിങ്ങളിൽ നിന്നും ഞങ്ങൾ ഒന്നു കൂടി മനസ്സിലാക്കി
"എങ്ങനെയാണ്‌ അക്ഷരങ്ങൾക്ക്‌
കൊടുവാളുകളുടെ രൂപമുണ്ടാകുന്നതെന്നും..."

തടവിലാക്കപ്പെട്ട രാത്രി
ഞങ്ങളുടെയടുത്തേക്ക്‌
പറന്നു വന്ന സുന്ദരിയായ പൈങ്കിളിയേ,,,
പ്രഭാത പ്രാർത്ഥന പോലെ
പരിശുദ്ധവും
നിഷ്കളങ്കവുമായ ദുഃഖമേ,
കനലുകളുടെ ആമാശയത്തിൽ മുളച്ച
പനിനീർച്ചെടിയേ,
അക്രമവും അടിച്ചമർത്തലും
മുറക്കു നടന്നിട്ടും
നിർത്താതെ പെയ്യുന്ന പേമാരിയേ,
നിങ്ങളിൽ നിന്നു ഞങ്ങൾ പിന്നേയും പഠിച്ചു;
'എങ്ങനെയാണ്‌ ആഴക്കടലിൽ മുങ്ങിക്കിടക്കുന്നവൻ
പാട്ടു പാടുന്നതെന്ന്,
എങ്ങനെയാണ്‌ ശവക്കുഴികൾ
രണ്ടു കാലിൽ നടന്നു പോകുന്നതെന്ന്.

ഞങ്ങളുടെ കവികളെല്ലാം മരിച്ചു പോയിരിക്കുന്നു
കവിതകളും മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞു.

ദൈവ കീർത്തനങ്ങൾ നടക്കുന്ന സദസ്സുകളിൽ
ആടിയുലയുന്ന ഭിക്ഷുവാണ്‌ ഞങ്ങൾക്കു കവിത.

കവിക്ക്‌ രാജാവിന്റെ തേരു തെളിക്കുന്ന പണിയാണിന്ന്,
ചുണ്ടുകൾ ശണ്ഡീകരിക്കപ്പെട്ടവാനാണിന്ന് കവി,
ഭരണാധികാരികളുടെ മേൽമുണ്ട്‌
തേച്ചു മിനുക്കിക്കൊടുക്കുന്നു കവി,
അവർക്കു വേണ്ടി മദ്യം പാർന്നു കൊടുക്കുന്നു കവി.
വാക്കുകൾ വന്ധ്യംകരിക്കപ്പെട്ടവൻ കവി,
ചിന്തകളുടെ വ്രഷണങ്ങൾ എന്തേ
ഇത്ര വൃത്തികേടായിപ്പോയി?

അധിനിവേശ ഭൂമിയിലെ കവികളേ,
വാതിൽ പഴുതുകളിലൂടെ
പാഞ്ഞു വരുന്ന സൂര്യ കിരണങ്ങളേ,
വനാന്തർഭാഗങ്ങളിൽ നിന്നും കടന്നു വരുന്ന
ചെണ്ടവാദ്യങ്ങളേ,
കൺപീലികൾക്കിടയിൽ മറവുചെയ്യപ്പെട്ട വചനങ്ങളേ,

സ്നേഹിതരേ,
ഞങ്ങളെന്താണ്‌ നിങ്ങളോട്‌ പറയേണ്ടത്‌?
പരാജയത്തിന്റെ സാഹിത്യത്തെക്കുറിച്ചോ?

ജൂൺ വിപ്ലവത്തിന്നു ശേഷം
ഞങ്ങൾ തലയണ വെച്ച്‌
സുഖമായുറങ്ങുകയായിരുന്നു,
വ്യാകരണങ്ങൾ നിരത്തി കളിക്കുകയായിരുന്നു,
ഭീകരത ഞങ്ങളുടെ തലയോട്ടികൾക്കു മുകളിൽ
ചവിട്ടി നടക്കുകയായിരുന്നു
ഞങ്ങൾ ഭീകരതയുടെ കാൽപ്പാദങ്ങളെ
ചുംബിക്കുകയായിരുന്നു
മരങ്ങൾകൊണ്ടു നിർമ്മിച്ച കുതിരകൾക്കു മുകളിൽ കയറി
പ്രേതങ്ങളോടും മരീചികകളോടും
പൊരുതുകയായിരുന്നു;
എന്നിട്ടു ഞങ്ങൾ വിളിച്ചു പറയുന്നു:
"സർവ്വ ലോക രക്ഷിതാവേ,
ഞങ്ങൾ ദുർബ്ബലർ'
നീ സർവ്വാധിപൻ,
ഞങ്ങൾ ദരിദ്രർ,
നീ ദയാവാരിധി,
ഞങ്ങൾ ഭീരുക്കൾ,
നീ എല്ലാം പൊറുക്കുന്നവൻ.."

അധിനിവേശ ഭൂമിയിലെ കവികളേ
എന്റെ സംവേദനേന്ത്രിയങ്ങൾ പ്രവർത്തിക്കുന്നില്ല,
ഖുദ്സിന്റെ വിശുദ്ദി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു
സലാഹുദ്ദീൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു,
ഡയാനയുടെ പുത്രി
മിഹ്‌റാബിന്റെ തണലിൽ
മാംസക്കച്ചവടം നടത്തുന്നു,
എന്നിട്ട്‌ ഞങ്ങൾ ഞങ്ങളെത്തന്നെ
വലിയ എഴുത്തുകാരായി വാഴ്ത്തുന്നു

മഹ്‌മൂദ്‌ ദർവ്വീശ്‌ അഭിവാദ്യങ്ങൾ!
തൗഫീഖ്‌ സയ്യാദ്‌ അഭിവാദ്യങ്ങൾ!
ഫദ്‌വീ തൂഖാൻ അഭിവാദ്യങ്ങൾ!.

