പ്രതിരോധ ഗീതങ്ങൾ

അന്ത്യ ഗീതം.
യഹ്‌യ അൽ സമാവി - ഇറാഖ്
* * *
എനിക്ക്
ഇരുപതു കൈകളും
കാടു പോലെ പരന്ന ഒരു കടലാസും
ഈന്തപ്പനയുടെയത്രയും വലിപ്പമുള്ള ഒരു പേനയും
ഒരു കിണർ നിറയെ കറുത്ത മഷിയും
ഉണ്ടായിരുന്നെങ്കിൽ
ഞാനെന്റെ അവസാനത്തെക്കവിത
എഴുതുമായിരുന്നു.

ഭോജന ശാലകളിലെ വീപ്പകൾ
ദാനമായി നൽകുന്ന ചണ്ടിക്കൂനകളിൽ
നായ്ക്കളോട് മൽസരിക്കുന്ന
പാവങ്ങളെക്കുറിച്ചായിരിച്ചായിരിക്കും
എന്റെ കവിത,

കളിപ്പാട്ടം കൊടുത്ത്
പിച്ചച്ചട്ടിയും
സ്കൂൾ പുസ്തകം കൊടുത്ത്
ഷൂ പോളീഷ് സെറ്റും
വാങ്ങേണ്ടി വരുന്ന
കുഞ്ഞുങ്ങളെക്കുറിച്ചുമായിരിക്കും
എന്റെ കവിത.

പാലിൽ വെള്ളം ചേർത്തു നല്കുന്ന
മുലകൾ ഉണങ്ങിപ്പോയ ഉമ്മമാരെക്കുറിച്ചും,

ഗോതമ്പു മാവിൽ ഈർച്ചപ്പൊടിയും
പുകയിലയിൽ ചാണകവും കലർത്തുന്ന
യുദ്ധക്കച്ചവടക്കാരെക്കുറിച്ചും,

അധികാരക്കസാലകളിരുന്നിരുന്ന്
ചന്തികൾ മരമായിപ്പോവുകയും
പിറന്ന നാടിന്‌ മൂലക്കുരുവുണ്ടാകാൻ
കാരണക്കാരാവുകയും ചെയ്ത
രാഷ്ട്രീയക്കാരെക്കുറിച്ചും
ഞാൻ കവിതയിൽ പ്രതിപാദിക്കും

പെട്രോളിയം തടാകത്തിന്റെ മുകളിൽ
അടയിരിക്കുന്ന ഒരു നാട്ടിൽ
മണ്ണടുപ്പ് പുകയിക്കാനായി
പാടങ്ങളിൽ മൃഗങ്ങളുടെ കാഷ്ടം തിരയുന്ന
ഗ്രമീണ സ്ത്രീകളെക്കുറിച്ചും
ഞാൻ പറയും.

എന്റെ ഒടുക്കത്തെക്കവിത കുറിക്കാൻ
ചുവരുകൾ വൃത്തികേടാക്കിയ
അടയാളങ്ങളെ പറ്റിയും ഞാൻ രേഖപ്പെടുത്തും

പള്ളി മിമ്പറിൽ വച്ചോ
ബാറുകളിൽ വച്ചോ ആയിരിക്കില്ല
മറിച്ച്
യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ തീർത്ത
ചണ്ടിക്കൂനകളുടെ
കുന്നിൻ മുകളിൽ വച്ചായിരിക്കും
ഞാനെന്റെ കവിത ആലപിക്കുക.

എന്റെ സ്വാതന്ത്ര്യം
എനിക്ക് കടലാസുകളിലേ
പ്രകടിപ്പിക്കാൻ കഴിയൂ..

എന്റെ അന്ത്യാഭിലാഷം
രണ്ടു കണ്ണുകളും മലർക്കേ തുറന്ന്
മരിക്കണമെന്നാണ്‌;
എന്നിട്ടെനിക്കറിയണം
ഏറ്റവും കൂടുതൽ ഇരുട്ട്
എന്റെ കല്ലറയ്ക്കാണോ
അതോ എന്റെ നാട്ടിനാണോ? എന്ന്.
-------------------------


ഞാൻ ഭീകരൻ!!. 
അഹ്‌മദ്‌ മഥർ

തീപ്പെട്ടിക്കൂടു കൊണ്ട്‌
ഞാനൊരു കളിപ്പാട്ടം ഉണ്ടാക്കുമ്പോൾ
പാശ്ചാത്യൻ
പേടിച്ചു നിലവിളിക്കുന്നു:

അവനാണ്‌
എന്റെ ഞരമ്പുകളുടെ കയറു കൊണ്ട്‌
എനിക്കു വേണ്ടി
കഴുമരം പണിതു നൽകിയത്‌

എന്റെ നീളൻകുപ്പായം
കീറിക്കളഞ്ഞ വിവരം
ഒരു നാൾ ഞാൻ പരസ്യപ്പെടുത്തുമ്പോൽ
പശ്ചാത്യൻ ബേജാറാകുന്നു.

എന്റെ സംസ്കാരത്തിൽ ലജ്ജ തോന്നേണ്ടെന്നും,
എന്റെ സന്തോഷങ്ങൾ പ്രകടിപ്പിക്കാനുള്ളതാണെന്നും,
എന്റെ മാനം കവർന്നെടുക്കാൻ
ശ്രമിക്കുന്നവർക്കെതിരെ
സാഹസം പ്രകടിപ്പിക്കണമെന്നും
എന്നെ ഉൽബോധിപ്പിച്ചവനായിരുന്നു അവൻ.

മിഹ്‌റാബിന്റെ നിശബ്ദതയിൽ
ഏകനായ ദൈവത്തെ
ഞാൻ ആരാധിക്കുമ്പോഴും
പശ്ചാത്യൻ ആകുല ചിത്തനാകുന്നു.

സ്വന്തം വാലിലെ രോമം കൊണ്ടും
സ്വന്തം ചെരിപ്പിൽ പറ്റിപ്പിടിച്ച മണ്ണു കൊണ്ടും
ആയിരം ദൈവങ്ങളെ
സൃഷ്ടിച്ചവനാണവൻ

ഞാനവരുടെ ആരാധകനാകാനും
പരമമായ വിധേയത്തം കാണിക്കാനുമായി
പിന്നീടവയെ അവൻ
പെരുമയുടെ ചണ്ടിക്കൂനയിൽ കൊണ്ടു വന്ന് സ്ഥാപിച്ചു.

ഞാനെന്റെ പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ
അവൻഅവർ പ്രഹരിക്കുകയാണ്‌.
പൂക്കളുടെയും ചെടികളുടെയും
സുഗന്ധത്തെപ്പറ്റി ഞാൻ സംസാരിക്കുമ്പോൾ
അവരെന്നെ ഭീകരന്മാരുടെ പട്ടികയിൽ കയറ്റി
ക്രൂശിക്കുകയാണ്‌.

പാശ്ചാത്യന്മാരും
അവരുടെ വാലാട്ടികളും
ചെയ്യുന്നതെല്ലാം
അതി മഹത്തായ കർമ്മങ്ങൾ

എന്നാൽ ഞാനെപ്പോഴെങ്കിലും
സ്വാതന്ത്ര്യത്തിനു വേണ്ടി
നടുനിവർത്തുമ്പോൾ
ഞാൻ ചെയ്യുന്നതൊക്കെയും
ഭീകര പ്രവർത്തനങ്ങൾ!!!.

അവരാണെന്റെ ലോകത്തെ തകർത്തു തരിപ്പണമാക്കിയത്‌
അവർ വിതച്ചത്‌ അവർ തന്നെ കൊയ്തെടുക്കട്ടെ.

എന്റെ അധരങ്ങൾക്കു മുകളിൽ,
എന്റെ രക്താണുക്കളിൽ
സംഹാരത്തിന്റെ സാമ്രാജ്യത്വം
സ്ഥാപിക്കപ്പെട്ടാൽ
പാശ്ചാത്യന്റെ
കപോലങ്ങൾക്കു മുകളിൽ
മെതിയടി കൊണ്ട്‌ ഞാനിങ്ങനെ
രേഖപ്പെടുത്തും
അതെ, ഞാൻ ഭീകരനാകുന്നു”.

