Monday, March 30, 2009

നാസിക്‌ അൽ-മലാഇക


നാസിക്‌ അൽ-മലാഇക
പ്രശസ്ത ആധുനിക അറബിക്കവയത്രി.
ഇറാഖി വംശജ. ജനനം. 1923 ബാഗ്‌ദാദിൽ.
മരണം 20 ജൂൺ 2007 കൈറോവിൽ.
1944-ൽ ബാഗ്‌ദാദിലെ ദാറുൽ മുഅല്ലിമീനിൽ നിന്നും ബിരുദം. 1949-ൽ ബാഗ്‌ദാദ്‌ ഫൈൻ ആർട്ട്സ്‌ ഇൻസ്റ്റിറ്റുട്ടിൽ നിന്നും സംഗീതത്തിൽ ബിരുദം.
1959-ൽ അമേരിക്കയിലെ വെസ്കൻസൻ യൂനിവേർസിറ്റിയിൽ നിന്നും സാഹിത്യത്തിൽ മാസ്റ്റർ ബിരുദം. ഇറാഖിലെ ബാഗ്‌ദാദ്‌, ബസറ, കുവൈത്ത്‌ യൂനിവേർസിറ്റികളിൽ അധ്യാപികയായി ജോലി ചെയ്തു. 1990 മുതൽ താമസം ഈജിപ്തിലെ കൈറോവിലേക്ക്‌ മാറ്റി.
അറബി ഭാഷയിൽ സ്വതന്ത്ര കവിതക്ക്‌ തുടക്കം കുറിച്ചത്‌ ഇവരാണെന്നും ആദ്യത്തെ സ്വതന്ത്ര കവിത കോളറയാണെന്നുമാണ്‌ പരക്കെ അറിയപ്പെടുന്നത്‌. എന്നാൽ അവർ തന്നെ പിന്നീടതു നിഷേധിച്ചിട്ടുണ്ട്‌. 1932 മുതൽ തന്നെ അറബിയിൽ സ്വതന്ത്ര കവിത ഉണ്ടായിരുന്നു വേന്ന് അവർ സമ്മതിക്കുകയും ചെയ്തു.
---------------------------------------------------------

കോളറ (1947)
നാസിക്‌ അൽ മലാഇക.
വിവ്‌. മമ്മൂട്ടി കട്ടയാട്‌.

രാത്രി എരിഞ്ഞടങ്ങി.

ഇരുട്ടിന്റെ അഗാധതയിൽ,
മൗനത്തിന്റെ അടിത്തട്ടിൽ,
തേങ്ങലുകളുടെ മുരൾച്ചകൾക്കായി
കാതോർക്കുക.


ഉയർന്നു പൊങ്ങുന്ന ആർത്ത നാദങ്ങൾ,
പിടയുന്ന മനസ്സുകൾ,
വിതുമ്പിപ്പുറത്തു ചാടുകയും
ആളിക്കത്തുകയും ചെയ്യുന്ന ദു:ഖങ്ങൾ!
തിളച്ചു മറിയുന്ന ഹൃദയങ്ങളിൽ
നിലവിളിയുടെ ആരവങ്ങൾ!
പാവപ്പെട്ട കൂരകളിൽ തളം കെട്ടിയ ദു:ഖങ്ങൾ!
ഇരുട്ടിൽ എല്ലായിടത്തും വെച്ച്‌
അട്ടഹസിക്കുന്ന ആത്മാവുകൾ!
എവിടെയും രോദനങ്ങളുടെ ശബ്ദങ്ങൾ മാത്രം.
ഇത്‌ മൃത്യു പിച്ചിച്ചീന്തിയ അടയാളങ്ങൾ!
മരണം, മരണം, പിന്നെയും മരണം
മൃത്യുവിന്റെ കരാള ഹസ്തങ്ങൾ
ചെയ്തു കൂട്ടിയ ക്രൂരതകൾ കണ്ട്‌ നിളവിളിക്കുന്ന നൈലിന്റെ ദു:ഖമേ!!

വീണ്ടും ഒരു പ്രഭാതം;

പുലരിയുടെ നിശബ്ദതയിൽ
അതി ശീഘ്രം നടന്നകലുന്നവരുടെ
കാലൊച്ചകൾ ശ്രദ്ധിക്കുക;
നിലവിളിക്കുക.
കരഞ്ഞു കൊണ്ടോടുന്ന സംഘത്തെ നോക്കൂ;
പത്ത്‌ മരണം, ഇരുപത്‌ മരണം,
എണ്ണിയിട്ടൊടുങ്ങുന്നില്ല.
കേഴുന്നവർക്കൊപ്പം കേഴുക.

