Tuesday, April 20, 2010

മനുഷ്യനെക്കുറിച്ച് - മഹമൂദ് ദർവീശ്



മനുഷ്യനെക്കുറിച്ച് -
മഹമൂദ് ദർവീശ്

അവര്‍ അയാളുടെ ചുണ്ടുകളില്‍ മുദ്ര വെച്ചു
അവര്‍ അയാളുടെ കൈകളെ
ശവക്കല്ലറയില്‍ ബന്ധിച്ചു
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ കൊലയാളി"

അവര്‍ അയാളുടെ ഭക്ഷണവും
വസ്ത്രവും പതാകയും പിടിച്ചു വാങ്ങി
മൃത്യുവിന്‍റെ തടവറകളിലേക്ക് വലിച്ചെറിഞ്ഞു
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ തസ്കരന്‍"

തുറമുഖങ്ങളില്‍ നിന്നു തുറമുഖങ്ങളിലേക്ക്
അവരവനെ ആട്ടിയോടിച്ചു
അയാളുടെ ചെറുപ്പക്കാരിയായ
ഭാര്യയെ അവര്‍ അപഹരിച്ചു;
എന്നിട്ട് അയാളോടവര്‍ പറഞ്ഞു:

"നീ അഭയാര്‍ഥി"

കണ്ണു കലങ്ങിയ
കൈകള്‍ രക്തം പുരണ്ട യുവാവേ
രാത്രികള്‍ പോയ് മറയും
കരുതല്‍ തടങ്കലുകളും
ചങ്ങലക്കണ്ണികളും തകര്‍ന്നടിയും

നീറോ മരിച്ച ശേഷവും
റോമാ നഗരം അവശേഷിച്ചിരുന്നു
അവളുടെ കണ്‍മുമ്പില്‍ വെച്ചാണല്ലോ
നീ പൊരുതിയിരുന്നത്

കതിര്‍മണികള്‍ ചത്തു മണ്ണടിയും
പക്ഷെ പിന്നീടൊരിക്കല്‍
ഈ മലയാടിവാരങ്ങള്‍
കതിരുകള്‍ കൊണ്ടു നിറയുക തന്നെ ചെയ്യും
.

(വളരെ മുമ്പ് രിസാല വാരികയിൽ എന്റെ ഈ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. നഷ്ടപ്പെട്ടുപോയ അതിന്റെ കോപ്പി ഇപ്പോൾ എനിക്ക് നെറ്റിൽ നിന്നാണ്‌ കിട്ടിയത്)

Saturday, April 17, 2010

സാമ്പത്തിക മാന്ദ്യം - മുഹമ്മദ് കുട്ടി സഖാഫി



സാമ്പത്തിക മാന്ദ്യം

-മുഹമ്മദ് കുട്ടി സഖാഫി -
(ബ്ലോഗറുടെ തന്നെ അറബിക്കവിതയുടെ പരിഭാഷ)

മകൻ മാതാവിനോടു ചോദിച്ചു:

“മാമാ, എന്താണീ ‘സാമ്പത്തിക മാന്ദ്യം’ എന്നു പറഞ്ഞാൽ?

മാതാവു പറഞ്ഞു:

”നിന്റെ ബാപ്പ എല്ലാ ദിവസവും
ജോലി കഴിഞ്ഞു വരുമ്പോൾ
കൂടെ ഓറഞ്ചിന്റേയോ,
ആപ്പിളിന്റേയോ,
മുന്തിരിയുടേയോ
ഒരു മുഴുവൻ പെട്ടി ഉണ്ടാകുമായിരുന്നു,

എന്നാൽ മിനിയാന്ന് വരുമ്പോൾ
അരക്കിലോ മുന്തിരി മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ,

ഇന്നലെ ബാപ്പ വന്നത് നാല്‌ ആപ്പിളുകളുമായാണ്‌
ഒന്ന് നിനക്ക്,
ഒന്ന് വാപ്പയ്ക്ക്
ഒന്ന് എനിക്ക്
ഒന്ന് നിന്റെ പെങ്ങൾക്ക്

എന്നാൽ ഇന്ന് വാപ്പ വന്നത് വെറും കയ്യോടെയാണ്‌
എന്നിട്ട് ‘മറന്നു പോയതാണെന്ന്’ ക്ഷമാപണവും നടത്തി.

