പ്രേമ കാവ്യങ്ങൾ


അതിരുകളില്ലാത്ത അനുരാഗം നിസാർ ഖബ്ബാനി (സിറിയ)
1.
സഖീ,
കഴിഞ്ഞ വർഷം വിട പറയുമ്പോൾ
എന്റെ ചരിത്ര പുസ്തകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ നീയായിരുന്നു.
ഈ പുതു വർഷത്തിലും
നിനക്കു തന്നെയാകുന്നു ഒന്നാം സ്ഥാനം.

സമയം കൊണ്ടും കാലം കൊണ്ടും
കണക്കു കൂട്ടാൻ കഴിയാത്ത പെണ്ണാകുന്നു നീ.

കവിതയുടെ കനികൾ കൊണ്ടും
കനക സ്വപ്നങ്ങൾ കൊണ്ടും
നിർമ്മിക്കപ്പെട്ടവളാകുന്നു നീ

കോടി വർഷങ്ങൾക്കു മുമ്പേ
എന്റെ ശരീരത്തിൽ കുടിയിരുന്നവളാകുന്നു നീ

2
സഖീ,
പരുത്തിയും കാർമുഖിലും കൊണ്ട് നെയ്തുണ്ടാക്കിയവളേ,
മാണിക്യങ്ങളുടെ പേമാരിയേ,
നഹാവന്ദിലെ പുഴകളേ,
വെണ്ണക്കൽ കാടുകളേ,
ഹൃദയത്തിന്റെ ജലാശയത്തിൽ വെച്ച്
മീനുകളെപ്പോളെ നാമം ജപിക്കുന്നവളേ,
മാടപ്പിറാവുകളെ പോലെ കണ്ണുകളിൽ കൂടു കൂട്ടിയവളേ,
എന്റെ സ്നേഹത്തെ
എന്റെ സംവേദനങ്ങളെ
എന്റെ ഉണ്മയെ.. എന്റെ വിശ്വാസത്തെ
മാറ്റിമറിക്കാൻ ഒരു ശക്തിക്കും കഴിയില്ല.

ഞാനിപ്പോഴും വിശുദ്ധ മതത്തിൽ ഉറച്ചു തന്നെയിരിക്കുന്നു.

3
സഖീ
സമയ ഗമനമോ വർഷങ്ങളുടെ പേരുകളോ
എനിക്കൊരു പ്രശ്നമല്ല.
എല്ലാ കാലത്തും നീയൊരു സ്ത്രീയായിത്തന്നെയിരിക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇരുപത്തഞ്ചാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇതുപത്തൊമ്പതാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഞാൻ നിന്നെ സ്നേഹിക്കും

കടലുകൾ വറ്റിവരണ്ടാലും
കാടുകൾ കത്തിച്ചാമ്പലായാലും
ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും.

4
സഖീ,
എല്ലാ കവിതകളുടെയും സത്തയാകുന്നു നീ
എല്ലാ സ്വാതന്ത്ര്യത്തിന്റെയും പൂവും.
ഞാൻ നിന്റെ പേരിൽ കവിത ചൊല്ലാം
അങ്ങനെ കവികളുടെ രാജാവായും
വാക്കുകളുടെ ഫറോവയായും മാറാം.

നിന്നെപ്പോലൊരു തരുണിയെ സ്നേഹിച്ചതിന്റെ പേരിൽ
ചരിത്ര പുസ്തകത്തിൽ കയറിപ്പറ്റാനും
കൊടികളുയർത്തിക്കെട്ടാനും
കഴിയുന്നു എന്നതു തന്നെ എനിക്കു ധാരാളം മതി.

5
സഖീ,
ആഘോഷങ്ങളുടെ കാലത്ത്
ഒരു കിളിയെപ്പോലെ നീയെന്നെ
പിടഞ്ഞു കൊണ്ടിരിക്കാൻ വിടരുത്.

