Wednesday, December 29, 2010

മൈസൂൺ (അറബിക്കവിത)മൈസൂൺ അൽ ബഹ്‌ദൽ അൽ കൽബി
പ്രവാചകന്റെയും നാലു ഖലീഫമാരുടെയും ഭരണത്തിനു ശേഷം അറേബ്യ ഭരിച്ചിരുന്നത് ഉമവികളാണ്. ഉമയ്യത്ത് ഭരണകൂടത്തിന്റെ സ്ഥാപകൻ മുആവിയ: ഇബ്ൻ അബീ സുഫ്‌യാനാകുന്നു.
അക്കാലത്തെ ഭരണാധികാരികൾ പൊതുവെ നാഗരിക ജീവിതമായിരുന്നു നയിച്ചിരുന്നതെങ്കിലും ഇടക്കിടെ അവർ ശുദ്ധമായ ഭാഷകൾ സ്വായത്തമാക്കാനും നാ‍യാട്ടിനുമൊക്കെയുമായി മരുഭൂമികളിലെ ഉൾഗ്രാമങ്ങളിൽ പോകാറുണ്ടായിരുന്നു. ചിലർ അവിടെ നിന്നും ഗ്രാമീണ സ്ത്രീകളെ കല്ല്യാണം കഴിക്കുകയും കൊട്ടാരങ്ങളിലേക്കു കൊണ്ടു പോവുകയും ചെയ്യും. ഒരിക്കൽ മുആവിയയും അങ്ങനെ ഒരു യാത്രയിൽ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്ത സുന്ദരിയും കുലീനയുമായ സ്ത്രീരത്നമാകുന്നു മൈസൂൺ അൽ ബഹ്ദൽ. അവർ ഒരു തികഞ്ഞ കവയത്രി കൂടിയായിരുന്നു.
മുആവിയ മൈസൂണിനെ കൊണ്ടുപോയി അൽ ഗൂത്ത എന്ന സ്ഥലത്ത് രാജകീയ സൌകര്യങ്ങളൊരുക്കി താമസിപ്പിച്ചു. സർവ്വ ആഢംബരങ്ങളുമുള്ള ഒരു കൊട്ടാരം തന്നെയായിരുന്നത്രെ അത്. വെള്ളിയുടെയും സ്വർണ്ണത്തിന്റെയും പാത്രങ്ങൾ റോമൻ പട്ടുകൾ കൊണ്ട് അലങ്കരിച്ച മുറികൾ, മുത്തും രത്നങ്ങളും കൊണ്ടുള്ള ആഭരണങ്ങൾ വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ... ഒരു ഹൂറിയെപ്പോലെ അവിടെ കഴിയാനുള്ള സൌകര്യങ്ങളൊക്കെ ഒരുക്കിക്കൊടുത്തു.
പക്ഷെ ആദ്യ ദിവസം തന്നെ അവൾ അസ്വസ്ഥയായി. ഒരു നിമിഷം അവൾ തന്റെ ഗ്രാമത്തെയും പ്രകൃതി രമണീയമായ അവിടുത്തെ ചുറ്റുപാടുകളേയും ഓർത്തു പോയി. കൊട്ടാരത്തെ സ്വർഗ്ഗീയ ജീവിതത്തേക്കാൽ പിറന്ന മണ്ണിലെ പരുക്കൻ ജീവതമാണ് തനിക്കു സന്തോഷം തരുന്നതെന്ന് പറഞ്ഞു കൊണ്ട് അവർ പാടി.
പിന്നീട് മുആവിയ തിരിച്ചു വന്നപ്പോൾ തോഴികളിലൊരാരുവൾ മുആവിയയെ അവളുടെ കവിത കേൾപ്പിച്ചു. ‘മുരടനും മുഷടനു’മെന്ന പ്രയോഗം മുആവിയക്കു തീരെ രസിച്ചില്ല. ആ നിമിഷം അദ്ദേഹം അവളെ വിവാഹ മോചനം നടത്തി. അവർ കൊട്ടാരം വിട്ട് അവരുടെ നാട്ടിലേക്കു തിരിച്ചു പോയി. പക്ഷേ അവളുടെ വയറ്റിൽ മുആവിയയുടെ കുഞ്ഞ് വളരുന്നുണ്ടായിരുന്നു. അവർ കുഞ്ഞിനെ പ്രസവിച്ച് രണ്ടു വർഷം മുല കൊടുത്തു വളർത്തി. ശേഷം കുട്ടിയെ മുആവിയക്കു കൊടുത്തയച്ചു. ഈ കുഞ്ഞാണ് പ്രസിദ്ധനും വിവാദ നായകനുമായ യസീദ് എന്ന ഭരണാധികാരി.