വാരിയെല്ലുകളിൽ ഉരച്ച്‌
പേനകൾക്ക്‌ മൂർച്ച കൂട്ടുന്നവരേ,
ഞങ്ങൾ നിങ്ങളിൽ നിന്നും പഠിച്ചു,
വാക്കുകൾക്കിടയിൽ നിന്ന്
കുഴി ബോംബ്‌ പൊട്ടിക്കുന്നതെങ്ങിനെയെന്ന്.

കിഴക്കിന്റെ സാഹിത്യ സന്യാസിമാർ
മാടപ്പിറാവുകളെ പറത്തുന്നു,
കടും ചായ മോന്തിക്കുടിക്കുന്നു,
സ്വപ്നങ്ങളെ തോളിലേറ്റി നടക്കുന്നു,
നിങ്ങളുടെ കാവ്യങ്ങൾക്കു മുമ്പിൽ
ഞങ്ങളുടെ കവികൾ വന്നു നിൽക്കുമ്പോൾ
ഇവർ വികലാംഗന്മാരായി കാണപ്പെടുന്നു.

Saturday, October 24, 2009

ആത്മാഭിമാനം - ഇമാം ശാഫി


ആത്മാഭിമാനം - ഇമാം ശാഫി
"സിംഹങ്ങളുടെ മൃത ശരീരങ്ങൾക്ക്‌ മുകളിൽ
പട്ടികൾ നൃത്തം വെച്ചു കൊണ്ടിരിക്കുന്ന
കലി കാലക്കാഴ്ചകളിൽ നിനക്ക്‌ സങ്കടം തോന്നേണ്ട.
അത്തരം നൃത്തങ്ങൾ കണ്ട്‌
അവ സിംഹങ്ങൾക്കു മേൽ
ആധിപത്യം സ്ഥാപിക്കുന്നുവെന്നും
നീ കരുതേണ്ട.
സിംഹങ്ങൾ എന്നും സിംഹങ്ങളും
പട്ടികൾ എന്നും പട്ടികളുമായിരിക്കും.

പട്ടികൾ ആട്ടിറച്ചി സുഭിക്ഷമായി ഭക്ഷിക്കുമ്പോഴും
കാടുകൾക്കുള്ളിൽ സിംഹങ്ങൾ വിശന്നു ചാവാറുണ്ട്‌.

വിഡ്ഢികൾ പട്ടുമെത്തയിൽ കിടന്നുറങ്ങുമ്പോഴും
പണ്ഡിതന്മാരുടെ വിരിപ്പുകൾ വെറും മണ്ണായിരിക്കും".

(ദീവാനുശ്ശാഫിയിൽ നിന്ന്)
----------------------------------------------------------
അറബിക്‌ ടെക്സ്റ്റ്‌ കാണാൻ ഈ ലിങ്കിൽ ക്ലിക്കുക
----------------------------------------------------------
http://www.adab.com/modules.php?name=Sh3er&doWhat=shqas&qid=14209&r=&rc=6

Wednesday, October 21, 2009

ഇമാം ശാഫി (റ) എന്ന കവി



ഇമാം ശാഫി (റ)
ഇസ്‌ലാമിക കർമ്മ ശാസ്ത്ര നിയമങ്ങളെ വ്യാഖ്യാനിക്കുന്ന നാലു പ്രമുഖ മദ്‌ഹബുകളിലൊന്നായശാഫീ മദ്‌ഹബിന്റെ സ്ഥാപകാനായാണ്‌ ഇമാം മുഹമ്മദ്‌ ഇബ്ൻ ഇദ്‌രീസുശ്ശാഫിയെ ലോകംഅറിയുന്നത്‌. എന്നാൽ അദ്ദേഹം ഒരു തികഞ്ഞ കവിയാണെന്ന കാര്യം പലർക്കുമറിയില്ല. ദീവാനുശ്ശാഫി എന്ന പേരിൽ അദ്ദേഹത്തിന്റെ കവിതാ സമാഹാരം മാർക്കറ്റിൽ ലഭ്യമാണ്‌. അവഅദ്ദേഹത്തിന്റെ ശിഷ്യന്മാർ സമാഹരിച്ചതാണ്‌.
ഹിജ്‌റ വർഷം 150-ൽ (ക്രി.വ.767) ഇമാം ശാഫി പാലസ്തീനിലെ ഗാസയിൽ ജനിച്ചു. രണ്ടു വയസ്സ്‌പ്രായമായപ്പോൽ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചു. പിന്നീട്‌ സാമ്പത്തിക പരാധീനത മൂലം പിടിച്ചുനിൽക്കാൻ കഴിയാതെ അവരുടെ മാതാവ്‌ കുഞ്ഞിനെയും കൂട്ടി ഭർത്താവിന്റെ ബന്ധുക്കൾതാമസിക്കുന്ന മക്കയിലേക്ക്‌ പുറപ്പെട്ടു. മക്കയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. 7 വയസ്സകുമ്പോഴേക്കും അദ്ദേഹം ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി. പതിമൂന്നാംവയസ്സിൽ ഹദീസ്പഠനം തുടങ്ങി. പിന്നീട്‌ 17 വർഷത്തോളം അദ്ദേഹം കവികളുടെയുംഗ്രാമീണരുടെയും പണ്ഡിതന്മാരുടെയും കൂടെ ചേർന്ന് അറബി ഭാഷയിൽ അഗാധമായ അറിവു നേടി. പിന്നീട്‌ മദീനയിൽ ഇമാം മാലിക്‌ എന്ന ഒരു പണ്ഡിതനുണ്ടെന്ന് കേട്ട്‌ അങ്ങോട്ടെക്കു പോയി. അവിടേക്കു പോകുന്നതിനു മുമ്പ്‌ ഒരാഴ്ച കൊണ്ട്‌ ഇമാം മാലിക്കിന്റെ ഹദീസ്‌ സമാഹരമായ "മുവത്ഥ" എന്ന ഗ്രന്ഥം മുഴുവൻ ഹൃദിസ്ഥമാക്കി. പിന്നീട്‌ യമൻ ബാഗ്ദാദ്‌, ഈജിപ്ത്‌ തുടങ്ങിയ നാടുകളിലൊക്കെസഞ്ചരിച്ച്‌ വിജ്ഞാന ലോകത്തിന്‌ അനുപമമായ സംഭാവനകൾ നൽകിയ ഇമാം ശാഫി ഹിജ്‌റവർഷം 204-ൽ ഈജിപ്തിൽ വച്ച്‌ അന്തരിച്ചു.
പ്രവാസം, ആത്മ ധൈര്യം, അഭിമാനം, വിഞ്ജാന ദാഹം എന്നിവയെല്ലാം അദ്ദേഹത്തിന്റെകവിതകളിൽ മുഴച്ചു നിൽക്കുന്നു.
പ്രവാസത്തെ കുറിച്ച്‌ എപ്പോൾ ചർച്ച ചെയ്യുമ്പോഴും എനിക്ക്‌ അദ്ദേഹത്തിന്റെ നാലു വരികളാണ്‌ഓർമ്മ വരിക.
അദ്ദേഹം പറയുന്നു:

"പരദേശിക്ക്‌ കള്ളന്റെ ഭയവും
കടം
വാങ്ങിയവന്റെ ദൈന്യതയും
ബന്ധിതന്റെ
നിന്ദ്യതയുമുണ്ടാകും.
സ്വന്തം
കുടുംബത്തെയും നാടിനേയും കുറിച്ചോർക്കുമ്പോൾ
അവന്റെ
ഹൃദയം പക്ഷിയുടെ ചിറകു പോലെ
പിടച്ചു
കൊണ്ടേയിരിക്കും."
_______________________________
ആത്മാഭിമാനം സ്ഫുരിക്കുന്ന മറ്റൊരു കവിത
_______________________________
"സറന്തീപ്‌ മലകളേ മുത്തുകൾ വർഷിക്കൂ...
തൿറൂർ കുഴികളേ സ്വർണ്ണം ഒഴുക്കി വിടൂ...
ഞാൻ ജീവിച്ചിരുന്നാൽ എനിക്ക്‌ അന്നം കിട്ടാതിരിക്കില്ല
മരിച്ചാൽ കല്ലറയും ലഭിക്കാതിരിക്കില്ല.
രജാക്കന്മാരുടെ മനസ്സാകുന്നു എനിക്ക്‌
എന്റെ ശരീരമോ, അപമാനം മതഭ്രഷ്ടായി കാണുന്ന
സ്വതന്ത്രനായ
മനുഷ്യന്റേതും.
അരച്ചാൺ വയറിന്റെ അന്നം എനിക്കു മതിയെങ്കിൽ
ഞാനെന്തിന്‌
സൈദിനെയും അംറിനേയുംസന്ദർശിക്കണം?.
(ശ്രീ ലങ്കയിലുള്ള പവിഴങ്ങൾ നിറഞ്ഞ ഒരു
മലയാണത്രെ സറന്തീബ്‌ മല. സുഡാനിലെ സ്വർണ്ണഖാനികളാണത്രെ തൿറൂർ കുഴികൾ)

Monday, October 19, 2009

മലാഖമാരുടെ ഒളിത്താവളം-സൂസൻ അലൈവാൻ


(കാട്‌.. സൂസൻ)
------------------------------------
മലാഖമാരുടെ ഒളിത്താവളം-സൂസൻ അലൈവാൻ.
(തുടർച്ച ....)

പേര്‌
:
നീ എന്നെ പേരെടുത്തു വിളിച്ചു
ഞാൻ നിന്റെ വിളി കേട്ടു.

നിഴൽ:
എന്റെ ചന്ദ്രികയെ
കുരിശിലേറ്റിയ
ചുവരിലെ കല്ലുകളിൽ
പ്രകാശം വന്ന്
നിലവിളിക്കുന്നു.

കവിത:
ഞാൻ
എന്റെ നാടിനെക്കുറിച്ചും
സ്നേഹത്തെക്കുറിച്ചും
സുഹൃത്തുക്കളെക്കുറിച്ചും
സ്വപ്നം കാണാറുണ്ട്‌..
അവയൊക്കെ പിന്നീട്‌
കവിതയായി മാറുന്നു.

മേഘം:
നഷ്ടപ്പെട്ട
നിന്റെ കണ്ണുകൾക്കു വേണ്ടി
കരയുന്ന
ഒരു മേഘമായിരുന്നെങ്കിൽ ഞാൻ!!

ആദി കാവ്യം:
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ
സ്വന്തം കോഫീ ഷോപ്പ്‌
അന്വേഷിക്കുന്ന
ഓരോ ബുൾബുൾ പക്ഷികളുണ്ട്‌
അത്‌ ഒരിക്കലും
കണ്ടെത്താൻ കഴിയാതെ
അവ ആയുസ്സു പാഴാക്കുകയും ചെയ്യുന്നു.