എന്നിലൊരു മാറ്റവും സംഭവിച്ചിട്ടില്ല
സ്നേഹ നദിയുടെ ഒഴുക്ക് നിലച്ചിട്ടില്ല
ഹൃദയമിടിപ്പ് നിശ്ചലമായിട്ടില്ല
കാർകൂന്തൽ ഇപ്പോഴും പാറിക്കളിക്കുന്നുണ്ട്
രാഗം വളർന്നു വലുതായാലും
രാഗിണി ചന്ദ്രികയായി മാറിയാലും
ഈ അനുരാഗം കത്തിക്കരിഞ്ഞ കച്ചയായി മാറുകയില്ല.

6
സഖീ,
ഇവിടെ ഒന്നും എന്റെ കണ്ണുകളെ നിറയ്ക്കുന്നില്ല
ഒരു വെട്ടവും
ഒരു ഭംഗിയും
ഒരു പള്ളിമണിയും
ഒരു കൃസ്തുമസ് ട്രീയും.

ജന്മദിനാശംസയുടെ കാർഡിനു മുകളിലെഴുതാൻ
ഒരു റോഡിന്റെയോ, ഒരു ഗ്രാമത്തിന്റെയോ
ഒരു വാക്കിന്റെ പോലുമോ ആവശ്യം എനിക്കില്ല.

7
സഖീ,
ഞായറാഴ്ചകളിൽ മണിമുഴങ്ങുമ്പോൾ
ഞാൻ കേൾക്കുന്നത് നിന്റെ സ്വരങ്ങളാകുന്നു.
പുൽമേടകളിൽ കിടന്നുറങ്ങുമ്പോൾ
ഞാൻ ശ്വസിക്കുന്നത് നിന്റെ ഗന്ധങ്ങളാകുന്നു.
എന്റെ വസ്ത്രങ്ങളിൽ മഞ്ഞു വീഴുമ്പോൾ
എന്റെ ഓർമ്മയിൽ വരുന്നത് നിന്റെ മുഖമാകുന്നു.
ശിഖരങ്ങളുടെ ചിലമ്പലുകളും ഞാൻ കേൾക്കുണ്ട്.

8
സഖീ,
പുരികങ്ങളുടെ പൂവാടിയിൽ
പേടിച്ചരണ്ട കുരുവിയെപ്പോലെ
ചുരുണ്ടു കൂടിയിരിക്കാനെന്തു സുഖമാണ്!

9
സഖീ,
നീയെനിക്കു സമ്മാനിച്ച തൂലികക്കെന്തൊരു തിളക്കമാണ്?
ഞാനതിനെ കെട്ടിപ്പിടിച്ച്
കൊച്ചു കുട്ടിയെപ്പോലെ സുഖമായുറങ്ങുന്നു.

10
സഖീ,
പരദേശത്തും ഞാൻ സന്തോഷവാനാണ്
ഞാൻ കാവ്യധാരകളൊഴുക്കുന്നു,
പുരോഹിതന്മാരുടെ വീഞ്ഞുകൾ നുകരുന്നു,
സ്വാതന്ത്ര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും
ചങ്ങാതിയായി മാറുമ്പോൾ
എനിക്കെന്തൊരു ശക്തിയാണ്!.

11
സഖീ,
ബോധോദയ യുഗത്തിൽ*,
ഫോട്ടോഗ്രഫി യുഗത്തിൽ,
ആദിവാസി യുഗത്തിൽ
നിന്നെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്
ഞാൻ എത്ര വട്ടം ആഗ്രഹിച്ചിരുന്നു!.

ഫ്ലോറൻസയിൽ വെച്ചോ,
കൊർഡോവയിൽ വച്ചോ,
കൂഫയിൽ വച്ചോ
ആലപ്പോയിൽ വച്ചോ
സിറിയയിലെ ഒരു ഗ്രാമീണ ഭവനത്തിൽ വച്ചോ
നിന്നെ കണ്ടുമുട്ടിയിരുന്നെങ്കിൽ....!.

