Sunday, August 29, 2010

ഇമാം ശാഫി(റ) യുടെ കവിത


ഉമർ അലി സൈഫുദ്ധീൻ ഗോൾഡൻ മസ്ജിദ് - ബ്രൂണൈ.

(http://www.tharjama.blogspot.com/)- പ്രസിദ്ധീകരിച്ചത്
മുന്നറിയുപ്പുകാരൻ അതായത് “നര”
ഇമാം ശാഫി(റ) ഈജിപ്ത് (ഹിജ്റ വർഷം: 150 , മരണം: ഹി. 204 ))
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്.

(പ്രായമാകുമ്പോൾ തലയിൽ കടന്നു കൂടുന്ന നരയെ ഖുർആൻ വിശേഷിപ്പച്ചത് മുന്നറിയുപ്പുകാരൻ എന്നാണ്‌. ഇനി പഴയതു പോലെയൊന്നും പോയാൽ പോര. സൽക്കർമ്മങ്ങൾ കൂടുതൽ ചെയ്ത്, ദുഷ്കർമ്മങ്ങളിൽ നിന്നൊക്കെ വിട്ടു നിന്ന് മരണാനന്തര ജീവിതത്തിലേക്ക് എന്തൊങ്കിലുമൊക്കെ സമ്പാദിക്കണം എന്ന് ഒരോ നരച്ച മുടിയും മനുഷ്യനോട് വിളിച്ചു പറയുന്നുണ്ട് - ഈ വിഷയത്തിൽ ഇമാം ശാഫി എഴുതിയ ഒരു പ്രസിദ്ധമായതയുടെ പദ്യ വിവർത്തനം ഇവിടെ വായിക്കുക)

കെട്ടുപോയെന്നാത്മാവിലെ തീ
കത്തിയെപ്പോഴെൻ മൂർദ്ധാവിലഗ്നി

കൊള്ളിയാനൊളി തീർത്ത രാവിലിരുട്ടിന്റെ-
യുള്ളിലേക്കാണ്ടുപോയെന്റെയാ രാത്രികൾ.

കാകനകലേക്കു പോയ ശേഷം നത്ത്
കൂടു കൂട്ടാനെന്റെ നെറുകയിൽ ചേക്കേറി.

“കണ്ടു നീയെൻ കൂര ജീർണ്ണിച്ചു പോയതായ്
പണ്ടേ നിനക്കങ്ങു പഴയതല്ലോ പ്രിയം”

നര വന്നു ശിരസ്സങ്ങു വെട്ടിത്തിളങ്ങിയാൽ
മർത്ത്യനെങ്ങാനന്ത,മെല്ലാമെരിഞ്ഞിടും.

അന്തസ്സു മുഴുവനും നര വരും മുമ്പാണ-
തന്തകനായ് മാറിടും യൗവ്വനനത്തിന്‌

നര കൊണ്ടു മഞ്ഞളിക്കും മനുജനിൽ നിന്നു
ദൂരെ മറഞ്ഞു പോമാ നല്ല നാളുകൾ.

വെടിയണം തിന്മകളാ വേളയിൽ നല്ലൊ-
രടിമയ്ക്കു തെല്ലും നിരക്കാത്തതാണവ.

വ്യക്തിക്കുമുണ്ടന്നു വീട്ടാൻ “സക്കാത്തു”കൾ
സ്വത്തിനുമെന്നതു പോൽ കണക്കെത്തവേ,

നന്മകൾ ചെയ്തു കൊണ്ടുടമയായ് മാറുക
മേന്മയുള്ളിടപാടതാണെന്നതോർക്കുക.

ഭൂമിക്കു മുകളിലായ ഹുങ്കിൽ നടക്കൊല്ല
താമസിയാതതു നിന്നെ വിഴുങ്ങിടും.

ആരാണു പാരിനെ വാരിപ്പുണർന്നത്?
ആസ്വദിച്ചേനതിൻ കയ്പ്പും മധുരവും.

മിഥ്യയാണതു കൊടും ചതിയുമാണാ മരു
വീഥിയിൽ കാണും മരീചികയല്ലയോ!.

നാറുന്ന ശവമാണു ദുനിയാവു മൊത്തവും
നായ്ക്കൾ കടിച്ചതു കീറുന്നുവാർത്തിയാൽ.

മാറി നടക്കുകിൽ നീ തന്നെ ഭാഗ്യവാൻ
കേറിപ്പിടിക്കിലോ നായോടു പൊരുതണം.

വിരിയിട്ടു കതകുകൾ ചാരിയാത്മാവിനു
പരി രക്ഷ നൽകിയാൽ നീ ധന്യനായിടും.
-------------------------
(1) മൂർദ്ധാവിലെ അഗ്നി, കൊള്ളിയാൻ, നത്ത് ഇതെല്ലാം വെളുത്തു നരച്ച മുടിയെയും, രാത്രി, കാകൻ എന്നിവ കറുത്ത മുടിയെയെയും സൂചിപ്പിക്കുന്നു. (2) നീ മരിച്ച് മണ്ണിൽ മറമാടപ്പെടും എന്നർത്ഥം. (3) ഉദാര പൂർണ്ണമായ നന്മ കൈമാറ്റം ചെയ്ത് ജനങ്ങളുടെ വിധേയത്തം പകരം വാങ്ങുന്ന ക്രയ വിക്രയമാണ്‌ ഏറ്റവും നല്ല കച്ചവടം എന്ന് കവി ഓർമ്മിപ്പിക്കുന്നു.

