Thursday, October 29, 2009

അബൂ നുവാസ്‌ - കള്ളിന്റെ കവി


അബൂ നുവാസ്‌ കള്ളിന്റെ കവി

അബ്ബാസിയ കാലഘട്ടത്തിൽ ജീവിച്ച അതിപ്രശസ്തനായ അറബിക്കവിയാകുന്നു അബൂനുവാസ്‌. ദിമശ്കി(സിറിയ)പിതാവിന്റെയും പാർസി(ഇറാൻ) മാതാവിന്റെയും പുത്രനായി ക്രിസ്തു വർഷം 762-ൽ (ഹിജ്‌റ 145) അബൂ അലി അൽ ഹസൻ ഇബ്ൻ ഹാനി എന്നു പേരുള്ള അബൂനുവാസ്‌ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ്‌ ഉമയത്ത്‌ രാജ വംശത്തിലെ മർവ്വാൻ ബിൻ മുഹമ്മദ്‌ രാജാവിന്റെ സൈനികനായിരുന്നു. അൽ സാബ്‌ യുദ്ധത്തിൽ മർവാൻ പരാജയപ്പെട്ടപ്പോൾ അദ്ദേഹം കുടുംബ സമേധം ഇറാഖിലെ ബസറയിൽക്കു കുടിയേറി, അബൂ നുവാസിന്‌ ആറുവയസ്സുള്ള്പ്പോൾ അദ്ദേഹത്തിന്റെ പിതാവു മരിച്ചു.
ഭരണം അബ്ബാസികളുടെ കൈകളിലെത്തിയപ്പോൾ അവർ ബസറയിൽ നിന്നും കൂഫയിലേക്ക്‌ താമസം മാറി. അവിടെ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഖുർആനിലും ഹദീസിലും കർമ്മ ശാസ്ത്രത്തിലുമൊക്കെ അദ്ദേഹത്തിന്ന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നത്രെ.
അങ്ങനെയിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധ സംസ്കാരിക തലസ്ഥാനമായ ബാഗ്ദാദിലേക്ക്‌ തിരിഞ്ഞത്‌. അവിടുത്തെ രാജാവ്‌ ഹാറൂൺ റഷീദിനെ നിരന്തരം പുകഴ്ത്തിപ്പാടിയ അബൂ നുവാസ്‌ ക്രമേണ ഹാറൂൺ റഷീദിന്റെ ഉറ്റമിത്രമായി. എന്നാലും കവിയുടെ അസാംസ്കാരിക പ്രവർത്തനങ്ങളിൽ കോപിഷ്ഠനായ രാജാവ്‌ പലപ്പോഴും അദ്ദേഹത്തെ ജയിലിലടച്ചു ശിക്ഷിച്ചു. എന്നാൽ ഉന്നതന്മാരുമായുള്ള കവിയുടെ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ അപ്പോഴൊക്കെയും അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്തു. അവസാനം അദ്ദേഹം ഭാഗ്ദാദിൽ നിന്നും ദിമശ്കിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കും ഒളിച്ചോടി. ഹാറൂൺ റഷീദിന്റെ മരണത്തിനു ശേഷം അബൂ നുവാസ്‌ അദ്ദേഹത്തിന്റെ മകനായ അമീനിന്റെ കൂടെ കൂടി. ഭൂത കാലങ്ങളിൽ നിന്നു ഖേദിക്കുകയും അമീനിനെ പുകഴ്ത്തുകയും ചെയ്ത്‌ അദ്ദേഹം രാജ സദസ്സിൽ ഉന്നത സ്ഥാനം അലങ്കരിച്ചു. എന്നാൽ അമീനിനും സഹോദരൻ മഅമൂനിനും തമ്മിലുള്ള അധികാരത്തർക്കങ്ങൾക്കിടയിൽ അബൂ നുവാസിന്റെ അമീനുമായുള്ള സൗഹൃദം ശത്രുക്കൾ ഒരായുധമാക്കി. സാംസ്കാരികമായി അധ:പതിച്ച ഒരു കവിയെ ഉന്നതങ്ങളിൽ വാഴിക്കുന്നതിനെതിരെ ചിലർ ആരോപണമുന്നയിച്ചു. അങ്ങനെ അമീനും അദ്ദേഹത്തെ തടവറയിലാക്കി. ഫദ്‌ൽ ഇബ്ൻ റബീഹ്‌ എന്ന പണ്ഡിതന്റെ ശിപാർശയിൽ പിന്നീട്‌ അദ്ദേഹം ജയിൽ മോചിതനായി. അമീൻ മരിച്ചപ്പോൾ അദ്ദേഹം ആലപിച്ച വിലാപ കാവ്യം അബൂനുവാസിന്റെ ആത്മാർത്ഥ സ്നേഹത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
പിന്നീട്‌ മഅമൂൻ ഭാഗ്ദാദിലെത്തുന്നതിനു മുമ്പ്‌ തന്നെ(813 ക്രി.വ.) അദ്ദേഹം മരണപ്പെട്ടിരുന്നു.
കള്ളും പേണ്ണുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങൾ.
അദ്ദേഹം മരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വപ്നം കണ്ടുവെന്നും താങ്കളെ അല്ലാഹു എന്തു ചെയ്തുവെന്ന് ചോദിച്ചപ്പോൾ എന്റെ ഈ കവിത കാരണം എനിക്ക്‌ അല്ലാഹു പൊറുത്തു തന്നുവേന്ന് പറഞ്ഞെന്നും രേഖപ്പെടുത്തിയതു കാണുന്നു
(ആ കവിത ഇതാകുന്നു)

