Saturday, April 18, 2009

ഫദ്‌വാ തൂഖാൻ


Fadwa Touqan

ഫദ്‌വാ തൂഖാൻ
(പാലസ്തീൻ കവയത്രി / ജോര്‍ദാന്‍ പൌരത്വം)
ജനനം: 1917-ൽ പാലസ്തീനിലെ നബ്‌ലുസിൽ
മരണം: ഡിസംബർ 12- 2003-ൽ
മഹ്‌മൂദ്‌ ദർവീശിനെപ്പോലെ മരണം വരേ പിറന്ന നാടിന്റെ മോചനവും സ്വപ്നം കണ്ട്‌ വേദനയും ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ഈ പാലസ്തീൻ പുത്രി. മരിക്കുമ്പോഴും ജന്മ ഗ്രാമം നബ്‌ലുസ്‌ ഇന്തിഫാദയുടെ പേരിൽ ഇസ്രയേലിന്റെ ഉപരോധത്തിലായിരുന്നു.

കുലീനമായ കുടുമ്പത്തിലാണ്‌ ഫദ്‌വാ പിറന്നത്‌. പിതാവ്‌ അബ്ദുൽ ഫതാഹ്‌ അഗാ തൂഖാൻ, മാതാവ്‌ ഫൗസിയ അമീൻ ബെക്‌ അസ്ഖലാൻ. വീട്ടാചാരപ്രകാരം അവർ നേരത്തെ സ്കൂൾ വിദ്യാഭ്യാസം നിർത്തി. എന്നാൽ അവരുടെ ബുദ്ധി ശക്തിയും ഭാവനാ വിലാസവും കണ്ടറിഞ്ഞ സഹോദരനും പ്രശസ്ത കവിയുമായ ഇബ്‌റാഹീം തൂഖാൻ പുസ്തകങ്ങളും മറ്റും നൽകി വീട്ടിൽ നിന്നു തന്നെ സഹോദരിയെ പഠിപ്പിക്കുകയും അവരുടെ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്തു.

തൂഖാൻ പിന്നീട്‌ ലണ്ടനിലേക്കു പോവുകയും ഓക്സ്ഫോർഡ്‌ യുനിവേർസിറ്റിയിൽ ചേർന്ന് ഇംഗ്ലീഷ്‌ സാഹിത്യം പഠിക്കുകയും ചെയ്തു.

1948-ലെ യുദ്ധ കാലത്ത്‌ ഈജിപ്ത്യൻ പത്ര പ്രവർത്തകനായ ഇബ്രാഹീം നാജിയുമായി ഫദ്‌വ പരിചയപ്പെടുകയും അങ്ങിനെ അവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, തങ്ങളുടെ നിലവാരത്തിനു പറ്റിയതല്ല ആ ബന്ധം എന്നു പറഞ്ഞ്‌ അവരുടെ വീട്ടുകാർ അതിനെ എതിർത്തു. പിന്നീട്‌ വിവാഹം തന്നെ വേണ്ട എന്നവർ തീരുമാനിച്ചു.
പക്ഷേ, 70-കളുടെ മധ്യത്തിൽ ഈജിപ്ത്യൻ നിരൂപകൻ അൻവർ അൽ മഅദാവിയുമായുള്ള അവരുടെ അനുരാഗ ബന്ധവും സാഹിത്യകാരന്മാർക്കിടയിൽ കിംവദന്തികൾ പരത്തിയിട്ടുണ്ട്‌. എന്നാൽ അത്‌ കേവലം കത്തിടപാടുകളിൽ മാത്രം ഒതുങ്ങിയതായിരുന്നു എന്നതായിരുന്നു സത്യം.

അറുപതുകളുടെ തുടക്കത്തിൽ അവർ ബ്രിട്ടണിലേക്കു പോയി. ഇക്കാലത്ത്‌ അവർക്ക്‌ ഇംഗ്‌ളീഷ്‌ സാഹിത്യവുമായി കൂടുതലടുത്തു.
1967 മുതൽ മഹ്മൂദ്‌ ദർവീഷ്‌, സമീഹ്‌ അൽ ഖാസിം, തൗഫീഖ്‌ സയ്യാദ്‌ എന്നിവരുമായി ചേർന്ന് സജീവ സാഹിത്യ, സാംകാരിക രംഗത്തിറഞ്ഞി.