Friday, August 27, 2010

രഹസ്യ ഗർഭം - (അറബിക്കവിത)



ലാഫിതാത് - (തുടർച്ച..)
അഹമദ് മഥർ - ഇറാഖി കവി
...
...
രഹസ്യ ഗർഭം

അറിയാം ... എനിക്കറിയാം;
പല്ലുകളെയും നഖങ്ങളെയും ഭയന്ന്
കവിതകളെ ഞാൻ തടവിൽ പാർപ്പിക്കുകയാണ്‌.
* * *

അറിയാം, അതേ, എനിക്കറിയാം;
ഡോളറുകളുടെ തീയണയ്ക്കാൻ
ദാരിദ്ര്യത്തിന്‌
തീ കൊളുത്തിയിരിക്കുകയാണ്‌ എന്ന്
* * *

എനിക്കറിയാം...
പ്രതികാരം
ഒഴിവുകഴിവുകളാൽ ഗർഭം ധരിക്കുന്ന
മേഘമാണെന്നും
ഇടിനാദങ്ങൾ അട്ടഹസിക്കുമെന്നും
ശേഷം അതു പേമാരിയായി വർഷിക്കുമെന്നും.!!

ഞങ്ങൾ കാലം മുഴുവൻ വ്രതമെടുത്തു
പിന്നീടാണറിയുന്നത്‌;
ഞങ്ങളുടെ വ്രതം തന്നെ
നോമ്പുതുറയായിരുന്നുവെന്ന്‌

ഉപ്പേക്ഷിക്കപ്പെട്ട കുഞ്ഞ്….??
രഹസ്യമായും പരസ്യമായും
നമ്മൾ കാരണങ്ങളെ സൃഷ്ടിക്കുന്നു;
പിന്നീട്‌ മാതാവിന്റെ പകരക്കാരായി
എല്ലാ അപമാനങ്ങളും
നമ്മൾ എടുത്തണിയുകയും ചെയ്യുന്നു.
എന്തു കൊണ്ടാണത്‌?

എന്തു കൊണ്ടാണ്‌
നമ്മൾ നരകത്തിലും
ശിശുവിന്റെ മാതാവ്‌
താഴ്‌വാരങ്ങളിലൂടെ "കിണറുക"ളൊഴുകുന്ന
സ്വർഗ്ഗത്തിലുമായി കഴിയുന്നത്‌?
* * *

വ്യഭിചാരം തെളിയിക്കപ്പെട്ട
തേവടിശ്ശിയെ കല്ലെറിയരുത്‌
മറിച്ച്‌,
അവളുടെ രഹസ്യ ഗർഭത്തിനു വേണ്ടി
നിങ്ങൾ കല്ലുകൾ ശേഖരിച്ചു വെക്കുക.

ഒരു ഫലിതം

ആകാശവാണി
ഭൂപടത്തിനു വെളിയിൽ കടന്ന്
ഇങ്ങനെ അട്ടഹസിച്ചു കൊണ്ടിരുന്നു;
‘ജാരസന്താനങ്ങളായ
കൊച്ചു രാജ്യങ്ങളെ
ഞങ്ങൾ അപലപിക്കുന്നു’.

Monday, August 23, 2010

ലാഫിതാത് - അഹമദ് മഥർ (തുടർച്ച..)



ലാഫിതാത് - (തുടർച്ച..)
അഹമദ് മഥർ
.
.
തെറ്റിദ്ധാരണ.

എന്റെ ചിന്തകളും
എന്റെ വാക്കുകളും
എന്റെ കേൾവികളും
ചുമന്നു കൊണ്ട്‌
ഞാനിങ്ങനെ ഒറ്റയ്ക്ക്‌
നടന്നു പോവുകയായിരുന്നു

പെട്ടെന്ന് കുറെ മുഖങ്ങൾ
എന്റെ ചുറ്റും തടിച്ചു കൂടി
അവരിൽ തലമുതിർന്നവൻ പറഞ്ഞു:
"അവനെ പിടിച്ചു കെട്ടൂ.."
ഞാനവരോട്‌ ചോദിച്ചു:
"എന്താണ്‌ ഞാൻ ചെയ്ത കുറ്റം?"
അവർ പറഞ്ഞു:
"സംശയയകരമായ സംഘം ചേരൽ"

ചരിത്ര പ്രസിദ്ധമായ പ്രഭാഷണം

ഒരു ദിവസം
ഒരെലി
വൃത്തിയെക്കുറിച്ച്‌
പ്രസംഗിക്കുന്നത്‌ ഞാൻ കണ്ടു
മലിനമാക്കുന്നവർക്ക്‌
ശിക്ഷ ലഭിക്കുമെന്ന്
അത്‌ മുന്നറിയിപ്പു നൽകുകയും
ചെയ്തു കൊണ്ടിരുന്നു
അതിനു ചുറ്റും കുറെ ഈച്ചകൾ
കൈയ്യടിക്കുന്നുമുണ്ടായിരുന്നു.

പ്രവചനം.