മൈസൂണിന്റെ കവിതയുടെ മൊഴിമാറ്റം ഇവിടെ കൊടുക്കുന്നു:

ജീവൻ ചിറകടിക്കുന്ന കുടിലാണ്
അംബരചുംബിയായ ഈ കൊട്ടാരത്തേക്കാൾ എനിക്കിഷ്ടം.

അബായ (1) ധരിച്ച് കൺകുളിരുന്നതാണ്
ഈ മസ്ലിൻ പട്ടിനേക്കാൾ എനിക്കിഷ്ടം.

എന്റെ കൊച്ചു കൂരയിലെ ഉണക്ക റൊട്ടിയാണ്,
ഈ കുത്തിച്ചേറി പരത്തിയെടുത്ത മിനുസമുള്ള റൊട്ടിയേക്കാൾ എനിക്കിഷ്ടം.

നാലു ഭാഗത്തു നിന്നും വീശിയടിച്ചു വരുന്ന മാരുതനാണ്
ഈ തപ്പു മുട്ടുകളേക്കാൾ എനിക്കിഷ്ടം.

അപരിചിതരെ നോക്കി എന്റെ മുറ്റത്തു നിന്നും കുരയ്ക്കുന്ന പട്ടിയാണ്
ഇവിടുത്തെ ഇണങ്ങിയ പൂച്ചയെക്കാൾ എനിക്കിഷ്ടം.

ഒട്ടകക്കട്ടിലുകളെ കഷ്ടപ്പെട്ടു പിന്തുടരുന്ന കിടാവാണ്
കുതിച്ചു പായുന്ന കൂറ്റനേക്കാൾ എനിക്കിഷ്ടം.

സദ്ഗുണ സമ്പന്നരും മെലിഞ്ഞവരുമായ എന്റെ അമ്മാവന്റെ മക്കളാണ്
മുഷടനും പരുക്കനുമായ ഇയാളേക്കാൾ എനിക്കിഷ്ടം.

വന്യമായ മരുഭൂമിയിലെ പരുപരുത്ത ജീവിതമാണ്
ഈ കോമാളി ജീവിതത്തേക്കാൽ എനിക്ക് ആനന്ദം തരുന്നത്.

എന്റെ നാടിനു പകരം മറ്റൊരു നാട് എനിക്കു വേണ്ട.
എത്ര കുലീനമായ നാടാകുന്നു എന്റേത്.
---------------------------------------
(1) ഗ്രാമീണ സ്ത്രീകൾ ധരിക്കുന്ന ഒരു മുഴുനീളൻ ഉടുപ്പ്

Thursday, December 23, 2010

കഴുമരത്തിൽ നിന്നും ഒരു കവിത.ആധുനിക അറബിക്കവിതകളിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു കവിതയാകുന്നു ഈജിപ്തുകാരൻ ഹാശിം രിഫാഇയുടെ “രിസാലതുൻ ഫീ ലൈലതി ത്തൻഫീദ്” എന്ന കവിത. വളരെ നാളുകളായി ഞാനതിനൊരു പദ്യ പരിഭാഷ എഴുതണമെന്നുദ്ദേശിച്ചിട്ട്. ഇന്നലെ ഞാൻ ആ സാഹസം പൂർത്തീകരിച്ചു. അതിന്റെ ആദ്യത്തെ കുറച്ചു ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു. മുഴുവനായും ആവശ്യമുള്ളവർ മെയിലിൽ ബന്ധപ്പെടുക. ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തിനു കൊടുക്കാൻ ഞാനത് എടുത്തു വെച്ചിരിക്കുകയാണ്‌.