12.
സഖീ,
അതിരുകളില്ലാത്ത അനുരാഗങ്ങളും
അതിരുകളില്ലാത്ത വാക്കുകളും
അതിരുകളില്ലാത്ത കിനാവുകളും കുടിയിരിക്കുന്ന,
ഗിറ്റാറുകൾ ഭരണം നടത്തുന്ന ഒരു നാട്ടിലേക്കു
നിന്റെ കൂടെ യാത്ര ചെയ്യാൻ ഞാൻ എത്രമാത്രം കൊതിച്ചിരുന്നു!.

13.
സഖീ,
വരും കാലത്തെക്കുറിച്ച് എന്നെ ഉത്കണ്ഠയിലാക്കരുത്,

സഖീ,
എന്റെ രോദനം പഴയതിനേക്കാൾ കടുത്തതും
ഭീകരവുമായിത്തീർന്നേക്കാം.

പൂക്കളുടെ ചരിത്രത്തിൽ
കവിതകളുടെ പുരാവൃത്തത്തിൽ
ലില്ലിപ്പൂക്കളുടെയും കാട്ടുതുളസിയുടെയും ഓർമ്മകളിൽ
നീ അപരരില്ലാത്ത സ്ത്രീ ജന്മമാകുന്നു.

14.
ഹേ, ഉലക നാരീ
വരും കാലങ്ങളിൽ എന്നെ അസ്വസ്ഥനാക്കുന്ന
ഒരേ ഒരു സംഗതി
നിന്നോടുള്ള അനുരാഗം മാത്രമാകുന്നു.

നീ എന്റെ ആദ്യത്തെ പെണ്ണ്,
ആദ്യത്തെ മാതാവ്
ആദ്യത്തെ ഗർഭ പാത്രം
ആദ്യത്തെ വികാരം
ആദ്യത്തെ ശൃംഗാരം
പ്രളയങ്ങളുടെ നാളുകളിൽ എന്റെ രക്ഷാ കവചവും നീ തന്നെ.

15.
സഖീ,
ആദികാവ്യത്തിലെ കുമാരീ
നിന്റെ വലത്തെ കൈ ഒന്നു നീട്ടിത്തരൂ..
ഞാനതിൽ ഒളിച്ചിരിക്കട്ടെ.

നിന്റെ ഇടത്തെ കൈ ഒന്നു നീട്ടൂ..
ഞാനതിൽ കുടിൽ കെട്ടിത്താമസിക്കട്ടെ

നീ എനിക്കു പറഞ്ഞു തരാമോ
ഏതു വാക്കു കൊണ്ടാണ്
ആഘോഷം തുടങ്ങേണ്ടതെന്ന്.
----------------------------------

* ബോധോദയ യുഗം: (അസ്‌റുത്തൻ‌വീർ) Age of Enlightenment അല്ലെങ്കിൽ (Age of Reason)എന്നു വിളിക്കുന്ന ഒരു ചിന്താ ധാര ഉരുത്തിരിഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ രാജ്യങ്ങളിലാണ്. പരമ്പരാഗത മത വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിചിന്തിച്ച് യുക്തിക്കും ബുദ്ധിക്കും പ്രാധാന്യം നൽകുന്ന ഈ ചിന്താ സരണിയുടെ പിന്തുടർച്ചയാണത്രെ ആധുനിക ജനാധിപത്യ വിപ്ലവങ്ങളും കമ്മ്യൂണസവുമൊക്കെ.


"വാലന്റൈൻ ഡേ"
നിസാർ ഖബ്ബാനി (സിറിയ)


പ്രിയപ്പെട്ടവളേ,
വാലന്റൈൻ ദിനത്തിൽ-
-അനുരാഗികളുടെ രാഗോത്സവ നാളിൽ
എന്റെ പ്രതിനിധിയായി
നിന്റെയടുത്തേക്ക്‌ കൊടുത്തയക്കാൻ
ഒരു രക്തപുഷ്പത്തിനായി
ഞാൻ തിരഞ്ഞു മടുത്തു.

