Wednesday, September 7, 2011

സ്വപ്നം - ഖലീൽ ജിബ്രാൻ


സ്വപ്നം.
ജിബ്രാൻ ഖലീൽ ജിബ്രാൻ.
വിവർത്തനം: മമ്മൂട്ടി കട്ടയാട്.


രാത്രി കടന്നു വരികയും ഇരുട്ടിന്റെ മൂടുപടം ഭൂമുഖത്തെ ആവരണം ചെയ്യുകയും ചെയ്തപ്പോൾ ഞാനെന്റെ വിരിപ്പിൽ നിന്നെഴുന്നേറ്റ് കടലിനെ ലക്ഷ്യം വെച്ചു നടന്നു. നടക്കുമ്പോൾ ഞാനിങ്ങനെ ഉരുവിടുന്നുണ്ടായിരുന്നു.
‘കടൽ ഉറങ്ങാറില്ല. കടലിന്റെ ഉണർവ്വിൽ ഉറങ്ങാത്ത ആത്മാവുകൾക്കു ശാന്തി ലഭിക്കാറുണ്ട്’.

കടൽ തീരത്തെത്തിയപ്പോൾ കോടമഞ്ഞ് മലമുകളിൽ നിന്നിറങ്ങി വന്ന് ആ പ്രദേശങ്ങളെയാകെ മൂടിക്കളഞ്ഞിട്ടുണ്ടായിരുന്നു. സുന്ദരിയായ പെൺകുട്ടിയുടെ വദനം മൂടിയ നരച്ച മുഖപടം പോലെ തോന്നിച്ചു അത്. പട്ടാളച്ചിട്ടയുള്ള തിരമാലകളെ ഞാൻ നോക്കി. അവയുടെ മുദ്രാവാക്യങ്ങൾക്കു ചെവികൊടുത്തു. പിന്നിൽ മറഞ്ഞിരിക്കുന്ന അജയ്യമായ ശക്തിയെ കുറിച്ച് ചിന്തിച്ചു. ആ ശക്തിയാകുന്നു കൊടുങ്കാറ്റുകൾക്കൊപ്പം നൃത്തം വെക്കുന്നത്. അഗ്നി പർവ്വതങ്ങളുടെ കൂടെ തിളച്ചു മറിയുന്നത്. പൂവുകളുടെ ദന്തങ്ങളിലൂടെ പുഞ്ചിരിക്കുന്നത്. കാട്ടുചോലകൾക്കൊപ്പം പാട്ടു പാടുന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി. അടുത്തു തന്നെയുള്ള പാറപ്പുറത്ത് മൂന്നു പ്രേതങ്ങൾ വന്ന് സ്ഥാനം പിടിച്ചിരിക്കുന്നു. കോട അവരെ മൂടിയിട്ടുണ്ട്. എന്നാലും എനിക്കവരെ കാണാം. ഞാൻ സാവധാനം അടുത്തേക്കു നടന്നു. എന്റെ ഉൾക്കരുത്തിനെ അവരിലേക്ക് അടുപ്പിക്കാൻ പാകത്തിൽ എന്തോ ഒരാകർഷണ ശക്തി ഞങ്ങൾക്കിടയിലുണ്ടായിരുന്നു.

ഏതാനും ചുവടുകൾ മാത്രം അകലെതെത്തിയപ്പോൾ എന്റെ മനോധൈര്യത്തെ ശീതീകരിക്കുകയും എന്റെ ആത്മാവിന്റെ ഭാവനകളെ തട്ടിയുണർത്തുകയും ചെയ്യുന്ന ഒരു മാന്ത്രിക പ്രഭാവം അനുഭവപ്പെട്ടതു പോലെ ഒരു നിമിഷം ഞാൻ നിൽക്കുകയും അവരെ തുറിച്ചു നോക്കുകയും ചെയ്തു.
ഞാൻ മെല്ലെ ഒരു പ്രേതത്തിന്റെ തൊട്ടടുത്തു ചെന്നു നിന്നു. ആഴിയുടെ അടിത്തട്ടിൽ നിന്നു വരുന്നതു പോലെയുള്ള ശബ്ദത്തിൽ അത് അലറി വിളിച്ചു:
“സ്നേഹ ശൂന്യമായ ജീവിതം പൂക്കളും കായകളുമില്ലാത്ത വൃക്ഷം പോലെയാണ്. സൌന്ദര്യമില്ലാത്ത സ്നേഹം സുഗന്ധമില്ലാത്ത പൂവു പോലെയും വിത്തുകളില്ലാത്ത പഴം പോലെയുമാണ്. ജീവിതവും സ്നേഹവും സൌന്ദര്യവും മാറ്റത്തേയും വിഭജനത്തെയും സ്വീകരിക്കാത്ത സ്വതന്ത്രമായ ത്രിയേകത്വത്തിലെ ഏകത്വമാകുന്നു”.