ഈ അധ:പതനത്തിനാണ്‌
‘സാമ്പത്തിക മാന്ദ്യം’ എന്നു പറയുന്നത്.


മകൻ പറഞ്ഞു:
“വിശദീകരണം വ്യക്തമല്ല”

മാതാവു തുടർന്നു:
“നമ്മൾ കഴിഞ്ഞ വേനൽ കാലങ്ങളിൽ
ലണ്ടനിലേക്കോ
ന്യൂയോർക്കിലേക്കോ
ബെർലിനിലേക്കോ
ആയിരുന്നു ടൂർ പോയിക്കൊണ്ടിരുന്നത്,

എന്നാൽ ഈ വർഷം നമ്മൾ പോകുന്നത്
ലോകാല്ഭുതങ്ങളിലൊന്നായ
താജ് മഹൽ കാണാൻ
ഇന്ത്യയിലേക്കായിരിക്കും
വരുന്ന കൊല്ലം നമ്മൽ നമ്മുടെ തന്നെ നാട്ടിലെ
ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിക്കും.

മതാവ് കൂട്ടിച്ചേർത്തു:
”നമ്മൽ സ്വന്തം നാടിന്റെ രഹസ്യങ്ങളറിയാൻ താമസിച്ചു പോയി

ഇതും സാമ്പത്തിക മാന്ദ്യത്തിന്റെ
നല്ല വശങ്ങളിൽ പെട്ടതാണ്‌“

മകൻ പറഞ്ഞു:
”ഉമ്മ പറഞ്ഞത് ശരിയാണ്‌
എന്നാലും ചില അവ്യക്തതകളുണ്ട്“

മാതാവ് പിന്നേയും വിശദീകരിച്ചു:
”നിന്റെ പിതാവ് എല്ലാ കൊല്ലവും
നമ്മുടെ കെട്ടിടങ്ങളുടെ വാടക
മുപ്പതു മുതൽ അമ്പതു
ശതമാനം വരേ
കൂട്ടിക്കൊണ്ടിരുന്നു.

വാടകക്കാർ പരാതി നല്കിയാൽ
അവരുമായി ഒത്തുതീർപ്പിലെത്തും
എന്നിട്ട് അടുത്ത വർഷം അവരെ ഒഴിവാക്കി
ഇരട്ടി വാടകയ്ക്ക് വേറൊരാൾക്ക് മറിച്ചു കൊടുക്കും.

എന്നാൽ കഴിഞ്ഞ വർഷം
ചരിത്രത്തിലാദ്യമായി നിന്റെ ബാപ്പ
‘കടകൾ വാടകയ്ക്ക് , ഈ നമ്പറിൽ ബന്ധപ്പെടുക
എന്ന ബോർഡ് തൂക്കിയിട്ടു.

ഇതിനേയും ’സാമ്പത്തിക മാന്ദ്യം‘ എന്നു വിളിക്കാം

മകൻ പറഞ്ഞു:
“പൂർണ്ണമായി മനസ്സിലായില്ല”

മാതാവ് നിരാശയായി
അവർക്കു ദേഷ്യം പിടിച്ചു

ഉടനെ ഒരു വടിയെടുത്ത്
മകനെ തല്ലാനായി ചെന്നു.

അവർ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു:
“നീ എന്റെ സമയം പാഴാക്കുകയാണ്‌,
നിനക്കറിയാമായിരുന്നില്ലേ
ശമ്പളം കൊടുക്കാഞ്ഞതു കൊണ്ട്
നമ്മുടെ വേലക്കാരി ഓടിപ്പോയത്” .