ജനങ്ങളേ,
എന്നെ ഉന്മൂലനം ചെയ്യുന്നതിനു മുമ്പ്‌
എനിക്കു പറയാനുള്ളത്‌ നിങ്ങൾ കേൾക്കൂ..

ഞാൻ നുണയനല്ല.
എന്റെ പിതാവ്‌ ഒരു പ്രസ്ഥാനമല്ല.
എന്റെ മാതാവ്‌ റേഡിയോ സ്റ്റേഷനുമല്ല.

ആകെക്കൂടി ഈ അടിമ ചെയ്ത തെറ്റ്‌
ഇന്നലെ ഖുദ്സിൽ വെച്ച്‌
തനിയെ നിസ്ക്കരിച്ചു എന്നതാണ്‌.
പക്ഷേ, "സംഘടനക്കാർ"
കൂട്ടമായി പ്രാർത്ഥിക്കുന്നുണ്ട്‌.

നിയമപരമായ ശിക്ഷ.

ഞാൻ പാട്ടു പാടിയപ്പോൾ
ഭരണാധികാരി
എന്റെ നാവ്‌ മുറിച്ചു കളഞ്ഞു.
പാടാനുള്ള ലൈസൻസെടുത്തിട്ടില്ല
എന്നാണ്‌ കാരണം പറഞ്ഞത്‌.
* * *

എല്ലാ സ്ഥലങ്ങിളേക്കും
ഞാനെന്റെ പാട്ടുകളയക്കുന്നുണ്ട്‌ എന്ന
എന്റെ എഴുത്ത്‌ കണ്ടപ്പോൾ
ഭരണാധികാരി എന്റെ കൈകൾ
മുറിച്ചു കളഞ്ഞു.
* * *

എന്റെ നിന്ദ്യതയിൽ വേവലാതിപ്പെട്ട്‌
കൈയും നാവുമില്ലാതെ
നിശബ്ദനായി
ജനങ്ങൾക്കിടയിലൂടെ
ഞാൻ നടക്കുന്നത്‌ കണ്ടപ്പോൾ
ഭരണാധികാരി
എന്റെ കാലുകൾക്ക്‌ ചങ്ങലയിട്ടു.
* * *

ഭരണാധികാരി
നടന്നു പോകുമ്പോൾ
ഞാൻ കൈയ്യടിക്കാതെ,
ആർപ്പു വിളിക്കാതെ
മിണ്ടാതിരുന്നു
എന്ന കാരണത്താൽ
എന്നെ അയാൾ തൂക്കിക്കൊല്ലാൻ വിധിച്ചു.

ഒരു കടങ്കഥ.

എന്റെ ഉമ്മ പറഞ്ഞു:
മക്കളേ, ഞാനൊരു കടങ്കഥ പറയാം
ആരാണതിന്റെ ഉത്തരം പറയുക?
(ഒരു പെട്ടി,
അതിന്റെ പുറം മധുരമുള്ളതാകുന്നു,
ഉള്ളിൽ വെറും മരവും
പുറം തോട്‌
പോകുന്നവർക്കും വരുന്നവർക്കുമുള്ള
ഭക്ഷണമാകുന്നു).

എന്റെ പെങ്ങൾ പറഞ്ഞു:
"കാരക്ക"
ഉമ്മ അവളെ ചിരിച്ചു കൊണ്ട്‌
ആശ്ലേഷിച്ചു.

പക്ഷേ,
ഞാൻ കണ്ണുനീരടക്കിപ്പിടിച്ചു കൊണ്ട്‌ പറഞ്ഞു:
"അല്ല, അതെന്റെ നാടാകുന്നു"

ചതുരംഗം

കഴിഞ്ഞ മുപ്പതു വർഷങ്ങളായി
ചതുരംഗക്കളത്തിൽ
ഒരു കരു പോലും
നാടിനു വേണ്ടി
ജീവൻ ബലികൊടുക്കുന്നത്‌
നാം കണ്ടിട്ടില്ല.

ആരവങ്ങളുടെ യുദ്ധ മുഖത്ത്‌
ഒരു ബുള്ളറ്റിന്റെ മർമ്മരം പോലും
നാം ശ്രവിച്ചില്ല.

എല്ലാവരുടെ യുദ്ധവും
അണുവായുധങ്ങളെക്കുറിച്ചുള്ള
പ്രസംഗങ്ങളിലൊതുങ്ങി.

വീടു വിട്ട്‌ ആരും പുറത്തിറങ്ങിയില്ല.
യുദ്ധത്തിനു വേണ്ടിയുള്ള വിളി
വന്നപ്പോഴെല്ലാം
ശത്രു അവന്റെ അവന്റെ ആധിപത്യം
സജീവമാക്കിക്കൊണ്ടിരുന്നു.
* * *

കഴിഞ്ഞ മുപ്പതു വർഷങ്ങളായി
പിശാചുകളുടെ സഹായത്താൽ
എല്ലാവരും മാലാഖമാരായി നടക്കുന്നു
പണിപ്പെട്ട്‌ തുടങ്ങുന്നു
എന്നാൽ ഭംഗിയായി അവസാനിക്കുന്നു.
"ഗജ രാജൻ" "കോട്ടകൾ" പണിയുന്നു
"ആന റാഞ്ചിപ്പക്ഷി" അധികാരം പടുത്തുയർത്തുന്നു
"മന്ത്രി" വേശ്യാലയത്തിൽ പ്രവേശിക്കുന്നു
"അശ്വം" മിനാരങ്ങളിലൂടെ പുറത്തു വരുന്നു.
* * *