ഹാശിം രിഫാഇ


1935 -ൽ ഈജിപ്തിൽ ജനിച്ചു. അൽ അസ്ഹർ യൂണിവേർസിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അൽ സഖാസീഖ് വിദ്യാലയത്തിൽ നിന്നും 1951-ൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ദാറുൽ ഉലൂം കോളേജിൽ ചേർന്നു. ഡിഗ്രി പഠനം പൂർത്തിയാക്കി ബിരുദം കിട്ടുന്നതിനു മുമ്പേ 1959-ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഹസനുൽ ബന്നയെപ്പോളെ ആധുനിക അറബു ലോകം ഇദ്ദേഹത്തെയും ധീര രക്തസാക്ഷിയായി വാഴ്ത്തുന്നു.
ഇദ്ദേഹം ധീര ദേശാഭിമാനിയായിരുന്നു, ബ്രിട്ടന്റെ നേത്രുത്വത്തിലുള്ള കൊളോനിയൽ ശക്തികൾക്കെതിരെ ശരീരം കൊണ്ടും പേന കൊണ്ടും പടപൊരുതിയ ആളാണ്‌. പാശ്ചാത്യൻ അനുകൂലികളായ ഭരണ കൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. പ്രസിഡന്റ് ജമാൽ അബ്ദുന്നാസറിനെതിരെ കവിതയെഴുതിയതിന്റെ പേരിലും ഇസ്ലാമിക പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്നതിന്റെ പേരിലും ഭരണകൂട ഭീകരത അദ്ദേഹത്തെ വേട്ടയാടിയിരുന്നു. എങ്കിലും കവിതയുടെ പേരു സൂചിപ്പിക്കുന്നതു പോലെ വധ ശിക്ഷയുടെ രാത്രി അദ്ദേഹം എഴുതിയ കവിതയല്ല ഇത്. സ്വന്തം നാട്ടിലെ ഒരു ഫുട്ബോൾ മൽസരത്തിനിടെയുണ്ടായ തർക്കത്തിൽ പുറത്തു നിന്നുള്ള രണ്ടു പേർ അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നാണ്‌ പറയപ്പെടുന്നത്.

കൊല്ലപ്പെടുന്നതിന്റെ 40 ദിവസങ്ങൾക്കു മുമ്പ് സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വെച്ചു നടന്ന ആദ്യത്തെ കവി സമ്മേളനത്തിലാണ്‌ ഹാശിം രിഫാഇ ഈ കവിത ആലപിക്കുന്നത്. അക്രമിയായ ഭരണകൂടങ്ങളാൽ പിടിക്കപ്പെട്ട് വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരപരാധിയും ധീര ദേശാഭിമാനിയും ആയ ചെറുപ്പക്കാരൻ തന്റെ വധശിക്ഷ ഏറ്റുവാങ്ങുന്നതിന്റെ തലേന്നു രാത്രി സ്വന്തം പിതാവിനെഴുതുന്ന കത്താണ്‌ കവിതയുടെ ഇതിവൃത്തം.
ലോകത്തെങ്ങുമുള്ള പോരാളികളുടെ ആത്മവീര്യത്തിനു തീ കൊളുത്തുന്നതാണ്‌ ഈ കവിതയിലെ ഓരോ വരികളും.

കഴുമരത്തിൽ നിന്നും ഒരു കവിത.

ഹാശിം രിഫാഇ (ഈജിപ്ത്)
പദ്യപരിഭാഷ: മമ്മൂട്ടി കട്ടയാട്.
-----------------------------

താത…;
കയറുമാരാച്ചാരുമൊന്നിച്ചു വന്നെന്റെ
ഉയിരും കവർന്നു പോകാനിരിക്കേ;

കുത്തിക്കുറിക്കുന്നതെന്തെന്റെ കൈവിരൽ
ഓർത്തിട്ടൊരെത്തും പിടിയുമില്ല.

എങ്കിലുമിക്കൻമതിലിൽ തണുപ്പിലും
നിർഗ്ഗളിക്കുന്നുവെൻ കദന ഭാരം.

ഒരു രാവു കൊണ്ടങ്ങു തീരുമെൻ ജീവിത-
മേറെയാണിവനീയൊരൊറ്റ രാത്രി.

എല്ലാം മുറയ്ക്കു നടക്കുമെന്നുള്ളതി-
നില്ലയെനിക്കിന്നു ശങ്ക തീരെ

നാളെയെൻ ജഢമേറ്റു വാങ്ങുന്നയാദ്യത്തെ-
യാളെന്റെ താതനെന്നാശിപ്പു ഞാൻ.

കൊലയാളിയാം രാവു ചുറ്റിലും ഭീതിയാ-
ലലയവേയുണ്മയിലോർമ്മ മേവൂ.