മകൻ നിലവിളിച്ചു കൊണ്ടോടി
അവൻ ഇങ്ങനെ വിളിച്ചു പറഞ്ഞു:
“ഉമ്മാഹ്,
ഇപ്പോൾ എനിക്കു നന്നായി അറിയാം
എന്താണീ ഭീകരമായ
സാമ്പത്തിക മാന്ദ്യം എന്ന്”.

Tuesday, April 13, 2010

നമ്മുടെ ആളുകൾ ബധിരരോ? - ഫൗസി ശദ്ദാദ്.


നമ്മുടെ ആളുകൾ ബധിരരോ?
ഫൗസി ശദ്ദാദ്.
(ഇദ്ദേഹം ഏതു നാട്ടുകാരനാണെന്ന് എനിക്കറിയില്ല, ഇദ്ദേഹത്തിന്റെ മറ്റു ചില കവിതകളും വളരെ പ്രസിദ്ധമാണ്‌)
------------------------------------------

ആരാണു പറഞ്ഞത്;
നമ്മുടെ ആളുകൾക്ക്
കേൾക്കാൻ കഴിയില്ലെന്ന്;

അവസാനമായി റിലീസായ പാട്ടിനെക്കുറിച്ച്,
ലേറ്റസ്റ്റ് സംഗീതത്തെക്കുറിച്ച്,
കലകളെക്കുറിച്ച്
അവരോടു ചോദിച്ചു നോക്കൂ..

എല്ലാ പാട്ടുകാരെക്കുറിച്ചും
എല്ലാ നർത്തകികളെക്കുറിച്ചും
അവർക്കു നന്നായി അറിയാം
പാട്ടുകളെല്ലാം അവർക്കു ഹൃദിസ്ഥമാണ്‌
പലതുമവർ വീണ്ടും വീണ്ടും
ഉരുവിട്ടു കൊണ്ടിരിക്കുന്ന്

* * *

ആരാണു പറഞ്ഞത്
നമ്മുടെ ആളുകൾ സംസാരിക്കാത്ത
മൂകന്മാരാണെന്ന്;

രാവും പകലും അവർ നിശബ്ദരാകുന്നില്ല,
അവസാനമിറങ്ങിയ ചലചിത്രം,
കുതിര, പ്രാപ്പിടിയൻ, അത്തർ, കുന്തിരിക്കം,
പുതിയ മോഡൽ കാറുകളുടെ രൂപം, നിറം
ലേറ്റസ്റ്റ് ഫാഷൻ, ട്രൻഡ്, ആർട്ട്
എന്നിവയെക്കുറിച്ചൊക്കെ അവർ
നിരന്തരം പേശിക്കൊണ്ടിരിക്കുകയാണ്‌.

* * *

ആരാണു പറഞ്ഞത്
നമ്മുടെ ആളുകൾ ഒച്ചപ്പാടുണ്ടാക്കുന്നില്ലെന്ന്
സംശയമുള്ളവർ ഫുട്ബോൾ ഗ്രൌണ്ടിലേക്ക് പോയി നോക്കൂ
നിങ്ങൾക്കു മനസ്സിലാകും;
ആരോപണം കളവാണെന്ന്.

നിങ്ങൾക്കു കണ്ടറിയാം;
നമ്മുടെ ആളുകൾ കൈയ്യടിക്കുന്നത്,
ആർത്തട്ടഹസിക്കുന്നത്,
നെറ്റുകൾ ചലിക്കുമ്പോൾ ഇരമ്പിമറിയുന്നത്,
ദു:ഖിക്കുന്നത്, ദേഷ്യം പിടിക്കുന്നത്,
പ്രോൽസാഹനത്തിന്റെ കാഠിന്യം കൊണ്ട്
തമ്മിൽ തല്ലുന്നത്,
കൊല്ലുന്നത്,
കൊല്ലപ്പെടുന്നത്.