കഴിഞ്ഞ മുപ്പതു വർഷങ്ങളായി
നമ്മൾ ശത്രുവിനെ ശിർക്കിന്റെ പേരിൽ കളിയാക്കുന്നു
നമ്മളാണെങ്കിലോ വിഗ്രഹങ്ങളെ ഉദ്ദീപിപ്പിക്കുകയാണ്‌.
ആയുധങ്ങൾ കുന്നുകൂട്ടുന്നതിനെ നാം അപലപിക്കുന്നു
അതേ സമയം അതു വാങ്ങാൻ
പണം കൊടുക്കുന്നതും നമ്മളാകുന്നു
ലോകാൽഭുതങ്ങൾ ഏഴാണെങ്കിൽ
മുപ്പതു വർഷങ്ങൾക്കു ശേഷം
നാമവയിൽ എട്ടാമതായി മാറിയിരിക്കുന്നു.

Thursday, August 19, 2010

ചുവരെഴുത്തുകൾ - അഹമദ്‌ മഥർ


Ahmad Matar

ചുവരെഴുത്തുകൾ (തുടർച്ച..)
അഹമദ്‌ മഥർ


അനാദരവ്‌

ഖുർആനിൽ ഞാൻ ഓതി;
"അബൂ ലഹബിന്റെ കൈകൾ നശിക്കട്ടെ,.."
വാർത്താ മാധ്യമങ്ങൾ പരസ്യം ചെയ്തു;
"മൗനം കനകമാകുന്നു."
എന്റെ ദാരിദ്ര്യത്തെ ഞാൻ സ്നേഹിച്ചു
ഞാൻ ഓതിക്കൊണ്ടേയിരുന്നു;
"അതു നശിക്കട്ടെ,
അവന്‌ അവന്റെ മുതലും
അദ്ധ്വാന ഫലവും ഒന്നും നേടിക്കൊടുത്തില്ല".
മര്യാദകുറഞ്ഞു പോയി എന്ന കാരണം പറഞ്ഞ്‌
അവരെന്റെ കണ്ഠ നാളത്തെ നാടു കടത്തി,
ഖുർആനെയും കണ്ടുകെട്ടി
കാരണം ഖുർആനാകുന്നു
എന്നെ കലാപത്തിനു പ്രേരിപ്പിച്ചത്‌.

കവിതയുടെ കവാടത്തിൽ.

കവിതയുടെ കവാടത്തിൽ ഞാൻ നിന്നു
കാവൽക്കാരൻ എന്റെ സ്വപ്നങ്ങളെ
പരിശോധിച്ചു
എന്റെ തല ഊരിവെക്കാനും
ഇനിയും വറ്റിപ്പോകാത്ത വികാരങ്ങൾ
തൂവിക്കളയാനും
അയാളെന്നോടു കല്‌പ്പിച്ചു.
ഞാനെന്റെ ചെരിപ്പുകൾ
വാതിൽപ്പടിയിൽ ഊരിവെച്ചു;
ഞാൻ പറഞ്ഞു:
ഏറ്റവും അപകടം പിടിച്ചത്‌
ഞാൻ ഊരിവെച്ചിട്ടുണ്ട്‌.
ഈ ചെരിപ്പ്‌ ചവിട്ടാനുള്ളതാണെങ്കിൽ
ഈ തല ചവിട്ടു കൊള്ളാനുള്ളതാണ്‌.

ഉണരുവാൻ

ഇന്നു പുലർച്ചെ,
ടൈംപീസ്‌ എന്നെ വിളിച്ചുണർത്തി;
എന്നിട്ടെന്നോടു പറഞ്ഞു:
"അറബിക്കുഞ്ഞേ,
ഉറങ്ങാൻ സമയമായിരിക്കുന്നു"

പ്രതിധ്വനി

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു:
"അല്ല.."
പക്ഷേ, അതിന്റെ പ്രതിധ്വനി
മരണത്തെക്കുറിച്ചോർത്ത്‌ ഭയന്നു,
ഉടനെ അതു മാറ്റിപ്പറഞ്ഞു:
"അതെ"

നീതി

അവൻ എന്നെ ചീത്ത പറഞ്ഞു
എന്റെ മൗനം
എന്റെ ബലഹീനതയെ
പരസ്യപ്പെടുത്തുന്നു എന്ന്
അവൻ വാദിക്കുകയും ചെയ്തു.

അവൻ എന്നെ പ്രഹരിച്ചു
എന്റെ അധരം അവന്റെ കൈകളെ
പ്രഹരിച്ചതു കൊണ്ടാണതെന്ന്
അവൻ വാദിച്ചു.

അവനെന്നെ കുത്തി
എന്റെ രക്തം അവന്റെ വാൾമുനയെ
മലിനമാക്കി എന്നവൻ വാദിച്ചു.