എട്ടോളം കാവ്യ സമാഹാരങ്ങൾ അവരുടേതായി ഇറങ്ങിയിട്ടുണ്ട്‌.

ഭൂഗോളം

ഭൂഗോളം
ഫദ്‌വ തൂഖാൻ.
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
.

ഈ ഭൂഗോളം
എന്റെ കൈപ്പിടിലൊതുങ്ങിയിരുന്നെങ്കിൽ,
എന്റെ കൈയ്യിലിട്ട്‌ അമ്മാനമാടാൻ കഴിഞ്ഞിരുന്നെകിൽ
ഭൂതലം മുഴുവൻ സ്നേഹത്തിന്റെ വിത്തുകൾ പാകി,
അതെല്ലാം മുളച്ചു വന്ന് സ്നേഹത്തിന്റെ വൃക്ഷങ്ങൾ
ഭൂമി മുഴുവൻ പടർന്ന് പന്തലിക്കുകയും ചെയ്തിരുന്നെങ്കിൽ;
അങ്ങനെ ഭൂമി തന്നെ സ്നേഹമായി മാറുകയും
സ്നേഹം മാർഗ്ഗമായിത്തീരുകയും ചെയ്തിരുന്നെകിൽ

* * * * *
ഭൂഗോളം എന്റെ കൈപ്പിടിയിലൊതുങ്ങിയിരുന്നെങ്കിൽ
കടുത്ത തീരുമാനങ്ങളുടെ ശാപങ്ങളിൽ നിന്നും
ഞാൻ ഈ ഭൂഗോളത്തെ സംരക്ഷിക്കുമായിരുന്നു.

ഈ ഭൂഗോളം എന്റെ കൈപ്പിടിയിലൊതുങ്ങുമായിരുന്നെങ്കിൽ
യുദ്ധങ്ങളുടെ പ്രേതബാധയിൽ നിന്നും
ഞാനീ ഭൂമുഖത്തെ രക്ഷിക്കുമായിരുന്നു
എല്ലാ നാശങ്ങളെയും ഞാൻ പിഴുതെറിയുമായിരുന്നു

കുറുക്കൻ കാബേലുമാരെ വിദൂരമായ ഏതെങ്കിലും ഗോളങ്ങളിലേക്ക്‌
ഞാൻ നാടുകടത്തുമായിരുന്നു.
യൂസുഫിന്റെ സഹോദരന്മാരെ
തെളിനീരുകൾ കൊണ്ട്‌ കഴുകി വെടിപ്പാക്കുമായിരുന്നു.
സഹോദരങ്ങളുടെ ഹൃദയത്തിൽ നിന്നും
അഴുക്കുകൾ തുടച്ചു നീക്കുമായിരുന്നു.

ദാരിദ്ര്യത്തിന്റെ കരാള ഹസ്തങ്ങളെ
ഉന്മൂലനം ചെയ്യുമായിരുന്നു
സ്വേച്ഛധിപത്യത്തിന്റെ തടവറയിൽ നിന്നും
ഞാനതിനെ മോചിപ്പിക്കുമായിരുന്നു.

ഇരുട്ടിന്റെ ശക്തികളെ പറിച്ചെറിയുമായിരുന്നു
രക്തപ്പുഴകളെ വറ്റിച്ചു കളയുമായിരുന്നു.

ഈ ഭൂഗോളം എന്റെ കൈക്കീഴിലൊതുങ്ങുമായിരുന്നെങ്കിൽ
ദുഃഖത്തിന്റെയും അമ്പരപ്പിന്റെയും പാതയോരങ്ങളിൽ
പരിക്ഷീണനായ മനുഷ്യനു വേണ്ടി
സമാധാനത്തിന്റെയും സമൃദ്ധിയുടെയും
ദീപം തെളിയിക്കുമായിരുന്നു,
അവന്‌ സുരക്ഷിതമായ ഒരു ജീവിതം നൽകുമായിരുന്നു.
എന്നാൽ സത്യത്തിൽ ഒന്നും എന്റെ കൈവശമില്ല
"പക്ഷേ" എന്നൊരു വാക്കല്ലാതെ.