കടൽ:
നിന്റെ മുറിവുകളിൽ നിന്നും
എന്റെ കണ്ണീരിലേക്കു നീളുന്ന
കടൽ
രാത്രിയിൽ
നമ്മെപ്പോലെ
കരയുന്നത്‌
നീ കാണുന്നില്ലേ?

അവസാനത്തെ മരണം:
ചിലപ്പോൾ ചിലതൊക്കെ
പതിവിനു വിപരീതമായി
സംഭവിക്കുന്നു

നാം എല്ലാ രാത്രികളിലും
താൽക്കാലികമായി
മരിക്കുന്നു

പക്ഷേ,
നമ്മുടെ അവസാനത്തെ മരണം
എപ്പോഴും നമ്മെ
ഞെട്ടിച്ചു കളയുന്നു.
-------------------------------------

Sunday, October 18, 2009

സൂസൻ അലൈവാൻ - ലബനീസ്‌ കവയത്രി.


സൂസൻ അലൈവാൻ
- ലബനീസ്‌ കവയത്രി-
അവരെക്കുറിച്ച്‌ അവർ തന്നെ സ്വന്തം വെബ്‌ സൈറ്റിൽ ഇങ്ങനെ പരിചയപ്പെടുത്തുന്നു:
"1974 സെപ്തംബർ 28 നു
ബൈറൂത്തിൽ ജനിച്ചു. പിതാവ്‌ ലബനാൻ പൗരനും മാതാവ്‌ ഇറാഖീവംശജയുമാണ്‌. യുദ്ധങ്ങൾ കാരണം ബാല്യവും കൗമാരവും അന്തലൂസ്‌(സ്പെയിൻ), പാരീസ്‌, കയ്‌റോ, എന്നിവിടങ്ങളിലായി ചിതറിക്കിടന്നു. 1997- കെയ്‌റോവിലെ അമേരിക്കൻയൂനിവേർസിറ്റിയിലെ ഇൻഫോർമേഷൻ ആൻഡ്‌ ജേർണലിസ്ം കോളേജിൽ നിന്നും ബിരുദം നേടി, ഇപ്പോൾ ബൈറൂത്തിൽ താമസിക്കുന്നു. കൂടുതലായി യാത്ര ചെയ്യുന്നു. എഴുതുന്നു. വരക്കുന്നു. സമയംകിട്ടുമ്പോഴൊക്കെ സ്വപ്നം കാണുന്നു" .
(താഴെ സൂസന്റെ മനോഹരമായ ഒരു കവിതയുടെ വ്യാഖ്യാനം കൊടുത്തിരിക്കുന്നു. ചുവടെ കൊടുത്ത ചിത്രവും അവരുടേതാണ്‌)

മലാഖമാരുടെ ഒളിത്താവളം - സൂസൻ അലൈവാൻ.


മലാഖമാരുടെ ഒളിത്താവളം.
സൂസൻ അലൈവാൻ.
കൈറോ - 1995.
-------------------------------------------
കവാടം:
വൃത്തികെട്ട കാലത്തെ ഉപേക്ഷിച്ച്‌
ഓടിപ്പോയ മാലാഖമാർ
നിന്റെ കണ്ണുകളിൽ വന്ന്
ഒളിച്ചിരിക്കുന്നു.

മുറിവ്‌:
ഹോട്ടൽ മുറിയിൽ ചിതറിക്കിടന്നിരുന്ന
നിന്റെ സാധനങ്ങൾ പെറുക്കിക്കൂട്ടി
നീ നിന്റെ പെട്ടിയിൽ നിറക്കുകയായിരുന്നു;

അപ്പോൾ ഞാൻ നിന്നോട്‌ ചോദിച്ചു:
ഒരു ചെറിയ സാധനവും കൂടി
വെക്കാൻ അതിൽ സ്ഥലമുണ്ടാകുമോ?
പക്ഷേ,
അപ്പോഴും നീ നിന്റെ സാധനങ്ങളുടെ ബാഹുല്യത്തെക്കുറിച്ചും
പെട്ടിയുടെ വലിപ്പക്കുറവിനെക്കുറിച്ചും
വേവലാതിപ്പെടുകയായിരുന്നു.

വഴിയിൽ വീണ പൂവ്‌:
ബദാം മരങ്ങൾ തണൽ വിരിച്ച,
പെട്രോൾ സ്റ്റേഷന്റെയും
സ്കൂളിന്റെയും
അടുത്തു കൂടെ പോകുന്ന
ചെമ്മൺ നിരത്തിലൂടെ
ഒരു ദിവസം
ഞാൻ നടന്നു പോകുമ്പോൾ
കളഞ്ഞു പോയ ഒരു പൂവിനെ,
ഞാൻ തിരഞ്ഞു കൊണ്ടിരുന്നു.

അല്ല..
വീണ്ടും ഒരപരിചിത സാഹചര്യത്തെ
നേരിടാനുള്ള കരുത്തില്ലാതെ
എന്റെ മാറാപ്പിൽ നിന്നും
പേടിച്ചോടിപ്പോയ എന്റെ ഹൃദയത്തെയായിരുന്നു
ഞാൻ അന്വേഷിച്ചു കോണ്ടിരുന്നത്‌,
അത്‌ വഴിയിൽ വീണു കിടക്കുന്ന ഒരു
പൂവായിരുന്നെങ്കിൽ.....