* * *
ആരാണു പറഞ്ഞത്;
നമ്മുടെ ആളുകൾക്ക് ഒന്നും മനസ്സിലാകുന്നില്ലെന്ന്

അവരോടു ചോദിച്ചു നോക്കൂ
ആരാണ്‌ ഖുദുസിനെ,
മസ്ജിദുൽ അഖ്സയെ മോചിപ്പിച്ചത്? എന്ന്
അവർ ഉടനെ മറുപടി പറയും
“സൂര്യ കിരണങ്ങളെന്ന്”
എന്നിട്ടവർ വെളുക്കെ ചിരിക്കുകയും ചെയ്യും.

* * *

കഷ്ടം!! ആയിരം കഷ്ടം!!!
ബന്ധനസ്ഥയായ ഖുദുസേ
നമ്മുടെ ആളുകളുടെ ഉള്ളിൽ
ഹൃദയം എന്നൊന്നില്ല
നിന്റെ മുറ്റത്ത് പ്രതിഷേധിക്കാനോ
അപലപിക്കാനോ ആരുമില്ല
ഞങ്ങളുടെ ആണുങ്ങളുടെ കൂട്ടത്തിൽ
മുഅതസിമോ, സലാഹുദ്ദീനോ ഇല്ല....
ബന്ധനസ്ഥയായ ഖുദുസേ
കഷ്ടം!!
ആയിരം കഷ്ടം!!!

Thursday, April 8, 2010

ബുഷും പട്ടിയും.. ഡോ: അയ്മൻ അഹമദ് റഊഫ് അൽ ഖാദിരി



ബുഷും പട്ടിയും തമ്മിലുള്ള സംഭാഷണം
ഡോ: അയ്മൻ അഹമദ് റഊഫ് അൽ ഖാദിരി.

ബുഷ് പറഞ്ഞു:
എന്റെ ഭാര്യയും
എന്റെ പട്ടിയും ഒഴികെ
മറ്റെല്ലാവരും എതിർത്താലും
ഇറാഖിൽ നിന്നും സൈന്യത്തെ ഞാൻ പിൻവലിക്കില്ല.

ബുഷ് പറഞ്ഞു:
എന്റെ പ്രിയപ്പെട്ട പട്ടീ,
എന്റെ അടുത്തേക്കു വരൂ..
അനുസരണക്കേട് കാണിക്കരുത്,
ഞാൻ നിന്റെ ചെവിയിൽ ഒരു സ്വകാര്യം പറയാം:
ഇന്ന് എന്റെ ഭാര്യ എന്നോട് വഴക്കിടുകയും
എന്റെ തീരുമാനങ്ങളെ വലിച്ചെറിയുകയും ചെയ്തു.

ഞാൻ ജനങ്ങളോടു പറഞ്ഞിരുന്നു
ഇറാഖിൽ ഇനിയും ഞാൻ ശക്തമായ തോതിൽ
സൈനിക വ്യന്യാസം നടത്തും
എന്റെ ഭാര്യയും എന്റെ പട്ടിയും
എന്നെ അനുകൂലിക്കുന്ന കാലത്തോളം;
ജനങ്ങൾ എതിരാകുന്നു എന്നത് ഞാൻ പ്രശ്നമാക്കുന്നില്ല.

ഇതു പറഞ്ഞപ്പോൾ അവളെന്നെ തെറി വിളിക്കുകയും
ചെരുപ്പൂരി മുഖത്തേക്കെറിയുകയും ചെയ്തു.
എന്നിട്ട് അവളെന്റെ മുഖത്തു നോക്കി പറഞ്ഞു:

“തേനൊഴുകുന്ന സ്വർഗ്ഗം കിട്ടുമെന്നറിഞ്ഞാൽ
ചിലർ ജനങ്ങളുടെ പ്രീതി പോലും വില്പ്പന നടത്തും.
എന്നാൽ ജനങ്ങളെ നേരിടാൻ എനിക്കിന്നു നാണം തോന്നുന്നു.
ഞാൻ ഒരു കുരങ്ങന്റെ പിന്നാലെ പോകുന്നു എന്നവർ കളിയാക്കുന്നു”

മുറിവേറ്റ ഒട്ടകത്തിനെയെന്ന പോലെ
എന്റെ പ്രിയപ്പെട്ടവർ പോലും
ഇപ്പോൾ എന്റെ കൂട്ടത്തിൽ നിന്നും
കൊഴിഞ്ഞു പോവുകയാണ്‌.