Wednesday, April 15, 2009

സ്പെയിനിന്റെ ദുഃഖം.

സ്പെയിനിന്റെ ദുഃഖം.
നിസാർ ഖബ്ബാനി
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.
---------------------------------
സ്പെയിനിനെ കുറിച്ച്‌ ചോദിച്ചു കൊണ്ട്‌
പ്രിയപ്പെട്ടവളേ, നീ എനിക്കെഴുതി.
അല്ലാഹുവിന്റെ പേരു കൊണ്ട്‌
രണ്ടാമതൊരു ലോകത്തെ കീഴടക്കിയ
താരിഖിനെക്കുറിച്ചും
ഓരോ കുന്നിൻ പുറങ്ങളിലും
ഈത്തപ്പനത്തോട്ടങ്ങൾ വച്ചു പിടിപ്പിച്ച
ഉഖ്ബതുബുനു നാഫിഇനെക്കുറിച്ചും,
ഉമയ്യത്ത്‌ ഭരണകൂടത്തെക്കുറിച്ചും
അതിന്റെ ഭരണാധികാരി മുആവിവിയയെക്കുറിച്ചും,
ദിമശ്കിൽ നിന്നും
സംസ്കാരവും നാഗരികതയും
വഹിച്ചു നടന്നു നീങ്ങുന്ന
മനോഹരമായ സൈനിക വ്യൂഹങ്ങളെ ക്കുറിച്ചും
അതിലെ പടയാളികളെക്കുറിച്ചും
ചോദിച്ചു കൊണ്ടും
നീ എനിക്കെഴുതി.

സ്പെയിനിൽ ആ എട്ടു ശതകങ്ങൾ
കഴിച്ചു കൂട്ടിയിട്ട്‌
നാമെന്താണ്‌ ബാക്കി വെച്ചത്‌?
ചഷകങ്ങളുടെ അടിത്തട്ടിൽ
ഊറിക്കിടങ്ങുന്ന മദ്യത്തുള്ളികളല്ലാതെ
കൃഷ്ണ മണികളിൽ
മലയോര രാത്രികളന്തിയുറങ്ങുന്ന
പേടമാൻ കണ്ണുകളല്ലാതെ.
കുർത്തുബയിൽ നമുക്കവശേഷിക്കുന്നത്‌
മിനാരങ്ങളുടെ കണ്ണീർ കണങ്ങൾ മാത്രം.
പനിനീർ ഗന്ധിയായ സുഗന്ധ മിശ്രിതവും
മധുര നാരങ്ങയും
അളാലിയ്യ വൃക്ഷങ്ങളും മാത്രം.

ഒരൊറ്റ മുത്തശ്ശിമാരോ
അവരുടെ സ്നേഹ കഥകളോ
ശ്ലോക ശകലങ്ങളിൽ നിന്നൊരു വരിയോ
ഇന്നവശേഷിക്കുന്നില്ല.
ബനൂ അഹ്‌മർ ഗോത്രത്തിന്റെ
ചരിത്രകാരൻ പറഞ്ഞ
"അജയ്യനായവൻ അല്ലാഹു മാത്രം"
എന്ന വചനവുമല്ലാതെ മറ്റൊന്നും;
ഓരോ കോണുകളിലും നമുക്കതു കാണാം.

ഗത കാല പ്രേമ കാവ്യത്തിന്റെ
തിരു ശേഷിപ്പായി
നഗ്നയായ സ്ത്രീയുടെ വെണ്ണക്കൽ പ്രതിമയെപ്പോലെ
അവരുടെ കൊട്ടാരവും അവിടെയുണ്ട്‌.

