വിപ്ലവ ഗീതങ്ങൾ

ജീവിതാഭിലാഷം. - അബുൽ ഖാസിം അൽ ശാബി (ടുണീഷ്യ)


അബുല്‍ ഖാസിം അല്‍ ഷാബി

(ചില കവിതകൾ അവയ്ക്കു ജന്മം നൽകിയകവികളേക്കാൾ പ്രശസ്തമാവുന്നുണ്ടോ  
എന്ന്ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്‌. അത്തരംഒരു കവിതയാണ്‌  
'അകാലത്തിൽ പൊലിഞ്ഞുപോയ തുണീഷ്യൻ കവി അബുൽ ഖാസിംഅൽശാബിയുടെ 
 'ഈറാദതുൽ ഹയാത്‌' എന്നകവിത. ആത്മവിശ്വാസത്തിനു തീക്കൊളുത്തുന്ന കവിത 
 ഉയരങ്ങൾ തേടുന്ന ഓരോവിദ്യാർത്ഥിയും മനസ്സിൽ കൊണ്ടു നടക്കേണ്ടതാണ്‌.

അൽ ശാബി 1909 ഫെബ്രുവരി 24 ന്‌ ജനിച്ചു. 1934ഒക്റ്റോബർ 9-ന്‌ ദീർഘകാലമായി അദ്ദേഹത്തെവേട്ടയാടിയിരുന്ന  
ഹൃദയ സംബന്ധമായഒരസുഖത്തെത്തുടർന്ന് അന്തരിച്ചു.)

ജീവിതാഭിലാഷം. 
അബുൽ ഖാസിം അൽ 
ശാബി (ടുണീഷ്യ) 
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌ - ദുബൈ.


ഒരു സമൂഹം ജീവിതത്തെ അന്വേഷിച്ചിറങ്ങിയാൽ
തലവരകൾ അവർക്കു മുമ്പിൽ അടിയറവുപറയും,
രാത്രികൾ വഴിമാറും,
ചങ്ങലകൾ പൊട്ടിച്ചിതറും.

ജീവിതാഭിലാഷത്തെ വാരിപ്പുണരാതിരിക്കുന്നവൻ;
വായുമണ്ഡലത്തിൽ ആവിയായിപ്പോവുകയും
നാമാവശേഷമാവുകയും ചെയ്യും.

ജീവിതത്തോട്‌ താൽപ്പര്യമില്ലാത്തവന്റെ കാര്യംകഷ്ടം തന്നെ;
പ്രജാപതിയായ ശൂന്യതയുടെ പ്രഹരം അവന്‌സഹിക്കേണ്ടി വരും

അങ്ങനെയാണ്‌ പ്രപഞ്ചം എന്നോട്‌ പറഞ്ഞത്‌;
അതിന്റെ ഒളിച്ചിരിക്കുന്ന ആത്മാവിനും
പറയാനുണ്ടായിരുന്നത്‌ മറ്റൊന്നല്ല.

കാറ്റ്‌ മലയിടുക്കുകളുടെയും
പർവ്വതങ്ങളുടെയും വൃക്ഷങ്ങളുടെയുംമുകളിലൂടെയും വീശിക്കൊണ്ടിരുന്നു,

ലക്ഷ്യങ്ങളെ പ്രാപിക്കാനുള്ള ആഗ്രഹം എന്നിൽപതഞ്ഞു പൊങ്ങുമ്പോൾ
ഞാൻ അഭിലാഷങ്ങളുടെ പുറത്തു കയറികുതിക്കുകയും
അപകടങ്ങളെ വിസ്മരിക്കുകയും ചെയ്യും.

കുണ്ടും കുഴിയുമുള്ള പാതയോരങ്ങളെയും,
ആളിക്കത്തുന്ന അഗ്നികുണ്ഠങ്ങളെയും ഭയന്ന്പിന്മാറുകയുമില്ല.

കൊടുമുടികൾ കീഴടക്കാൻ ആഗ്രഹിക്കാത്തവൻ
കാലം മുഴുവൻ കുഴിയിൽ കഴിയേണ്ടി വരും.
അതിനാൽ ചോര തുടിക്കുന്ന യൗവ്വനം
എന്റെ ഹൃദയത്തിൽ നിന്നു നിലവിളിച്ചു,
കൊടുങ്കാറ്റ്‌ എന്റെ നെഞ്ചിനുള്ളിൽ ചുഴറ്റിയടിച്ചു.

ഇടിനാദത്തിന്റെ മുഴക്കത്തിനും
കാറ്റിന്റെ ഇരമ്പലിനും
പേമാരിയുടെ കലപിലകൾക്കും ഞാൻ ചെവികൊടുത്തു

ഞാൻ ഭൂമിയോടെ ചോദിച്ചു:
"ഉമ്മാ.. നിങ്ങൾ മനുഷ്യനെ വെറുക്കുന്നുണ്ടോ?"