ഞാൻ കാഴ്ച ബംഗ്ലാവിൽ പോയി
നിയമത്തെ പുറത്തെടുത്ത്‌
അതിന്റെ പൊടി തട്ടി
എന്നോട്‌ ദയവുണ്ടാകണമെന്ന് അപേക്ഷിച്ചു

പക്ഷേ അത്‌,
എന്റെ ഘാതകന്റെയടുത്തേക്ക്‌ ഓടിപ്പോയി
അയാളുടെ മുമ്പിൽ കുമ്പിടുകയാണു ചെയ്തത്‌.
* * *
എന്റെ മഷിയും രക്തവും എന്നോട്‌
ഇങ്ങനെ പറഞ്ഞു:
"ആശ്ചര്യപ്പെടേണ്ട!!
നമ്മുടെ നാട്ടിൽ നിയമം സ്വന്തമാക്കിയവന്‌
അത്‌ കൊണ്ട്‌ കളിക്കാനും അധികാരമുണ്ട്‌".

Tuesday, August 17, 2010

ചുവരെഴുത്തുകൾ - അഹമദ്‌ മഥർ


Courtesy : Naji Al Ali, the famous Arabian caricaturist who killed by an unknown from London street on 1987.


ചുവരെഴുത്തുകൾ
അഹമദ്‌ മഥർ
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌ - ദുബൈ.

(അഹമദ്‌ മഥർ: 1954-ൽ ഇറാഖിലെബസറയിലെ അൽതനൂമ ഗ്രാമത്തിൽ ജനിച്ചു.
14-ആം വയസ്സിൽ തന്നെ കവിതയെഴുതിത്തുടങ്ങി.
അദ്ദേഹം ചെറുപ്പത്തിൽ തന്നെ കുവൈത്തിലേക്ക്‌ കടന്നു.
അവിടെ അൽ-കബസ്‌പത്രത്തിൽ ചേർന്നു.
1986 മുതൽ ലണ്ടനിലാണ്‌ സ്ഥിര താമസം.)

ജീവിച്ചിരിക്കുന്ന ആധുനിക അറബിക്കവികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിയാണ്‌ അഹമദ് മഥർ.
ബ്രിട്ടണിലെവിടെയോ ഒളിച്ചു പാർക്കുന്ന ഈ ഇറാഖീ കവിയുടെ വരികൾ സമകാലീക അറേബ്യൻ രാഷ്ട്രീയത്തെ നോക്കി
തീ തുപ്പുന്നതു കാണുമ്പോൾ നമുക്ക് ആശ്ചര്യം തോന്നും.
ലാഫിതാത് (ചുവരെഴുത്തുകൾ) എന്ന പേരിൽ പ്രസിദ്ധമായ കുറെ കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിനുണ്ട്.
അതിൽ ലാഫിതാത് (1) ന്റെ വിവർത്തനം ഇവിടെ തുടങ്ങുന്നു.


ലാഫിതാത്‌ .1 ( "ചുവരെഴുത്തുകൾ"- 1)

കവാടം:

ഇതാ ഇവിടെ,
എഴുപതോളം കുത്തുകളേറ്റ്‌
രക്തം വാർന്നൊലിക്കുന്നത്‌
നിങ്ങൾക്കു കാണാം.
ഒന്നും അത്‌ മറച്ചു പിടിക്കുന്നില്ല
ഭീതികൾക്കിടയിൽ
മരണ ഭയത്തെ
അതു കശാപ്പു ചെയ്തിരിക്കുന്നു.

ഇതിനെ ഞാനെന്റെ
കവിതകളെന്നു വിളിക്കട്ടെ,
നിങ്ങൾക്കിതിനെ "എന്റെ മൃത്യു" എന്നു വിളിക്കാം,
എന്നെ വാക്കുകളുടെ കഠാര കൊണ്ട്‌
കശാപ്പു ചെയ്തവനെന്നും.
കാരണം, ഞാൻ ഇപ്പോൾ നില കൊള്ളുന്നത്‌
കാപട്യങ്ങളുടെ ലോകത്താണ്‌,
ജീവിതമോ പുല്ലാങ്കുഴലിലും.
എന്റെ നെഞ്ച്‌ ഞാനൊരു പുസ്തകം കണക്കെ
തുറന്നു വെച്ചിരിക്കുകയാണ്‌.
അതിനു മുകളിൽ ഞാൻ
വാളു കൊണ്ട്‌ കവിതയെഴുതുന്നു.

ഉറച്ച പ്രകൃതം

ചണ്ടിക്കൂനയിൽ
അറബിയുടേതെന്ന്‌
തോന്നിക്കുന്ന
ഒരു ശവം ഞാൻ കണ്ടു

ചുറ്റും കഴുകന്മാരും
ഈച്ചകളും പൊതിഞ്ഞിട്ടുണ്ട്‌

ശവത്തിനു മുകളിൽ
ഒരു ചിഹ്നം കാണുന്നുണ്ട്‌
അതു പറയുകയാണ്‌
ഇവന്റെ പഴയ പേര്‌
"പ്രതാപം" എന്നായിരുന്നു, എന്ന്‌.