ഭൂകമ്പങ്ങൾക്കെല്ലാം
ചില കാരണങ്ങളുണ്ട്‌
കാരണങ്ങളെ നിങ്ങൾക്കു
കണ്ടെത്താൻ കഴിയുമെങ്കിൽ
നിങ്ങൾക്കെന്റെ കാരണങ്ങളെയും
കണ്ടെത്താൻ കഴിയും

ഞാനെടുക്കുന്നത്‌ പേനയല്ല
എന്റെ പുലിനഖങ്ങളാകുന്നു
ഞാൻ ആശയങ്ങളെ തേടുന്നില്ല
എന്റെ തേറ്റകളെയാണന്വേഷിക്കുന്നത്‌

കാട്ടു നീതി, അതിന്റെ മുഴുവൻ പരിവാരങ്ങൾക്കൊപ്പം
കാട്ടിലേക്കു മടങ്ങും വരേ
എന്നെ സമനില വീണ്ടു കിട്ടിയവനായി
നിനക്കു കാണാൻ കഴിയില്ല.

* * * *
അതെ ഞാൻ ഭീകരനാണ്‌.
എന്റെ പിന്നിൽ വന്ന് ഓരിയിടുന്ന
മുഴുവൻ പ്രഷേപകരോടും
ഞാനുപദേശിക്കുകയാണ്‌
ഇന്നു മുതൽ നിങ്ങൾ
ടാങ്കുകളുടെ കവചം എടുത്തണിയുക
കാരണം
എപ്പോഴെങ്കിലും
നിങ്ങളെന്റെ വാതിലിൽ കൊട്ടിയാൽ
ഞാൻ നിങ്ങളുടെ
തലയിൽ വന്ന് കൊട്ടുംതീർച്ച.!!

----------------------------------------------


ദയവു ചെയ്തു പുറത്തു പോകൂ.
 
യഹ്‌യ അൽ സമാവി
 
ഞങ്ങളുടെ പ്രിയപ്പെട്ട നാട്‌
യുദ്ധക്കൊതിയന്മാർക്കു വേണ്ടി
പൂക്കൾ വിരിയിക്കുന്നില്ല.
കടന്നാക്രമണകാരികളായ
കാപാലികർക്കു വേണ്ടി
യൂപ്രട്ടീസ്‌ നദി
അത്തിയും അക്രോട്ടും
ഉൽപ്പാദിപ്പിക്കുന്നില്ല.


അതു കൊണ്ട്‌,
പ്രജകൾ കശാപ്പു ചെയ്യപ്പെടുന്ന
നാട്ടിലെ പുൽമേടുകളും
നദികളും മണ്ണും വിട്ട്‌
നിങ്ങൾ പുറത്തു പോകണം.
ഞങ്ങളെ സമാധാനത്തോടെ
കഴിയാൻ അനുവദിക്കണം.

ചെന്നായ്ക്കളേ കൊടുത്ത്‌
പന്നികളെ വാങ്ങാനും,
കാസ രോഗത്തിനു പകരം
പ്ലേഗു വാങ്ങാനും,
ചൊറിക്കു ബദൽ മരണം സ്വീകരിക്കാനും
ഞങ്ങൾ ഒരുക്കമല്ല.
അതു കൊണ്ട്‌,നിങ്ങൾ
ഉടൻ ഇവിടം വിട്ട്‌ പുറത്തു പോകണം.

മാടപ്പിറാവുകൾക്ക്‌ കൂടു കൂട്ടാനുള്ള
വൈക്കോൽ കൂനകളാവാൻ
ഹെൽമെറ്റുകൾക്ക്‌ പ്രയാസമാണ്‌.
ചിന്തിയ ചോരകൾക്ക്‌
ചെമന്തിപ്പൂക്കളാകുവാനും.

അതു കൊണ്ട്ൻ നിങ്ങൾ
ഉടൻ സ്ഥലം കാലിയാക്കണം.

തെളിനീരുകൾ വറ്റിപ്പോയ,
കാർമേഘങ്ങൾ എത്തിനോക്കാത്ത
വറ്റി വരണ്ട കൃഷിയിടങ്ങൾ
രണ്ടു തലമുറകളായി അട്ടഹസിക്കുന്നു;
"ഞങ്ങളുടെ നാടും വിട്ട്‌ നിങ്ങൾ പുറത്തു
പോകണമെന്ന്".

ഇടിത്തീ വീഴുന്നതിനു മുമ്പേ,
അടിച്ചമർത്തപെട്ട ജന വിഭാഗത്തെ
വെറുതെ വിടുക.
പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുന്നത്‌ നല്ലതാണ്‌
'കപടമായ ചിഹ്നങ്ങൾ!!,
യുദ്ധ വ്യവസായികൾ!!,
എണ്ണയുടെയും പെണ്ണിന്റെയും
ജനകീയ മദ്യ ഷാപ്പുകളുടെയും
മൊത്ത വ്യാപാരികൾ!!,
വെട്ടിപ്പിടിത്തത്തിന്റെ സാക്ഷിപത്രങ്ങൾ!!,'
പോകൂ, ഉടൻ പുറത്തു പോകൂ.

തടവിലാക്കപ്പെട്ട ജന വിഭാഗത്തിനെ മേൽ
പട നയിച്ച്‌ വിജയിച്ച സേനാ നായകന്‌
നാരങ്ങാ നീരു കൊടുക്കുക.

യുദ്ധം തുടങ്ങുന്നതിനു മുമ്പേ
ഞങ്ങൾ തോറ്റു പോയവരാണ്‌.
ഗോതമ്പു മണികൾക്കു വേണ്ടി കേഴുന്ന പാടങ്ങൾ!!.
കോട്ട വാതിൽക്കലെത്തി
സങ്കടക്കടലിലേക്ക്‌
കണ്ണീരൊഴുക്കി വിടുന്ന അത്തി മരങ്ങൾ.

ദയവു ചെയ്ത്‌ നിങ്ങൾ പുറത്തു പോകൂ.

ചണ്ടിക്കൂനകൾക്കിടയിൽ
മരിച്ചു കിടക്കുന്ന
മുല കുടി വറ്റാത്ത കുഞ്ഞുങ്ങളെ
പുറത്തെടുത്ത്‌ മറവു ചെയ്യാൻ
ഞങ്ങളെ അനുവദിക്കുക.

ഇറാഖിന്റെ ഈത്തപ്പനത്തോട്ടങ്ങൾ
ഒരിന്തിഫാദക്കു വേണ്ടി
ഉണർന്നെഴുന്നേൽക്കുന്നതിനു മുമ്പേ
കൊടും ശിക്ഷകൾ നടപ്പാക്കാൻ
അവ വാളുകൾ ഉറയിൽ നിന്നും
ഊരുന്നതിനും മുമ്പേ
നിങ്ങൾ പുറത്തു പോകൂ.

------------------------------------


വിപ്ലവങ്ങൾക്ക് ആശംസകൾ.

 സലീം ശല്ബി.

വെള്ളവും തീയും എങ്ങിനെയാണ്‌ കൂടിച്ചേരുക?
അക്രമവും നീതിയും എങ്ങിനെയാണ്‌ ഐക്യപ്പെടുക?

എന്റെ ആയുസ്സ് സാക്ഷി!,
അതു രണ്ടും അസംഭവ്യമാകുന്നു.
സത്യത്തിന്‌ ഒരു മുഖമേയുള്ളൂ - രണ്ടില്ല.
അതിനാൽ ഞങ്ങളുടെ അവകാശങ്ങൾ തിരിച്ചു പിടിക്കാൻ
ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു.

അതിനു വേണ്ടി തന്നെയാണ്‌ മൈതാനങ്ങളിൽ
അട്ടഹസിക്കാൻ ഞങ്ങൾ താല്പര്യം കാണിച്ചത്.

നീതി ഞങ്ങളുടെ ആത്മാവും ജീവിതവുമാണ്‌
സമത്വം മനുഷ്യന്റെ ആവശ്യമാണ്‌.