ഞാനെങ്ങനെ ഇനി യുദ്ധത്തെ ഒറ്റയ്ക്കു നേരിടും?

സിംഹത്തിനോട് എങ്ങിനെ ഒരു തവളക്കു
നേരിടാൻ കഴിയും?

എന്റെ ബഹുമാനപ്പെട്ട പട്ടി സഖാവേ,
എന്റെ ജീവിതത്തിൽ നീ കുറച്ചെങ്കിലും സന്തോഷം തരൂ..
ഏറ്റവും ഉച്ചത്തിൽ മോങ്ങിക്കൊണ്ട്
നീ ജനങ്ങളോട് ഇങ്ങനെ പ്രഖ്യാപിക്കൂ..
“എന്റെ ആത്മ മിത്രം ബുഷ് ഭീകരതയേയാണ്‌ നേരിടുന്നത്,
എന്റെ പ്രിയപ്പെട്ട പ്രസിഡന്റ് നീണാൽ വാഴട്ടെ!”

ഞാൻ പറഞ്ഞതു പോലെ നീ ചെയ്താൽ
എല്ലാ സൈനികരുടെയും എല്ലുകൾ
ഞാൻ നിനക്കു തരും
എല്ലുകൾ പത്തു ലക്ഷത്തിലധികം വരും.

ഇതു കേട്ട പട്ടി
നാവു നീട്ടി വാലാട്ടി
ഇങ്ങനെ മുരണ്ടു:

“ഞാനെത്ര നിർഭാഗ്യവാനായ പട്ടിയാകുന്നു!
ഞാൻ യജമാനനുമായി ചങ്ങാത്തം കൂടിയതു തന്നെ
ആകാശത്തോളം വലിയ പേരും പ്രശസ്തിയും കിട്ടാനായിരുന്നു.
ഗുഹാ നിവാസികളുടെ പട്ടി എന്നെപ്പോലെ ഒരു ജീവിയായിരുന്നു
അത് എന്റെ പിതാമഹനായിരുന്നെങ്കിൽ എന്ന്
ഞാനെത്ര ആഗ്രഹിച്ചതാണ്‌.
പക്ഷേ എന്റെ സ്വപ്നങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്‌
ഇന്ന് ഞാനെന്റെ യജമാനന്റെ കാലിന്റെ ചുവട്ടിൽ
എല്ലാ വെറുപ്പുകളും ഏറ്റ് കഴിയുകയാണ്‌.
ചില പ്രമോഷനുകളെല്ലാം ഞാനും കൊതിച്ചിരുന്നു
ഇപ്പോളിതാ ഇരുപതോളം ചങ്ങലകളും വഹിച്ചാണ്‌ ഞാൻ നടക്കുന്നത്.

എന്റെ യജമാനരേ,
ജനം താങ്കളെ പട്ടീ എന്നു വിളിച്ചിരിക്കുകയാണ്‌.
അതിനെ ചുറ്റിപ്പറക്കുന്ന ഈച്ചയായിട്ടാണ്‌ അവരെന്നെ കാണുന്നത്

താങ്കളെനിക്ക് എറിഞ്ഞു തരുന്ന
ഈ എല്ലുകളെല്ലാം പൊടിഞ്ഞു പോയവയാണ്‌
ധീരന്മാരായ പോരാളികൾ രംഗത്തിറങ്ങുമ്പോഴെല്ലാം
ബാഗ്ദാദിലെ നായ്ക്കൾ അവരെ കടിച്ചു കീറുകയാണ്‌.

