
യോഗ്യതാ പത്രങ്ങൾ.
(അഹ്‌മദ് മഥർ)
-------------------------
പട്ടികൾ നാനാ ഭാഗങ്ങളിലേക്കും നടന്നു പോകുന്നു,
ഒരു തിക്കും തിരക്കും നേരിടാതെ;
അവർ തന്നിഷ്ടപ്രകാരം
നാവു നീട്ടുന്നു,
കുരയ്ക്കുന്നു,
നിന്നു കൊണ്ടു തന്നെ
'ലാത്തയുടെ ദാസന്റെ' മുമ്പിൽ ചെന്ന്
മൂത്രമൊഴിക്കുന്നു...
ഒരു തിക്കും അവർക്കു നേരിടേണ്ടി വരുന്നില്ല.
കഴുതകൾ
കണ്ഠ കഠോരമായ ശബ്ദത്തിൽ
തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു.
അവർക്കും ഒരു തിക്കും തിരക്കും നേരിടേണ്ടി വരുന്നില്ല.
ഒട്ടകങ്ങൾ
അവരുടെ യാത്രക്കിടെ
അതിർത്തി കേന്ദ്രങ്ങളിലൊക്കെ വച്ച്
ഓരിയിടുന്നു.
കുതിരകൾ
നടക്കുന്നതിനു പിന്നാലെ
പെർമിഷനുകളൊന്നുമില്ലാതെ തന്നെ
രാഗമാലപിക്കുന്നു
അവർക്കും ഒരു തിക്കും തിരക്കും നേരിടേണ്ടി വരുന്നില്ല.
പക്ഷേ,
നമ്മൾ ആദം സന്തതികൾ
നമ്മുടെ നാട്ടിൽ ചേതനയറ്റു കഴിയുകയാണ്
എന്നാൽ മരിച്ചവരുടെ കൂടെയും
നമ്മെ ഉൾപ്പെടുത്തുന്നില്ല.
സംഘം ചേരുന്നതിൽ നിന്നും ഭയന്ന്
നമ്മൾ നിഴലിനെപ്പോലും പേടിച്ച് ഓടുകയാണ്.
കണ്ണാടിയിൽ പോലും മുഖം കാണാതിരിക്കാൻ
കണ്ണാടികളുടച്ചു കളഞ്ഞ്
മിന്നലാക്രമണവും ഭയന്ന്
നാമോടുകയാണ്.
ജീവിതത്തിന്റെ ആരോപണങ്ങളിൽ
അറസ്റ്റു ഭയന്ന്
നാം പിന്നെയും പിന്നെയും ഓടുന്നു.
നൈരാശ്യത്തിന്റെ ശബ്ദത്തിൽ
അപ്പോഴും നാം വിളിച്ചു പറയുന്നുണ്ട്:
"ഭരണാധികാരികളേ,
ഞങ്ങൾക്കു മൃഗങ്ങളായാൽ മതി
ഞങ്ങളേ മൃഗങ്ങളുടെ കൂട്ടത്തിൽ പെടുത്തൂ..
അപ്പോൾ അവർ ഞങ്ങളോടു പറഞ്ഞു:
"പറ്റില്ല..
രഹസ്യാന്വേഷണ വിഭാഗത്തിൽ
പ്രവർത്തിക്കാനുള്ള നിങ്ങളുടേ ആശ
കൈവെടിഞ്ഞേക്കൂ...."
No comments :
Post a Comment