* * *
അവർ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു,
നാടിന്റെ അഭിമാനം അവർ ഉയർത്തിപ്പിടിച്ചു.
‘അൽ-അസ്ഹർ’ വിലപിച്ചു,
അഖ്സാ പള്ളി നീട്ടി വിളിച്ചു,
കുന്നിൻ മുകളിലും സമതലങ്ങളിലും വെച്ച്
മുഴുവൻ ഭയവും അവർ വലിച്ചെറിഞ്ഞു,
അവർ നിരന്തരം അധ്വാനിച്ച്
ശത്രുവിന്റെ നടുവൊടിച്ചു കളഞ്ഞു.

* * *
ആയുധവും വഹിച്ചു കൊണ്ടായിരുന്നില്ല
അവർ പുറപ്പെട്ടത്.
മറിച് ചില ഉറച്ച തീരുമാനങ്ങളും
സത്യതിന്റെ പ്രഖ്യാപനവുമായിരുന്നു
അവരുടെ പക്കൽ ഉണ്ടായിരുന്നത്.

ഭയവും മൗനവും കാരണം
എത്ര സമൂഹങ്ങൾക്കാണ്‌ തങ്ങളുടെ
അവകാശങ്ങളും വിഭവങ്ങളും നഷ്ടപ്പെട്ടത്!.

സത്യം ചെയ്തും ആത്മാർത്ഥതയോടെയും നിങ്ങൾ വിളിച്ചു പറയൂ..
ഭീരുക്കളേ ഓടിപ്പോകൂ..
കുറെ കാലമായി ഞങ്ങൾ അക്രമം സഹിക്കുന്നു,
സത്യത്തെ മുറുകെപ്പിടികാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
* * *

ഉണ്മയുടെ ആത്മാവായ നീതി നില നില്ക്കും,
ജീവന്റെ രഹസ്യവും അന്തസ്സിന്റെ കിരീടവുമാകുന്നു നീതി.

നീതിക്കു വേണ്ടി പോരാടുന്ന എല്ലാ
മാന്യന്മാർക്കും അഭിവാദ്യങ്ങൾ!.
സമത്വത്തിനു വേണ്ടിയാണല്ലോ
ദൈവം നമ്മെ പ്രേരിപ്പിച്ചത്,
പുരാതനമായ എല്ലാ തത്വ സംഹിതകളും
അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു.

അഭിമാന സത്വരത്തിലേക്കുള്ള നിർഭയമായ പ്രയാണത്തിൽ
മരിച്ചു വീണ മുഴുവൻ രക്ത സാക്ഷികൾക്കും
അഭിവാദ്യങ്ങൾ!.

---------------------

കഴുമരത്തിൽ നിന്നും ഒരു കവിത.

ഹാശിം രിഫാഇ (ഈജിപ്ത്)
-----------------------------

താത…;
കയറുമാരാച്ചാരുമൊന്നിച്ചു വന്നെന്റെ
ഉയിരും കവർന്നു പോകാനിരിക്കേ;

കുത്തിക്കുറിക്കുന്നതെന്തെന്റെ കൈവിരൽ
ഓർത്തിട്ടൊരെത്തും പിടിയുമില്ല.

എങ്കിലുമിക്കൻമതിലിൽ തണുപ്പിലും
നിർഗ്ഗളിക്കുന്നുവെൻ കദന ഭാരം.

ഒരു രാവു കൊണ്ടങ്ങു തീരുമെൻ ജീവിത-
മേറെയാണിവനീയൊരൊറ്റ രാത്രി.

എല്ലാം മുറയ്ക്കു നടക്കുമെന്നുള്ളതി-
നില്ലയെനിക്കിന്നു ശങ്ക തീരെ

നാളെയെൻ ജഢമേറ്റു വാങ്ങുന്നയാദ്യത്തെ-
യാളെന്റെ താതനെന്നാശിപ്പു ഞാൻ.

കൊലയാളിയാം രാവു ചുറ്റിലും ഭീതിയാ-
ലലയവേയുണ്മയിലോർമ്മ മേവൂ.

ക്രൂരമാം നോവിലുമാശ്വാസമേകുന്നു
ഖുർആന്റെ വാക്യങ്ങളിന്നെനിക്ക്.

കണ്ണാടി പോലുള്ളയെൻ മേനിയിൽ കേറി
യുണ്മയെത്തട്ടിയുണർത്തി ഭക്തി.

ഈയന്ത്യ നിമിഷത്തിലാണെന്റെ വിശ്വാസ-
മായതെനിക്കൊരാശ്വാസ മന്ത്രം.

നന്ദി!, യെനിക്കു വിശപ്പില്ലെടുത്തു കൊൾ-
കിന്നു തന്നോരീയൊടുക്കത്തെ ഭക്ഷണം.

കൈപ്പേറുമീയന്നമെന്റെ മാതാവിന്റെ
കൈകളാൽ പാചകം ചെയ്തതല്ല.

കണ്ടില്ല ഞാനുമെൻ മൂത്ത ജേഷ്ടന്മാരു-
മുണ്ടാക്കി വെക്കുന്ന വേലയൊന്നും.

എന്തൊരൌദാര്യം!, ഒലിക്കുന്നുയിവരുടെ-
യേന്തിയ കൈകളിലെന്റെ രക്തം.!

വാഡന്റെയംഗുലികളാലിളകിയാടുന്ന
തുടലിന്റെയൊലികളിലുടയുന്നു മൌനവും.

നോക്കുന്നിടക്കിടെ ദാക്ഷിണ്യമില്ലാതെ-
യക്കണ്ണുകൾ പേ പിടിച്ച പോലെ.

വാതിലിൻ പഴുതിലും തിരയുന്നുയിരകളെ-
പ്പതിയെ മടങ്ങുന്നു പിന്നീടയാൾ.

എന്തിന്നു ഞാൻ വെറുക്കുന്നയാളെ,യെന്റെ-
യന്തരാത്മാവിലും പകയില്ലൊരിക്കലും.

നല്ലവനാണയാൾ താതനെപ്പോ,ലുള്ളി-
ലില്ലയാൾക്കരിശവും വൈരാഗ്യവും.

എന്റെ നേർക്കുള്ളൊരു നോട്ടം പിഴച്ചാല-
വന്റെ കുടുംബമനാഥമായ് തീർന്നിടും.

ഉന്നതനാമയാൾ കവിയായിരുന്നെങ്കി-
ലെന്നെക്കുറിച്ചൊരു കാവ്യം രചിച്ചിടും.

അല്ലെങ്കിലൊരുദിനം മക്കളെക്കാണുവാൻ
ചെല്ലുമ്പൊഴെന്നെക്കുറിച്ചോർത്തു കേണിടും.

അഴികൾ പോൽ പരുപരുത്തൊരു ജീവിതത്തിന്റെ
യിഴയാകുമൊരു ജനൽ ചുവരിൽ കിടക്കുന്നു

നോക്കിയിരുന്നു ഞാൻ ചിന്താനിമഗ്നനാ-
യക്കിളിവാതിൽക്കൂടിക്കലാപങ്ങൾ .....

കണ്ടു ഞാനുള്ളു തിളയ്ക്കുന്ന ഹൃത്തുമായ്
മിണ്ടാതെ നീങ്ങുന്നു കോട പോൽ മാനുഷർ

എല്ലാർക്കുമൊറ്റ വികാരമൊളിച്ചുവ-
ച്ചില്ലായിരുന്നെങ്കിലഭയമോ മൃത്യുവും!.

എന്തിനബദ്ധമാം വിപ്ലവത്തിൻ കൊടി-
യേന്തിയതെന്നെന്റെയുൾത്തടം കേട്ടുവോ?;

അപമാനവും പേറിയടിമയായ് കഴിയുന്ന-
തില്പരം യുക്തിയെന്തുണ്ടെന്നുമോർത്തുവോ?

ഇണ്ടലുകളേതുമുണ്ടാകില്ലെനിക്കിന്നു
മിണ്ടാതിരിക്കുകിലെന്നും നിനച്ചുവോ?.

നെറ്റിത്തടത്തിലന്നാളുമെന്നഗ്നിയെ-
യാറ്റിക്കെടുത്തിയെൻ സിരയിലെച്ചുടു നിണം.