ആ കൊച്ചു രാജാവ്‌ കെട്ടു കെട്ടിയിട്ട്‌
ഇന്നേക്ക്‌ അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞു.
ഇപ്പോഴും നമ്മുടെ ഇടുങ്ങിയ മനസ്സുകൾ
അങ്ങിനെത്തന്നെയിരിക്കുന്നു.
ഗോത്ര വൈരങ്ങൾ നമ്മുടെ രക്തത്തിൽ
അന്നത്തെപ്പോലെ അവശേഷിക്കുന്നു.
കഠാരകളെക്കൊണ്ടാണ്‌ നാമിന്ന് സംഭാഷണം നടത്തുന്നത്‌.
നമ്മുടെ ചിന്തകൾ
പുലിനഖങ്ങൾക്കു സമാനമാണ്‌.

അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും
അറേബ്യൻ ദേശീയത
പൂച്ചട്ടിയിലെ ദുഃഖിതയായ പുഷ്പം പോലെ
കാണപ്പെടുന്നു.
അത്‌ ഖിന്നയും നഗ്നയുമായ
പെൺകൊച്ചിനെപ്പോലെയുമിരിക്കുന്നു.
വെറുപ്പിന്റെയും ദുഷ്ടിന്റെയും ചുവരുകളിൽ
നാമത്തിനെ ക്രൂശിച്ചിരിക്കുകയാണ്‌.

പ്രിയപ്പെട്ടവളേ,
സ്പെയിനിൽ നിന്നും നാം ഇറങ്ങിപ്പോന്നത്‌
അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പോ,
അതോ ഇന്നലയോ?.

Tuesday, April 7, 2009

ഉമ്മയുടെ ഹൃദയം

ഉമ്മയുടെ ഹൃദയം.
രചയിതാവ്‌ ആരെന്നറിയാത്ത ഒരറബിക്കവിതയുടെ മൊഴി മാറ്റം
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌

പാമരനായ ഒരു ചെറുപ്പക്കാരനോട്‌
അയാൾ പറഞ്ഞു:
"നിന്റെ മാതാവിന്റെ ഹൃദയം പറിച്ചെടുത്ത്‌
എനിക്കു കൊണ്ടു വന്നു തരൂ,
ഞാൻ നിനക്ക്‌ മുത്തും പവിഴവും
സ്വർണ്ണ നാണയങ്ങളും തരാം".

അയാൾ ഊരിപ്പിടിച്ച കഠാരയുമായി ചെന്ന്
മാതാവിന്റെ നെഞ്ചു കീറി
ഹൃദയം പുറത്തെടുത്തു.

ധൃതിയിൽ ഓടി വരുന്നതിനിടെ
കാലിടറി നിലത്തു വീണ അയാളുടെ കയ്യിൽ നിന്നും
ഹൃദയം തെറിച്ചു താഴെപ്പോയി.
മണ്ണു പുരണ്ട ഹൃദയം അയാളോട്‌ ചോദിച്ചു;
"മകനേ, നിനക്കെന്തെങ്കിലും പറ്റിയോ?"

ഈ രംഗം കണ്ടു നിന്ന ആകാശം
കൊടും കോപത്തോടെ അയാളെ നോക്കി.
മനുഷ്യനു തോന്നാത്ത ദയ അപ്പോൾ
ആകാശത്തിനു തോന്നി
മഴ ചൊരിച്ച്‌ ആകാശം
മണ്ണു പുരണ്ട ഹൃദയത്തെ കഴുകി വൃത്തിയാക്കി.

കുറ്റബോധം തോന്നിയ ചെറുപ്പക്കാരൻ
മാനവർക്കു മുഴുവൻ ദൃഷ്ടാന്തമാവാൻ
സ്വയം കുത്തി മരിക്കാൻ കഠാര വലിച്ചൂരി.
ഒരിക്കലും പൊറുക്കാത്ത പാപം ചെയ്തതിന്‌
എന്നെ ശിക്ഷിക്കൂ എന്ന് അട്ടഹസിച്ചു.
അപ്പോൾ നിലത്തു കിടന്ന മാതാവിന്റെ ഹൃദയം
ഇങ്ങനെ വിളിച്ചു പറഞ്ഞു:
"അരുത്‌ മകനേ, അരുത്‌,
നീ എന്റെ ഹൃദയത്തെ രണ്ടാമതും
കശാപ്പു ചെയ്യരുത്‌".