മരണ കുസുമം:
മണ്ണിന്റെ ഹൃദയത്തിൽ നിന്നും
മുളച്ചു പൊങ്ങുന്ന പൂവിന്‌
മരണ വീട്ടിലെ (കുന്തിരിക്കത്തിന്റെ) മണം.

പരേതൻ:
അവരെന്റെ ഓർമ്മകൾ
തട്ടിപ്പറിച്ചു വാങ്ങി
എങ്ങോ കടന്നു കളഞ്ഞു

എന്റെ ചങ്ങാതിമാർ
എടുക്കാൻ മറന്ന
എന്റെ ഹൃദയം കൊണ്ടു പോകാൻ
അകലെ ഏതോ നക്ഷത്രത്തിൽ നിന്നും
വരുന്ന രാജ കുമാരനെയും നോക്കി
ഞാൻ കാത്തിരുന്നു.

നീതിമാൻ:
രാത്രി വലിയ നീതിമാനാണ്‌
കരയേയോടും കടലിനോടും
അതു വിവേചനം കാണിക്കുന്നില്ല
ദേശാടനക്കിളികളോടും
പരദേശിയായ മനുഷ്യനോടും
അത്‌ വിവേചനം കാണിക്കുന്നില്ല.
കറുപ്പിലും
രാത്രി നീതിമാനാണ്‌.

അത്‌ ഞാനല്ല:
ചുവരിൽ തൂക്കിയിട്ട
കുട്ടിയുടെ ചിത്രത്തിന്‌ എന്റെ ഛായ
അതു പുഞ്ചിരിക്കുന്നില്ലായിരുന്നുവെങ്കിൽ
അതെന്റെ ചിത്രമായിരുന്നേനെ.
( കവിതയുടെ ബാക്കി അടുത്ത പോസ്റ്റിൽ....)

Thursday, October 15, 2009

ക്വാളിഫിക്കേഷൻസ്‌ - അഹ്‌മദ്‌ മഥർ


യോഗ്യതാ പത്രങ്ങൾ.
(അഹ്‌മദ്‌ മഥർ)
-------------------------
പട്ടികൾ നാനാ ഭാഗങ്ങളിലേക്കും നടന്നു പോകുന്നു,
ഒരു തിക്കും തിരക്കും നേരിടാതെ;
അവർ തന്നിഷ്ടപ്രകാരം
നാവു നീട്ടുന്നു,
കുരയ്ക്കുന്നു,
നിന്നു കൊണ്ടു തന്നെ
'ലാത്തയുടെ ദാസന്റെ' മുമ്പിൽ ചെന്ന്
മൂത്രമൊഴിക്കുന്നു...
ഒരു തിക്കും അവർക്കു നേരിടേണ്ടി വരുന്നില്ല.

കഴുതകൾ
കണ്ഠ കഠോരമായ ശബ്ദത്തിൽ
തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു.
അവർക്കും ഒരു തിക്കും തിരക്കും നേരിടേണ്ടി വരുന്നില്ല.

ഒട്ടകങ്ങൾ
അവരുടെ യാത്രക്കിടെ
അതിർത്തി കേന്ദ്രങ്ങളിലൊക്കെ വച്ച്‌
ഓരിയിടുന്നു.

കുതിരകൾ
നടക്കുന്നതിനു പിന്നാലെ
പെർമിഷനുകളൊന്നുമില്ലാതെ തന്നെ
രാഗമാലപിക്കുന്നു
അവർക്കും ഒരു തിക്കും തിരക്കും നേരിടേണ്ടി വരുന്നില്ല.

പക്ഷേ,
നമ്മൾ ആദം സന്തതികൾ
നമ്മുടെ നാട്ടിൽ ചേതനയറ്റു കഴിയുകയാണ്‌
എന്നാൽ മരിച്ചവരുടെ കൂടെയും
നമ്മെ ഉൾപ്പെടുത്തുന്നില്ല.
സംഘം ചേരുന്നതിൽ നിന്നും ഭയന്ന്
നമ്മൾ നിഴലിനെപ്പോലും പേടിച്ച്‌ ഓടുകയാണ്‌.

കണ്ണാടിയിൽ പോലും മുഖം കാണാതിരിക്കാൻ
കണ്ണാടികളുടച്ചു കളഞ്ഞ്‌
മിന്നലാക്രമണവും ഭയന്ന്
നാമോടുകയാണ്‌.

ജീവിതത്തിന്റെ ആരോപണങ്ങളിൽ
അറസ്റ്റു ഭയന്ന്
നാം പിന്നെയും പിന്നെയും ഓടുന്നു.

നൈരാശ്യത്തിന്റെ ശബ്ദത്തിൽ
അപ്പോഴും നാം വിളിച്ചു പറയുന്നുണ്ട്‌:
"ഭരണാധികാരികളേ,
ഞങ്ങൾക്കു മൃഗങ്ങളായാൽ മതി
ഞങ്ങളേ മൃഗങ്ങളുടെ കൂട്ടത്തിൽ പെടുത്തൂ..

അപ്പോൾ അവർ ഞങ്ങളോടു പറഞ്ഞു:
"പറ്റില്ല..
രഹസ്യാന്വേഷണ വിഭാഗത്തിൽ
പ്രവർത്തിക്കാനുള്ള നിങ്ങളുടേ ആശ
കൈവെടിഞ്ഞേക്കൂ...."

Sunday, October 11, 2009

ഇന്ത്യ വളർത്തിയയ അറബിക്കവി.



