Monday, March 21, 2011

പട്ടിയുടെ ഉച്ഛിഷ്ടം – ഒരറബിക്കവിത




ഒരിക്കൽ അറബി നാട്ടിലെ ഒരു രാജാവ് തന്റെ കൊട്ടാരത്തിലെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ അകലെ ഒരു വീടിന്റെ മുകളിൽ സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു. അവളുടെ സൌന്ദര്യം രാജാവിനെ വല്ലാതെ മഥിച്ചു. ഉടനെ അവളേതാണെന്ന് രാജാവ് അന്വേഷിച്ചു. അതു കൊട്ടാരം ഗുമസ്ഥൻ ഫൈറോസിന്റെ പ്രിയതമയാണെന്ന് ഭൃത്യന്മാർ ബോധിപ്പിച്ചു. അന്നു രാത്രി രാജാവ് ഫൈറൂസിനെ വിളിച്ചു വരുത്തി ഒരു കത്തു നൽകി അത് അയൽ രാജ്യത്തു കൊണ്ടു പോയി കൊടുക്കാൻ ആജ്ഞാപിച്ചു. വീട്ടിലെത്തി കത്ത് തലയണയ്ക്കടിയിൽ വെച്ച് അയാൽ കിടന്നുറങ്ങി. അതിരാവിലെ തന്നെ ഫൈറൂസ് പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.

അയാൾ പോയ തക്കം നോക്കി രാജാവ് അയാളുടെ വീട്ടിലെത്തി വാതിലിനു മുട്ടി. ഫൈറൂസിന്റെ ഭാര്യ ചോദിച്ചു:
‘ആരാണ്?’.
അദ്ദേഹം പറഞ്ഞു: ‘ഞാൻ നിങ്ങളുടെ ഭർത്താവിന്റെ യജമാനനായ മഹാരാജാവാകുന്നു’.
‘അയ്യോ, തിരുമേനിയെന്താണ് ഇപ്പോൾ എഴുന്നള്ളിയത്?’
‘ഞാൻ വിരുന്നുകാരനായി വന്നതാണ്’.
‘പടച്ചോനേ, ഈ സമയത്ത് അവിടുത്തെ വരവിനൊരു പന്തികേടുണ്ടല്ലോ’

‘നാശം!നീ എന്താണു പറഞ്ഞത്?, ഞാൻ ഈ നാട്ടിന്റെ രാജാവാണ്, നിന്റെ ഭർത്താവിന്റെ യജമാനനുമാണ്. എന്നെക്കുറിച്ച് നീയെന്താണു വിചാരിച്ചത്?’

‘അതെല്ലാം എനിക്കറിയാം പ്രഭോ. പക്ഷേ, മുൻപൊരു കവി ഇങ്ങനെ പാടിയിട്ടുണ്ട്..

ഞാൻ നിങ്ങളെ
സ്നേഹിക്കാൻ വരാത്തത്
വെറുപ്പുള്ളതു കൊണ്ടല്ല.
മറിച്ച് അതിലെ പങ്കാളികളുടെ
ആധിക്യം കൊണ്ടാണ്.

പട്ടികൾ തലയിട്ടു വെള്ളം കുടിക്കുമ്പോൾ
ജലസ്രോതസ്സിനടുത്തു ചെല്ലാതെ
സിംഹം മാറി നിൽക്കും.

ഒരു ഭക്ഷണത്തിൽ ഈച്ച വീണാൽ
- ഹൃദയം അഭിലഷിക്കുന്നുണ്ടെങ്കിൽ പോലും -
ഞാനതുപേക്ഷിക്കുകയാണു പതിവ്.

പട്ടികളുടെ പിന്നാലെ പോയി
സിംഹങ്ങൾ വെള്ളം കുടിച്ചാലോ
അവ നെറികെട്ട സിംഹങ്ങളായിരിക്കും.

വിഡ്ഢികളുമായി സഹകരിക്കാൻ
ഇഷ്ടമില്ലാത്തതു കൊണ്ട്
ഒട്ടിയ വയറുമായി
മാന്യന്മാർ തിരിച്ചു പോരാറുണ്ട്.

അവൾ കൂട്ടിച്ചേർത്തു: ‘അല്ലയോ മഹാരാജാവേ, അങ്ങയുടെ പട്ടി കുടിച്ചതിന്റെ ബാക്കി കുടിക്കാൻ അങ്ങ് ഇഷ്ടപ്പെടുന്നുണ്ടോ?’