താങ്കളുടെ ഭടന്മാരെ സൈനികരെപ്പോളെ പോരാടാൻ
പരിശീലിപ്പിക്കാത്തതു പോലെ
പട്ടിയെപ്പോലെ പോരാടാൻ എന്നെയും നിങ്ങൾ പഠിപ്പിച്ചിട്ടില്ല.

അതു കൊണ്ട് എനിക്കു മതിയായി
നിങ്ങൾ നിങ്ങളുടെ വിഡ്ഢിത്തങ്ങളുമായി കഴിഞ്ഞു കൊൾക.

ഞാനൊരു പട്ടിയാണ്‌ - ഒരു തെമ്മാടിയല്ല

എച്ചിലുകൾ തിരഞ്ഞ് സ്വതന്ത്രനായി ജീവിക്കാൻ എനിക്കറിയാം
താങ്കളുടെ കൂടെ ഒരടിമയായി ജീവിക്കാൻ
എനിക്കു വയ്യ.

Saturday, April 3, 2010

മേൽവിലാസത്തെക്കുറിച്ച് - അദ്നാൻ അൽ സായിഗ് (ഇറാഖി കവി)



മേൽവിലാസത്തെക്കുറിച്ച് ഒരന്വേഷണം.
അദ്നാൻ അൽ സായിഗ് (ഇറാഖി കവി)

എന്റെ ആയുസ്സിൽ നിന്ന് ഏഴു വർഷങ്ങള്‍ എടുത്തോളൂ
എന്നിട്ട് എനിക്ക് യുദ്ധത്തെക്കുറിച്ച് വിശദീകരിച്ചു തരൂ...

ഇതാ, ഇരുപത് മധുര നാരങ്ങകൾ എടുത്തോളൂ
എന്നിട്ട് എന്റെ ബാല്യകാലത്തിന്റെ
പച്ചപ്പുകളെക്കുറിച്ച് എന്നോടു പറഞ്ഞു തരൂ..

ലോകത്തിലെ മുഴുവൻ കണ്ണുനീരും എടുത്തോളൂ
എന്നിട്ട് റൊട്ടിയെക്കുറിച്ച് എനിക്കു വിശദീകരിച്ചു തരൂ..

പൂന്തോട്ടത്തിലെ മുഴുവൻ പൂക്കളും എടുത്തോളൂ
എന്നിട്ട് അവളുടെ നീണ്ട കാർകൂന്തലുകളെക്കുറിച്ച് എന്നോട് പറയൂ..

എല്ലാ ബാങ്കുകളെയും
എല്ലാ പട്ടാള കേമ്പുകളെയും
എല്ലാ പത്രങ്ങളെയും എടുത്തോളൂ
എന്നിട്ട് എന്റെ നാടിനെക്കുറിച്ചു എനിക്കു പറഞ്ഞു തരൂ..

എല്ലാ കവികളുടെയും കാവ്യങ്ങളും എടുത്തോളൂ
എന്നിട്ട് എനിക്ക് കവിയെക്കുറിച്ച് പറഞ്ഞു തരൂ..

ലോകത്തിലെ മുഴുവൻ പുതിയ നഗരങ്ങളെയും
അവയുടെ നിരത്തുകളെയും എടുത്തോളൂ
എന്നിട്ട് സഅദൂനിന്റെ1 പാതയോരങ്ങളിലൂടെ
ഉലാത്തുന്നതിന്റെ സുഖം എനിക്കു വർണ്ണിച്ചു തരൂ..

എനിക്കുള്ളതെല്ലാം നിങ്ങൾക്കാണ്‌
എനിക്കെന്റെ പ്രിയപ്പെട്ട നാടിന്റെ
കുളിർ തെന്നലുകളെക്കുറിച്ച് പറഞ്ഞു തന്നാൽ മതി.