ഇബ്രാഹിം അൽ അറയ്യദ്‌

-----------------------------------------
1908 മാർച്ച്‌ 8-നു ബോംബെയിൽ ജനിച്ചു. 2001-ൽ ബഹ്‌റൈനിൽ വെച്ച്‌ തൊണ്ണൂറ്റി നാലാം വയസ്സിൽ അന്തരിച്ചു.
പൂർണ്ണ നാമം: ഇബ്രാഹീം അബ്ദുൽ ഹുസൈൻ അൽ അറയ്യദ്‌‌. ബഹ്‌റൈൻ വംശജനായ പിതാവ്‌ ഇറാഖീ വംശജയായ തന്റെ ഭാര്യയുമൊത്ത്‌ രത്ന വ്യാപാരത്തിനായാണ്‌ ബോംബെയിലെത്തുന്നത്‌. അവിടെ വെചാണ്‌ ഇബ്രാഹീം ജനിക്കുന്നത്‌. കുഞ്ഞിന്‌ രണ്ടു മാസം പ്രായമായപ്പോൾ ഉമ്മ മരണപ്പെട്ടു. തുടർന്ന് ഇബ്രാഹിമിനെ അയൽ വാസിയായ ഒരു നല്ല സ്ത്രീ വളർത്തി. ഇബ്രാഹിമിന്‌ നാലു വയസ്സായ സമയത്ത്‌ അവരും മരിച്ചു. തുടർന്ന് അവരുടെ വീട്ടിൽ അലക്കു ജോലിക്കായി വന്ന ഒരു സ്ത്രീ അദ്ദേഹത്തെ വളർത്തി.
അഞ്ചുമൻ ഇസ്ലാം മദ്രസ്സയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസമെന്ന് അവരുടെ പുത്രി സുറയ്യ പറയുന്നു. അവിടെ നിന്ന് ഉർദു, പാർസി, ഇംഗ്ലീഷ്‌ എന്നീ ഭാഷകൾ പഠിച്ചു. തന്റെ പതിനാലാം വയസ്സിൽ, 1926-ൽ ബഹ്‌റൈനിയിൽ തിരിച്ചെത്തിയപ്പോഴാണ്‌ അദ്ദേഹം സ്വന്തം ഭാഷയായ അറബി പഠിച്ചു തുടങ്ങുന്നതു തന്നെ.
ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ ബാല്യ കൗമാര ഘട്ടങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ ഉണർന്നെഴുന്നേറ്റിരുന്നു. അദ്ദേഹം ആദ്യം ഇംഗ്ലീഷിൽ കവിതയെഴുതി. നാട്ടിലെത്തി മൂന്നു വർഷത്തിന്നുള്ളീൽ തന്നെ അറബി ഭാഷ സ്വായത്തമാക്കി. 18-അം വയസ്സിൽ ബഹ്‌റൈനിലെ അൽ ഹിദായ മദ്രസ്സയിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രഭാഷണം നടത്തി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അബൂ തമാം, അബൂ ഫിറാസ്‌ അൽ ഹംദാനി, ഈലിയ അബൂ മാദി തുടങ്ങിയ പ്രഗൽഭ അറബിക്കവികളുടെ രചനകളെ നേരിട്ട്‌ പരിജയപ്പെട്ടു. കൂടാതെ ഇംഗ്ലീഷ്‌ കവികളായ ഷേക്സ്പിയർ, ഷെല്ലി, തോമസ്‌ ഇലിയട്ട്‌ തുടങ്ങിയവരുടെ രചനകളും അദ്ദേഹത്തെ സ്വാധീനിച്ചു. ഐർലണ്ട്‌ കവി തോമസ്‌ മൂറിനെ അനുസ്മരിക്കെഴുതിയ കവിതയാണ്‌ അദ്ദേഹത്തിനെ "അദ്ദിൿരാ.." എന്ന കവിത.
കൂടാതെ പേർഷ്യൻ കവിതകളെ അറബി ലോകത്തിനു പരിചയപ്പെടുത്തിക്ക്കൊടുക്കുന്നതിലും അദ്ദേഹത്തിന്റെ സേവനം സ്തുത്യർഹമാണ്‌. ഉമർ ഖയാമിന്റെ കവിതകകളുടെ പഠനമായ "റുബാ-ഇയാത്ത്‌ അൽ ഖയാം" എന്ന പുസ്തകം അദ്ദേഹം 1933-ൽ എഴുതി. 1966-ൽ അതു പ്രസിദ്ധീകരിച്ചു. കൂടാതെ നാടകങ്ങളും വിമർശനങ്ങളും അദ്ദേഹം എഴുതി.
ബഹ്‌റൈനിയിലെത്തിയ അദ്ദേഹം സാഹിത്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്‌ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലാണ്‌. 1927-ൽ അൽ ഹിദായതുൽ ഖലീഫിയ മദ്രസ്സയിൽ ഇംഗ്ലിഷ്‌ അധ്യാപകനായി ചേർന്നു. അതിനു ശേഷം മൂന്നും വർഷം മറ്റൊരു സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയതു. 1937 വരേ കസ്റ്റംസ്‌ ഡിപ്പാർറ്റ്‌മന്റിൽ ചീഫ്‌ എക്കൗണ്ടന്റായിരുന്നു. അതിനു സേഷം പെട്രോളിയം കമ്പനിയിൽ ട്രാൻസലേറ്റർ ആയി സേവനമനുഷ്ടിച്ചു. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ കാലയളവിൽ അദ്ദേഹം ബഹ്‌റൈൻ റേഡിയോവിലും ഡൽഹി റേഡിയോവിലും പ്രവർത്തിച്ചു. 1972-ൽ ബഹ്‌റൈൻ ഭരണ ഘടനയുടെ നിർമാണചുമതലയുമേറ്റെടുത്തു. 1974 മുതൽ വിവിധ രാജ്യങ്ങളിലെ അംബാസഡറായി സേവനം തുടർന്നു.