ആർത്തിരമ്പുന്നൊരെൻ ഹൃദയ നിശ്വാസങ്ങ-
ളൊരു ദിനം കൊണ്ടങ്ങു നിന്നു പോകാം.

ശേഷിക്കുമപ്പോഴുമക്രമം കണ്ണികൾ
ശോഷിച്ചിടാ,തെന്റെ ബലിയും ഫലപ്പെടാ.

(തീർന്നിട്ടില്ല.)
---------------------------------

സമവായത്തിനു വഴങ്ങരുത്
അമൽ ദൻഖൽ (ഈജിപ്ത്‌)

മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത്

ഞാൻ നിന്റെ രണ്ടു കണ്ണുകൾ ചൂഴ്ന്നെടുത്ത്
അതിന്റെ സ്ഥാനത്ത് രണ്ടു രത്നങ്ങൾ വച്ചു തന്നാൽ
നിനക്ക് കാണാൻ കഴിയുമോ?

പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതാണോ അതൊക്കെ?

നീയും നിന്റെ സഹോദരനും,
നിങ്ങളുടെ ബാല്യകാല സ്മരണകളും…

പൗരുഷത്തിലേക്കുള്ള നിന്റെ
ധൃത വികാരങ്ങൾ,
അവനെ ആലിംഗനം ചെയ്യുമ്പോഴുള്ള
അടിച്ചമർത്തപ്പെട്ട സ്നേഹത്തിന്റെ നാണം,
മാതാവ് വഴക്കു പറയുമ്പോൾ
പുഞ്ചിരിച്ചു കൊണ്ടുള്ള മൌനം...

നിങ്ങളിപ്പോഴും ബാലന്മാരെപ്പോലെയിരിക്കുന്നു.

നിങ്ങൾക്കിടയിലെ ആ അനശ്വര ശാന്തത പറയുന്നു:
ആ രണ്ടു വാളുകളും നിന്റേതു തന്നെ,
ആ രണ്ടു ശബ്ദങ്ങളും നിന്റേതു മാത്രം.

നീ മരണപ്പെട്ടാലും
വീട്ടിനൊരു നാഥനും
കുട്ടിക്കൊരു പിതാവും ഉണ്ടായിരിക്കും.

എന്റെ രക്തം നിന്റെ കണ്ണീരായി മാറുന്നില്ലേ?

ചോര പുരണ്ട എന്റെ വസ്ത്രം നീ എടുക്കാൻ മറന്നോ?
അലങ്കരിച്ച ഒരു വസ്ത്രമെടുത്ത്
ചോരയിൽ കുളിച്ച എന്റെ ശരീരത്തിൽ മൂടുക.
ഇതാകുന്നു യുദ്ധം.
ചിലപ്പോൽ നിന്റെ മനസ്സിനെ അതു മഥിച്ചേക്കാം..
എന്നാലും അറബികളുടെ അപമാനം
പിന്നിലുണ്ടാകുമെന്ന് നീ മറക്കരുത്.

അതു കൊണ്ട് സമവായത്തിൽ ഏർപ്പെടരുത്
ഓടിയൊളിക്കുകയും ചെയ്യരുത്

(2)
നീ ഒരിക്കലും വഴങ്ങരുത്;
ചോരയ്ക്കു സമവായം ചോര മാത്രം.
തലയ്ക്കു തല എന്നു സമ്മതിച്ചാലും വിട്ടു കൊടുക്കരുത്
എല്ലാ തലയും ഒരു പോലെയാണോ?.

അന്യന്റെ ഹൃദയവും
നിന്റെ സഹോദരന്റെ ഹൃദയവും ഒന്നാണോ?
അവന്റെ കണ്ണുകൾ നിന്റെ സഹോദരന്റെ കണ്ണുകളാണോ?

നിന്റെ വാളു കൈവശം വെച്ചവനും
നിന്റെ വാൾ അപഹരിച്ചവനും തുല്യരാണോ?

അവർ പറയും:
ഞങ്ങൾ വന്നത് രക്തം സംരക്ഷിക്കാനാണെന്ന്,
അവർ വന്നു വിളിക്കും
ഓ, മഹാ രാജാവേ എന്ന്,

അവർ സമർത്ഥിക്കും:
‘ഞങ്ങൾ സഹോദര പുത്രരല്ലോ!’
അവരോടു പറഞ്ഞേക്കൂ
‘കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ നിങ്ങൾ
ആ കുടുംബ ബന്ധങ്ങളൊന്നും പാലിച്ചിട്ടില്ലല്ലോ!’ എന്ന്

അതിനാൽ
മരുഭൂമിയുടെ നെറ്റിത്തടത്തിൽ
നിന്റെ വാൾ ആഴ്ന്നിറങ്ങട്ടെ;
അപ്പോൾ ഒരശരീരി ഇങ്ങനെ പറയും
‘ഞാൻ നിന്റെ നിന്റെ അശ്വ ഭടനായിരുന്നു,
നിന്റെ സഹോദരൻ,
നിന്റെ പിതാവ്,
നിന്റെ രാജാവും‘.

(3)

മനസ്സാക്ഷിയുടെ നിലവിളി
നിന്റെ ഉറക്കം കെടുത്തിയാലും
നീ സമവായത്തിനു വഴങ്ങരുത്.

കറുത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും
പുഞ്ചിരികൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും
നിന്റെ മനസ്സിനെ അലിയിക്കുന്നുണ്ടെങ്കിൽ നീ അറിയണം,
നിന്റെ സഹോദര പുത്രി ‘യമാമ’
വിലാപ വസ്ത്രം എടുത്തു ചുറ്റിയ പുഷ്പമാകുന്നു എന്ന്.

ഞാൻ തിരിച്ചു വരുമ്പോൾ
അവൾ കൊട്ടാരത്തിന്റെ ചവിട്ടു പടികളിലൂടെ
ഇറങ്ങി ഓടി വരാറുണ്ടായിരുന്നു.

ഞാനിറങ്ങുമ്പോൾ അവളെന്റെ കാലിൽ പിടിക്കാറുണ്ടായിരുന്നു,
പാൽപുഞ്ചിരി തൂകുന്ന അവളെ
എടുത്ത് ഞാൻ കുതിരപ്പുറത്തിരിത്താറുണ്ടായിരുന്നു,

ഇന്നവൾ മൌന വ്രതത്തിലാണ്‌.

സ്വന്തം പിതാവിന്റെ ശബ്ദം കേൾക്കുക
പുതിയ വസ്ത്രങ്ങളണിയുക,
ഒരു സഹോദരനുണ്ടാവുക,
കല്യാണ നാളിൽ നിറഞ്ഞ പുഞ്ചിരിയോടെ
പിതാവ് സന്നിഹിതനാവുക,
ഭർത്താവുമായി പിണങ്ങുമ്പോൾ
തിരിച്ചു സ്വന്തം വീട്ടിലേക്കു തന്നെ വരിക,
പിതാവിനെ സന്ദർശിക്കാൻ വരുന്ന
പേരക്കിടാങ്ങളെ അണച്ചു കൂട്ടാൻ ധൃതി കാണിക്കുക,
അവർക്ക് സമ്മാനങ്ങൾ കൊടുക്കുക,
കുട്ടികൾ മുത്തച്ഛന്റെ താടി പിടിച്ചു കളിക്കുക,
അയാളുടെ തലപ്പാവ് അഴിച്ചെടുത്ത് കെട്ടിക്കൊടുക്കുക...
എന്നിവയിൽ നിന്നെല്ലാം
ഒറ്റുകാരന്റെ കൈ അവളെ തടഞ്ഞു വെച്ചിരിക്കുന്നു.

അതു കൊണ്ടെല്ലാം നീ
സമവായത്തിനു വഴങ്ങരുത്,

പുല്ക്കൂടുകൾ കത്തിക്കരിഞ്ഞ്,
ചാരത്തിനു മുകളിൽ ചമ്രം പടിഞ്ഞിരിക്കാൻ
എന്താണ്‌ ‘യമാമ’ എന്ന പെൺകൊച്ച് ചെയ്ത തെറ്റ്?