ഭൂമി പറഞ്ഞു:
"അഭിലാഷങ്ങൾ വച്ചു പുലർത്തുകയും
സാഹസങ്ങളിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന
എല്ലാ ആളുകളെയും ഞാൻ ആശിർവ്വദിക്കുന്നു,
കാലത്തിനൊപ്പം നടക്കാൻ കൂട്ടാക്കാതെ
കല്ലിനെപ്പോലെ ജീവിതം കൊണ്ട്‌തൃപ്തിയടയുന്നവരെ
ഞാൻ ശപിക്കുകയും ചെയ്യുന്നു"

 ജീവനുള്ള പ്രപഞ്ചം ജീവിതത്തെ ഇഷ്ടപ്പെടുന്നു
മരണത്തെ - അതെത്ര വലുതാണെങ്കിലും -വെറുക്കുകയും ചെയ്യുന്നു,

ആകാശം പറവളുടെ ശവങ്ങൾ പിടിച്ചുവെക്കാറില്ല,
ചത്ത പൂവുകളിൽ നിന്ന് തേനീച്ചകൾ മധുനുകരാറുമില്ല.

മൃതുലമായ മാതൃസ്നേഹം എന്റെ ഹൃദയത്തിൽ
സ്പന്ദിക്കുന്നില്ലായിരുന്നുവെങ്കിൽ
അത്തരം ശവങ്ങളെ എന്റെ കുഴിയിൽ കിടത്തി
ഞാൻ പൊറുപ്പിക്കില്ലായിരുന്നു

നുഴഞ്ഞുകയറ്റക്കാരനായ ശൂന്യതയുടെ
ശാപത്തിൽ നിന്നും മോചനം തേടാൻ വേണ്ടി
ജീവിതത്തെ അഭിലഷിക്കാത്തവൻ തുലയട്ടെ!.

ഒരു ശരത്കാല സന്ധ്യയിൽ,
ദുഃഖവും, മടുപ്പും കനംതൂങ്ങിയ ഘട്ടത്തിൽ,
നക്ഷത്രങ്ങളുടെ പ്രകാശം പാനം ചെയ്തും
ശോക ഗാനമാലപിച്ചും ഞാൻ ഉന്മത്തനായി.

ഞാൻ രജനിയോടു ചോദിച്ചു:
വാടിപ്പോയ ആയുസ്സിന്റെ വസന്തത്തെ തിരിച്ചുകൊണ്ടു വരാൻ
ജീവിതത്തിനാകുമോ?

ഇരുട്ടിന്റെ അധരങ്ങൾ പേശാൻ കൂട്ടാക്കിയില്ല
രാവിന്റെ കന്യകമാർ ഒന്നും മൂളിയില്ല.

കാനനം ഭവ്യതയോടെ,
സംഗീതത്തിന്റെ ഹൃദഹത്തുടിപ്പു പോലെ
പ്രിയപ്പെട്ട സ്വരത്തിൽ പറഞ്ഞു:


'ശിശിരം വരും, ശൈത്യം വരും,
മഞ്ഞു കാലം വരും, മഴക്കാലവും വരും
അപ്പോൾ ശിഖരങ്ങളുടെ, പൂക്കളുടെ,
കായകളുടെ, വശ്യമനോഹരമായ സന്ധ്യയുടെ,
സുഗന്ധ പൂരിതമായ താഴ്‌വാരങ്ങളുടെ
മാസ്മരികത നഷ്ടപ്പെടും.

കൊമ്പുകൾ ആടിയുലഞ്ഞ്‌ ഇലകൾ കൊഴിഞ്ഞുപോകും
ഭംഗിയുള്ള പൂവുകൾ ഞെട്ടറ്റു വീഴും
കാറ്റ്‌ അവയെ ഓരോ മലഞ്ചെരുവുകളിലേക്കുംവഹിച്ചു കൊണ്ടു പോകും
മലവെള്ളം അവയെ ദൂര ദേശങ്ങളിൽ കൊണ്ടുപോയി കുഴിച്ചു മൂടും

മനോഹരമായ ഒരു സ്വപ്നം കണക്കെ എല്ലാംനശിച്ചു പോകും
കൺമുമ്പിൽ ഒരു മിന്നലാട്ടം പോലെ വന്ന്അപ്രത്യക്ഷമാവുകയും ചെയ്യും
പക്ഷേ, അതു വഹിച്ചു കൊണ്ടു പോയ വിത്തുകൾഅവശേഷിക്കും
വരാനിരിക്കുന്ന മനോഹരമായ ആയുസ്സിന്റെസൂക്ഷിപ്പു സ്വത്തായി അതു മാറും.

ഋതുക്കളുടെ ഓർമ്മകളും, ജീവിതത്തിന്റെവീക്ഷണവും,
ദുന്യാവിന്റെ മാന്ത്രിക ശോഭയും
മേഘങ്ങൾക്കിടയിലും മഞ്ഞിനും മണ്ണിനുമടിയിലും
പറ്റിപ്പിടിച്ച മൂളക്കം പോലെ അപ്രത്യക്ഷമാവും.