Thursday, October 8, 2009

തോറ്റ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പ്‌ - നിസാർ ഖബ്ബാനി


തോറ്റുപോയ വിദ്യാർത്ഥിയുടെ ഡയറിക്കുറിപ്പ്‌:

നിസാർ ഖബ്ബാനി.

"നിങ്ങൾക്കെന്താണു വേണ്ടത്‌?
എന്നിൽ നിന്നും നിങ്ങളെന്താണാവശ്യപ്പെടുന്നതെന്ന്
കൃത്യമായിപ്പറയൂ..
അനുരാഗത്തിന്റെ പള്ളിക്കൂടത്തിൽ
ഞാനെന്റെ ആയുസ്സു മുഴുവനും ചിലവഴിച്ചു
നീണ്ട രാത്രികൾ ഉറക്കമിളച്ചു
പുസ്തകങ്ങൾ നിരന്തരം പാരായണം ചെയ്തു
വീണ്ടും വീണ്ടും വായിച്ചു തീർത്തു
എന്റെ എല്ലാ കർത്തവ്യങ്ങളും ഞാൻ നിർവ്വഹിച്ചു
പ്രേമത്തിന്റെ കിടപ്പറയിൽ
എനിക്കാവുന്നതൊക്കെയും ഞാൻ ചെയ്തു.

റോസ്‌ വുഡിൽ എന്റെ എല്ലാ കഴിവുമുപയോഗിച്ച്‌
ഞാൻ കൊത്തുപണികളെടുത്തു
അക്ഷരങ്ങൾ, കുത്തുകൾ, വൃത്തങ്ങൾ
എല്ലാം ന
ന്നയി വരച്ചു
എന്നിട്ടും എന്തിനാണ്‌ നിങ്ങളെന്റെ ഉത്തരക്കടലാസിൽ
മുഴുവൻ തെറ്റുകളിട്ടത്‌?
എന്തിനാണ്‌ നിങ്ങളെന്റെ ചരിത്രത്തെ,
എന്റെ കഴിവിനെ,
എന്റെ കലാവാസനയെ നിന്ദിച്ചത്‌?
ഭവതീ,
ഇപ്പോഴും എനിക്കു മനസ്സിലാകുന്നില്ല
എന്നിൽ നിന്നും നിങ്ങൾ എന്താണു പ്രതീക്ഷിക്കുന്നത്‌ എന്ന്.
* * * *
2
എന്താണു ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്യേണ്ടത്‌?
ദൈവം സാക്ഷി!
എന്റെ കഴിവുകൾ മുഴുവൻ നിങ്ങൾക്കു സമർപ്പിക്കാൻ
ഞാൻ മറ്റെല്ലാം മാറ്റിവെച്ച്‌ രംഗത്തിറങ്ങിയിരുന്നു
ഒരു കലാകാരനെന്ന നിലക്ക്‌
എന്റെ കിറുക്കുകളെല്ലാം നിങ്ങൾക്കായി ചിലവഴിച്ചിരുന്നു
കഠിനായി പരിശ്രമിക്കുകയും ചെയ്തു
കല്ലുകൾ കൊത്തിയുണ്ടാക്കി
വളരെ ചെറുപ്പത്തിലേ
എനിക്ക്‌ അവധിയെന്താണെന്നറിയില്ലായിരുന്നു
കൂലിയൊന്നും വാങ്ങാതെ തന്നെ നിന്റെ സ്തനങ്ങൾ
ഞാൻ കൊത്തിയുണ്ടാക്കി
കുട്ടിയായിരിക്കുമ്പോഴേ
ഞാന്റെന്റെ ചുമലിൽ മണലു ചുമന്നു
എന്നിട്ടത്‌ കരകാണാത്ത കടലിൽ കൊണ്ടിട്ടുകൊണ്ടിരുന്നു
രണ്ടായിരാമാണ്ടിനു മുമ്പു തന്നെ
ഞാനിതൊക്കെ ചെയാറുണ്ടായിരുന്നു!!.
എന്നിട്ടും എന്തിനാണു ഭവതീ
ഇനിയും എന്നോട്‌ ആദ്യം മുതലേ തുടങ്ങാൻ ആവശ്യപ്പെടുന്നത്‌?
എന്തിനാണെന്റെ പ്രതിഭയെ,
എന്റെ കലാ വാസനയെ നിങ്ങൾ ഇപ്പോൾ ഇങ്ങനെ കുറ്റം പറയുന്നത്‌?
ആ രണ്ടു സ്തനങ്ങൾ
എന്നിൽ നിന്നെന്താണാവശ്യപ്പെടുന്നതെന്ന്
ഞാനറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!!.

3
ഞാനെന്തായിത്തീരണമെന്നാണു നിങ്ങളാവശ്യപ്പെടുന്നത്‌?
നിന്റെ വാല്യേക്കാരിൽ ഒന്നാമനാകണമെന്നോ?
ആദ്യത്തെ പടയാളിയാകണമെന്നോ?
ആദ്യത്തെ ശാസ്ത്രഞ്ജനാകണമെന്നോ?
നിന്റെ കാർക്കൂന്തലിലെ,
നിന്റെ ഉത്തരീയത്തിലെ ചുളിവുകളിലെ
ആദ്യത്തെ കുടിയേറ്റക്കാരനാകണമെന്നോ?

