Sunday, September 13, 2009

ഞാൻ ഭീകരൻ

ഞാൻ ഭീകരൻ!!.
അഹ്‌മദ്‌ മഥർ

മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌.

തീപ്പെട്ടിക്കൂടു കൊണ്ട്‌
ഞാനൊരു കളിപ്പാട്ടം ഉണ്ടാക്കുമ്പോൾ
പാശ്ചാത്യൻ
പേടിച്ചു നിലവിളിക്കുന്നു:

അവനാണ്‌
എന്റെ ഞരമ്പുകളുടെ കയറു കൊണ്ട്‌
എനിക്കു വേണ്ടി
കഴുമരം പണിതു നൽകിയത്‌

എന്റെ നീളൻകുപ്പായം
കീറിക്കളഞ്ഞ വിവരം
ഒരു നാൾ ഞാൻ പരസ്യപ്പെടുത്തുമ്പോൽ
പശ്ചാത്യൻ ബേജാറാകുന്നു.

എന്റെ സംസ്കാരത്തിൽ ലജ്ജ തോന്നേണ്ടെന്നും,
എന്റെ സന്തോഷങ്ങൾ പ്രകടിപ്പിക്കാനുള്ളതാണെന്നും,
എന്റെ മാനം കവർന്നെടുക്കാൻ
ശ്രമിക്കുന്നവർക്കെതിരെ
സാഹസം പ്രകടിപ്പിക്കണമെന്നും
എന്നെ ഉൽബോധിപ്പിച്ചവനായിരുന്നു അവൻ.

മിഹ്‌റാബിന്റെ നിശബ്ദതയിൽ
ഏകനായ ദൈവത്തെ
ഞാൻ ആരാധിക്കുമ്പോഴും
പശ്ചാത്യൻ ആകുല ചിത്തനാകുന്നു.

സ്വന്തം വാലിലെ രോമം കൊണ്ടും
സ്വന്തം ചെരിപ്പിൽ പറ്റിപ്പിടിച്ച മണ്ണു കൊണ്ടും
ആയിരം ദൈവങ്ങളെ
സൃഷ്ടിച്ചവനാണവൻ

ഞാനവരുടെ ആരാധകനാകാനും
പരമമായ വിധേയത്തം കാണിക്കാനുമായി
പിന്നീടവയെ അവൻ
പെരുമയുടെ ചണ്ടിക്കൂനയിൽ കൊണ്ടു വന്ന് സ്ഥാപിച്ചു.

ഞാനെന്റെ പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ
അവൻ… അവർ പ്രഹരിക്കുകയാണ്‌.
പൂക്കളുടെയും ചെടികളുടെയും
സുഗന്ധത്തെപ്പറ്റി ഞാൻ സംസാരിക്കുമ്പോൾ
അവരെന്നെ ഭീകരന്മാരുടെ പട്ടികയിൽ കയറ്റി
ക്രൂശിക്കുകയാണ്‌.

പാശ്ചാത്യന്മാരും
അവരുടെ വാലാട്ടികളും
ചെയ്യുന്നതെല്ലാം
അതി മഹത്തായ കർമ്മങ്ങൾ

എന്നാൽ ഞാനെപ്പോഴെങ്കിലും
സ്വാതന്ത്ര്യത്തിനു വേണ്ടി
നടുനിവർത്തുമ്പോൾ
ഞാൻ ചെയ്യുന്നതൊക്കെയും
ഭീകര പ്രവർത്തനങ്ങൾ!!!.

അവരാണെന്റെ ലോകത്തെ തകർത്തു തരിപ്പണമാക്കിയത്‌
അവർ വിതച്ചത്‌ അവർ തന്നെ കൊയ്തെടുക്കട്ടെ.

എന്റെ അധരങ്ങൾക്കു മുകളിൽ,
എന്റെ രക്താണുക്കളിൽ
സംഹാരത്തിന്റെ സാമ്രാജ്യത്വം
സ്ഥാപിക്കപ്പെട്ടാൽ
പാശ്ചാത്യന്റെ
കപോലങ്ങൾക്കു മുകളിൽ
മെതിയടി കൊണ്ട്‌ ഞാനിങ്ങനെ
രേഖപ്പെടുത്തും
“അതെ, ഞാൻ ഭീകരനാകുന്നു”.