നിസ്സഹകരണം

അവർ എന്റെ വായക്കു മുകളിൽ
കാവൽ നായ്ക്കളെ കെട്ടിയിട്ടു.
എന്റെ അഭിമാനത്തിന്റെ ചോരയിൽ
അടിമച്ചന്ത പണിതു.
എന്റെ ബോധമണ്ഡലത്തിൽ
മയക്കു മരുന്ന് കലക്കിപ്പാരാൻ ഉത്തരവിട്ടു.
പിന്നീട്‌ ഉണർന്നപ്പോൾ
ഞാൻ മനുഷ്യക്കടത്തിന്റെ വേലിയേറ്റത്തിൽ
മുങ്ങിക്കിടക്കുകയായിരുന്നു.
എന്നോട്‌ ഇങ്ങനെ ആജ്ഞാപിക്കപ്പെട്ടു;
"രാഷ്ട്രീയത്തിൽ കാലു കുത്തരുത്‌"

ടാങ്കുകൾ അലസമായി
എന്റെ തലക്കു മുകളിലൂടെ ഉരുണ്ടു.
എന്നെ പ്രസിഡന്റിന്റെ
വാതിൽപ്പടിയിൽ കൊണ്ടിട്ടു.

എന്റെ പ്രിയപ്പെട്ട നാടിനു വേണ്ടി
ഞാൻ നൽകിയ ഒപ്പിന്റെ പിൻബലത്തിൽ
വിൽപ്പനക്കാരനും ഉപഭോക്താവും
പൈശാചിക ഉടമ്പടികൾ ഉണ്ടാക്കി.

എന്റെ വിശപ്പിന്റെ നാഡികളിൽ
കുടവയറന്മാർ വിപ്ലവത്തിന്റെ
തമ്പുരു മീട്ടി.

എന്റെ രക്തം കൊണ്ട്‌
പരാജയത്തിന്റെ ചിത്രം വരച്ചു.
ഞാനാണു കല;
കലാകാരന്മാരോ രാഷ്ട്രീയക്കാരും

എന്തു കൊണ്ട്‌ ഞാൻ അടിമയും
രാഷ്ട്രീയക്കാർ പരിശുദ്ധാത്മാക്കളുമായി?.

എനിക്ക്‌ വീണ്ടും ഉത്തരവു കിട്ടി
"രാഷ്ട്രീയത്തിൽ കാലുകുത്തരുത്‌"
എന്റെ ഓഫീസുകളെല്ലാം
അവർ അടച്ചു പൂട്ടി.
എന്നോട്‌ പറഞ്ഞു:
"ഇതിനോടടുത്ത്‌ പോലും വന്നു പോകരുത്‌"
ക്ഷമിക്കണം നേതാക്കളേ,
'തലകൾ നഷ്ടപ്പെടുമ്പോൾ
ഉടലുകളെങ്ങനെ വിറക്കാതിരിക്കും?"

Saturday, August 14, 2010

ബന്ധനസ്ഥനായ രാജാവ് - ജിബ്രാൻ ഖലീൽ ജിബ്രാൻ


ജിബ്രാൻ / ഒരു കൗമാര ചിത്രം


ബന്ധനസ്ഥനായ രാജാവ്

ജിബ്രാൻ ഖലീൽ ജിബ്രാൻ
(അൽ ആസ്വിഫ എന്ന അറബി ഗ്രന്ഥത്തിലെ മൂന്നാം അദ്ധ്യായം)
വിവർത്തനം: മമ്മൂട്ടി കട്ടയാട്.

ബന്ധനസ്ഥനായ രാജാവേ,
സാന്ത്വനപ്പെടൂ..
ഞാനെന്റെ ശരീരത്തിലനുഭവിക്കുന്നതിനേക്കാൾ വലിയ ദുരിതമൊന്നും നിങ്ങളീ ജയിലിനുള്ളിൽ അനുഭവിക്കുന്നില്ല.

ഫിനിക്സ് പ്രതിമയെപ്പോലെ ഇനി ഇവിടെത്തന്നെ ഉറച്ചിരിക്കൂ. അപകടങ്ങൾക്കു മുമ്പിൽ പതറുക എന്നത് കുറുക്കന്മാർക്ക് പറഞ്ഞിട്ടുള്ളതാണ്‌.
തടവിലാക്കപ്പെട്ട രാജാക്കന്മാർക്ക് ജയിലിനെയും തടവുകാരെയും പരിഹസിക്കുകയാണ്‌ കൂടുതൽ അഭികാമ്യമായ ജോലി എന്നെനിക്കു തോന്നുന്നു.

കരുത്തനായ യുവ രാജാ ഭയപ്പെടാതിരിക്കൂ,
എന്നിട്ട് എന്നെ നോക്കൂ..
കൂടിന്റെ അഴികൾക്കിടയിൽ ഞാനും താങ്കളെപ്പോലെ ജീവിതത്തിന്റെ തടവുകാരിൽ ഒരാളാണ്‌.
താങ്കളെ സമീപിക്കാൻ ഭയക്കുകയും എന്റെ ആത്മാവിനെ ചുറ്റിപ്പറ്റിക്കഴിയുകയും ചെയ്യുന്ന ശല്യക്കാരനായ ഒരു സ്വപ്നം എനിക്കുണ്ട് എന്നതാണ്‌ എനിക്കും താങ്കൾക്കും തമ്മിലുള്ള വ്യത്യാസം.