4
അധികാരത്തിന്റെ കിരീടം
നിന്റെ തലയിൽ വെച്ചു തന്നാലും
നീ സമവായത്തിനു കൂട്ടു നില്ക്കരുത്,
നിന്റെ സഹോദരന്റെ ജഢത്തിനു മുകളിൽ ചവിട്ടി
നിനക്കെങ്ങനെ മുന്നോട്ടു പോകാൻ കഴിയും?
കപടമായ മുഖങ്ങൾക്കു മുമ്പിൽ
നീ എങ്ങനെ രാജാവായി വാഴും?

നിനക്കു ഹസ്തദാനം തരുന്ന കൈകളെ നീ നോക്കുന്നില്ലേ?
അതിൽ നീ രക്തം കാണുന്നില്ലേ?

എന്റെ പിൻഭാഗത്തു കൂടെ വന്ന അമ്പ്
ആയിരം ഭാഗങ്ങളിലൂടെ നിന്നെ സമീപിക്കും
അതിനാൽ രക്തം ഇപ്പോൾ
അന്തസിന്റെ ചിഹ്നമായി മാറിയിരിക്കുന്നു.

അധികാരത്തിന്റെ തൊപ്പി അണിയിച്ചാലും
നീ വഴങ്ങരുത്.

വാളിന്റെ വായ്ത്തലകളെ
പ്രതാപം കൊണ്ട് മിനുക്കിയിട്ടില്ലെങ്കിൽ
നിന്റെ സിംഹാസനം ഖഡ്ഗമാകുന്നു,
നിന്റെ ഖഡ്ഗമോ കപടവും.

5

ഏറ്റുമുട്ടുന്നതിനിടയിൽ അടിപതടുന്നവൻ
‘വാളുകളെ പ്രതിരോധിക്കാൻ ഞങ്ങൾക്കു കഴിയുന്നില്ലെന്ന്’
നിലവിളിച്ചാലും
നീ സമവായത്തിനു വഴങ്ങരുത്.

നിന്റെ ഹൃദയത്തിൽ സത്യം വന്നു നിറഞ്ഞാൽ
നിശ്വാസങ്ങളിൽ തീ പടരും
രാജ്യദ്രോഹത്തിന്റെ നാവുകൾ ഊമയാകും.

സമാധാനത്തെക്കുറിച്ച്
വാതോരാതെ പറഞ്ഞാലും
നീ സമവായത്തിനു വഴങ്ങരുത്.

വായു മലിനമായാൽ
നിന്റെ ഹൃദയ ധമനികൾ തുടിക്കുന്നതെങ്ങനെയാണ്‌?

ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ
എങ്ങനെയാണ്‌ നിനക്കവളുടെ മുഖത്തേക്കു നോക്കാൻ കഴിയുക?

നിനക്കെങ്ങനെ അനുരാഗത്തിൽ
അവളുടെ അശ്വാരൂഢനാവാൻ സാധിക്കും?

ഉറങ്ങുന്ന കിടാവെങ്ങിനെ
നല്ല പുലരിയെ പ്രതീക്ഷിക്കും?

ആ കുഞ്ഞ് നിന്റെ മുമ്പിൽ
തകർന്ന ഹൃദയവുമായി വളരുമ്പോൾ
നിങ്ങക്കെങ്ങിനെ
അവന്റെ ഭാവിക്കു വേണ്ടി സ്വപ്നം കാണാനും
പാട്ടു പാടാനും കഴിയും?

അതു കൊണ്ട് സമവായം വേണ്ടേ വേണ്ട.

നിന്റെ കൊലയാളികളുടെ കൂടെ നീ ഭക്ഷണം കഴിക്കരുത്,
രക്തം കൊണ്ട് നിന്റെ ഹൃദയത്തിന്റെ ദാഹം തീർക്കുക,
വിശുദ്ധമായ മണ്ണിന്റെ ദാഹം തീർക്കുക,
ഉയർത്തെഴുന്നേല്പ്പിന്റെ നാളു വരേ
ഉറങ്ങിക്കിടക്കുന്ന നിന്റെ പൂർവ്വികരുടെ
ദാഹവും തീർത്തു കൊടുക്കുക.

6

സമവായത്തിനു വഴങ്ങരുത്,
ഗോത്രങ്ങൾ തന്ത്രങ്ങൾ മെനയാനും
നിന്നെ സമീപിക്കുന്നവർക്കു മുമ്പിൽ സന്നദ്ധത പ്രകടിപ്പിക്കാനും
‘പരിപാവനമായ ദു:ഖ’ത്തിന്റെ പേരിൽ
നിന്നോടു കെഞ്ചിയാലും
വഴങ്ങരുത്.

അവർ പറയും:
‘താങ്കൾ സുദീർഘമായ ഒരു പ്രതികാരം തേടുന്നു,
അതിനാൽ താങ്കൾക്കു കഴിയുന്നത് സ്വീകരിച്ചാലും
അതായത് – ഇക്കഴിഞ്ഞ വർഷങ്ങൾക്കായി
നാമ മാത്രമായ അവകാശം’.

ഓർക്കുക, ഇതു നിന്റെ മാത്രം പ്രതികാരമല്ല;
ഇത് നാളെ വരാൻ പോകുന്ന തലമുറയുടെയും കൂടി
പ്രതികാരമാകുന്നു.

മുഴുനീളൻ പടയങ്കിയണിഞ്ഞ ഒരുത്തൻ
നാളെ പിറന്നേക്കാം
അവൻ മൊത്തവും തീ കൊളുത്തി
പ്രതികാരം വീട്ടിയേക്കാം
അപ്പോൾ അസാധ്യമാണെന്നു കരുതിയ
വാരിയെല്ലുകൾക്കിടയിൽ നിന്നും
സത്യം ജന്മം കൊണ്ടേക്കാം...

വഴങ്ങരുത്,
അതൊരുപായമാണെന്നവർ പറഞ്ഞാലും.
അത് പകരം വീട്ടലാകുന്നു.
ഋതു ഭേതങ്ങൾ മാറി വരുമ്പോൾ
വാരിയെല്ലുകൾക്കിടയിൽ നിന്നും
അതിന്റെ അടയാളങ്ങൾ മാഞ്ഞു പോകും.
എന്നാൽ അപ്പോഴും
നിന്ദ്യതയുടെ കപോലങ്ങളിൽ
അഞ്ചു വിരലും പതിഞ്ഞ കൈയ്യടയാളം
എന്നെത്തേക്കുമായി അവശേഷിക്കും.

7.

നക്ഷത്രങ്ങൾ നിന്നെ ഭീഷണിപ്പെടുത്തിയാലും
ജ്യോത്സ്യന്മാർ പ്രവചനങ്ങൾ പുറപ്പെടുവിച്ചാലും
നീ വിഴങ്ങരുത്.
സത്യാസത്യ വിവേചനങ്ങൾക്കിടെയാണ് ഞാൻ മരിച്ചതെങ്കിൽ
ഞാൻ പൊറുത്തു കൊടുക്കുമായിരുന്നു.

ഞാൻ അവരോട് യുദ്ധം ചെയ്യാൻ പോയിരുന്നില്ല,
അവരുടെ പാളയത്തിലേക്ക് നുഴഞ്ഞു കയറിയിരുന്നില്ല,
അവരുടെ അതിരുകൾക്കരികെ ചുറ്റി നടന്നിരുന്നില്ല,
അവരുടെ മുന്തിരിപ്പടർപ്പിലേക്ക് കൈ നീട്ടിയിരുന്നില്ല,
അവരുടെ തോട്ടത്തിൽ കാലു കുത്തുക പോലും ചെയ്തിട്ടില്ല.

