Sunday, October 25, 2009

അധിനിവേശ ഭൂമിയിലെ കവികൾ - നിസാർ ഖബ്ബാനി


അധിനിവേശ ഭൂമിയിലെ കവികൾ.
നിസാർ ഖബ്ബാനി.
-----------------------
അധിനിവേശ ഭൂമിയിലെ കവികളേ,
കണ്ണീരും ചെളിയും പുരണ്ട
പുസ്തകത്താളുകളുടെ ഉടമകളേ,

തൂക്കിലേറ്റപ്പെടുന്നവന്റെ ചക്രശ്വാസം കണക്കെ
കണ്ഠ നാളങ്ങളിൽ നിന്നും
കറകറ ശബ്ദം പുറപ്പെടുവിക്കുന്നവരേ,

കശാപ്പു ചെയ്യപ്പെട്ടവന്റെ പിരടിയുടെ നിറമുള്ള മഷിയുമായി
എഴുത്തു നടത്തുന്നവരേ,

വർഷങ്ങളുടെ ശ്രമഫലത്താൽ
ഞങ്ങൾ നിങ്ങളിൽ നിന്നും
ഒരു കാര്യം പഠിച്ചു
"ഞങ്ങൾ പരാജിതരായ കവികളാണെന്ന്...
ചരിത്രത്തിൽ നിന്നും
ദുഃഖിതരുടെ സങ്കടങ്ങളിൽ നിന്നും
ഞങ്ങൾ തികച്ചും അന്യരാണെന്നും.."

നിങ്ങളിൽ നിന്നും ഞങ്ങൾ ഒന്നു കൂടി മനസ്സിലാക്കി
"എങ്ങനെയാണ്‌ അക്ഷരങ്ങൾക്ക്‌
കൊടുവാളുകളുടെ രൂപമുണ്ടാകുന്നതെന്നും..."

തടവിലാക്കപ്പെട്ട രാത്രി
ഞങ്ങളുടെയടുത്തേക്ക്‌
പറന്നു വന്ന സുന്ദരിയായ പൈങ്കിളിയേ,,,
പ്രഭാത പ്രാർത്ഥന പോലെ
പരിശുദ്ധവും
നിഷ്കളങ്കവുമായ ദുഃഖമേ,
കനലുകളുടെ ആമാശയത്തിൽ മുളച്ച
പനിനീർച്ചെടിയേ,
അക്രമവും അടിച്ചമർത്തലും
മുറക്കു നടന്നിട്ടും
നിർത്താതെ പെയ്യുന്ന പേമാരിയേ,
നിങ്ങളിൽ നിന്നു ഞങ്ങൾ പിന്നേയും പഠിച്ചു;
'എങ്ങനെയാണ്‌ ആഴക്കടലിൽ മുങ്ങിക്കിടക്കുന്നവൻ
പാട്ടു പാടുന്നതെന്ന്,
എങ്ങനെയാണ്‌ ശവക്കുഴികൾ
രണ്ടു കാലിൽ നടന്നു പോകുന്നതെന്ന്.

ഞങ്ങളുടെ കവികളെല്ലാം മരിച്ചു പോയിരിക്കുന്നു
കവിതകളും മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞു.

ദൈവ കീർത്തനങ്ങൾ നടക്കുന്ന സദസ്സുകളിൽ
ആടിയുലയുന്ന ഭിക്ഷുവാണ്‌ ഞങ്ങൾക്കു കവിത.

കവിക്ക്‌ രാജാവിന്റെ തേരു തെളിക്കുന്ന പണിയാണിന്ന്,
ചുണ്ടുകൾ ശണ്ഡീകരിക്കപ്പെട്ടവാനാണിന്ന് കവി,
ഭരണാധികാരികളുടെ മേൽമുണ്ട്‌
തേച്ചു മിനുക്കിക്കൊടുക്കുന്നു കവി,
അവർക്കു വേണ്ടി മദ്യം പാർന്നു കൊടുക്കുന്നു കവി.
വാക്കുകൾ വന്ധ്യംകരിക്കപ്പെട്ടവൻ കവി,
ചിന്തകളുടെ വ്രഷണങ്ങൾ എന്തേ
ഇത്ര വൃത്തികേടായിപ്പോയി?