ക്രൂരമാം നോവിലുമാശ്വാസമേകുന്നു
ഖുർആന്റെ വാക്യങ്ങളിന്നെനിക്ക്.

കണ്ണാടി പോലുള്ളയെൻ മേനിയിൽ കേറി
യുണ്മയെത്തട്ടിയുണർത്തി ഭക്തി.

ഈയന്ത്യ നിമിഷത്തിലാണെന്റെ വിശ്വാസ-
മായതെനിക്കൊരാശ്വാസ മന്ത്രം.

നന്ദി!, യെനിക്കു വിശപ്പില്ലെടുത്തു കൊൾ-
കിന്നു തന്നോരീയൊടുക്കത്തെ ഭക്ഷണം.

കൈപ്പേറുമീയന്നമെന്റെ മാതാവിന്റെ
കൈകളാൽ പാചകം ചെയ്തതല്ല.

കണ്ടില്ല ഞാനുമെൻ മൂത്ത ജേഷ്ടന്മാരു-
മുണ്ടാക്കി വെക്കുന്ന വേലയൊന്നും.

എന്തൊരൌദാര്യം!, ഒലിക്കുന്നുയിവരുടെ-
യേന്തിയ കൈകളിലെന്റെ രക്തം.!

വാഡന്റെയംഗുലികളാലിളകിയാടുന്ന
തുടലിന്റെയൊലികളിലുടയുന്നു മൌനവും.

നോക്കുന്നിടക്കിടെ ദാക്ഷിണ്യമില്ലാതെ-
യക്കണ്ണുകൾ പേ പിടിച്ച പോലെ.

വാതിലിൻ പഴുതിലും തിരയുന്നുയിരകളെ-
പ്പതിയെ മടങ്ങുന്നു പിന്നീടയാൾ.

എന്തിന്നു ഞാൻ വെറുക്കുന്നയാളെ,യെന്റെ-
യന്തരാത്മാവിലും പകയില്ലൊരിക്കലും.

നല്ലവനാണയാൾ താതനെപ്പോ,ലുള്ളി-
ലില്ലയാൾക്കരിശവും വൈരാഗ്യവും.

എന്റെ നേർക്കുള്ളൊരു നോട്ടം പിഴച്ചാല-
വന്റെ കുടുംബമനാഥമായ് തീർന്നിടും.

ഉന്നതനാമയാൾ കവിയായിരുന്നെങ്കി-
ലെന്നെക്കുറിച്ചൊരു കാവ്യം രചിച്ചിടും.

അല്ലെങ്കിലൊരുദിനം മക്കളെക്കാണുവാൻ
ചെല്ലുമ്പൊഴെന്നെക്കുറിച്ചോർത്തു കേണിടും.

അഴികൾ പോൽ പരുപരുത്തൊരു ജീവിതത്തിന്റെ
യിഴയാകുമൊരു ജനൽ ചുവരിൽ കിടക്കുന്നു

നോക്കിയിരുന്നു ഞാൻ ചിന്താനിമഗ്നനാ-
യക്കിളിവാതിൽക്കൂടിക്കലാപങ്ങൾ .....

കണ്ടു ഞാനുള്ളു തിളയ്ക്കുന്ന ഹൃത്തുമായ്
മിണ്ടാതെ നീങ്ങുന്നു കോട പോൽ മാനുഷർ

എല്ലാർക്കുമൊറ്റ വികാരമൊളിച്ചുവ-
ച്ചില്ലായിരുന്നെങ്കിലഭയമോ മൃത്യുവും!.

എന്തിനബദ്ധമാം വിപ്ലവത്തിൻ കൊടി-
യേന്തിയതെന്നെന്റെയുൾത്തടം കേട്ടുവോ?;

അപമാനവും പേറിയടിമയായ് കഴിയുന്ന-
തില്പരം യുക്തിയെന്തുണ്ടെന്നുമോർത്തുവോ?

ഇണ്ടലുകളേതുമുണ്ടാകില്ലെനിക്കിന്നു
മിണ്ടാതിരിക്കുകിലെന്നും നിനച്ചുവോ?.

നെറ്റിത്തടത്തിലന്നാളുമെന്നഗ്നിയെ-
യാറ്റിക്കെടുത്തിയെൻ സിരയിലെച്ചുടു നിണം.