എന്റെ കൊലയാളി എന്നോട് ‘ശ്രദ്ധിക്കൂ’
എന്നൊരു വാക്കു പോലും പറഞ്ഞിരുന്നില്ല.
അവൻ എന്റെ കൂടെ നടന്നു,
എനിക്കു ഹസ്ത ദാനം തന്നു,
പിന്നെ കുറച്ചു ദൂരം നടന്നു,
ശേഷം കുറ്റിക്കാട്ടിൽ മറഞ്ഞു....
പിന്നീടെല്ലാം പെട്ടെന്നായിരുന്നു,
ഒരു തരിപ്പ് എന്റെ ഉദരത്തിലൂടെ തുളച്ചു കയറുകയും
ഒരു കുമിള പോലെ എന്റെ ഹൃദയം തകരുകയും ചെയ്തു.
ഞാൻ രണ്ടു കൈയിൽ താങ്ങിപ്പിടിച്ചെഴുന്നേറ്റ്
തലയുയർത്തി നോക്കിയപ്പോൾ -
ശപിക്കപ്പെട്ട മുഖവുമായി
അതാ നിൽക്കുന്നു എന്റെ പിതൃ സഹോദര പുത്രൻ!.

എന്റെ കയ്യിൽ കുന്തമോ
പഴയ പടക്കോപ്പോ ഉണ്ടായിരുന്നില്ല.
കുടിനീരിനു വേണ്ടി ദാഹിക്കുന്ന
ക്രോധം മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ..

8.

സമവായത്തിനു വഴങ്ങരുത്,
പ്രപഞ്ചം അതിന്റെ ഭ്രമണപഥത്തിലേക്കു മടങ്ങും വരേ
താരകങ്ങൾ വന്ന വഴിയേ പോകും വരേ,
പറവകൾക്ക് തങ്ങളുടെ ശബ്ദം തിരിച്ചു കിട്ടും വരേ,
ധാന്യങ്ങൾക്കു മണ്ണ് ലഭിക്കും വരേ,
തുറിച്ചു നോക്കുന്ന കുഞ്ഞിന്
കൊലചെയ്യപ്പെട്ടവനെ മടക്കിക്കൊടുക്കും വരേ,
നീ സമവായത്തിനു വഴങ്ങരുത്.
എല്ലാം ഒരു നിമിഷം കൊണ്ടാണു തകർന്നു തരിപ്പണമായത്
ബാല്യം – കുടുംബത്തിന്റെ സന്തോഷം – കുതിരയുടെ കുളമ്പടികൾ –
ആതിഥ്യം – പൂന്തോട്ടത്തിൽ ഒരു പൂവു വിരിയുമ്പോഴുള്ള മർമ്മരം –
മഴപെയ്യിക്കുന്ന പ്രാർത്ഥന -
കഠിനമായ പോരാട്ടത്തിൽ പ്രകമ്പനം കൊള്ളുമ്പോഴും
മൃത്യുവിന്റെ കഴുകനു മുമ്പിൽ ഒഴിഞ്ഞു മാറുന്ന ഹൃദയം....
നിന്ദ്യമായൊരു വീഴ്ചയിൽ എല്ലാം തകർന്നു തരിപ്പണമായി.

സ്വന്തം തീരുമാനത്താൽ എന്നെ വധിക്കാൻ
എന്റെ ഘാതകൻ എന്റെ ദൈവമൊന്നുമല്ല.
സ്വന്തം കത്തിയൂരി കൊല്ലാൻ
അവൻ എന്നെക്കാൾ കുലീനനുമല്ല.
കപടമായ തന്ത്രങ്ങളാൽ എന്നെ വക വരുത്താൻ
അവൻ എന്നെക്കാൾ സമർത്ഥനുമല്ല.

വഴങ്ങിക്കൊടുക്കരുത്,
സമവായം എന്നാൽ
തുല്യശക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടിയാകുന്നു.
കുലീന മാനസർ അതു ലംഘിക്കാറുമില്ല.

എന്നെ വധിച്ചവൻ വെറും ഒരു തസ്കരനാകുന്നു,
എന്റെ കണ്മുമ്പിൽ വെച്ച് എന്റെ നിലം അവൻ കട്ടെടുത്തു,
അപഹാസ്യമായ ഒരു ചിരി മൌനത്തെ തകർത്തു കളഞ്ഞു.

9.

സമവായത്തിനു വഴങ്ങരുത്,
എല്ലാ നേതാക്കന്മാരുടേയും
തെമ്മാടികളായ ചെറുപ്പക്കാരുടെയും വാളുകൾ
നിനക്കെതിരിൽ നിലയുറപ്പിച്ചാലും നീ വഴങ്ങരുത്;
അവർ നനഞ്ഞ റൊട്ടിയും
വലം വെക്കുന്ന ഭൃത്യന്മാരെയും
ഇഷ്ടപ്പെടുന്നവരാണ്.
അവർ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്നവരാണ്.
അവരുടെ അറേബ്യൻ ഖഡ്ഗങ്ങൾ
എല്ലാ ‘ക്ഷത്രിയ മര്യാദകളും‘ മറന്നു പോയിരിക്കുന്നു.
അവരുമായി സമവായം വേണ്ട.

ഇനിയെല്ലാം നിന്റെ തീരുമാനം.
നീ യുഗത്തിന്റെ ഒരേയൊരശ്വ ഭടൻ!
മറ്റുള്ളവരെല്ലാം കപടന്മാരും.

10.
സമവായത്തിനു വഴങ്ങരുത്...
സമവായത്തിനു വഴങ്ങരുത്...
 
എന്റെ രക്തത്തേക്കാൾ 

വിലപിടിച്ചതാണോ ഈ പെട്രോൾ?
 

ഫാറൂഖ് ജുവൈദ (ഈജിപ്ത്)
 

(ഇറാഖിലെ കുട്ടികൾക്കായി സമർപ്പിക്കുന്നു)

ചിത്തഭ്രമം നമ്മെ ഭരിക്കുന്ന കാലത്തോളം
വേട്ട നായ്ക്കൾ
വയറിനുള്ളിലെ ഭ്രൂണങ്ങൾക്കു വേണ്ടി കടിപിടി കൂടുന്നതും
വയലുകളിൽ കുഴിബോംബു വിതയ്ക്കുന്നതും
പുലരി വെട്ടം കണ്ണുകളിൽ അഗ്നിയായി പടരുന്നതും
പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം
കുഞ്ഞുങ്ങളെ പരസ്യമായി
കഴുമരത്തിൽ ക്രൂശിക്കുന്നതും
നമുക്ക് കാണാം.

ചിത്തഭ്രമം നമ്മെ ഭരിക്കുമ്പോഴെല്ലാം
വൃക്ഷ ശിഖരങ്ങളിൽ
ഒരു വെളുത്ത പൂവും വിരിയില്ല,
സ്നേഹാർദ്രമായ മാറിൽ
പറ്റിപ്പിടിച്ചുറങ്ങുന്ന
ഒരു കുഞ്ഞിന്റെയും കണ്ണിൽ
സന്തോഷം വിടരില്ല,
ഒരു മതവും, ഒരു വിശ്വാസവും
ഒരു സത്യവും ഒരഭിമാനവും
സംരക്ഷിക്കപ്പെടില്ല,
ജനങ്ങളുടെ കഴിവുകളെല്ലാം അവമതിക്കപ്പെടും
എല്ലാം നിന്ദിക്കപ്പെടുകയും ചെയ്യും.
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ ചോദിക്കുകയാണ്‌:
‘എന്തു കുറ്റത്തിനാണ്‌ ഞങ്ങൾ കൊല്ലപ്പെടുന്നത്?’ എന്ന്.