നമ്മൾ രണ്ടും നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ, കുടുംബക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റി നിർത്തപ്പെട്ടവർ. അതു കൊണ്ട് ഉത്കണ്ഠപ്പെടേണ്ട. ദിനരാത്രങ്ങളുടെ വൈമനസ്യങ്ങളിൽ നിന്നും എന്നെപ്പോലെ നീയും ക്ഷമ കൈക്കൊള്ളുക.
അംഗബലം കൊണ്ട് - മനക്കരുത്ത് കൊണ്ടല്ല- നമ്മെ അതിജയിക്കുന്ന ദുർബ്ബലരെ നമുക്ക് പുച്ചിച്ചു തള്ളാം.

കേൾക്കാൻ കഴിയാത്ത ബധിരന്മാരായ ജനങ്ങൾക്കു മുമ്പിൽ ഗർജ്ജനം നടത്തിയിട്ടൊരു ഫലവുമില്ല.
ഞാനും മുമ്പ് അവരുടെ കാതുകളിൽ ചെന്ന് കുറെ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. നിശാഭൂതങ്ങളെ പിടിച്ചു നിർത്താനേ അതു കൊണ്ടായുള്ളൂ.
അവരിലെ എല്ലാ വിഭാഗത്തെയും ഞാൻ സൂക്ഷ്മമായി പരിശോധിച്ചു. ചങ്ങലയിൽ ബന്ധിച്ചവരുടെ മുമ്പിൽ ചെന്ന് വീരവാദം മുഴക്കുന്ന ഭീരുക്കളെയും തുറുങ്കിൻ കൂട്ടിൽ തടവിലാക്കപ്പെട്ടവർക്കു മുമ്പിൽ ക്രൂശിക്കപ്പെട്ടവനെ ഉയർത്തിക്കാട്ടുന്ന ദുർബ്ബലരെയും മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളൂ.

ധീര ശൂര പരാക്രമിയായ രാജാവേ, താങ്കളുടെ തുറുങ്കിനു ചുറ്റും തടിച്ചു കൂടിയിരിക്കുന്ന ആളുകളെ നോക്കൂ; മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തിൽ താങ്കളുടെ അടുത്ത പ്രജകളും സഹായികളുമായിക്കഴിയുന്ന ജനത്തിന്റെ മുഖ ലക്ഷണം നോക്കൂ. മനസ്സിന്റെ ബലഹീനതയാൽ മുയലിനെപ്പോലെ തോന്നിപ്പിക്കുന്നവരെയും കുതന്ത്രങ്ങൾ കാരണം കുറുക്കന്മാരെ ഓർമ്മിപ്പിക്കുന്നവരെയും, കാശ്മല്യം കൊണ്ട് പാമ്പിനെപ്പോലെ കാണപ്പെടുന്നവരെയും അവർക്കിടയിൽ താങ്കൾക്കു കണ്ടെത്താൻ കഴിയും.
മുയലിന്റെ ശാന്തതയോ, കുറുക്കന്റെ ബുദ്ധിയോ, പാമ്പിന്റെ തിരിച്ചറിവോ ഉള്ള ഒരാളും അവരിലുണ്ടാവുകയുമില്ല.

ഇയാളെ നോക്കൂ, പന്നിയെപ്പോലെ നികൃഷ്ടൻ!. അവന്റെ ഇറച്ചി തിന്നാൻ കൊള്ളില്ല. ഇയാളെ നോക്കൂ പോത്തിനെ പോലെ പരുപരുത്തവൻ!. അതിന്റെ തോലു കൊണ്ട് ഒരുപകാരവുമില്ല. ഇവനോ രണ്ടു കാലിൽ നടക്കുന്നെന്നേയുള്ളൂ; കഴുതയെപ്പോലെ വിഡ്ഢിയാണ്‌!. വേറൊരാൾ കാക്കയെപ്പോലെ ലക്ഷണം കെട്ടവൻ!. അവന്റെ വിലാപങ്ങൾ അൾത്താരകളിൽ വെച്ച് വില്പ്പന നടത്തപ്പെടുന്നു. മറ്റൊരുത്തൻ മയിലിനെപ്പോലെ അഹംഭാവമുള്ള വിചിത്ര ജീവി. അവന്റെ തൂവലോ വാടകക്കെടുത്തതും.

ഭയന്നു വിറയ്ക്കുന്ന രാജാവേ, തൃക്കൺ പാർത്താലും; മാളികകളും കൊട്ടാരങ്ങളും കാണുന്നില്ലേ?.
ഇടുങ്ങിയ മുറികളാണതിനുള്ളത്. നക്ഷത്രങ്ങളെ മറച്ചു കളയുന്ന കൊത്തു പണികൾ നിറഞ്ഞ മേല്ക്കൂരകളെ നോക്കി അഭിമാനം കൊള്ളുന്ന മനുഷ്യർ അവിടെ താമസിക്കുന്നു. സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തുന്ന അതിന്റെ ഉറച്ച ചുവരുകളെ നോക്കി അവർ തുള്ളിച്ചാടുന്നു. ഇരുട്ടു നിറഞ്ഞ അതിന്റെ ഗുഹാന്തർഭാഗത്തെ കരിനിഴലിൽ യുവത്വത്തിന്റെ കുസുമങ്ങൾ നിറം മങ്ങിപ്പോകുന്നു. അതിന്റെ മുക്കു മൂലകളിൽ നിന്നും അനുരാഗത്തിന്റെ തീക്കനലുകൾ കെട്ടുപോകുന്നു. അതിന്റെ മണ്ഡപങ്ങളിൽ നിന്നും കിനാവിന്റെ ചിത്രലേഖകൾ പുകക്കൊടികളായി രൂപാന്തരപ്പെടുന്നു. മരണാസന്നനായ രോഗിയുടെ കട്ടിലിനടുത്ത് ശിശുക്കളുടെ തൊട്ടിലുകൾ കിടന്നാടുന്ന വിചിത്രമായ ഒരു ഗാലറിയാകുന്നു അത്. മണിയറക്കട്ടിലുകൾ മയ്യിത്തു കട്ടിലിനടുത്ത് ചേർത്തു വെച്ചതും നിനക്കു കാണാം.