ഇതു കേട്ട രാജാവ് ലജ്ജയോടെ തല താഴ്ത്തി. അവരോട് ക്ഷമാപണം നടത്തി തിരിച്ചു പോയി.

(മുകളിലെ കവിത ഇമാം ശാഫി(റ)യുടേതാണ്. തലയണക്കടിയിൽ വെച്ച കത്തെടുക്കാൻ ഫൈറൂസ് തിരിച്ചു വന്നപ്പോൾ മറന്നു വെച്ച രാജാവിന്റെ ചെരുപ്പ് കണ്ടെന്നും സംഭവമറിഞ്ഞ അദ്ദേഹം പരാതിയുമായി ന്യായാധിപനെ സമീപിച്ചെന്നും അയാൾക്കു നീതി കിട്ടിയെന്നും കഥയുടെ ബാക്കി പറയുന്നുണ്ട്)

Sunday, March 13, 2011

മയക്കുമരുന്നും കത്രികയും - ഖലീൽ ജിബ്രാൻ



ഈ ചിത്രം വിഷയവുമായി ബന്ധപ്പെട്ടതല്ല. ഇത് എന്റെ രണ്ടു മക്കളുടെ ചിത്രമാണ്. ഇന്നലെ എന്റെ പെങ്ങൾ മെയിലു ചെയ്തു തന്നതാണ്. (മകൾ: നസീഹ, മകൻ: ആശിഖ് - they are dancing to pose on camera - പിന്നിൽ ഞങ്ങളുടെ വീട്)