ഒരിക്കലും മടുക്കാത്ത ജീവിതത്തിന്റെ ലാളിത്യവും
സുഗന്ധപൂരിതമായ ഹരിത വസന്തത്തിന്റെഹൃദയവും
പറവകളുടെ സ്വപ്ന തുല്യമായ സംഗീതവും
പുഷ്പങ്ങളുടെ സൗരഭ്യവും
പഴങ്ങളുടെ സ്വാദും
ഒരു ചിറകടിപോലെ
ആശകളെ പരിപോഷിപ്പിക്കുകയും
വിജയ സാമ്രാജ്യം തീർക്കുകയും ചെയ്യുന്നു.

ഭൂമി വിണ്ടു കീറി മുളകൾ പുറത്തു വരുന്നു
പ്രപഞ്ചം വീണ്ടും ഒരു മാസ്മരിക രൂപത്തെകൺമുപിൽ ദർശിക്കുന്നു.

ഭൂമിയുടെ സ്വപ്നങ്ങളും സംഗീതവും
പരിമളം തൂകുന്ന ബാല്യവും പേറി
വസന്തം വീണ്ടും കടന്നു വരുന്നു

ഭൂമിയുടെ അധരങ്ങളിൽ അതു മുത്തം വെക്കുന്നു
അപ്പോൾ മറഞ്ഞു പോയ യുവത്വം തിരിച്ചുവരുന്നു.

ഭൂമിയോട്‌ വസന്തം പറയും:
നിനക്കു ജീവിതം ലഭിച്ചിരിക്കുന്നു
നീ കാത്തു സൂക്ഷിച്ച നിന്റെ തലമുറകളിലൂടെ
നീ അനശ്വരയായിരിക്കുന്നു.

'നിനക്കു വെളിച്ചം നേരുന്നു
ജീവിതത്തിന്റെ യുവത്വവും
ആയുസ്സിന്റെ പുഷ്ടിയും നീ സ്വീകരിച്ചാലും'.

കിനാവുകൾ കൊണ്ട്‌ പ്രകാശത്തെ വരിച്ചവൻ
എവിടെയും വെളിച്ചം കൊണ്ടനുഗ്രഹിക്കപ്പെടും.

നിനക്ക്‌ വിഹായസ്സും വെളിച്ചവും
പൂത്തുലഞ്ഞ സ്വപ്നതുല്യമായ ഐശ്വര്യവുംആശംസിക്കുന്നു,

ഒരിക്കലും മരിക്കാത്ത സൗന്ദര്യവും
പ്രസന്നവും പ്രവിശാലവുമായ പ്രപഞ്ചവും
നിനക്കു തന്നെ.

അതുകൊണ്ട്‌ നീ
മധുരക്കനിക്കനികളും വർണ്ണപ്പൂക്കളുമായി
വയലേലകൾക്കു മുകളിലൂടെ കൊഞ്ചിക്കുഴയുക.

മന്ദമാരുതനോടും കാർമേഘങ്ങളോടും
താരകങ്ങളോടും ചന്ദ്രികയോടും സല്ലപിക്കുക

ജീവിതത്തോടും ജീവിക്കാനുള്ള ആശയോടും
അതുല്യമായ ഉണ്മയുടെ മാസ്മരികസൗന്ദര്യത്തോടും
നീ കുശലം പറയുക.

ഇരുട്ടു പോലും
ഒളിഞ്ഞു കിടക്കുന്ന ഒരു സൗന്ദര്യത്തെവെളിപ്പെടുത്തുന്നുണ്ട്‌.
അതിൽ ഭാവനകൾ മുളപൊട്ടുകയും
ചിന്തകൾ ഉരുത്തിരിയുകയും ചെയ്യാറുമുണ്ട്‌.

പ്രപഞ്ചത്തിനു മീതെ ഒരു അനിർവ്വചനീയമായരമണീയത വിരിച്ചു വച്ചിട്ടുണ്ട്‌
സമർത്ഥനായ ഒരു മാന്ത്രികന്‌ അത്‌ തുറന്നുകാണിച്ചു തരാൻ കഴിയും.

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ മെഴുതിരികൾകത്തിച്ചു വെക്കുന്നു,
പൂവുകൾ കുന്തിരിക്കം പുകയ്ക്കുന്നു,
അപൂർവ്വ സുന്ദരമായ ജീവാത്മാവ്‌
അമ്പിളിക്കീറിന്റെ വർണ്ണച്ചിറകുകളുമായിതത്തിക്കളിക്കുന്നു.

വിശുദ്ധമായ ജീവിതത്തിന്റെ സംഗീതം
കിനാവുകളുടെ പള്ളിമുറ്റത്ത്‌ വീണമീട്ടുന്നു

പ്രത്യാശകളാണ്‌ ജീവിതത്തിന്റെ നാമ്പുംവിജയത്തിന്റെ ആത്മാവും
എന്ന് അത്‌ വിളംബരം ചെയ്യുന്നുമുണ്ട്‌.

ആത്മാവുകൽ ജീവിതത്തെ അഭിലഷിച്ചാൽ
വിധികൾക്കു മാറിക്കൊടുക്കുകയേ തരമുള്ളൂ.