ഭൂകമ്പങ്ങൾക്കെല്ലാം
ചില കാരണങ്ങളുണ്ട്‌
ആ കാരണങ്ങളെ നിങ്ങൾക്കു
കണ്ടെത്താൻ കഴിയുമെങ്കിൽ
നിങ്ങൾക്കെന്റെ കാരണങ്ങളെയും
കണ്ടെത്താൻ കഴിയും

ഞാനെടുക്കുന്നത്‌ പേനയല്ല
എന്റെ പുലിനഖങ്ങളാകുന്നു
ഞാൻ ആശയങ്ങളെ തേടുന്നില്ല
എന്റെ തേറ്റകളെയാണന്വേഷിക്കുന്നത്‌

കാട്ടു നീതി, അതിന്റെ മുഴുവൻ പരിവാരങ്ങൾക്കൊപ്പം
കാട്ടിലേക്കു മടങ്ങും വരേ
എന്നെ സമനില വീണ്ടു കിട്ടിയവനായി
നിനക്കു കാണാൻ കഴിയില്ല.

* * * *
അതെ ഞാൻ ഭീകരനാണ്‌.
എന്റെ പിന്നിൽ വന്ന് ഓരിയിടുന്ന
മുഴുവൻ പ്രഷേപകരോടും
ഞാനുപദേശിക്കുകയാണ്‌
ഇന്നു മുതൽ നിങ്ങൾ
ടാങ്കുകളുടെ കവചം എടുത്തണിയുക
കാരണം
എപ്പോഴെങ്കിലും
നിങ്ങളെന്റെ വാതിലിൽ കൊട്ടിയാൽ
ഞാൻ നിങ്ങളുടെ
തലയിൽ വന്ന് കൊട്ടും… തീർച്ച.!!

Wednesday, September 9, 2009

തീവ്ര വാദികളുടെ കൂടെ

തീവ്ര വാദികളുടെ കൂടെ.
നിസാർ ഖബ്ബാനി
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.

പൂവിനെ,
സ്ത്രീയെ,
വിശുദ്ധമായ കാവ്യത്തെ,
ആകാശത്തിന്റെ നീലിമയെ,
വെള്ളവും വായുവും അന്യാധീനപ്പെടുകയും
ഖൈമയും കഹ്‌വയും ഒട്ടകവും
അപ്രത്യക്ഷമാവുകയും ചെയ്ത
നാടിനെ...,
സംരക്ഷിച്ചു നിർത്താൻ പ്രതിരോധം തീർക്കുമ്പോൾ
നിങ്ങൾ ഞങ്ങളെ
തീവ്രവാദികളായി മുദ്രകുത്തുന്നു.
* * * *
ബൽകീസിന്റെ കാർക്കൂന്തലുകൾക്കായ്‌,
മൈസൂനിന്റെ, ഹിന്ദിന്റെ, ദഅദിന്റെ,
ലുബ്നയുടെ, റുബാബിന്റെ, അധരങ്ങൾക്കായ്‌..
ദേവശാസനകൾ പോലെ പെയ്തിറങ്ങുന്ന
സുറുമയുടെ പേമാരികൾക്കായ്‌...
സർവ്വ ശക്തിയുമുപയോഗിച്ച്‌
ഞങ്ങൾ പ്രതിരോധം തീർക്കുമ്പോൾ
ഞങ്ങളുടെ പക്കൽ
ഒളിച്ചു വെച്ച കാവ്യങ്ങളില്ല.
ദുർഗ്രഹമായ ഭാഷകളില്ല.
വാതിൽപ്പടികൾക്കിടയിൽ
മറച്ചു വെച്ച രഹസ്യ അജണ്ടകളില്ല.
മൂടു പടമിട്ട്‌ നിരത്തിലൂടെ നടന്നു നീങ്ങുന്ന
ഒരു കവിത പോലുമില്ല.
* * * *
വലിച്ചെറിയപ്പെട്ട,
പൊട്ടിപ്പൊളിഞ്ഞ,
പൊടിപുരണ്ട,
അംഗ വൈകല്യം സംഭവിച്ച,
സ്വന്തം മേൽവിലാസം പോലുമില്ലാത്ത
പേരുകൾ നഷ്ടപ്പെട്ട പ്രജകളുള്ള,
ഖാൻസാഇന്റെ വരികളല്ലാതെ
തന്റെ മഹാകാവ്യത്തിൽ ഒന്നും ശേഷിക്കാത്ത,
ചക്ര വാളങ്ങളിൽ ചെമപ്പും നീലയും മഞ്ഞയും കളർന്ന
സ്വാതന്ത്ര്യം കളഞ്ഞു പോയ,
ദിനപത്രങ്ങൾ വാങ്ങാനോ
വാർത്തകൾ കേൾക്കാനോ സമ്മതിക്കാത്ത
രാഗമാലപിക്കുന്നതിൽ നിന്നും
മുഴുവൻ ബുൾബുളുകളെയും
എന്നെന്നേക്കുമായി തടഞ്ഞു വെച്ച,
കടുത്ത ഭയം മൂലം
വലിച്ചെറിയപ്പെടുന്ന,
ശൂന്യവും നിരർത്ഥകവും ഇറക്കുമതി ചെയ്യപ്പെട്ടതും
തുടക്കവും ഒടുക്കവുമില്ലാത്തതും
മനുഷ്യന്റെ ദുരന്തങ്ങൾ
പ്രമേയമാകാത്തതുമായ കവിതകൾ മാത്രം
തലയിലേറ്റാൻ വിധിക്കപ്പെട്ടതുമായ
ഒരു നാടിനെപ്പറ്റി
എന്തെങ്കിലും എഴുതിപ്പോയാൽ
നിങ്ങൾ ഞങ്ങളെ
തീവ്രവാദികളായി മുദ്ര കുത്തുന്നു.
* * * *
സമാധാന ഉടമ്പടികൾക്കു വേണ്ടി
നടന്നു പോകാൻ വിധിക്കപ്പെട്ട
ഒരു നാടിനു വേണ്ടി,
ഭയം മൂലം ആണുങ്ങൾ മൂത്രമൊഴിച്ചു പോവുകയും
പെണ്ണുങ്ങൾ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന
ഒരു നാടിനു വേണ്ടിയും..
(പ്രതിരോധം തീർക്കുമ്പോഴും ഞങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നു)