മയക്കുമരുന്നും കത്രികയും

അയാൾ ആപാദചൂഡം പിന്തിരിപ്പനാണ്. അയാൾക്കു വട്ടാണ്.
വളർന്നു വരുന്ന തലമുറകളെ വഴിതെറ്റിക്കാൻ എഴുതുന്ന മനോരാജ്യക്കാരനാണയാൾ.
പുരുഷന്മാരും, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളും വിവാഹത്തെക്കുറിച്ചുള്ള ജിബ്രാന്റെ അഭിപ്രായം പിന്തുടർന്നാൽ കുടുംബത്തിന്റെ ആണിക്കല്ലുകൾ ഇളകിപ്പോവുകയും മനുഷ്യന്റെ സാമൂഹ്യ കെട്ടുറപ്പ് തകർന്നു പോവുകയും ഈ ലോകം ഒരു നരകമായിത്തീരുകയും ഭൂനിവാസികളെല്ലാം ചെകുത്താന്മാരായി മാറുകയും ചെയ്യും.
ശരിയാണ്, അദ്ദേഹത്തിന്റെ എഴുത്തു രീതിയുടെ സൌന്ദര്യം തീർച്ചയായും മനുഷ്യത്വത്തിന്റെ ശത്രുപക്ഷത്തു നിൽക്കുന്നു.
‘അയാൾ അരാജക വാദിയാണ്, കാഫിറാണ്. മതനിന്ദകനാണ്. നിരീശരവാദിയാണ്. ഈ വിശുദ്ധമായ മലമ്പ്രദേശത്തെ നിവാസികളോട് ഞങ്ങൾ ഉപദേശിക്കുന്നു: നിങ്ങൾ അയാളുടെ കണ്ടെത്തലുകളെ വലിച്ചെറിയണമെന്നും അയാളുടെ മുഴുവൻ ഗ്രന്ഥങ്ങളും കത്തിച്ചു കളയണമെന്നും. അവയിൽ നിന്നൊരംശം പോലും ഇനി നിങ്ങളുടെ ഹൃദയങ്ങളിൽ പറ്റിപ്പിടിക്കാൻ ഇടവരാതിരിക്കാനാണത്’.
‘ഞങ്ങൾ അദ്ദേഹത്തിന്റെ ‘ഒടിഞ്ഞ ചിറകുകൾ‘ വായിച്ചു. കൊഴുപ്പിൽ പതിയിരിക്കുന്ന പാഷാണം ഞങ്ങൾ അതിൽ കണ്ടെത്തി’.
ഇതാകുന്നു എന്നെക്കുറിച്ച് ജനങ്ങൾ പറഞ്ഞു പ്രചരിപ്പിച്ച ആരോപണങ്ങളിൽ ചിലത്. അവർ പറഞ്ഞത് ശരിയാണ്. ഞാൻ ഭ്രാന്തു പിടിച്ച ഭീകരനാണ്. സൃഷ്ടി കർമ്മത്തോട് എനിക്ക് എത്രത്തോളം ചായ്വുണ്ടോ അത്രത്തോളം എനിക്കു സംഹാരത്തോടും ചായ്വുണ്ട്. ജനങ്ങൾ വിശുദ്ധമായി കരുതിപ്പോരുന്നതിനോട് എനിക്ക് വെറുപ്പാണ്, അവർ വിസമ്മതിക്കുന്നതിനോട് സ്നേഹവും. എന്റെ ഗ്രന്ഥങ്ങൾ കൊഴുപ്പിൽ (പട്ടിൽ) പൊതിഞ്ഞ പാഷാണമാണെന്നു പറയുന്നവരോട് എനിക്കു പറയാനുള്ളത്; കട്ടികൂടിയ മറയ്ക്കു പിന്നിൽ നിന്നും സത്യത്തെ കാണിച്ചു തരുന്ന വാക്കാകുന്നു അതെന്നാണ്. എന്നാൽ നഗ്നമായ സത്യമോ ഞാൻ കൊഴുപ്പിൽ പാഷാണം ചേർക്കുന്നില്ല എന്നും. പ്രത്യുത ഞാൻ ചെയ്യുന്നത് മായം ചേർക്കാത്ത വിഷം അങ്ങിനെത്തന്നെ പാർന്നു നൽകുകയാണ്. ഞാൻ പകർന്നു തരുന്നത് തെളിഞ്ഞതും വൃത്തിയുള്ളതുമായ സ്ഫടികത്തിന്റെ ചഷകത്തിലാകുന്നു.
മേഘങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന് നീന്തിത്തുടിക്കുന്ന മനോരാജ്യക്കാരനാണ് ഞാനെന്നു പറഞ്ഞ് എന്നോട് സ്വയം ക്ഷമായാചനം നടത്തുന്ന ആളുകൾ യഥാർത്ഥത്തിൽ ആ ചഷകത്തിന്റെ തിളക്കം മാത്രമേ കാണുന്നുള്ളൂ. വിഷം എന്ന് ആരോപിച്ച് അവഗണിക്കുന്ന അതിനുള്ളിലെ ദ്രാവകത്തിലേക്ക് അവർ ഒരിക്കൽ പോലും നോക്കുന്നില്ല. കാരണം അവരുടെ ദുർബ്ബലമായ ആമാശയത്തിന് അതിനെ ദഹിപ്പിക്കാനുള്ള കരുത്തില്ല.
പരുക്കൻ ധിക്കാരത്തിലേക്കുള്ള ചവിട്ടുപടിയായി ചിലപ്പോൾ ഇതു വ്യാഖ്യാനിച്ചേക്കാം. ധിക്കാരം അതിന്റെ എല്ലാ പാരുഷ്യത്തോടും കൂടി നിരീക്ഷിച്ചാലും മിനുസമേറിയ വഞ്ചനയേക്കാൾ എത്രയോ നല്ലതല്ലേ?. ധിക്കാരം സ്വയമേവ അതിന്റെ കാഠിന്യം പുറത്തു കാണിക്കും. എന്നാൽ വഞ്ചന എടുത്തണിഞ്ഞിരിക്കുന്നതോ മറ്റൊരാൾക്കു വേണ്ടി തയ്ച്ചുണ്ടാക്കിയ വസ്ത്രമാകുന്നു.