ആർത്തിരമ്പുന്നൊരെൻ ഹൃദയ നിശ്വാസങ്ങ-
ളൊരു ദിനം കൊണ്ടങ്ങു നിന്നു പോകാം.

ശേഷിക്കുമപ്പോഴുമക്രമം കണ്ണികൾ
ശോഷിച്ചിടാ,തെന്റെ ബലിയും ഫലപ്പെടാ.

(തീർന്നിട്ടില്ല.)

Sunday, December 12, 2010

ദേവന്മാരുടെ പുത്രന്മാർ.. ഖലീൽ ജിബ്രാൻദേവന്മാരുടെ പുത്രന്മാർ,
വാ‍നരന്മാരുടെ പൌത്രന്മാരും.

ജിബ്രാൻ ഖലീൽ ജിബ്രാൻ

കാലം എത്രമേൽ വിചിത്രം!, നമ്മളും!. കാലം മാറി, നമ്മളും മാറി. കാലം മുന്നോട്ടു പോയി, നമ്മളെയും കൂടെ കൊണ്ടു പോയി. കാലം നമ്മളെ തെളിച്ചു നടന്നു. നമ്മളെ അത് ആശ്ചര്യപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.
ഇന്നലെ വരേ നാം കാലത്തെ പഴിക്കുകയും പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് നാം അതിനെ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇന്നു നാം അതിന്റെ ഉദ്ദേശത്തെയും പ്രകൃതത്തെയും കണ്ടെത്തുകയും അതിന്റെ രഹസ്യങ്ങളെയും നിഗൂഢതകളെയും മനസ്സിലാക്കുകയും ചെയ്യുന്നു.
ഇന്നലെ വരേ ഞങ്ങൾ രാത്രിയുടെ ഭീകരതയ്ക്കും പകലിന്റെ ഭീഷണിക്കുമിടയിൽ ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങളെപ്പോലെ പേടിച്ചു കൊണ്ടിഴയുകയായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ, കൊടുങ്കാറ്റുകളെ ഒളിപ്പിക്കുകയും പൊട്ടിച്ചിതറുന്ന ഇടിമുഴക്കങ്ങൾക്കും വെട്ടിത്തിളങ്ങുന്ന മിന്നൽ പിണറുകൾക്കും ജന്മം നൽകുകയും ചെയ്യുന്ന, പർവ്വതങ്ങളുടെ ഉച്ചികളിലേക്ക് പുത്തനുണർവ്വോടെ കുതിക്കുകയാണ്.

ഇന്നലേ വരേ ഞങ്ങൾ തിന്നിരുന്നത് ചോരയിൽ കുഴച്ചുണ്ടാക്കിയ റൊട്ടികളായിരുന്നു, കുടിച്ചിരുന്നത് കണ്ണീരു കലർത്തിയ വെള്ളവും; എന്നാൽ ഇന്നു മുതൽ ഞങ്ങൾ കഴിക്കുന്നത് പുലരിയുടെ മണവാട്ടികളുടെ കൈകൾ കൊണ്ടു വിളമ്പിത്തരുന്ന ദിവ്യപ്രസാദവും കുടിക്കുന്നത് വസന്തത്തിന്റെ നിശ്വാസങ്ങളാൽ ചേരുവ ചേർത്ത വീഞ്ഞുമാണ്.

ഇന്നലെ ഞങ്ങൾ വിധിയുടെ കൈകളിലെ കളിപ്പാട്ടമായിരുന്നു; വിധിയാണെങ്കിലോ ഇടത്തോട്ടും വലത്തോട്ടും ചുഴറ്റിയെറിയുന്ന ഭീകരനും. ഇന്ന് പക്ഷേ വിധി അതിന്റെ എല്ലാ ലഹരിയിൽ നിന്നും മുക്തമായി ഞങ്ങളെ രസിപ്പിക്കുകയും താലോലിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിധിയോടൊപ്പം കളിക്കുകയും അതിനെ ചിരിപ്പിക്കുകയും പതുക്കെ തെളിച്ചു കൊണ്ടു പോവുകയും ചെയ്യുന്നു. അപ്പോൾ അതിനെല്ലാം അത് അനുസരണയോടെ വഴങ്ങുന്നു.