ഒരു കടയിലും ഒരു പൂവും ഞാൻ കണ്ടില്ല
ചെമന്ന പൂവുമില്ല, മഞ്ഞപ്പൂവുമില്ല, വെള്ളപ്പൂവുമില്ല

-
പൂക്കച്ചവടക്കാരൻ പറഞ്ഞതനുസരിച്ച്‌-
മാർക്കറ്റിലെ മുഴുവൻ പൂക്കളും
ഗവേഷണ സംഘം
(ഹാറൂൺ)റശീദിന്റെ ഭാര്യക്കു വേണ്ടി
വാങ്ങിക്കൊണ്ടു പോയിരിക്കുകയാണത്രെ!.

2

രാജകുമാരീ..
വാലന്റൈൻ ദിനത്തിൽ
പരിമളം തൂകുന്ന ഒരു കാർഡു വാങ്ങി
എന്റെ കണ്ഠ നാളങ്ങളെ അരും കൊല ചെയ്യുന്ന
മഹത്തായ അനുരാഗത്തെക്കുറിച്ച്‌
എനിക്കു തോന്നുന്നതെല്ലാം എഴുതി
നിനക്കയച്ചു തരാൻ
ഞാൻ ആഗ്രഹിച്ചിരുന്നു

പട്ടണത്തിലെ പാതകളെല്ലാം അരിച്ചു പെറുക്കി
ഓരോ ബുൿസ്റ്റാളുകളിലും കയറിയിറങ്ങി
മുക്കു മൂലകളിൽ പരതി നോക്കി
പക്ഷേ, എനിക്കു തോറ്റു പിന്മാറേണ്ടി വന്നു
കാരണം-ബുൿസ്റ്റാളിലെ ജീവനക്കാരൻ പറഞ്ഞതനുസരിച്ച്‌
അവർ - ഗവേഷണ സംഘം
പട്ടണത്തിൽ വിൽക്കാൻ കൊണ്ടു വന്ന മുഴുവൻ പൂക്കളും
റശീദിന്റെ പ്രിയതമയ്ക്കു വേണ്ടി
വാങ്ങിക്കയറ്റിയയച്ചിരിക്കുകയാണത്രെ!.

3

പ്രിയേ..
വാലന്റൈൻ ദിനത്തിൽ
നിന്റെ കണ്ണുകളെക്കുറിച്ച്‌
ചരിത്രത്തിൽ ഇന്നോളവും
ആരുമെഴുതിയിട്ടില്ലാത്ത ഒരു കാവ്യം എഴുതുവാൻ
ഞാൻ ശ്രമിച്ചു;
അതിന്റെ അക്ഷരങ്ങളും
അരഞ്ഞാണവും
സൽവാറും
സ്വർണ്ണം കൊണ്ടുള്ളതായിരുന്നു.

എന്നാൽ എഴുതിക്കഴിഞ്ഞപ്പോൾ
അബൂ ലഹബിന്റെ ആളുകൾ വന്ന്
കാവ്യത്തെ കണ്ടു കെട്ടി
പോസ്റ്റൽ ഉരുപ്പടിയിലേതു പോലെ
അതിനു മുകളിൽ ഈയവും മെഴുകും കൊണ്ട്‌
മുദ്ര വെക്കുകയും ചെയ്തു.

4

വാലന്റൈൻ ദിനത്തിൽ
ഞങ്ങളുടെ നാട്ടിൽ
ഫോണുകൾ ശബ്ദിച്ചില്ല
ആകാശത്തിലൂടെ പക്ഷികൾ പറന്നില്ല

പൗർണ്ണമി
ഞങ്ങളുടെ വസ്ത്രങ്ങളിൽ
പാൽമഞ്ഞുകൾ തളിച്ചില്ല

മനോഹരമായ ഒരു വാക്കും
ഞങ്ങളുടെ സാധാരണ സംഭാഷണങ്ങളെ
വ്യതിരക്തമാക്കിയില്ല

ഒരു പെണ്ണും
ഞങ്ങളുടെ പകലിന്റെ ഹിമകണങ്ങളെ
ഉരുക്കിക്കളയാൻ പ്രത്യക്ഷപ്പെട്ടില്ല

പോസ്റ്റൽ വഴി വരാറുള്ള
ഒരു പാർസലും
ഞങ്ങളുടെ ഹൃദയത്തിന്റെ ജിഞ്ജാസയകറ്റാനെത്തിയില്ല.