പൌരസ്ത്യർ ആവശ്യപ്പെടുന്നത് എഴുത്തുകാരൻ തേനീച്ചയെപ്പോലെയായിരിക്കണമെന്നാണ്. പാടങ്ങളിലും പറമ്പുകളിലും ചുറ്റിയടിച്ച് പൂവുകളിൽ നിന്നും മധു ശേഖരിച്ച് തേൻപലകകൾ നിർമ്മിച്ചു നൽക്കണമെന്നും.
പൌരസ്ത്യർ തേൻ ഇഷ്ടപ്പെടുന്നു. മറ്റൊന്നും അവർക്ക് അത്രമേൽ രുചി തോന്നുന്നില്ല. അവർ അതു വാരിവിഴുങ്ങുകയും ചെയ്യുന്നു. അവരുടെ ശരീരം അഗ്നിക്കു മുമ്പിൽ ഒലിക്കുന്ന തേൻകുടമായി മാറിയിരിക്കുന്നു. മഞ്ഞു കട്ടകളിൽ വച്ചാലല്ലാതെ ഇനിയത് ഉറയ്ക്കുകയില്ല.
പൌരസ്ത്യർ കവികളോടാവശ്യപ്പെടുന്നത് രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും പാതിരിമാരുടെയും മുമ്പിൽ അകിൽ കണക്കെ സ്വയം കത്തിയെരിഞ്ഞു തീരാനാണ്. സിംഹാസനങ്ങളുടെയും ബലിപീഠങ്ങളുടെയും ശ്മശാനങ്ങളുടെയും ഇടയിൽ നിന്നും ഉയർന്നു പൊങ്ങിയ അകിലുകളുടെ പുകപടലങ്ങൾ കിഴക്കിന്റെ ആകാശങ്ങളിൽ കെട്ടിക്കിടക്കുന്നു. എന്നിട്ടും അവർക്കു മതിയാകുന്നില്ല. നമ്മുടെ ഈ കാലത്ത് ഇത്തരം സ്തുതി പാടകർ മുതനബ്ബിയോട് മത്സരിക്കുകയാണ്. വിലാപകാരന്മാർ ഖൻസാഇനോട് കിടപിടിക്കാൻ ശ്രമിക്കുകയാണ്. പ്രശംസകരുടെ വാക്കുകൾക്ക് സഫിയുദ്ദീൽ അൽ ഹില്ലിയുടെ കവിതകളേക്കാൾ മാസ്മരികതയുണ്ട്.
പൌരസ്ത്യർ പണ്ഡിതന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് അവരുടെ അച്ഛന്മാരെക്കുറിച്ചും മുത്തച്ഛന്മാരെക്കുറിച്ചും ഗവേഷണം നടത്താനും അവരുടെ ശേഷിപ്പുകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഉച്ഛിഷ്ടങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാനും രാവും പകലും ഭാഷയെയും വാക്കുകളെയും അലങ്കാരങ്ങളെയും പ്രാസങ്ങളെയും ചർവ്വിത ചർവ്വണം നടത്താനുമാണ്.
പൌരസ്ത്യന്മാർ ചിന്തകന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് ബൈദബയും ഇബ്നു റുഷ്ദും സെന്റ് എഫ്രാമും സെന്റ് ജോണും പറഞ്ഞു കഴിഞ്ഞത് തന്നെ അവരുടെ കാതുകളിൽ വീണ്ടും വീണ്ടും കേൾപ്പിച്ചു കൊടുക്കാനാണ്. ഇവരുടെ രചനകൾ വിരസമായ പ്രഭാഷണങ്ങളുടെയും രോഗതുരമായ ഉപദേശങ്ങളുടെയും അതിർവരമ്പുകളെ ലംഘിക്കരുതെന്നും അവർ തന്നെ നിർദ്ദേശിക്കുന്നു. ഗിരിപ്രസംഗങ്ങളുടെയും സാരോപദേശങ്ങളുടെയും ഇടയ്ക്ക് ഉരുവിടാറുള്ള തത്വശാസ്ത്രങ്ങളുടെയും ദിവ്യ വചനങ്ങളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ ജീവിതം തണലിൽ മുളച്ച ദുർബ്ബലമായ പുൽക്കൊടി പോലെയായിരിക്കും. അയാളുടെ നിശ്വാസം അഫ്യൂൻ മയക്കു മരുന്ന് കലർന്ന് പരിക്ഷീണയായ പാനീയം പോലെയുമായിത്തീരും.
ചുരുക്കിപ്പറഞ്ഞാൽ പൌരസ്ത്യർ പൊടിപിടിച്ച ഭൂതകാലത്തിന്റെ രംഗഭൂമിയിലാണ് ജീവിക്കുന്നത്. ഫലിതവും കോമാളിത്തവും നിറഞ്ഞ നിഷേധാത്മകമായ നിലപാടുകളോട് അവർ ചേർന്നു നിൽക്കുന്നു. സുന്ദരമായ സ്വപ്നങ്ങൾ കണ്ടു കൊണ്ട് മയങ്ങുന്ന ഗാഢ നിദ്രയിൽ നിന്നും അവരെ ഉണർത്തുകയും ദംശിക്കുകയും ചെയ്യുന്ന സർഗ്ഗാത്മകമായ പഠനങ്ങളെയും തത്വങ്ങളെയും അവർ വെറുക്കുകയും ചെയ്യുന്നു. (തുടരും...)