എന്താണ്‌ ശരിക്കും വേണ്ടത്‌?
പാരാവാരത്തിൽ പ്രവേശിച്ച്‌
നിന്റെ മണൽത്തരികളുടെ ഊഷ്മളതയിൽ
അന്തിയുടങ്ങണമെന്നോ?

നിന്റെ ഭാവനകളെ ത്രിപ്തിപ്പെടുത്താൻ
ഇന്നോളം ഞാൻ ആയിരക്കണക്കിനു
പോഴത്തങ്ങൾ ചെയ്തു കൂട്ടി
നിന്നെ പ്രാപിക്കാൻ
ആയിരത്തിലധികം തവണ രക്ത സാക്ഷിയായി
അധികാരത്തിന്റെ പാദചലനങ്ങളുമായി കടന്നു വന്നവളേ,
നിന്റെ ഭ്രാന്തിൽ നിന്നും
നിന്റെ സൗന്ദര്യത്തിൽ നിന്നും
നീ എന്നെ മോചിപ്പിക്കുക.
(തുടരും...)

Monday, October 5, 2009


ഖലീൽ ഹാവി: (1919-1982)
1982-ൽ ഇസ്രയേൽ സൈന്യം, തന്റെ മാതൃ രാജ്യത്തേക്ക്‌ ഇരച്ചു കയറുന്ന ദയനീയ രംഗം കണ്ടു നിൽക്കാൻ കഴിയാതെ ബെയ്‌റൂത്തിലെ അൽഹംറാ തെരുവിലെ സ്വന്തം വീട്ടിൽ വെച്ച്‌ തല്യ്ക്കു വെടി വെച്ച്‌ ആത്മഹത്യ ചെയ്ത കവി.

സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ അതായത്‌ പന്ത്രണ്ടാം വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ്‌ രോഗം മൂലം മരണപ്പെട്ടു. തുടർന്നു പഠനം മുടങ്ങുകയും നിത്യവൃത്തിക്കു വേണ്ടി കെട്ടിട നിർമാണത്തൊഴിലിലും റോഡു നിർമാണത്തിലുമൊക്കെ ഏർപ്പെടേണ്ടി വരികയും ചെയ്തു. എങ്കിലുമദ്ദേഹം നിരന്തരം വായിക്കുകയും ഒഴിവു സമയങ്ങളിൽ കവിതകൾ കുത്തിക്കുറിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കഠിന ശ്രമം കൊണ്ടു അറബി, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ ഭാഷകൾ പഠിച്ച അദ്ദേഹം സ്വയം സ്കൂൾ പഠനം പൂർത്തിയാക്കി ബെയ്‌റൂത്തിലെ അമേരിക്കൻ യൂണിവേർസിറ്റിയിൽ പ്രവേശനം നേടി. അവിടെ നിന്നും ഉന്നത വിജയത്തോടെ ബിരുദം വാങ്ങിയ ശേഷം ബ്രിട്ടണിലെ കാംബ്രിഡ്ജ്‌ യൂണിവേർസിറ്റിയിൽ ചേർന്ന് ഡോക്ടറേറ്റും സമ്പാദിച്ചു. പിന്നീട്‌ ബെയ്‌റൂത്തിലേക്ക്‌ തിരിച്ചു വന്ന ഖലീൽ പഠിച്ച യൂണിവേർസിറ്റിയിൽ തന്നെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അങ്ങനെയിരിക്കുമ്പോഴാണ്‌ ഇസ്രയേൽ സൈന്യം ബെയ്‌റൂത്തിനെ ആക്രമിക്കുന്നത്‌.
ഖലീൽ ഹാവിയുടെ മരണത്തെക്കുറിച്ച്‌ ചില അപസ്വരങ്ങൾ അറബ്‌ ലോകത്തുണ്ട്‌. അദ്ദേഹം അതിനു മുമ്പും ഒന്നു രണ്ടു തവണ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ പ്രമുഖ ലബനീസ്‌ സാഹിത്യകാരനും നിരൂപകനുമായ അബ്ദ: വാസിൻ പറയുന്നത്‌ ഖലീൽ ഹാവിയുടെ കവിത സമാഹാരങ്ങളിൽ ഏറ്റവും മനോഹരമായത്‌ തോക്കും ചോരയും കൊണ്ട്‌ രചിച്ച അദ്ദേഹത്തിന്റെ ഭീകരമായ്‌ ആ ആത്മഹത്യ തന്നെയാണെന്നാണ്‌.(ദീവാൻ അൽ അറബ്‌ മാസിക, ജൂൺ-2007)

Sunday, October 4, 2009


മുമ്പേ മരിച്ചവർ.
----------------------
പ്രതിസന്ധികൾ തരണം ചെയ്ത്‌
ജീവിതം മുന്നോട്ട്‌ കൊണ്ടു പോകാൻ
സാധിക്കാതിരിക്കുകയും,
മരണമല്ലാതെ ഒളിച്ചോടാൻ
മാറ്റു മാർഗ്ഗങ്ങൾ
കിട്ടാതിരിക്കുകയും
ചെയ്യുമ്പോൾ
നീ മരിക്കാൻ തീരുമാനിക്കുന്നു.
മരണത്തെ വരിക്കാൻ തയ്യാറാകുന്നു.
അപ്പോഴാണ്‌ നീ ഒരു സത്യം
മനസ്സിലാക്കുന്നത്‌
"നീ മുമ്പു തന്നെ
ഒരു ശവമായിരുന്നു എന്ന്"

Courtesy to the Arabic site: http://www.hala4all.com