5

വാലന്റൈൻ ദിനത്തിൽ
അനുഭവിക്കുന്ന സംവേദനങ്ങൾ വർണ്ണിക്കാനായി
ബ്രഷും കളറുകളും പുറത്തെടുക്കാൻ
ഞാൻ ആലോചിച്ചു..
ഒരു വേള,
റെനോയിറിനെക്കുറിച്ചും
മാത്തീസിനെക്കുറിച്ചും
സീസാനിനെക്കുറിച്ചും
ഞാൻ ചിന്തിച്ചു.

ഏപ്രിലിനെ അനുകരിക്കാനും
തിരമാലകളുടെ വദനങ്ങൾ
കരയെ മുത്തുന്നതു പോലെ
നിന്റെ മുലക്കച്ചകൾക്കായി
ചാന്തുകൾ കുഴക്കാനും
ഞാൻ ആലോചിച്ചു.

6

വാലന്റൈൻ ദിനത്തിൽ
സ്പെയ്നിനെക്കുറിച്ചും
'ഇസ്ബാനിയൻ' മിഴികളിൽ തളം കെട്ടിയ
നമ്മുടെ ദുഃഖങ്ങളെക്കുറിച്ചും
ഞാൻ ചിന്തിച്ചു.

7

വാലന്റൈൻ ദിനത്തിൽ
എനിക്കറിയാവുന്ന മുഴുവൻ സ്നേഹ നഗരങ്ങളെക്കുറിച്ചും
ഞാൻ ഓർത്തുപോയി.
സ്വപ്നവും പ്രേമവും വെള്ളവും ഉപയോഗിച്ച്‌
സ്നാനം ചെയ്യുന്ന വെനീസിന്റെ ശരീരത്തെക്കുറിച്ചും
ഞാൻ മനനം കൊണ്ടു.

ഫ്ലോറൻസയെക്കുറിച്ചും ഞാനോർത്തു പോയി
അതിന്റെ മുറ്റത്തു വെച്ചാണ്‌
ഞാൻ വെണ്ണക്കൽ കവിത പാരായണം ചെയ്തത്‌.

പാരീസിനെക്കുറിച്ചും
ഫ്രെഞ്ച്‌ റൊട്ടിയെക്കുറിച്ചും
വെണ്ണയെക്കുറിച്ചും
മുന്തിരിച്ചാറിനെക്കുറിച്ചും
അവിടുത്തെ മഴയെക്കുറിച്ചു പോലും
ഞാനോർത്തുപോയി.

എൽസയും അവളുടെ കണ്ണുകളും
റിമ്പോയും എൽവാറും തുടങ്ങി
പാരീസിൽ എത്രപേരാണ്‌
വിധികളുടെ പ്രവാഹത്തെ തിരിച്ചു വിട്ടത്‌

8

റൈഹാൻ പുഷ്പത്തിന്റെ പച്ചത്തണ്ടു പോലെ,
പട്ടും കറുവാപ്പട്ടയും കസ്തൂരിയും പോലെ,
മൃതുലമായ കാഷ്മീർ പട്ടു പോലെ
കാഷാൻ പരവതാനിയിൽ നീ കിടന്നുറങ്ങുമ്പോൾ
ഞാനെന്റെ പിതാവിന്റെ വാക്കുകളോർത്തു പോയി.
"നിലവിലുള്ളതിനേക്കാൾ മനോഹരമായ ഒരു സംവിധാനം അസാധ്യമാണ്‌".

