Saturday, May 1, 2010

അനുരാഗത്തിന്റെ പുസ്തകം - നിസാർ ഖബ്ബാനി



അനുരാഗത്തിന്റെ പുസ്തകം

നിസാർ ഖബ്ബാനി

ദൈവമേ,
എന്റെ ഹൃദയത്തിനു വലിപ്പം പോര.
ഞാൻ സ്നേഹിക്കുന്നവൾ
ഈ ഭൂമിയോളം വിശാലമാണ്‌
അതു കൊണ്ട് ഈ ഭൂമിയോളം വലിപ്പമുള്ള
മറ്റൊരു ഹൃദയവും കൂടി
എന്റെ നെഞ്ചിനുള്ളിൽ വച്ചു തരൂ.

പ്രേതം കൂട തുറന്നു വെച്ച്
ഒരു നിമിഷം കൊണ്ട്
നിനക്കിഷ്ടപ്പെട്ട മുത്തുകളും രത്നങ്ങളും
വാരിയെടുത്തോളൂ എന്നു പറഞ്ഞാൽ
ഞാൻ നിന്റെ കണ്ണുകളെയാവും
തിരഞ്ഞെടുക്കുക.

പ്രിയേ,
എന്റെ മനഭ്രാന്തി
നിനക്കു പിടിപെട്ടെങ്കിൽ
നിന്റെ മുഴുവൻ രത്നങ്ങളും
പവിഴങ്ങളും വലിച്ചെറിഞ്ഞ്
നീയെന്റെ കണ്ണുകളിൽ
അന്തിയുറങ്ങുമായിരുന്നു.


ആകാശത്തോട് ഞാൻ ആരാഞ്ഞു:
ഭൂമിയിലെ മുഴുവൻ പെണ്ണുങ്ങളെയും
മറന്ന് നിന്നിൽ മാത്രം കുടികൊള്ളാൻ
എനിക്കെങ്ങനെ കഴിഞ്ഞു?


നിഘണ്ടുവിലെ മുഴുവൻ വാക്കുകളും
മൃതിയടഞ്ഞു.
എല്ലാ ഗ്രന്ഥ ശാലകളിലെയും
വരികളും ചത്തു പോയി.
കഥാകാരന്മാരുടെ വാക്കുകളും
വീരചരമം പ്രാപിച്ചു.
നിന്നിലേക്കുള്ള എന്റെ അനുരാഗത്തിന്റെ
പാതയോരങ്ങളിൽ
വാക്കുകളേ ഇല്ല
എന്നു ഞാൻ കണ്ടെത്തി.

ആളുകൾ സ്നേഹിക്കുന്നതു പോലെ
സ്നേഹിക്കുന്നതെനിക്കിഷ്ടമില്ല;
ആളുകൾ എഴുതുന്നതു പോലെ
എഴുതാനും.
എന്റെ വദനങ്ങൾ ദേവാലയമായെങ്കിൽ!
എന്റെ വാക്കുകൾ പള്ളി മണിയും!.

എന്റെ കൈകൾ എണ്ണിനോക്കൂ
ആദ്യത്തെ വിരൽ നീ
രണ്ടാമത്തേതും നീ
മൂന്നാമത്തേതും നീ
നാലാമത്തേതും നീ
അഞ്ചാമത്തേതും നീ
ആറാമത്തേതും നീ
ഏഴാമത്തേതും നീ
എട്ടാമത്തേതും നീ
ഒമ്പതാമത്തേതും നീ
പത്താമത്തേതും പ്രിയേ നീ തന്നെ,

വിശാലാക്ഷീ,
നിന്നോടുള്ള അനുരാഗം
വർഗ്ഗീയതയാണ്‌,
യാഥാസ്ഥികതയാണ്‌,
ആരാധനയാണ്‌.
ആ അനുരാഗം
മരണവും ജനനവും പോലെ
രണ്ടാമതൊരു തവണ
അസാധ്യവുമാണ്‌.

ഇരുപതിനായിരം സ്ത്രീകളെ
ഞാൻ സ്നേഹിച്ചു.
ഇരുപതിനായിരം സ്ത്രീകളെ
ഞാൻ പരീക്ഷിച്ചു.
നിന്നെ കണ്ടു മുട്ടിയപ്പോഴാണ്‌
എനിക്കു മനസ്സിലായത്;
ഞാൻ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ എന്ന്.

എന്നിൽ നിന്നു നീ
ഓടിപ്പോകാൻ ശ്രമിക്കരുത്.
എവിടെപ്പോയാലും
ഞാൻ നിന്നെ പിടിച്ചു കൊണ്ടു വരും.
എന്നിൽ നിന്നും നിനക്ക്
രക്ഷപ്പെടാൻ കഴിയില്ല.
കാരണം, ദൈവം എന്നെ നിയോഗിച്ചതു തന്നെ
നിനക്കു വേണ്ടിയാണ്‌.

ചിലപ്പോൾ ഞാൻ നിന്റെ
കാതുകൾക്കിടയിലൂടെ
ഉദിച്ചു പൊങ്ങും.
മറ്റുചിലപ്പോൾ നിന്റെ കൈകളിലെ
രത്ന വളകൾക്കിടയിലൂടെയും വരും.
മഴക്കാലം വരുമ്പോൾ സഖേ,
ഞാൻ നിന്റെ കൺപൊയ്കയിൽ
മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കും.

എന്തുകൊണ്ടാണു പ്രിയേ
നീ എന്റെ കാമുകിയായതു മുതൽ
എന്റെ മഷി കത്തിപ്രകാശിക്കുകയും
എന്റെ കടലാസുകൾ തളിരിടുകയും ചെയ്യുന്നത്?

