Tuesday, July 27, 2010

കുഴിവെട്ടുകാരൻ - ജുബ്രാൻ ഖലീൽ ജുബ്രാൻ




















കുഴിവെട്ടുകാരൻ
ജുബ്രാൻ ഖലീൽ ജുബ്രാൻ.
(ജിബ്രാന്റെഅൽ ആസ്വിഫഎന്ന അറബി ഗ്രന്ഥത്തിലെ ഒന്നാം അധ്യായം)

വിവർത്തനം: മമ്മൂട്ടി കട്ടയാട്.

കാർമേഘങ്ങൾ താരകങ്ങളെ മായ്ച്ചു കളയുകയും പ്രശാന്തതയെ ഭയം അനാവരണം ചെയ്യുകയുംചെയ്ത ഒരു രാത്രിയിൽ, തലയോട്ടികളും എല്ലുകളും പാകിയ ജീവിതത്തിന്റെ നിഴൽത്താഴ്വരയിലൂടെഞാൻ ഏകനായി നടന്നു പോവുകയായിരുന്നു;

കുറ്റവാളികളുടെ സ്വപ്നങ്ങൾ പോലെ തിരക്കു കൂട്ടുകയും വെള്ളിക്കട്ടനെ പോലെ ഇഴഞ്ഞു നീങ്ങുകയുംചെയ്യുന്ന കണ്ണീരിന്റെയും രക്തത്തിന്റെയും പുഴയുടെ തീരത്ത് പ്രേതങ്ങളുടെ മൂളക്കങ്ങൾക്കു ചെവികൊടുത്ത് ശൂന്യതയിലേക്ക് കണ്ണും നട്ട് ഞാനിരുന്നു.

അർദ്ധ രാത്രിയായപ്പോൾ ആത്മാവുകൾ അവയുടെ മാളങ്ങളിൽ നിന്നുമിറങ്ങി മാർച്ച് പാസ്റ്റ് ചെയ്യാൻതുടങ്ങി. അപ്പോൾ ഒരു വലിയ കാല്പ്പെരുമാറ്റം പതുക്കെപ്പതുക്കെ എന്റെയടുത്തേക്കു വരുന്നതായിഎനിക്കനുഭവപ്പെട്ടു. ഞാൻ പേടിച്ചു നിലവിളിച്ചു:

നിങ്ങൾക്കെന്തു വേണം?” ഞാൻ ചോദിച്ചു.
പല്ലക്കിനോളം വരുന്ന തുളച്ചു കയറുന്ന രണ്ടു കണ്ണുകളുമായി എന്നെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു:
എനിക്കൊന്നും വേണ്ട. എന്നാൽ എല്ലാം വേണം താനും”.
ഞാൻ പറഞ്ഞു:
എന്നെ വെറുതെ വിട്ടേക്കൂ.. നിങ്ങൾ നിങ്ങളുടെ വഴിക്കു പോകൂ..”
അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു:
എനിക്കു പോകേണ്ടത് നിങ്ങളിലേക്കാകുന്നു. ഞാൻ ഇഷ്ടമുള്ളേടത്തൊക്കെയും പോവുകയുംബോധിച്ചിടത്തൊക്കെ താമസിക്കുകയും ചെയ്യും
ഞാൻ പറഞ്ഞു:
ഞാൻ ഏകാന്തതയുമന്വേഷിച്ച് വന്നതാണ്‌; എന്നെ തനിയേ വിട്ടേക്കൂ
ഞാൻ തന്നെയാകുന്നു ഏകാന്തത; പിന്നെന്തിനാണെന്നെ പേടിക്കുന്നത്?”.
എനിക്കു നിങ്ങളെ പേടിയൊന്നുമില്ല”.
പിന്നെന്തിനാണു നിങ്ങൾ കാറ്റിലെ പുൽകൊടിയെപ്പോലെ വിറയ്ക്കുന്നത്?”.
അതു കാറ്റ് കൊണ്ട് എന്റെ വസ്ത്രങ്ങൾ അനങ്ങുന്നതാണ്‌. എനിക്കു വിറയൊന്നുമില്ല”.
കൊടുങ്കാറ്റിന്റെ അലർച്ച പോലെ അയാൽ പൊട്ടിച്ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
നിങ്ങൾ ഭീരു. നിങ്ങൾ എന്നെ പേടിക്കുന്നു. നിങ്ങളുടെ ഭീതിയും എന്നെ പേടിക്കുന്നു. നിങ്ങൾക്കിപ്പോൾഇരട്ടി ഭയമുണ്ട്. പക്ഷേ നിങ്ങളത് എട്ടുകാലിയുടെ വലയേക്കാൾ ദുർബ്ബലമായ തന്ത്രം കൊണ്ട് മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്‌. എന്നിട്ട് നിങ്ങളെന്നെ ചിരിപ്പിക്കുകയും ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നു”.