"എന്റെ നാഥാ,
എന്റെ പാപങ്ങൾ വളരെ വലുതാണെങ്കിലും
നിന്റെ കാരുണ്യം അതിനേകാൾ വലുതാണല്ലോ!
അതുകൊണ്ട്‌ നീ കൽപ്പിച്ച പ്രകാരം
വളരെ വിനയത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു:
എന്റെ കൈ നീ തട്ടിയാൽ
ആരാണെന്നോട്‌ കരുണ കാണിക്കുക?
നല്ലവർ മാത്രമേ
നിന്നിൽ പ്രതീക്ഷയർപ്പിക്കാൻ പാടുള്ളൂവെങ്കിൽ
കുറ്റവാളികളായ പാപികൾ
ആരെയാണ്‌ പ്രതീക്ഷിക്കേണ്ടത്‌?
നിന്നിലുള്ള പ്രതീക്ഷയല്ലാതെ
മറ്റൊരു മാർഗ്ഗം എനിക്കില്ല
നിന്റെ മാപ്പ്‌ മനോഹരമാകുന്നു,
ഞാനണെങ്കിലോ ഒരു മുസൽമാനും."
ശേഷം ഈ കവിത തന്റെ തലയണക്കടിയിലുണ്ടെന്ന്
അദ്ദേഹം പറഞ്ഞെന്നും ചെന്നു നോക്കിയപ്പോൾ ആളുകളതു കണ്ടെന്നുമുള്ള ഐതീഹ്യവും പ്രസിദ്ധമാണ്‌.

ശാഇറുൽ ഖംർ (കള്ളിന്റെ കവി എന്നാണ്‌ എദ്ദേഹത്തിനെ അറബി ലോകം വിളിക്കുന്നത്‌)
അദ്ദേഹം ഹജ്ജിനെക്കുറിച്ചെഴുതിയ കവിതയാണ്‌ കഴിഞ്ഞ പോസ്റ്റിൽ കൊടുത്തത്‌- അദ്ദേഹം എഴുതിയതു കോണ്ടു തന്നെ അതിന്‌ അതിന്റേതായ പ്രത്യേകതയുണ്ടാകുമല്ലോ)
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില കവിതകൾ അടുത്ത പോസ്റ്റുകളിൽ പ്രതീക്ഷിക്കാം..

No comments :

Post a Comment