കണ്ണുകളിൽ ഉപ്പുരസം,
ചുണ്ടുകളിൽ ഉപ്പുരസം,
ചുണ്ടുകളിൽ ഉപ്പുരസം
ഞങ്ങളുടെ വാക്കുകളിലും ഉപ്പു രസം,

ഖഹ്ത്താനികളിൽ നിന്ന്‌
നമുക്ക്‌ അനന്തിരം കിട്ടിയത്‌
ഖഹ്ത്‌(ദാരിദ്ര്യം) ആണോ?.

ഞങ്ങളുടെ സമൂഹത്തിൽ മുആവിയയില്ല,
അബൂ സുഫ്‌യാനില്ല,
ഞങ്ങളുടെ ഭവനത്തിനും
റൊട്ടിക്കും സൈതൂനിനും വേണ്ടി
നീക്കു പോക്കു നടത്തുന്നവരുടെ മുഖത്തു നോക്കി
അരുതെന്നു പറയാൻ
ഒരാളും ഇന്നവശേഷിക്കുന്നില്ല.
ഞങ്ങളുടെ പവിത്രമായ ചരിത്രത്തെ
അവർ ചന്തയിലേക്കു തള്ളി.

രാജാവിന്റെ കിടപ്പറകളിൽ വെച്ച്‌
പാതിവൃത്യം നഷ്ടപ്പെടാത്ത
ഒരു കവിത പോലും ഇന്നു ബാക്കിയില്ല.
* * * *
നിന്ദ്യത ഏറ്റു വാങ്ങുന്നത്‌
ഞങ്ങൾക്കൊരു ശീലമായിപ്പോയി.
അങ്ങനെയൊരവസ്ഥയിൽ
മാനുഷിക മൂല്യങ്ങളില്‍
എന്താണവശേഷിക്കുക?

ഉസാമതുബിനുൽ മുൻഖിതിനെ,
ഉഖ്ബതുബിനു നാഫിഇനെ,
ഉമറിനെ, ഹംസയെ,
ശാമിലേക്ക്‌ നൂഴ്‌ന്നു കയറിയ ഖാലിദിനെ,
അഗ്നിയുടെ നാവുകളിൽ നിന്നും
ബന്ധനത്തിന്റെ ഭീകരതയിൽ നിന്നും
സ്ത്രീകളെ രക്ഷിക്കാൻ ഒരു മുഅതസിം ബില്ലയെ
ചരിത്ര താളുകളിൽ ഞാൻ
തിരഞ്ഞു നടന്നു.

അവസാനത്തെ മനുഷ്യനെക്കുറിച്ച്‌
ഞാൻ അന്വേഷിച്ചു.
മൂഷികന്മാരുടെ ആധിപത്യത്തിൽ
മരണ ഭയം കൊണ്ട്‌ പേടിച്ചു വിറക്കുന്ന
പൂച്ചകളെയാണ്‌
രാത്രികളിലെന്നും എനിക്കു കാണാൻ കഴിഞ്ഞത്‌.