ഇന്നലെ ഞങ്ങൾ പ്രതിമകൾക്കു മുമ്പിൽ കുന്തിരിക്കം പുകയ്ക്കുകയും കോപിക്കുന്ന ദൈവങ്ങൾക്കു മുമ്പിൽ ബലിയർപ്പിക്കുകയും ചെയ്തിരുന്നു. ഇന്നു ഞങ്ങൾ ഞങ്ങൾക്കു വേണ്ടിമാത്രമേ കുന്തിരിക്കം കത്തിക്കുന്നുള്ളൂ. ഞങ്ങളുടെ ശരീരത്തിനു വേണ്ടിയേ മൃഗ ബലി നടത്തുന്നുള്ളൂ. കാരണം ഏറ്റവും വലിയതും മനോഹരമായതുമായ ദൈവം സ്വന്തം കോവിലു പണിതിരിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്.

ഇന്നലെ വരേ ഞങ്ങൾ രാജാക്കന്മാർക്കു മുമ്പിൽ തലകുനിക്കുകയും അധികാരികൾക്കു മുമ്പിൽ പിരടികൾ നീട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്നു ഞങ്ങൾ സത്യത്തിനു മുമ്പിലല്ലാതെ തല കുനിക്കുന്നില്ല, സൌന്ദര്യത്തെയല്ലാതെ പിന്തുടരുന്നില്ല, സ്നേഹത്തിനല്ലാതെ വഴങ്ങുന്നില്ല.
ഇന്നലെ വരേ ഞങ്ങൾ വിദൂഷകരുടെ മുമ്പിൽ കണ്ണുകൾ താഴ്ത്തി നിൽക്കുകയും ജോത്സ്യന്മാരെ ഭയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ഞങ്ങളും മാറി. ഇപ്പോൾ ഞങ്ങൾ സൂര്യന്റെ മുഖത്തേക്കേ നോക്കുന്നുള്ളൂ. സമുദ്രത്തിന്റെ സംഗീതമേ കേൾക്കുന്നുള്ളൂ. ചുഴലിക്കാറ്റിനു മാത്രമേ ഞങ്ങളെ ഇളക്കാൻ കഴിയൂ.

ഇന്നലെ ഞങ്ങൾ ഞങ്ങളുടെ തന്നെ സിംഹാസനങ്ങൾ തകർത്ത് അവിടെ പിതാമഹന്മാർക്ക് ശവക്കല്ലറകൾ പണിതിരുന്നു. ഇന്ന് ഞങ്ങളുടെ ശരീരങ്ങൾ തന്നെ വിശുദ്ധമായ ബലിപീഠങ്ങളായി മാറി. ഇപ്പോൾ പഴയ പ്രേതങ്ങൾ ഇതിനടുത്തേക്കു പോലും വരില്ല. ജീർണ്ണിച്ച ജഢങ്ങളുടെ കൈകൾ അതിനെ സപർശിക്കുന്നേയില്ല.

വിസ്മൃതിയുടെ മൂലകളിൽ ഒളിച്ചിരുന്ന ചിന്തകളായിരുന്നു ഞങ്ങൾ. ഇപ്പോൾ ഞങ്ങൾ ചക്രവാളങ്ങളുടെ കണ്ഠങ്ങളെ വിറപ്പിക്കുന്ന ശബ്ദമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വെണ്ണീരിൽ പൊതിഞ്ഞ ചെറിയ തീപ്പൊരിയായിരുന്നു ഞങ്ങൾ പണ്ട്. ഇന്ന് ഞങ്ങൾ മലയടിവാരങ്ങളുടെ തോളുകളിൽ നിന്നു കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീയാകുന്നു.

മഞ്ഞുകളിൽ പൊതിഞ്ഞ്, മൺകട്ടകൾ തലയ്ക്കു വെച്ച്, കളഞ്ഞു പോയ അന്നത്തേയും നഷ്ട്പ്പെട്ട ബന്ധങ്ങളെയുമോർത്ത് വിലപിച്ച് എത്ര രാത്രികൾ ഞങ്ങൾ ഉറക്കമിളച്ചിരുന്നു. ശൂന്യതയുടെയും മൌനത്തിന്റെയും മർമ്മരങ്ങൾക്കു ചെവികൊടുത്ത്, ഇരുണ്ടതും വിജനമായതുമായ ആകാശത്തേക്കു കണ്ണും നട്ട്, ഞങ്ങൾ തന്നെ നിർമ്മിച്ച കാരണങ്ങളെയോർത്ത് ഭയന്നു വിറച്ച്, അപരിചിതരായ ആരേയോ മോഹിച്ച്, തുരുമ്പെടുക്കുന്ന യുവത്വത്തെ നോക്കി നിലവിളിച്ച് അകലുന്ന പകലിനും വന്നണയുന്ന രാവിനുമിടയിൽ എത്ര കാലമാണ് ഞങ്ങൾ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നത്!.