ആദരണീയനായ തടവുകാരാ.. നോക്കൂ.. പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ പാതയോരങ്ങളിലേക്കു കണ്ണോടിച്ചാലും. അതൊരപകടം പിടിച്ച തെരുവാണ്‌. അവിടുത്തെ ഓരോ വളവിലും തിരിവിലും തസ്കരന്മാർ പതിയിരിക്കുന്നുണ്ട്. ഓരോ അരികിലും പുറം നാട്ടുകാർ ഒളിച്ചിരിക്കുന്നുണ്ട്. പ്രത്യാശയുടെയും ഭീതിയുടെയും സ്വയം പ്രതിരോധം തീർക്കുന്ന യുദ്ധ ഭൂമിയാകുന്നു അത്. വാളുകളില്ലാത്തെ പരസ്പരം വെട്ടുന്ന ആത്മാവുകൾ അവിടെ വിലപേശൽ നടത്തുന്നു. തേറ്റകളുപയോഗിക്കാതെ പല്ലു കടിച്ച് അവർ പരസ്പരം ശണ്ഠ കൂടുന്നു.
യഥാർത്ഥത്തിൽ അതൊരു വന്യമായ കാടു തന്നെയാണ്‌. പ്രത്യക്ഷത്തിൽ ഇണങ്ങിയെന്നു തോന്നുന്നതും വാലുകളിൽ ചായം മുക്കിയതും കൊമ്പുകൾ പോളീഷ് ചെയ്തതുമായ കുറെ മൃഗങ്ങളെ അവിടെ കാണാം. കാട് ഏറ്റവും സ്വീകാര്യമായ നീതിന്യായ വ്യവസ്ഥതിയെയല്ല തേടുന്നത് മറിച്ച് ഏറ്റവും കൗശലവും കൗടില്യവും നിറഞ്ഞതിനേയാണ്‌ അന്വേഷിക്കുന്നത്. അവിടുത്തെ ആചാരങ്ങൾ നമ്മെ നയിക്കുന്നത് ഏറ്റവും ശക്തവും ശ്രേഷ്ടവുമായതിലേക്കല്ല; മറിച്ച് ഏറ്റവും മ്ളേച്ഛവും വ്യാജവുമായതിലേക്കാണ്‌. അവിടുന്ന് ഒരു ഗജ കേസരിയാണ്‌ പക്ഷേ അവിടത്തെ രാജാക്കന്മാർ കഴുകന്റെ കൊക്കും കഴുതപ്പുലിയുടെ കുളമ്പും തേളിന്റെ പല്ലും തവളയുടെ ശബ്ദവുമുള്ള വിചിത്ര ജീവികളാണ്‌.

ബന്ധനസ്ഥനായ പ്രഭോ എന്റെ ജീവൻ ഞാൻ താങ്കൾക്കു സമർപ്പിക്കുന്നു. താങ്കളുടെ മുമ്പിലെ എന്റെ സാന്നിദ്ധ്യം കുറച്ചു നീണ്ടു പോയി എന്നു ഞാനറിയുന്നു. ഞാൻ വാതോരാതെ സംസാരിക്കുകയും ചെയ്തു. എന്നാൽ സിംഹാസനം നഷ്ടപ്പെട്ട ഹൃദയം നിഷ്കാസിതന്മാരായ രാജാക്കന്മാർക്കു വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. വരിഞ്ഞു കെട്ടിയ ഭീബത്സമായ ശരീരമോ തടവുകാരുടെയും കാപാലികരുടെയും കൂടെ സമയം തള്ളിനീക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു പകരം വാക്കുകൾ ചവച്ചു കൊണ്ടിരിക്കുകയും വെള്ളത്തിനു പകരം ചിന്തകൾ നുണഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന യുവാവിന്‌ മാപ്പു നല്കുക.

അല്ലയോ ഭീകരനായ സ്വേച്ഛാധിപതിയേ വിട!!. വീണ്ടും കാണാം.
വിചിത്രമായ ലോകത്തു വെച്ച് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ രാജാക്കന്മാരുടെയും രക്ത സാക്ഷികളുടെയും ആത്മാവുകൾ കണ്ടു മുട്ടുന്ന പ്രേതങ്ങളുടെ ലോകത്തു വെച്ച് നമുക്ക് പിന്നീടൊരിക്കൽ കൂടി സന്ധിക്കാം.