9

വാലന്റൈൻ ദിനത്തിൽ
ഒരു ചുംബനം കൊണ്ട്‌
ചരിത്രത്തെ കൈയ്യിലൊതുക്കാനും
സ്ഥല കാലങ്ങളെ മായ്ച്ചു കളയാനും
എനിക്കു കഴിയും.

10

വാലന്റൈൻ ദിനത്തിൽ
നിന്റെ കൈകളിൽ ഖനനം നടത്തി
ഗ്രീക്ക്‌-റോമൻ സംസ്കാരത്തെ തിരയാനും
നിന്റെ മാറുകളിൽ ഖനനം നടത്തി
നഷ്ടപ്പെട്ട കാവ്യത്തെയും
ഉറുമാൻ പഴത്തിന്റെ വിത്തുകളെയും
വീണ്ടെടുക്കാനും
തളർന്നു വീഴുന്നതുവരേ
നിന്റെ മാലചക്രകത്തിൽ
വയലിൻ മീട്ടാനും
ഞാനൊരു ശ്രമം നടത്തി.

11

വാലന്റൈൻ ദിനത്തിൽ
സുഗന്ധങ്ങളുടെ തിരഞ്ഞെടുക്കലുകൾ
തൃപ്തികരമായി തോന്നിയില്ല.
തടാകത്തിലേക്ക്‌ ആര്‌ വെള്ളം കൊണ്ടു പോകും?
പൂങ്കാവനത്തിലേക്ക്‌ ആര്‌ പൂവ്‌ കൊണ്ടു പോകും?

12

എന്റെ ചന്ദ്രികേ,
എന്റെ ഖമറുസ്സമാനേ,
ഉഖ്ബതുബിൻ നാഫിഇനെപ്പോലെ
ഞാനൊരു കപ്പിത്താനാകും
ഞാൻ ആഫ്രിക്ക കണ്ടെത്തും
അവിടുത്തെ സ്വസ്ഥത അനുഭവിച്ചറിയും

ഞരമ്പുകളുടെ കവാടങ്ങളിൽ
നങ്കൂരമിട്ട കപ്പലിൽ
ഞാനൊരു കമിതാവായി പരിലസിക്കും

13

വാലന്റൈൻ ദിനത്തിൽ
എനിക്കു വശമുള്ള അനുരാഗ വേലകൾ
ഞാൻ ആത്മാർത്ഥമായി ചെയ്യും
തീനാളങ്ങളിൽ നൃത്തം ചെയ്യാനും എനിക്കു വശമുണ്ട്‌
മറ്റൊരു പണിയും എനിക്കറിയില്ല.
വാക്കുകളെ,
ആകാശത്തെ,
ചുവരുകളെ
മാന്തിപ്പറിക്കുന്ന പണിയുമൊഴികെ.

14

കുമാരീ,
വാലന്റൈൻ ദിനത്തിൽ
ആകെത്തളർന്നു പോയതായി എനിക്കു തോന്നി.
കൊള്ളയടിക്കപ്പെട്ടതു പോലെ
അടിച്ചു തകർക്കപ്പെട്ടതു പോലെ
തികച്ചും ഒറ്റപ്പെട്ടതു പോലെ - ഒരു തോന്നൽ.

അഗ്നിയും ഉരുക്കും കൊണ്ട്‌
സ്നേഹത്തെ തടവിലാക്കപ്പെട്ട ഒരു നാട്ടിൽ,

ഹൃദയം സ്ഫടികവും ഐസും കൊണ്ടുണ്ടാക്കിയ
ഫലകം പോലെയായിത്തീർന്ന നാട്ടിൽ,
കവിതകൾ
ആൾമാറാട്ടവും
ബാഷ്പീകരണവും
ശീതീകരണവും കൊണ്ട്‌
വാണിജ്യവൽക്കരിച്ച ഒരു നാട്ടിൽ
മാന്യന്റെ ഭാര്യ വ്യഭിചരിക്കപ്പെടുമ്പോഴും
മാധ്യമങ്ങൾ ശിക്ഷിക്കുന്നത്‌
പതിവൃതരായ കവികളെയാണ്‌.