Monday, April 6, 2009

ദയവു ചെയ്തു പുറത്തു പോകൂ.


യഹ്‌യ അൽ സമാവി.

സ്വദേശം: ഇറാഖ്‌.
ജനനം: 1949, സമാവയിൽ
പ്രവാസം: 1977-ൽ ആസ്ത്രേലിയയിലേക്ക്‌ പലായനം ചെയ്തു.

ദയവു ചെയ്തു പുറത്തു പോകൂ.
യഹ്‌യ അൽ സമാവി
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
_________________
ഞങ്ങളുടെ പ്രിയപ്പെട്ട നാട്‌
യുദ്ധക്കൊതിയന്മാർക്കു വേണ്ടി
പൂക്കൾ വിരിയിക്കുന്നില്ല.
കടന്നാക്രമണകാരികളായ
കാപാലികർക്കു വേണ്ടി
യൂപ്രട്ടീസ്‌ നദി
അത്തിയും അക്രോട്ടും
ഉൽപ്പാദിപ്പിക്കുന്നില്ല.


അതു കൊണ്ട്‌,
പ്രജകൾ കശാപ്പു ചെയ്യപ്പെടുന്ന
ഈ നാട്ടിലെ പുൽമേടുകളും
നദികളും മണ്ണും വിട്ട്‌
നിങ്ങൾ പുറത്തു പോകണം.
ഞങ്ങളെ സമാധാനത്തോടെ
കഴിയാൻ അനുവദിക്കണം.

ചെന്നായ്ക്കളേ കൊടുത്ത്‌
പന്നികളെ വാങ്ങാനും,
കാസ രോഗത്തിനു പകരം
പ്ലേഗു വാങ്ങാനും,
ചൊറിക്കു ബദൽ മരണം സ്വീകരിക്കാനും
ഞങ്ങൾ ഒരുക്കമല്ല.
അതു കൊണ്ട്‌,നിങ്ങൾ
ഉടൻ ഇവിടം വിട്ട്‌ പുറത്തു പോകണം.

മാടപ്പിറാവുകൾക്ക്‌ കൂടു കൂട്ടാനുള്ള
വൈക്കോൽ കൂനകളാവാൻ
ഈ ഹെൽമെറ്റുകൾക്ക്‌ പ്രയാസമാണ്‌.
ചിന്തിയ ചോരകൾക്ക്‌
ചെമന്തിപ്പൂക്കളാകുവാനും.

അതു കൊണ്ട്ൻ നിങ്ങൾ
ഉടൻ സ്ഥലം കാലിയാക്കണം.

തെളിനീരുകൾ വറ്റിപ്പോയ,
കാർമേഘങ്ങൾ എത്തിനോക്കാത്ത
വറ്റി വരണ്ട കൃഷിയിടങ്ങൾ
രണ്ടു തലമുറകളായി അട്ടഹസിക്കുന്നു;
"ഞങ്ങളുടെ നാടും വിട്ട്‌ നിങ്ങൾ പുറത്തു
പോകണമെന്ന്".

ഇടിത്തീ വീഴുന്നതിനു മുമ്പേ,
അടിച്ചമർത്തപെട്ട ജന വിഭാഗത്തെ
വെറുതെ വിടുക.
പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുന്നത്‌ നല്ലതാണ്‌
'കപടമായ ചിഹ്നങ്ങൾ!!,
യുദ്ധ വ്യവസായികൾ!!,
എണ്ണയുടെയും പെണ്ണിന്റെയും
ജനകീയ മദ്യ ഷാപ്പുകളുടെയും
മൊത്ത വ്യാപാരികൾ!!,
വെട്ടിപ്പിടിത്തത്തിന്റെ സാക്ഷിപത്രങ്ങൾ!!,'
പോകൂ, ഉടൻ പുറത്തു പോകൂ.

തടവിലാക്കപ്പെട്ട ജന വിഭാഗത്തിനെ മേൽ
പട നയിച്ച്‌ വിജയിച്ച സേനാ നായകന്‌
നാരങ്ങാ നീരു കൊടുക്കുക.