പിന്നെ രണ്ടാമത്തെ പ്രേതം എഴുന്നേറ്റു നിന്നു. കുത്തിയൊഴുകുന്ന ജലപ്രവാഹം പോലെ അത് ഇരമ്പി. “നിഷേധങ്ങളില്ലാത്ത ജീവിതം വസന്തങ്ങളില്ലാത്ത കാലം പോലെയാണ്. സത്യത്തെ കൂട്ടു പിടിക്കാത്ത നിഷേധം വരണ്ട മരുഭൂമിയിൽ വിരിയുന്ന വസന്തം പോലെയാണ്. ജീവിതവും നിഷേധവും സത്യവും മാറ്റത്തേയും വിഭജനത്തേയും സ്വീകരിക്കാത്ത ത്രിയേകത്വത്തിലെ ഏകത്വമാകുന്നു”.

അടുത്ത ഊഴം മൂന്നാമന്റേതായിരുന്നു. മൂന്നാമത്തെ പ്രേതം എഴുന്നേറ്റു നിന്നു. ഇടിനാദം പോലെയുള്ള ശബ്ദത്തിൽ അലറി:
“സ്വാതന്ത്ര്യമില്ലാത്ത ജീവിതം ജീവനില്ലാത്ത ശരീരം പോലെയാണ്. ചിന്തകളില്ലാത്ത സ്വാതന്ത്ര്യം കെണിയിലകപ്പെട്ട ആത്മാവിനെ പോലെയാണ്. ജീവിതവും സ്വാതന്ത്ര്യവും ചിന്തയും മങ്ങിമറയാത്തതും അനന്തവുമായ ത്രിയേകത്വത്തിലെ ഏകത്വമാകുന്നു”.

അതിനു ശേഷം മൂന്നു പ്രേതങ്ങളും ഒന്നിച്ചെഴുന്നേറ്റു നിന്ന് ഇങ്ങനെ പ്രസ്താവിച്ചു;
“സ്നേഹവും അതിന്റെ ഉത്പന്നവും നിഷേധവും അതിന്റെ പുരോഗതിയും ദൈവത്തിന്റെ മൂന്നു മുഖങ്ങളാവുന്നു. ദൈവമാണെങ്കിലോ ബുദ്ധിമാനായ ജ്ഞാനിയുടെ ഹൃദയവും”.

പിന്നീട് അസാധാരണമായ ചിറകടികളുടെ മൂളക്കവും ദിവ്യമായ ശരീരങ്ങളുടെ നടുക്കവും മൂലം ഉരുവപ്പെട്ട സർവ്വ വ്യാപിയായ ഒരു മൌനം പരിസരങ്ങളെയാകെ മൂടിപ്പുതച്ചു. അല്പം മുമ്പ് കേട്ട അശരീരികളുടെ ഇരമ്പലുകൾക്ക് ചെവി കൊടുത്ത് ഞാനെന്റെ രണ്ടു കണ്ണുകളും അടച്ചു പിടിച്ചു. ശേഷം കണ്ണു തുറന്നപ്പോൾ കോട മൂടിയ കടലിനെയല്ലാതെ മറ്റൊന്നും കണ്ടില്ല. മൂന്നു പ്രേതങ്ങളും സ്ഥാനം പിടിച്ചിരുന്ന പാറക്കെട്ടിനടുത്തേക്ക് ചെന്നപ്പോൾ ധൂമ പടലങ്ങളുടെ ഒരു സ്തൂപം ആകാശത്തിലേക്ക് ഉയർന്നു പോകുന്നുണ്ടായിരുന്നു.