വിശപ്പിന്റെ ചീളുകളിലൂടെ
അവർ ആടിയാടി നടക്കുന്നു,
മൃത്യുവിന്റെ അപ്പം വീതിച്ചെടുക്കുന്നു,
പിന്നെ എന്നെന്നേക്കുമായി യാത്രയാവുന്നു,

നമ്മുടെ നാട്ടിന്റെ മഞ്ഞു പാളികളിൽ
റെഡ് ഇന്ത്യക്കാരുടെ പ്രേതങ്ങൾ
പ്രത്യക്ഷപ്പെടുന്നു,
നമ്മിലെ കൊതിയന്മാർ ആർത്തട്ടഹസിക്കുന്നു,
എല്ലാ ഭാഗത്തു നിന്നും അവർ പ്രത്യക്ഷപ്പെടുന്നു,
എല്ലാ വർഗ്ഗത്തിൽ നിന്നും ഇഴഞ്ഞിഴഞ്ഞു വരുന്നു,

നമ്മുടെ നിരത്തുകൾക്കെല്ലാം ഇപ്പോൾ
രക്ത വർണ്ണമാണ്‌,
നമ്മുടെ വിദൂഷകന്മാർ മനസ്സാക്ഷിക്കുത്തിന്റെ
സോമരസത്തിൽ മുങ്ങിക്കിടക്കുകയാണ്‌,

ജന ഹൃദയങ്ങൾക്ക് പിശാചുകളുടെ രൂപം!,
അവരുടെ സ്വപ്നങ്ങൾ
അപമാനത്തിന്റെയും അസ്പഷ്ടതയുടെയുമിടയിൽ
അപ്രാപ്യമായ മരീചിക!,

ഈ വേട്ട നായ്ക്കൾ
നമ്മുടെ തലയ്ക്കു മുകളിൽ വന്ന് ഓരിയിടുന്നു,
നമ്മൾ സർവ്വ നാശത്തിലേക്ക് കൂപ്പു കുത്തുന്നു,
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ
തെരുവുകളിൽ നിന്നട്ടഹസിക്കുന്നു,
താത്താരികളുടെ സൈന്യം
നഗര കവാടങ്ങളിൽ
മഹാ മാരി കണക്കെ വന്നു മുട്ടുന്നു,
പ്ലേഗ് പടർന്നു പിടിക്കുന്നു,
‘ഹോളോക്കോ’യുടെ പൗത്രന്മാർ
കുഞ്ഞുങ്ങളുടെ മൃതശരീരത്തിനു മുകളിൽ നിന്ന് ഗർജ്ജിക്കുന്നു,
റെഡ് ഇന്ത്യൻസിന്റെ ജഢങ്ങൾ
സിനഗോഗുകളുടെ സ്തൂപങ്ങളിൽ
തൂങ്ങിക്കിടക്കുന്നു,
നിലം തിളച്ചു മറിയുന്നു,
ജനങ്ങളുടെ രോദനം
നിശബ്ദതയെ ഭജ്ഞിക്കുന്നു,
കഴുകന്മാരുടെ ചിറകുകളിൽ
ചോരപ്പുഴയൊഴുകുന്നു,
കറുത്ത നഖങ്ങൾ കണ്ണുകളിൽ തുളച്ചു കയറുന്നു,

യൂപ്രട്ടീസ് നദി
നൂറ്റാണ്ടുകൾക്കപ്പുറത്തെ
ആ നീണ്ട ഭൂത കാലത്തെക്കുറിച്ച് ഓർക്കുന്നു:
‘പരശ്ശതം ഭടന്മാർ ഇതു വഴി വന്ന്
മുറിച്ചു കടന്ന് പോയിരുന്നു,
എവിടേക്കാണവരൊക്കെ പോയതെന്ന് ആർക്കുമറിയില്ല.

ഇതു നമ്മുടെ നഗരം!.
എത്ര അക്രമികൾ വന്നു?
എല്ലാവരും പോയ്മറഞ്ഞപ്പോഴും
നമ്മൾ ഇവിടെ ഉറച്ചു തന്നെ നിന്നു.

‘ഹോളോക്കൊസ്’ മൃത്യു വരിക്കും,
ഇറാഖിന്റെ കുഞ്ഞുങ്ങൾ മടങ്ങി വന്ന്
ടൈഗ്രീസിന്റെ മുമ്പിൽ വച്ച് നൃത്തം ചെയ്യും,

ഇറാഖിന്റെ തോട്ടങ്ങളിലും
പുഴകളിലും ഈത്തപ്പനയിലും
ഓരോ ചാൺ മൺതരിയിലും
ഞങ്ങൾക്കു കഴുമരമൊരുക്കാൻ
ഞങ്ങൾ റെഡ് ഇന്ത്യക്കാരല്ലെന്നറിയണം.
വേണമെന്നുണ്ടെങ്കിൽ ഞങ്ങളവയെയെല്ലാം
വേടിയുണ്ടകളാക്കി മാറ്റും
എന്നിട്ട് ഭൂമിക്കു മുകളിൽ കൊടികുത്തി വാഴുന്ന
അധാർമ്മികതക്കെതിരെ
കരയിലും കടലിലും
ബങ്കറുകളുടെ നിശബ്ദതയിലും വെച്ച് പൊരുതും.

വെറുക്കുന്ന മൃത്യുവിനെ
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ആളിപ്പടർത്താൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ..
അങ്ങിനെ ഈ സമൂഹത്തെ എല്ലാ കാലത്തെയും
മികച്ച സമൂഹമാക്കി ഞങ്ങൾ മാറ്റും.

 ബാഗ്ദാദിന്റെ ദു:ഖിതരായ കുട്ടികൾ
ഇപ്പോൾ രോഷത്തിന്റെ കൊടിപ്പടമുയർത്തുന്നു,
കൊടും ക്രൂരന്മാരുടെ കൈകളാൽ
ഞങ്ങൾക്ക് ഞങ്ങളുടെ ബാഗ്ദാദ് നഷ്ടപ്പെടുന്നു,
 പിടിച്ചു പറി നടക്കുമ്പോഴും
അറേബ്യൻ ദേശീയതയെവിടെ?
ശുഭ്ര ഖഢ്ഗങ്ങളെവിടെ?
നാശം വിതയ്ക്കുന്ന കുതിരകളെവിടെ?
പൈതൃകങ്ങളെവിടെ?
കുലമഹിമയെവിടെ?
ജനങ്ങളെവിടെ?
അറബികളുടെ വിദൂഷകരെവിടെ?

പീഡനങ്ങളുടെ ദേവാലയത്തിൽ
എല്ലാവരും മുബാഹല നടത്തുന്നു
എന്നിട്ടും അൽഭുതങ്ങളൊന്നും കാണുന്നില്ല
ചിലർ അപലപിക്കുന്നു,
ചിലർ നിന്ദ്യരായി ഓടിപ്പോകുന്നു,
മുഴുവൻ ഉദാര മനസ്കരുടെ മുമ്പിലും
വസ്ത്രങ്ങളെല്ലാം അഴിച്ചു കൊടുക്കുന്നവരും അവർക്കിടയിലുണ്ട്,

പിശാചിന്റെ പൂമുഖത്ത് ചെന്ന് ഞങ്ങൾ
ഡോളറിന്റെ വേദ വാക്യം ഉരുവിടുന്നു
യുദ്ധ മുതലും സ്വർണ്ണവും തേടി
ആളുകൾ കൂട്ടം കൂട്ടമായി ഓടുന്നു,
ചിലർ അപ്പോൾ ചോദിക്കുന്നു:
എവിടെ  അറബികൾ എന്നു വിളിക്കപ്പെടുന്ന സമൂഹം?
ഒരിക്കൽ അവർ മധ്യ ധരണിയാഴി മുതൽ
പേർഷ്യൻ കടലിടുക്കു വരേ
പരന്നു കിടക്കുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്നു.
അവരുടെ ഒരടയാളങ്ങളും ഇന്നു ശേഷിച്ചിരിക്കുന്നില്ല.

എല്ലാ ദുരന്തങ്ങൾക്കും ഒരു കാരണമുണ്ടാകും
 അറബികൾ അവരുടെ അശ്വങ്ങളെ വിറ്റു തുലച്ചു,
സംഭാഷണങ്ങളുടെ ചന്തയിൽ
അശ്വഭടന്മാർക്കും വില പറഞ്ഞു:
ചരിത്രം മരിച്ചു മണ്ണടിയട്ടെ
സംഭാഷണങ്ങൾ ജീവിക്കട്ടെ.

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ വിളിച്ചു പറയുന്നു:
മരണം ഞങ്ങളുടെയടുത്തേക്ക്
മൺകട്ടകളുടെ രൂപത്തിൽ വരുന്നു
പാർക്കിലും സംഗീത സദസ്സിലും
ഭോജന ശാലകളിലും പൊടിമണ്ണിലും
കളിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും മരണം വന്ന് പിടികൂടുന്നത്

ചരിത്രത്തിന്റെ പഥചലനങ്ങളിലെ
എല്ലാ ചുവരുകളും തകർന്നു പോയിരിക്കുന്നു

നാഗരികതകളുടെ കാലത്തെയോർത്ത് നമുക്ക് ലജ്ജിക്കാം.