യുദ്ധം തുടങ്ങുന്നതിനു മുമ്പേ
ഞങ്ങൾ തോറ്റു പോയവരാണ്‌.
ഗോതമ്പു മണികൾക്കു വേണ്ടി കേഴുന്ന പാടങ്ങൾ!!.
കോട്ട വാതിൽക്കലെത്തി
സങ്കടക്കടലിലേക്ക്‌
കണ്ണീരൊഴുക്കി വിടുന്ന അത്തി മരങ്ങൾ.

ദയവു ചെയ്ത്‌ നിങ്ങൾ പുറത്തു പോകൂ.

ചണ്ടിക്കൂനകൾക്കിടയിൽ
മരിച്ചു കിടക്കുന്ന
മുല കുടി വറ്റാത്ത കുഞ്ഞുങ്ങളെ
പുറത്തെടുത്ത്‌ മറവു ചെയ്യാൻ
ഞങ്ങളെ അനുവദിക്കുക.

ഇറാഖിന്റെ ഈത്തപ്പനത്തോട്ടങ്ങൾ
ഒരിന്തിഫാദക്കു വേണ്ടി
ഉണർന്നെഴുന്നേൽക്കുന്നതിനു മുമ്പേ
കൊടും ശിക്ഷകൾ നടപ്പാക്കാൻ
അവ വാളുകൾ ഉറയിൽ നിന്നും
ഊരുന്നതിനും മുമ്പേ
നിങ്ങൾ പുറത്തു പോകൂ.

Sunday, April 5, 2009

പൂവ്‌ പറഞ്ഞത്‌.

പൂവ്‌ പറഞ്ഞത്‌.
അഹ്‌മദ്‌ മഥർ.
വിവ്‌. മമ്മൂട്ടി കട്ടയാട്‌.

അവർ പൂ പറിച്ചെടുത്തു
അപ്പോൾ പൂവ്‌ പറഞ്ഞു
'മൊട്ടുകൾക്ക്‌ വേദനിക്കും എന്ന്'
അവർ മൊട്ടുകളും പറിച്ചെടുത്തു
മൊട്ടു പറഞ്ഞു:
'വേരുകളുടെ ഗർഭ പാത്രം
സ്പന്ദിക്കുമെന്ന്'.

അവർ വേരുകളും പറിച്ചെടുത്തു
വേരു പറഞ്ഞു:
ഈ ഒരു ദിവസത്തിനു വേണ്ടിയാണ്‌
എന്റെ പ്രതികാരങ്ങളൊക്കെയും
മണ്ണിനടിയിൽ ഒളിപ്പിച്ചു വെച്ച്‌
ഈ വിത്തുകളെ ഞാൻ കാത്തു
സൂക്ഷിക്കുന്നതെന്ന്,

കുഴിമാടത്തിനടിയിൽ നിന്നും
പിറവിയുടെ അട്ടഹാസം
പുറത്തു ചാടുന്നതെങ്ങിനെയെന്ന്
നാളെ എല്ലാവർക്കും കാണാം, എന്നും.

സൂര്യ താപം തണുത്തുറയും;
എന്നാൽ പൂക്കളുടെ വികാരങ്ങൾ
ഒരിക്കലും തണുക്കുകയില്ല.

Thursday, April 2, 2009

നേതാവിന്റെ പട്ടി.

നേതാവിന്റെ പട്ടി.
അഹ്‌മദ്‌ മഥർ.

വിവ. മമ്മൂട്ടി കട്ടയാട്‌.

നേതാവിന്റെ
ബഹുമാനപ്പെട്ട പട്ടി
ഒരു ദിവസം
എന്നെ കടിച്ചു.

ഉടനെ അതു
ചത്തു പോവുകയും ചെയ്തു

വധ ശിക്ഷ നടപ്പിലാക്കാൻ
സുരക്ഷാ ഉദ്യോഗസ്തന്മാർ
എന്നെ വിളിപ്പിച്ചു.

മരണ സർട്ടിഫിക്കറ്റ്‌
ഹാജറാക്കിയപ്പോഴാണറിയുന്നത്‌;
വലിയ നേതാവിന്റെ പട്ടിക്കും
പേ പിടിച്ചിട്ടുണ്ട്‌ എന്ന്.