പൊതു ജനത്തിന്റെ കണ്ണുകൾ
പൂർണ്ണമായും നഷ്ടമായോ?
അതോ നിറങ്ങള്‍ക്ക് അന്ധത ബാധിച്ചതാണോ?
* * * *
ഞങ്ങളുടെ നിലത്തെയും,
ഞങ്ങളുടെ ചരിത്രത്തെയും,
ഞങ്ങളുടെ ബൈബിളിനെയും,
ഞങ്ങളുടേ ഖുർആനിനെയും,
ഞങ്ങളുടേ പ്രവാചകന്മാരുടെ മണ്ണിനെയും,
മാന്തിപ്പറിക്കുന്ന ഇസ്രയേലിന്റെ ബുൾഡോസറുകൾക്കു മുമ്പിൽ
മരിക്കാൻ വിസമ്മതിക്കുമ്പോൾ
ഞങ്ങൾ തീവ്ര വാദികളായി തെറ്റിദ്ധരിക്കപ്പെടുന്നു.
ഇതു തീവ്രവാദമാണെങ്കിൽ
തീവ്രവാദം എത്രമേൽ മനോഹരം.!!

Tuesday, September 8, 2009

വിചിത്ര കവിതകൾ

വിചിത്ര കവിതകൾ - എട്ട്‌.
തഴെയുള്ള വരികളിലെ വാക്കുകൾ ഉച്ചരിക്കുമ്പോൾ ഒരേ പോലെ.
എന്നാൽ അർത്ഥത്തിൽ വളരെ വ്യത്യാസമുണ്ടു താനും.


വിചിത്ര കവിതകൾ - ഒൻപത്‌.
ഇബ്നു ഖുതൈബ തന്റെ "ഉയൂനുൽ അഖ്ബാർ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ ഒരു സംഭവം വിവരിക്കുന്നു:
ഒരിക്കൾ പ്രശസ്ത അറബി ഭാഷാ പണ്ഡിതൻ "അബൂ അൽഖമ" ഒരിക്കൽ ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ബോധ രഹിതനായി നിലത്തു വീണു പോയി. അതു കണ്ട്‌ ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും കൂടി. ചിലർ അദ്ദേഹത്തിന്റെ കാലിന്റെ പെരുവിരൾ പിടിച്ചു വലിക്കുകയും ചിലർ അദ്ദേഹത്തിന്റെ ചെവിയിൽ ബാങ്ക്‌ കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. ഉടനെ അദ്ദേഹം ബോധം തെളിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ കൂടി നിൽക്കുന്ന ആളുകളെ നോക്കി അദ്ദേഹം രോഷാകുലനായി ഇങ്ങനെ പറഞ്ഞു.

അതിന്റെ അർത്ഥം അറബിയിൽ ഇങ്ങനെ

മലയാളത്തിൽ ഇങ്ങനെയും.
നിങ്ങളെന്താണ്‌ ഒരു ഭ്രാന്തനെ നോക്കുന്നതു പോലെ എന്റെ ചുറ്റും കൂടിയിരിക്കുന്നു. എല്ലാവരും പിരിഞ്ഞു പോകണം."
ഇതും പറഞ്ഞു അദ്ദേഹം മെല്ലെ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വിചിത്രമായ ഈ വാക്കുകൾ ഭാഷയിലെ ഒരു കൗതുകമായി മാറുകയും ചെയ്തു.

Saturday, September 5, 2009

വിചിത്ര കവിതകൾ

വിചിത്ര കവിതകൾ - ആറ്‌,

click the picture to see enlarged
മുകളിൽ രണ്ട്‌ വിത്യസ്ത കവിതകൾ കൊടുത്തിരിക്കുന്നു.ആദ്യത്തെ ഈരടി വായിക്കാൻ നാവിന്റെ ആവശ്യമേ ഇല്ല. അതായത്‌ വായിക്കുമ്പോൾ നാവ്‌ ചലിപ്പിക്കേണ്ട ആവശ്യമില്ല. രണ്ടാമത്തെ വരി നോക്കൂ..അതു വായിക്കുമ്പോൾ ചുണ്ടുകൾ ചലിക്കുന്നില്ല.

വിചിത്ര കവിതകൾ - ഏഴ്

അറബിയിലെ പദങ്ങളിൽ പലതിനും കുത്തുകളും വരകളുമുണ്ടാകും, മുകളിലെ രണ്ടു കവിതകൾ ശ്രദ്ധിക്കൂ,അവയിൽ നിന്നു കുത്തുകളും വരകളുമെല്ലാം എടുത്തു മാറ്റിയാല്‍ തൊട്ടടുത്തുള്ള ഓരോ ഈരണ്ടു പദങ്ങളും കാഴ്ചയിൽ ഒരേ പോലെയിരിക്കുന്നതു കാണാം.