
ഓർമ്മകൾ - അഹ്‌മദ് മഥർ
ഞാനോർക്കുന്നു...
പണ്ട് എന്റെ വായിൽ
നാവ് എന്നൊരു സാധനമുണ്ടായിരുന്നു എന്ന്
വളരെക്കാലം മുമ്പാണത്..
അന്ന് ആ നാവ്
നാട്ടിൽ നീതിയും സ്വാതന്ത്ര്യവും ഇല്ലെന്ന്
വേവലാതിപ്പെട്ടുകൊണ്ടിരുന്നു
പോലീസുകാർ അത് രഹ്സ്യമായി
പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന്
അത് പരസ്യപ്പെടുത്തുകയും ചെയ്തു
അങ്ങനെ ഒരു പരാതിയുമായി
ഭരണാധികാരിയെ സമീപിച്ചപ്പോൾ
അദ്ദേഹം ഔദ്യോഗികമായ
ഒരു ശസ്ത്രക്രിയയിലൂടെ
ആ നാവിനെ എന്റെ വായിൽ നിന്നും
നീക്കം ചെയ്തു കളഞ്ഞു
നാവ് വായിൽ ഒരധികപ്പറ്റാണെന്നും
അതിന് കടുത്ത അണുബാധയേറ്റിട്ടുണ്ടെന്നുമുള്ള
വ്യക്തമായ തെളിവുകൾ നിരത്തിയ
ഒരു റിപ്പോർട്ട്
ശസ്ത്രക്രിയക്കു തൊട്ടു മുമ്പ്
അദ്ദേഹം സമർപ്പിക്കുകയും ചെയ്തു.
No comments :
Post a Comment