അധിനിവേശ ഭൂമിയിലെ കവികളേ,
വാതിൽ പഴുതുകളിലൂടെ
പാഞ്ഞു വരുന്ന സൂര്യ കിരണങ്ങളേ,
വനാന്തർഭാഗങ്ങളിൽ നിന്നും കടന്നു വരുന്ന
ചെണ്ടവാദ്യങ്ങളേ,
കൺപീലികൾക്കിടയിൽ മറവുചെയ്യപ്പെട്ട വചനങ്ങളേ,

സ്നേഹിതരേ,
ഞങ്ങളെന്താണ്‌ നിങ്ങളോട്‌ പറയേണ്ടത്‌?
പരാജയത്തിന്റെ സാഹിത്യത്തെക്കുറിച്ചോ?

ജൂൺ വിപ്ലവത്തിന്നു ശേഷം
ഞങ്ങൾ തലയണ വെച്ച്‌
സുഖമായുറങ്ങുകയായിരുന്നു,
വ്യാകരണങ്ങൾ നിരത്തി കളിക്കുകയായിരുന്നു,
ഭീകരത ഞങ്ങളുടെ തലയോട്ടികൾക്കു മുകളിൽ
ചവിട്ടി നടക്കുകയായിരുന്നു
ഞങ്ങൾ ഭീകരതയുടെ കാൽപ്പാദങ്ങളെ
ചുംബിക്കുകയായിരുന്നു
മരങ്ങൾകൊണ്ടു നിർമ്മിച്ച കുതിരകൾക്കു മുകളിൽ കയറി
പ്രേതങ്ങളോടും മരീചികകളോടും
പൊരുതുകയായിരുന്നു;
എന്നിട്ടു ഞങ്ങൾ വിളിച്ചു പറയുന്നു:
"സർവ്വ ലോക രക്ഷിതാവേ,
ഞങ്ങൾ ദുർബ്ബലർ'
നീ സർവ്വാധിപൻ,
ഞങ്ങൾ ദരിദ്രർ,
നീ ദയാവാരിധി,
ഞങ്ങൾ ഭീരുക്കൾ,
നീ എല്ലാം പൊറുക്കുന്നവൻ.."

അധിനിവേശ ഭൂമിയിലെ കവികളേ
എന്റെ സംവേദനേന്ത്രിയങ്ങൾ പ്രവർത്തിക്കുന്നില്ല,
ഖുദ്സിന്റെ വിശുദ്ദി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു
സലാഹുദ്ദീൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു,
ഡയാനയുടെ പുത്രി
മിഹ്‌റാബിന്റെ തണലിൽ
മാംസക്കച്ചവടം നടത്തുന്നു,
എന്നിട്ട്‌ ഞങ്ങൾ ഞങ്ങളെത്തന്നെ
വലിയ എഴുത്തുകാരായി വാഴ്ത്തുന്നു

മഹ്‌മൂദ്‌ ദർവ്വീശ്‌ അഭിവാദ്യങ്ങൾ!
തൗഫീഖ്‌ സയ്യാദ്‌ അഭിവാദ്യങ്ങൾ!
ഫദ്‌വീ തൂഖാൻ അഭിവാദ്യങ്ങൾ!.

വാരിയെല്ലുകളിൽ ഉരച്ച്‌
പേനകൾക്ക്‌ മൂർച്ച കൂട്ടുന്നവരേ,
ഞങ്ങൾ നിങ്ങളിൽ നിന്നും പഠിച്ചു,
വാക്കുകൾക്കിടയിൽ നിന്ന്
കുഴി ബോംബ്‌ പൊട്ടിക്കുന്നതെങ്ങിനെയെന്ന്.

കിഴക്കിന്റെ സാഹിത്യ സന്യാസിമാർ
മാടപ്പിറാവുകളെ പറത്തുന്നു,
കടും ചായ മോന്തിക്കുടിക്കുന്നു,
സ്വപ്നങ്ങളെ തോളിലേറ്റി നടക്കുന്നു,
നിങ്ങളുടെ കാവ്യങ്ങൾക്കു മുമ്പിൽ
ഞങ്ങളുടെ കവികൾ വന്നു നിൽക്കുമ്പോൾ
ഇവർ വികലാംഗന്മാരായി കാണപ്പെടുന്നു.

1 comment :

 1. Hello
  a small mark at the time of my passage on your very beautiful blog!
  congratulations!
  thanks for making us share your moments
  you have a translation of my English space!
  cordially from France
  ¸..· ´¨¨)) -:¦:-
  ¸.·´ .·´¨¨))
  ((¸¸.·´ ..·´ -:¦:-
  -:¦:- ((¸¸.·´* ~ Chris ~ -:¦:-
  http://www.blogcatalog.com/blog/sweetlelody

  ReplyDelete