നീ എന്നെ സ്നേഹിക്കുവാൻ തുടങ്ങിയതു മുതൽ
കാര്യങ്ങളെല്ലാം
വലിയ മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു.

ഞാനൊരു പ്രവാചകനല്ല
എന്നാലും നിന്നെപ്പറ്റി എഴുതുമ്പോഴെല്ലാം
ഞാനൊരു പ്രവാചകനായി മാറുന്നു.

പള്ളികളിലെ ചുവരുകളിൽ
ഉല്ലേഖനം ചെയ്യപ്പെട്ട
കൂഫീ ലിഖിതങ്ങൾ പോലെ
സഖീ, നീയെന്റെ കൈവെള്ളകളിൽ
ചാപ്പ കുത്തിയിരിക്കുന്നു.

മരക്കസേരകളിലും
അതിന്റെ കൈപ്പിടികളിലും പ്രിയേ
നീ ഒളിഞ്ഞിരിക്കുന്നു.
നിന്നിൽ നിന്നും ഒരു നിമിഷം മാറി നില്ക്കാൻ
ശ്രമിക്കുമ്പോഴൊക്കെ
നിന്നെ ഞാനെന്റെ
കൈവെള്ളയിൽ കാണുന്നു

അവരെന്നെക്കുറിച്ച്
പറഞ്ഞതെല്ലാം ശരിയാണ്‌
കാമിനിമാരെക്കുറിച്ചും
അനുരാഗത്തെക്കുറിച്ചുമുള്ള
എന്റെ വീക്ഷണങ്ങളെക്കുറിച്ചും
അവർ ആരോപിക്കുന്നതൊക്കെയും ശരിയാണ്‌
പക്ഷേ, അവരറിയുന്നില്ല
നിന്നോടുള്ള അനുരാഗം നിമിത്തം
ഞാൻ ഏശുവിനെപ്പോലെ
രക്തം വാർന്നു മരിക്കുകയാണെന്ന്.

ഞങ്ങളുടെ സ്നേഹത്തിന്റെ
ഉത്തുംഗ സോപാനത്തിൽ
വിവേകമെന്നൊന്നില്ല,
ഒരു സംഭാഷണങ്ങളുമില്ല.
ആ സ്നേഹത്തെപ്പറ്റി
ഏറ്റവും നന്നായി വർണ്ണിക്കുകയാണെങ്കിൽ
ഇങ്ങനെ പറയാം
“അതു വെള്ളത്തിനു മുകളിലൂടെ നടക്കും
എന്നാലും മുങ്ങിപ്പോകില്ല”.

നീ സുന്ദരിയാണ്‌
പക്ഷേ നിന്റെ സൗന്ദര്യത്തിന്‌
പൂർണ്ണത ലഭിക്കണമെങ്കിൽ
എന്റെ ഈ കൈത്തണ്ടകളിലൂടെ
നീ നടന്നു പോകണം.

പ്രിയേ,
നിന്റെ കണ്ണുകളിലൂടെ
സഞ്ചരിക്കുമ്പോഴൊക്കെ
മാന്ത്രികപ്പ്രവതാനിയിലൂടെ
സഞ്ചരിക്കുകയാണ്‌ ഞാനെന്ന്
എനിക്കു തോന്നുന്നു
ചുവന്ന മേഘങ്ങൾ
എന്നെ ഉയർത്തിക്കൊണ്ടു പോകുന്നു
പിന്നീടതു വയലറ്റു നിറമായി മാറുന്നു

ഞാൻ നിന്റെ കണ്ണുകളിൽ പ്രിയേ
ഭൂഗോളത്തെപ്പോലെ
കറങ്ങിക്കൊണ്ടിരിക്കുന്നു.

മത്സ്യത്തോട് നിനക്ക്
വല്ലാത്ത സാദൃശ്യമുണ്ട്
പെട്ടണ്ണടുക്കുന്നു
പേടിച്ചു പിന്മാറുന്നു.

എന്നന്തരാളങ്ങളിൽ
ആയിരം സ്ത്രീകളെ
ഞാൻ കശാപ്പു ചെയ്തു
അതിനു ശേഷം നീയവിടുത്തെ
രാക്ജ്ഞിയായി മാറി.

ഞാൻ എഴുതുന്നതെല്ലാം വെറുതെ,
എന്റെ വികാരങ്ങൾ
എന്റെ ഭാഷയേക്കാൾ വലുതാണ്‌.
എന്റെ വിചാരങ്ങൾ നിന്നിലേക്ക് നടന്നടുക്കുന്നു
എന്റെ ശബ്ദങ്ങൾ തൊണ്ടയിൽ കുടുങ്ങിപ്പോകുന്നു.

വെറുതെയാണ്‌ ഞാൻ എഴുതുന്നതൊക്കെയും.
കൊക്കുകളിലൊതുങ്ങാത്ത വാക്കുകൾ.
എന്റെ മുഴുവൻ വരികളെയും
ഞാൻ വെറുക്കുന്നു.
എന്റെ പ്രശ്നം നീയാണ്‌
നീ മാത്രമാണ്‌.

എന്റെ അനുരാഗം
വാക്കുകൾക്കതീതമാണ്‌.
അതു കൊണ്ട് ഞാൻ
മൗന വൃതത്തിലേർപ്പെടുന്നു.

നിനക്കു വിട!!!

(എന്റെ ഈ പരിഭാഷ പ്രവാസി ചന്ദ്രിക ജനുവരി (2010) ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു).