
ഖലീൽ ഹാവി: (1919-1982)
1982-ൽ ഇസ്രയേൽ സൈന്യം, തന്റെ മാതൃ രാജ്യത്തേക്ക് ഇരച്ചു കയറുന്ന ദയനീയ രംഗം കണ്ടു നിൽക്കാൻ കഴിയാതെ ബെയ്‌റൂത്തിലെ അൽഹംറാ തെരുവിലെ സ്വന്തം വീട്ടിൽ വെച്ച് തല്യ്ക്കു വെടി വെച്ച് ആത്മഹത്യ ചെയ്ത കവി.
സ്കൂളിൽ പഠിക്കുന്ന കാലത്ത് അതായത് പന്ത്രണ്ടാം വയസ്സിൽ അദ്ദേഹത്തിന്റെ പിതാവ് രോഗം മൂലം മരണപ്പെട്ടു. തുടർന്നു പഠനം മുടങ്ങുകയും നിത്യവൃത്തിക്കു വേണ്ടി കെട്ടിട നിർമാണത്തൊഴിലിലും റോഡു നിർമാണത്തിലുമൊക്കെ ഏർപ്പെടേണ്ടി വരികയും ചെയ്തു. എങ്കിലുമദ്ദേഹം നിരന്തരം വായിക്കുകയും ഒഴിവു സമയങ്ങളിൽ കവിതകൾ കുത്തിക്കുറിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കഠിന ശ്രമം കൊണ്ടു അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ പഠിച്ച അദ്ദേഹം സ്വയം സ്കൂൾ പഠനം പൂർത്തിയാക്കി ബെയ്‌റൂത്തിലെ അമേരിക്കൻ യൂണിവേർസിറ്റിയിൽ പ്രവേശനം നേടി. അവിടെ നിന്നും ഉന്നത വിജയത്തോടെ ബിരുദം വാങ്ങിയ ശേഷം ബ്രിട്ടണിലെ കാംബ്രിഡ്ജ് യൂണിവേർസിറ്റിയിൽ ചേർന്ന് ഡോക്ടറേറ്റും സമ്പാദിച്ചു. പിന്നീട് ബെയ്‌റൂത്തിലേക്ക് തിരിച്ചു വന്ന ഖലീൽ പഠിച്ച യൂണിവേർസിറ്റിയിൽ തന്നെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഇസ്രയേൽ സൈന്യം ബെയ്‌റൂത്തിനെ ആക്രമിക്കുന്നത്.
ഖലീൽ ഹാവിയുടെ മരണത്തെക്കുറിച്ച് ചില അപസ്വരങ്ങൾ അറബ് ലോകത്തുണ്ട്. അദ്ദേഹം അതിനു മുമ്പും ഒന്നു രണ്ടു തവണ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ പ്രമുഖ ലബനീസ് സാഹിത്യകാരനും നിരൂപകനുമായ അബ്ദ: വാസിൻ പറയുന്നത് ഖലീൽ ഹാവിയുടെ കവിത സമാഹാരങ്ങളിൽ ഏറ്റവും മനോഹരമായത് തോക്കും ചോരയും കൊണ്ട് രചിച്ച അദ്ദേഹത്തിന്റെ ഭീകരമായ് ആ ആത്മഹത്യ തന്നെയാണെന്നാണ്.(ദീവാൻ അൽ അറബ് മാസിക, ജൂൺ-2007)
No comments :
Post a Comment