Tuesday, January 26, 2010

അതിഥിയുടെ വർത്തമാനം - ഇമാം ശാഫി(റ)


അതിഥിയുടെ വർത്തമാനം.
ഇമാം ശാഫി(റ)

പോയിട്ട്‌ എന്തൊക്കെയാണവിടുത്തെ വിശേഷം എന്ന്
നിന്റെ അതിഥിയോട്‌ അയാളുടെ വീട്ടുകാർ ചോദിക്കുമ്പോൾ
അയാളെന്താണു മറുപടി പറയുക?.

ഓളങ്ങൾ അലതല്ലുന്ന യൂപ്രട്ടീസ്‌ നദി മുറിച്ചു കടന്നിട്ടും
എന്റെ ദാഹം ശമിച്ചില്ല എന്നയാൾ പറയുമോ?.
ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിയിട്ടും
ഞാനുദ്ദേശിച്ചിടത്തെത്താനനുവദിക്കാതെ മലമ്പാതകൾ
എന്നെ ഞെരുക്കിക്കളഞ്ഞുവെന്നും അയാൾ പറയുമോ?

* * *

സ്ഫടികം വെള്ളത്തിലെ കരടുകൽ വെളിപ്പെടുത്തുന്നതു പോലെ
എന്റെ സൗഹൃദാഭിനയം എന്റേതന്നെ സവിശേഷതകളെക്കുറിച്ച്‌
നിന്നോട്‌ പറയുക തന്നെ ചെയ്യും

എന്റെ പക്കൽ കവിതയുടെ മുത്തും മാണിക്യങ്ങളുമുണ്ട്‌
വാക്കുകളുടെ കിരീടവും മുകുടവുമുണ്ട്‌
അവയുടെ ദളങ്ങൾ കുന്നിൽ മുകളിൽ തലയുയർത്തി നിൽക്കുന്നു
അവയുടെ പട്ടുടയാടകൾ ഹിമകണങ്ങളിൽ തട്ടി വെട്ടിത്തിളങ്ങുന്നു

പ്രതിഭാധനനായ കവി രാജവെമ്പാലയാണ്‌
അയാളുടെ കവിതകൾ വായിൽ നിന്നൊലിക്കുന്ന പാഷാണവും.

കവികളുടെ ശത്രുത മാറാവ്യാധിയാണ്‌.
മാന്യന്മാർ പോലും അതിനെ ചികിത്സിച്ചു മാറ്റാൻ പ്രയാസപ്പെടാറുണ്ട്‌.

Monday, January 11, 2010

പ്രതീക്ഷ - മഹ്‌മൂദ്‌ ദർവീശ്‌.



പ്രതീക്ഷ
.

മഹ്‌മൂദ്‌ ദർവീശ്‌.

നിങ്ങളുടെ പാത്രത്തിൽ
തേനിന്റെ അംശം ബാക്കിയുണ്ടാവുമ്പോഴെല്ലാം
അതിൽ വന്നു വീഴാതിരിക്കാൻ
ഈച്ചകളെ നിങ്ങൾ ആട്ടിയോടിക്കുക.

നിങ്ങളുടെ മുന്തിരിവള്ളിയിൽ
കുലകൾ ഉള്ളപ്പോഴെല്ലാം
അതു പഴുത്തു പാകമായിത്തീരാൻ
തോട്ടം സൂക്ഷിപ്പുകാരാ,
കുറുക്കന്മാരെ തുരത്തിയോടിക്കുക

നിങ്ങളുടെ കുടിലിൽ
പായയും വാതിലും ഉള്ള കാലത്തൊക്കെയും
മരംകോച്ചുന്ന തണുപ്പേൽക്കാതെ
നിങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങാനായി
വാതിലുകൾ അടച്ചു വെക്കുക.

നിങ്ങളുടെ ഹൃദയത്തിൽ
രക്തം സ്രവിക്കുന്ന കാലത്തോളം
പിതാക്കന്മാരേ,
നിങ്ങളതു ചിന്തരുത്‌;
കാരണം നിങ്ങളുടെ ഉദരത്തിൽ
ഒരു കുഞ്ഞ്‌ വളരുന്നുണ്ട്‌

നിങ്ങളുടെ അടുപ്പിൽ വിറകും,
കഹ്‌വയും
ഒരു കെട്ട്‌ വിറകും
ഉള്ള കാലത്തൊക്കെയും.............