ആയിരം കാതങ്ങളകലെ നിന്നും
വഴിയറിയാതെ പറന്നു വന്നെത്തിനോക്കുന്ന
തെമ്മാടി മിസൈൽ ചോദിക്കുന്നു:
എവിടെ  സർവ്വ സംഹാരിയായ ആയുധങ്ങൾ?’
കന്യകയുടെ പുഞ്ചിരിയെ കശാപ്പു ചെയ്താൽ
നേരം വെളുക്കുമോ?
യുദ്ധവിമാനങ്ങൾക്ക് സൂര്യനെ മറച്ചു വെക്കാനൊക്കുമോ?
ഞങ്ങളുടെ രക്തത്തിലെ കിനാവുകൾ
അത്മാഹൂതി നടത്തിയിരിക്കുകയാണ്‌.

എന്തവകാശത്തിന്റെ പേരിലാണ്‌
നിങ്ങൾ ഞങ്ങളുടെ വീടുകൾ പൊളിച്ചു കളയുന്നത്?
ഏതു നിയമത്തിന്റെ പിൻബലത്തിലാണ്‌
ആയിരം മിനാരങ്ങളെ തരിപ്പണമാക്കുന്നത്?
അഗ്നി വർഷം നടത്തുന്നത്?

ബഗ്ദാദിലെ ഞങ്ങളുടെ ദിനരാത്രങ്ങൾ
വിശപ്പിൽ നിന്നു വിശപ്പിലേക്ക്
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക്
പതുക്കെ നടന്നു നീങ്ങുകയാണ്‌.

 വലിയ ഭവനത്തിലെ നേതാവേ,
നിന്റെ കപടമായ മുഖത്ത്
വാടകക്കെടുത്ത ആയിരം പൊയ്മുഖങ്ങൾ
ഞങ്ങൾ കാണുന്നു
ഞങ്ങൾ കഥയിലെ തുടക്കക്കാർ
പിന്നെ തിരശ്ശീല ഉയരും
 പോറാട്ടു നാടകം ഇവിടെ അവസാനിക്കില്ല.
ഒരു ജനത്തെ പട്ടിണിക്കിടുന്നത്
അഭിമാനത്തിന്റെയും ആഢ്യതയുടെയും ചിഹ്നമാണോ?
പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ആളുകളെ
കുരുതിചെയ്യുന്നത് മുതിർന്നവരുടെ കോമഡിയാണോ?
നിരപരാധികളെ കൊല്ലുന്നത്
കീർത്തിയുടെയും ജയിച്ചടക്കലിന്റെയും അടയാളമാണോ?
ജനങ്ങളുടെ അവകാശങ്ങൾ എന്നു പറയുന്നത്
പകൽ കൊള്ളയും, അപമാനവും, ധ്വംസനവുമാണോ?

നമുക്കു ചുറ്റും മരണം പതിയിരിക്കുന്നു
കുട്ടികളെ വീട്ടിൽ നിന്നും അത്
ആട്ടിയിറക്കുന്നു
എന്നിട്ടു ചോദിക്കുന്നു:
എവിടെ  സർവ്വ സംഹാരിയായ ആയുധങ്ങൾ എന്ന്
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ
വിദ്യാലയത്തിൽ നിന്നു കളിക്കുന്നു,
ഒരു പന്ത് ഇവിടെ, ഒരു പന്ത് അവിടെ,
ഒരു കുട്ടി ഇവിടെ, ഒരു കുട്ടി അവിടെ,
ഒരു പെന്ന് ഇവിടെ, ഒരു പെന്ന് അവിടെ,
ഒരു ബോംബ് ഇവിടെ.... മരണം... നാശം!..

ചീളുകൾക്കിടയിൽ നിന്നും കുഞ്ഞു പൂവുകൾ കരയുന്നു,
ഇന്നലെ മാടപ്പിറാവുകളെപ്പോലെ
പറന്നു കളിച്ച കിടാങ്ങൾ
ഇന്ന് കളിക്കളത്തിൽ മരിച്ചു വീഴുന്നു.
* * *

ഒരു കൊച്ചു കുട്ടി...
വെളുത്ത ഒരു പുസ്തകവും നെഞ്ചോട് ചേർത്തു പിടിച്ചു നടന്നു വരുന്നു,
ഒരത്തറിന്റെ കുപ്പി,
ചില കവിതകളെഴുതിയ കടലാസുകൾ,
നാണയത്തുട്ടുകൾ നിറച്ച ഒരു ചെറിയ പെട്ടി,
-എല്ലാം പെരുന്നാളിന്റെ സമ്മാനങ്ങളാണ്‌-
കണ്ണുകളിൽ പറ്റിപ്പിടിച്ച,
പിന്നെ ഉണങ്ങിപ്പോയ കണ്ണീരുകൾ
ഒരിക്കലും തിരിച്ചു വരാതെ
ദൂരേക്കു പോയ പിതാവിന്റെ ഒരു ചിത്രം എന്നിവ,
ആഴങ്ങളിലെ വെളിച്ചം പോലെ
അവനെ പിന്തുടർന്നു,
അവൻ മണ്ണിനെ ആലിംഗനം ചെയ്തു കിടന്ന്
തല ഉയർത്തി നോക്കി,
മൂക്കിലൂടെ നിർത്താതെ ഒലിക്കുന്ന രക്തം ഒരു നാരു പോലെ കാണപ്പെട്ടു.
ഉൺമയുടെ മുഴുവൻ അടയാളങ്ങളെയും മറച്ചു പിടിച്ച്
നേർത്ത സ്വരത്തിൽ അവർ അട്ടഹസിച്ചു: ‘വിട..’
കടുത്ത ദുഖത്താൽ അവൻ മുരണ്ടു:
ബാഗ്ദാദ്, ഞാൻ നിന്നെ സ്നേഹിക്കുന്നു,
എന്റെ വായിലുള്ളത് നിന്റെ മണ്ണിലെ കാരക്കയാണ്‌,
ആരാണു പറഞ്ഞത് എന്റെ രക്തത്തേക്കാൾ വിലയുള്ളതാണ്‌
 പെട്രോളെന്ന്?’

ബഗ്ദാദ്, നീ വേദനിക്കരുത്
 അന്ധകാരത്തിന്റെ യുഗത്തിൽ
അപവാദങ്ങൾ എത്ര ഉച്ചത്തിൽ
അട്ടഹസിച്ചാലും
നീ അറിയണം
ചക്രവാളത്തിൽ നിന്നു കുളമ്പടി കേൾക്കുന്നുണ്ട്,
പുലരി പൊട്ടി വിടരാനിരിക്കുന്നു,
നിന്റെ കണ്ണിൽ നിന്നും സ്വപ്നങ്ങളെ എത്ര മറച്ചു പിടിച്ചാലും
ആകാശത്തു വെച്ച് സ്വപ്നവ്യൂഹങ്ങൾ
എന്റെ നക്ഷത്രത്തെ പ്രാപിക്കുക തന്നെ ചെയ്യും,
അതു കൊണ്ട് നീ എഴുന്നേൽക്കൂ..
സ്വപ്നം കാണൂ..

എന്റെ എല്ലുകൾ ടൈഗ്രീസ് നദിയിൽ വിതറട്ടെ
എന്റെ ആത്മാവിന്റെ ഭ്രമണ പഥത്തിലൂടെ
പുലരികൾ വന്നെത്തുക തന്നെ ചെയ്യും.

അല്ലാഹുവാണു വലിയവൻ!!,

മരണത്തിന്റെ വിഭ്രാന്തിയേക്കാളും
ക്രൂരവും വൃത്തിക്കെട്ടതുമായ കാലത്തേക്കാളും
വലിയവൻ അവനാകുന്നു.

ബാഗ്ദാദ് നീ കീഴടങ്ങരുത്
ബാഗ്ദാദ് നീ കീഴടങ്ങരുത്

ആരാണു പറഞ്ഞത്
എന്റെ രക്തത്തേക്കാൽ വിലപിടിച്ചതാണ്‌
 പെട്രോളെന്ന്.