Sunday, October 18, 2009

മലാഖമാരുടെ ഒളിത്താവളം - സൂസൻ അലൈവാൻ.


മലാഖമാരുടെ ഒളിത്താവളം.
സൂസൻ അലൈവാൻ.
കൈറോ - 1995.
-------------------------------------------
കവാടം:
വൃത്തികെട്ട കാലത്തെ ഉപേക്ഷിച്ച്‌
ഓടിപ്പോയ മാലാഖമാർ
നിന്റെ കണ്ണുകളിൽ വന്ന്
ഒളിച്ചിരിക്കുന്നു.

മുറിവ്‌:
ഹോട്ടൽ മുറിയിൽ ചിതറിക്കിടന്നിരുന്ന
നിന്റെ സാധനങ്ങൾ പെറുക്കിക്കൂട്ടി
നീ നിന്റെ പെട്ടിയിൽ നിറക്കുകയായിരുന്നു;

അപ്പോൾ ഞാൻ നിന്നോട്‌ ചോദിച്ചു:
ഒരു ചെറിയ സാധനവും കൂടി
വെക്കാൻ അതിൽ സ്ഥലമുണ്ടാകുമോ?
പക്ഷേ,
അപ്പോഴും നീ നിന്റെ സാധനങ്ങളുടെ ബാഹുല്യത്തെക്കുറിച്ചും
പെട്ടിയുടെ വലിപ്പക്കുറവിനെക്കുറിച്ചും
വേവലാതിപ്പെടുകയായിരുന്നു.

വഴിയിൽ വീണ പൂവ്‌:
ബദാം മരങ്ങൾ തണൽ വിരിച്ച,
പെട്രോൾ സ്റ്റേഷന്റെയും
സ്കൂളിന്റെയും
അടുത്തു കൂടെ പോകുന്ന
ചെമ്മൺ നിരത്തിലൂടെ
ഒരു ദിവസം
ഞാൻ നടന്നു പോകുമ്പോൾ
കളഞ്ഞു പോയ ഒരു പൂവിനെ,
ഞാൻ തിരഞ്ഞു കൊണ്ടിരുന്നു.

അല്ല..
വീണ്ടും ഒരപരിചിത സാഹചര്യത്തെ
നേരിടാനുള്ള കരുത്തില്ലാതെ
എന്റെ മാറാപ്പിൽ നിന്നും
പേടിച്ചോടിപ്പോയ എന്റെ ഹൃദയത്തെയായിരുന്നു
ഞാൻ അന്വേഷിച്ചു കോണ്ടിരുന്നത്‌,
അത്‌ വഴിയിൽ വീണു കിടക്കുന്ന ഒരു
പൂവായിരുന്നെങ്കിൽ.....

മരണ കുസുമം:
മണ്ണിന്റെ ഹൃദയത്തിൽ നിന്നും
മുളച്ചു പൊങ്ങുന്ന പൂവിന്‌
മരണ വീട്ടിലെ (കുന്തിരിക്കത്തിന്റെ) മണം.

പരേതൻ:
അവരെന്റെ ഓർമ്മകൾ
തട്ടിപ്പറിച്ചു വാങ്ങി
എങ്ങോ കടന്നു കളഞ്ഞു

എന്റെ ചങ്ങാതിമാർ
എടുക്കാൻ മറന്ന
എന്റെ ഹൃദയം കൊണ്ടു പോകാൻ
അകലെ ഏതോ നക്ഷത്രത്തിൽ നിന്നും
വരുന്ന രാജ കുമാരനെയും നോക്കി
ഞാൻ കാത്തിരുന്നു.

നീതിമാൻ:
രാത്രി വലിയ നീതിമാനാണ്‌
കരയേയോടും കടലിനോടും
അതു വിവേചനം കാണിക്കുന്നില്ല
ദേശാടനക്കിളികളോടും
പരദേശിയായ മനുഷ്യനോടും
അത്‌ വിവേചനം കാണിക്കുന്നില്ല.
കറുപ്പിലും
രാത്രി നീതിമാനാണ്‌.

അത്‌ ഞാനല്ല:
ചുവരിൽ തൂക്കിയിട്ട
കുട്ടിയുടെ ചിത്രത്തിന്‌ എന്റെ ഛായ
അതു പുഞ്ചിരിക്കുന്നില്ലായിരുന്നുവെങ്കിൽ
അതെന്റെ ചിത്രമായിരുന്നേനെ.
( കവിതയുടെ ബാക്കി അടുത്ത പോസ്റ്റിൽ....)

No comments :

Post a Comment