15

വാലന്റൈൻ ദിനത്തിൽ
പരിഹാസ്യമായ ഒരു ചോദ്യ ചിഹ്നം
എന്റെ തലക്കു മുകളിലൂടെ
കറങ്ങിക്കൊണ്ടിരുന്നു.
"നമ്മെ സ്വാധീനിച്ച നടേ പറഞ്ഞ പെണ്ണ്‌
ഒരു ചരമഗീതമായി മാറുമോ?

റശീദിന്റെ പ്രിയതമയെ കാമിച്ച്‌
നാമെഴുതാൻ നിർബന്ധിതമായ കാവ്യം
എത്ര മേൽ മ്ലേച്ഛമായിപ്പോയി?
----------------------------------------------------------
1..ഡി. (750-1258) കായളവിൽ ബാഗ്ദാദ്‌ ആസ്ഥാനമാക്കി ഭരണം നടത്തിയ അബ്ബാസിയ ഭരണകൂടത്തിന്റെ അഞ്ചാമത്തെ ഭരണാധികാരിയായ ഹാറൂൺ റശീദിന്റെ ഭാര്യ സുബൈദ.

2.അബൂലഹബ്‌: പ്രവാച തിരുമേനിയുടെ ശത്രുക്കളിൽ പ്രമുഖൻ, ഖുർആൻ ഇദ്ദേഹത്തെ ആക്ഷേപിച്ചിട്ടുണ്ട്‌
3.റെനോയിർ , മാതീസ്‌ , സീസൻ ézanne Paul - 1839-1906> മൂന്നുപേരും ഫ്രഞ്ച്‌ കലാകാരന്മാരാണ്‌. സ്ത്രീകൾ ഇവരുടെ ഇഷ്ട വിഷയവുമാണ്‌.
4.സ്പെയ്നിന്റെ അറബി നാമം
5.ഇറ്റലിയിലെ ഒരു നഗരം
6.എൽസ - ഇറ്റാലിയൻ ഫാഷൻ ഡിസൈനർ (1890-1973)
7.ആർതർ റിംബൗഡ്‌ - ഫ്രഞ്ച്‌ കവി (1854-1891)
8.പോൾ ഇൽവാർഡ്‌ - ഫ്രഞ്ച്‌ കവി (1895
9.ഇറാനിലെ കാഷാൻ പ്രദേശത്തു നിർമ്മിക്കുന്ന പ്രസിദ്ധമായ പരവതാനി
10. "അൻ ലൈസ ഫിൽ ഇംകാനി അബ്‌ദഅ മിമ്മാ കാൻ" ഇസ്ലാമിക്‌ തിയോളജിയിലെ ഒരു പൗരാണിക വാദം: നിലവിൽ ദൈവം പ്രപഞ്ചത്തെ എങ്ങനെ സംവിധാനിച്ചുവോ അതിനേക്കാൽ മനോഹരമായ മറ്റൊരു സംവിധാനം ആർക്കും സാധ്യമല്ല എന്നാണ്‌ വാദത്തിന്റെ ആകെത്തുക.
11. ഉഖ്ബതുബിൻ നാഫിഅ്. മൂന്നാം ഖലീഫ: ഉസ്മാൻ മുതൽ യസീദ്‌ വരെയുള്ള മുസ്ലിം ഭരണാധികാരികളുടെ കാലത്തെ പ്രഗൽഭനായ സേനാധിപതി. റോമൻ സൈന്യങ്ങളെ തോൽപ്പിച്ച്‌ ആഫ്രികൻ വൻകരയിലെ പ്രധാനപ്പെട്ട രാജ്യങ്ങെളെല്ലാം കീഴടക്കുന്നതിൽ ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്ന്. .ഡി. 682 - അന്തരിച്ചു.