ആ പാവം കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നില്ലേ?
ജഢങ്ങൾ, വീണ്ടും ജഢങ്ങൾ!!
എണ്ണം പിഴക്കുന്നു,
ജഢങ്ങൾ, പിന്നേയും ജഢങ്ങൾ!!
ദു:ഖിതനെ സമാധാനിപ്പിക്കാൻ ഒരിടത്തും
ഒരാളും നാളെ ബാക്കിയുണ്ടാവില്ല.

അനശ്വര നിമിഷങ്ങളേ വിട.
ഇത്‌ മൃത്യുവിന്റെ കൈകൾ ചെയ്തു വെച്ചത്‌.
മരണം, മരണം, പിന്നേയും മരണം,
മരണത്തിന്റെ ചെയ്തികളെ കുറിച്ച്‌
മനുഷ്യത്വം വിലപിക്കുന്നു.

കോളറ;
ഭീകരതയുടെ ഗുഹകൾക്കുള്ളിൽ
ഛേദിക്കപ്പെട്ട അവയവങ്ങൾ.
പരുഷവും അനന്തവുമായ മൗനത്തിൽ
മരണം ഒരൗഷധമായി
കോളറയെന്ന മഹാമാരിയെ തട്ടിയുണർത്തി.

സന്തോഷത്തോടെ സല്ലപിക്കുന്ന
തെളിഞ്ഞ മലയോരങ്ങളെ
അത്‌ അടിച്ചു വീഴ്ത്തി
ഒരു ഭ്രാന്തനെപ്പോലെ അലറി വിളിച്ചു.
നിലവിളികളുടെ ശബ്ദം അത്‌ കേട്ടില്ല.
ആർത്ത നാദങ്ങൾക്കു മേൽ,
എല്ലായിടത്തും
അതിന്റെ നഖങ്ങൾ ആധിപത്യം സ്ഥാപിച്ചു.
കർഷകന്റെ കുടിലുകളിൽ അത്‌ പാഞ്ഞു കയറി
മരണത്തിന്റെ വെപ്രാളങ്ങളല്ലാതെ
മറ്റൊന്നും കേൾക്കാനില്ല.
മരണം, മരണം, പിന്നെയും മരണം,
കോളറ പിടിപെട്ടവന്റെ ശരീരത്തിൽ
മരണം ഒരു ശിക്ഷയായി ഭവിച്ചു.

മൗനം കൈപ്പേറിയതാകുന്നു.
ആവർത്തിച്ചു വരുന്ന ദൈവകീർത്തനങ്ങളല്ലാതെ
മറ്റൊന്നും കേൾക്കാനില്ല.
കുഴിവെട്ടുകാരന്‌ നിൽക്കാൻ സമയമില്ല.
ഒരു സഹായിയേയും കിട്ടാനുമില്ല.
പള്ളിയിലെ "മുക്രി" മരിച്ചു പോയി.
ഇനി ആരാണ്‌ ശേഷക്രിയകൾ നടത്തുക?
വിലാപങ്ങളും ചരമഗീതങ്ങളും മാത്രമേ ബാക്കിയുള്ളൂ.

അച്ചനും അമ്മയുമില്ലാത്ത ഒരു കുഞ്ഞ്‌
കരളുരുകി ക്കരയുകയാണ്‌.
ഈ മഹാ മാരി
നാളെപ്പുലർച്ചയ്ക്ക്‌ അവനെയും പിടികൂടും
സംഹാരത്തിന്റെ പ്രേതമേ,
മൃത്യുവിന്റെ സങ്കടങ്ങളല്ലാതെ നീയൊന്നും
ബാക്കി വെച്ചില്ലല്ലോ.
മരണം, മരണം, പിന്നേയും മരണം!!.

എന്റെ ദേശമേ,
മൃത്യുവിന്റെ കരങ്ങൾ
എന്റെ വികാരങ്ങളെ മോത്തവും
പിച്ചി ച്ചീന്തിയിരിക്കുകയാണ്‌.
000000000000000000000000000000