നിങ്ങൾക്കിനി അതിനൊന്നും കഴിയില്ലെങ്കിൽ വേണ്ട;
എനിക്കൊരു കുപ്പി മഷി തരൂ
ഞാനതു കൊണ്ട് ലോകം പ്രകാശിപ്പിക്കാം

എന്റെ ഉമ്മ ചുട്ടു തന്ന ഒരു റൊട്ടിയും മതി
എന്റെ പുതുമകളിൽ എനിക്കതു കൊണ്ട് വി
ശ്വാസമുറപ്പിക്കാമല്ലോ

വാക്കുകൾ എന്റെ നീണ്ട കൈവിരലുകളാണെന്നും
പൂങ്കാവനങ്ങൾ അവയുടെ നീണ്ട കേശങ്ങളാണെന്നും
ഞാൻ സമ്മതിക്കുന്നു.

ബോംബുകൾ എന്നെ പലതും പഠിപ്പിച്ചിട്ടുണ്ടെന്നും
എന്റെ സ്വപ്നങ്ങളിൽ പലതിനേയും മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നും
വിശകലനങ്ങളും നേതാക്കളും ചെയ്യുന്നതു പോലെ
അവ കളവു പറയില്ലെന്നും
ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

അതു കൊണ്ട് ഓരോ ബോംബുകളെയും എടുത്ത്
യുദ്ധത്തിന്റെ വൃത്തികെട്ട മുഖം എനിക്കു വിവരിച്ചു തരൂ..

യുദ്ധത്തിന്റെ ചോരത്തുള്ളികളും എടുത്തോളൂ
എന്നിട്ട് സമാധാനത്തെപ്പറ്റി എന്നോടു പറയൂ..
എന്താണാ സാധനം?

അല്ലെങ്കിലും എനിക്കെന്താണിതിന്റെയൊക്കെ ആവശ്യം?

ഫുൾട്രൗസറിന്റെ കീശയിൽ കൈയിട്ട്,
വെയിൽ ചായുന്ന റോഡുകളിലൂടെ ചൂളം വിളിച്ച് നടന്ന്,
മരങ്ങളെയും പാലങ്ങളെയും കെട്ടിടങ്ങളെയും
പത്ര വില്പ്പക്കാരനെയും നോക്കി
യുദ്ധം അവസാനിക്കുന്നതെന്നാണെന്ന്
ഉറപ്പു വരുത്തുന്നതല്ലേ നല്ലത്?

പോസ്റ്റുമാൻ എന്റെ വിലാസം തിരഞ്ഞു മടുക്കുന്നതും
എന്നെ ലക്ഷ്യം വെച്ച് ഉന്നം പിഴക്കുന്ന
ഒരു കൂട്ടം ബോംബുകളെ ഓർത്തെടുക്കുന്നതും
എന്റെ വയറു നിറയ്ക്കുന്നു.

നിന്റെ അക്കങ്ങളുടെയും പേരുകളുടെയും
തിരക്കു പിടിച്ച അഡ്രസ്സുകളുടെയും കൂട്ടത്തിൽ
എന്റെ മേൽവിലാസങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കാം
എന്ന് ഞാൻ മനസ്സിലാക്കുന്നു.

നീ അതു പലപ്പോഴും ഓർക്കുന്നുണ്ടാവും
ഞാനോ -
ശ്വാസ്വോച്ഛ്വാസത്തിന്റെ ധമനികൾ
നിന്നെക്കുറിച്ചറിയിച്ചു തരാൻ
എന്റെ വിരലുകൾ ഇടതു വശത്തിങ്ങനെ
അമർത്തിപ്പിടിച്ചിരിക്കുകയാണ്‌
------------------------------------------------------------------------------
1, (1530 മുതൽ 1918 വരേ ഇറാഖ് ഭരിച്ച ഒരു രാജ കുടുംബമാണ്‌ സഅദൂൻ)