ഇന്നലത്തെ ഞങ്ങൾ ഇന്നിനെ പ്രാപിച്ചിരിക്കുന്നു. ഇതു ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാട്ടിയ ഔദാര്യം. വാനരന്മാരുടെ സന്തതികളേ, നിങ്ങളുടെ ഉദ്ദേശ്യം എന്താണ്?.
ഭൂമി പിളർന്ന് പുറത്തു വന്ന ശേഷം ഒരടിയെങ്കിലും നിങ്ങൾ മുമ്പോട്ടു വച്ചിട്ടുണ്ടോ?. ചെകുത്താന്മാർ നിങ്ങളുടെ കണ്ണുകൾ തുറന്നു തന്ന ശേഷം അതു കൊണ്ട് ഒരു വട്ടമെങ്കിലും നിങ്ങൾ മുകളിലേക്കു നോക്കിയിട്ടുണ്ടോ?. സർപ്പങ്ങളുടെ നാവുകൾ നിങ്ങളുടെ ചുണ്ടുകളെ ചുംബിച്ചതിനു ശേഷം സത്യത്തിന്റെ ഏടുകളിൽ നിന്ന് ഒരു വാക്കെങ്കിലും നിങ്ങൾ ഉച്ചരിച്ചിട്ടുണ്ടോ?.
മൃത്യു നിങ്ങളുടെ കാതുകളെ കൊട്ടിയടച്ചതിൽ പിറകെ വാഴ്വിന്റെ സംഗീതത്തിന് ഒരിക്കലെങ്കിലും നിങ്ങൾ ചെവികൊടുത്തിട്ടുണ്ടോ?.

കഴിഞ്ഞ എഴുപതിനായിരം കൊല്ലങ്ങളായി ഞാൻ നിങ്ങളുടെയടുത്തു കൂടെ നടന്നു പോകുന്നു. അപ്പോഴെല്ലാം നിങ്ങൾ ഗുഹാമുഖങ്ങളിൽ പ്രാണികളെപ്പോലെ കിടന്നു പിടയ്ക്കുന്നത് ഞാൻ കാണുന്നു. എന്റെ കിളിവാതിലിന്റെ ചില്ലുവാതിലിലൂടെ ഏഴു നിമിഷങ്ങൾ ഞാൻ നിങ്ങളെ വീക്ഷിച്ചു. മലിനമായ ഇടനാഴികളിലൂടെ നിങ്ങൾ സഞ്ചരിക്കുന്നതും ഉദാസീനതയുടെ ദുർഭൂതങ്ങൾ നിങ്ങളെ നയിക്കുന്നതും അടിമത്വത്തിന്റെ ചങ്ങലകൾ നിങ്ങളുടെ കാലുകളിൽ വരിഞ്ഞു കെട്ടിയിരിക്കുന്നതും മരണത്തിന്റെ ചിറകുകൾ നിങ്ങളുടെ തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്നതും ഞാൻ കണ്ടു. ഇന്നലെ നിങ്ങൾ എങ്ങനെയാണോ അതു പോലെത്തന്നെയാണ് നിങ്ങൾ ഇന്നും. ആദ്യം നിങ്ങളെ എങ്ങനെ കണ്ടുവോ അതേ പോലെത്തന്നെയായിരിക്കും നിങ്ങൾ നാളെയും മറ്റെന്നാളും.

ഇന്നലെ ഞങ്ങൾ അങ്ങനെയൊക്കെയായിരുന്നെങ്കിലും ഇന്ന് ഞങ്ങൾ ഇങ്ങനെയായി മാറി. ഇത് ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാണിക്കുന്ന നീതിന്യായം.
ഓ, വാനര സന്തതികളേ, വാനരന്മാരുടെ നീതിവ്യവസ്ഥകളെങ്ങനെയൊക്കെയാണെന്നു പറഞ്ഞു തരാമോ?.