Wednesday, March 2, 2011

വിപ്ലവങ്ങൾക്ക് ആശംസകൾ.



സലീം ശല്ബി.

വെള്ളവും തീയും എങ്ങിനെയാണ്‌ കൂടിച്ചേരുക?
അക്രമവും നീതിയും എങ്ങിനെയാണ്‌ ഐക്യപ്പെടുക?

എന്റെ ആയുസ്സ് സാക്ഷി!,
അതു രണ്ടും അസംഭവ്യമാകുന്നു.
സത്യത്തിന്‌ ഒരു മുഖമേയുള്ളൂ - രണ്ടില്ല.
അതിനാൽ ഞങ്ങളുടെ അവകാശങ്ങൾ തിരിച്ചു പിടിക്കാൻ
ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു.

അതിനു വേണ്ടി തന്നെയാണ്‌ മൈതാനങ്ങളിൽ
അട്ടഹസിക്കാൻ ഞങ്ങൾ താല്പര്യം കാണിച്ചത്.

നീതി ഞങ്ങളുടെ ആത്മാവും ജീവിതവുമാണ്‌
സമത്വം മനുഷ്യന്റെ ആവശ്യമാണ്‌.

* * *
അവർ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു,
നാടിന്റെ അഭിമാനം അവർ ഉയർത്തിപ്പിടിച്ചു.
‘അൽ-അസ്ഹർ’ വിലപിച്ചു,
അഖ്സാ പള്ളി നീട്ടി വിളിച്ചു,
കുന്നിൻ മുകളിലും സമതലങ്ങളിലും വെച്ച്
മുഴുവൻ ഭയവും അവർ വലിച്ചെറിഞ്ഞു,
അവർ നിരന്തരം അധ്വാനിച്ച്
ശത്രുവിന്റെ നടുവൊടിച്ചു കളഞ്ഞു.

* * *
ആയുധവും വഹിച്ചു കൊണ്ടായിരുന്നില്ല
അവർ പുറപ്പെട്ടത്.
മറിച് ചില ഉറച്ച തീരുമാനങ്ങളും
സത്യതിന്റെ പ്രഖ്യാപനവുമായിരുന്നു
അവരുടെ പക്കൽ ഉണ്ടായിരുന്നത്.

ഭയവും മൗനവും കാരണം
എത്ര സമൂഹങ്ങൾക്കാണ്‌ തങ്ങളുടെ
അവകാശങ്ങളും വിഭവങ്ങളും നഷ്ടപ്പെട്ടത്!.

സത്യം ചെയ്തും ആത്മാർത്ഥതയോടെയും നിങ്ങൾ വിളിച്ചു പറയൂ..
ഭീരുക്കളേ ഓടിപ്പോകൂ..
കുറെ കാലമായി ഞങ്ങൾ അക്രമം സഹിക്കുന്നു,
സത്യത്തെ മുറുകെപ്പിടികാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
* * *

ഉണ്മയുടെ ആത്മാവായ നീതി നില നില്ക്കും,
ജീവന്റെ രഹസ്യവും അന്തസ്സിന്റെ കിരീടവുമാകുന്നു നീതി.

നീതിക്കു വേണ്ടി പോരാടുന്ന എല്ലാ
മാന്യന്മാർക്കും അഭിവാദ്യങ്ങൾ!.
സമത്വത്തിനു വേണ്ടിയാണല്ലോ
ദൈവം നമ്മെ പ്രേരിപ്പിച്ചത്,
പുരാതനമായ എല്ലാ തത്വ സംഹിതകളും
അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു.

അഭിമാന സത്വരത്തിലേക്കുള്ള നിർഭയമായ പ്രയാണത്തിൽ
മരിച്ചു വീണ മുഴുവൻ രക്ത സാക്ഷികൾക്കും
അഭിവാദ്യങ്ങൾ!.