പിന്നീടയാൾ അടുത്തുള്ള ഒരു വലിയ പാറക്കല്ലിൽ ഇരുന്നു. ഭീകരമായ രൂപത്തിലേക്ക്നോക്കിക്കൊണ്ട് ഞാനെന്റെ മനക്കരുത്തിനെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞ ശേഷം - ആയിരം വർഷത്തെയത്രയും ദൈർഘ്യമുണ്ടായിരുന്നു അതെന്നു എനിക്കുതോന്നുന്നു- പരിഹാസത്തോടെ എന്നെ നോക്കി ഇങ്ങനെ ചോദിച്ചു:
എന്താണു നിങ്ങളുടെ പേര്‌?”
എന്റെ പേര്‌ അബ്ദുല്ലാഹ് (ദേവ ദാസൻ) എന്നാണ്‌
ഹോ, ദേവ ദാസന്മാർക്ക് കൈയും കണക്കുമില്ല. ദൈവമാണെങ്കിലോ ദാസന്മാരെകൊണ്ട്പരിക്ഷീണനുമായിരിക്കുന്നു, നിങ്ങൾക്ക്സയ്യിദുശ്ശയാത്തീൻ (പിശാചുകളുടെ നായകൻ) എന്നു പേരിട്ടുകൂടായിരുന്നോ?, അങ്ങിനെ പിശാചുകളുടെ ദുരിതത്തിൽ ഒരു ദുരിതവും കൂടികൂട്ടിച്ചേർക്കാമായിരുന്നില്ലേ?”

അബ്ദുല്ലാഹ് എന്നത് വിശുദ്ധമായ നാമമാകുന്നു. എന്നെ പ്രസവിച്ച അന്നു തന്നെ എന്റെ പിതാവ്എനിക്കിട്ട പേരാകുന്നു അത്. അതു മാറ്റാൻ ഞാൻ തയ്യാറല്ല

പിതാക്കന്മാരുടെ ഔദാര്യം മക്കളുടെ ശാപമാകുന്നു. പിതാക്കളുടെയും പിതാമഹന്മാരുടെയും ഔദാര്യംവേണ്ടെന്നു വെക്കാത്തവൻ എന്നും പരേതരുടെ അടിമയായി മാറും, അങ്ങിനെ അവസാനം അവനുംപരേതനായിത്തീരും”.

അയാളുടെ വാക്കുകൾ കേട്ട് ചിന്തയിലാണ്ടതു പോലെ ഞാൻ തലയാട്ടി. യാഥാർത്ഥ്യത്തോട്സാദൃശ്യമുള്ള സ്വപ്നങ്ങളുടെ ഛായകൾ ഓർമ്മകളിലേക്ക് ഞാൻ സന്നിവേശിപ്പിച്ചു.
അയാൾ പിന്നെയും ചോദിച്ചു:
എന്താണു നിങ്ങളുടെ ജോലി?“.
ഞാൻ പറഞ്ഞു:
ഞാൻ കവിതയും ലേഖനങ്ങളുമെഴുതും. ജനങ്ങളിലേക്ക് സമർപ്പിക്കാനായി ജീവിതത്തിൽ എനിക്ക്എന്റേതായ കുറെ ആശയങ്ങളുണ്ട്”.
അയാൾ പറഞ്ഞു:
ഇതു പഴഞ്ചനും പരിത്യക്തവുമായ ഒരു വേലയാണല്ലോ!. അതു കൊണ്ട് ജനങ്ങൾക്കൊരുപകാരവുംഉപദ്രവവും ഉണ്ടാവില്ലല്ലോ!!”.
ജനങ്ങൾക്കുപകരിക്കാനായി എന്റെ പകലുകളെയും രാവുകളെയും ഞാനെങ്ങനെഉപയോഗപ്പെടുത്തണം?”.
നിങ്ങൾ ഒരു കുഴിവെട്ടുകാരനാവുക. ഭവനങ്ങൾക്കും കോടതികൾക്കും ആരാധനാലയങ്ങൾക്കും മുമ്പിൽകൂച്ചു വിലങ്ങിട്ട് വലിച്ചെറിയപ്പെട്ട ശവങ്ങളിൽ നിന്നും ജനങ്ങൾക്കെന്തായലും അതാശ്വാസം നല്കും
വീടുകൾക്കു മുമ്പിൽ വിലങ്ങുകളിട്ട് കെട്ടിക്കൂട്ടിയ ശവങ്ങളെ ഞാനിതു വരേ കണ്ടിട്ടില്ലല്ലോ?”.

നിങ്ങൾ നിങ്ങളുടെ മിഥ്യാ നയനങ്ങൾ കൊണ്ടാണു നോക്കുന്നത്. അതു കൊണ്ടാണ്‌ ജീവന്റെ കാറ്റിൽഇളകിയാടുന്ന ജനങ്ങളെ താങ്കൾ ജീവനുള്ളവരായി തെറ്റിദ്ധരിക്കുന്നത്. യഥാർത്ഥത്തിൽ അവർജനിക്കുമ്പോൾ തന്നെ മരിച്ചവരാണ്‌. പക്ഷെ കുഴിച്ചു മൂടി മറവു ചെയ്യാൻ അവർക്കാരെയും കിട്ടിയില്ല. അതു കൊണ്ട് അവർ ദുർഗ്ഗന്ധം വമിച്ചു കൊണ്ട് മണ്ണിനു മുകളിൽ വലിച്ചെറിയപ്പെട്ടിരിക്കുന്നു

എന്റെ ഭയം പതുക്കെ മാറിത്തുടങ്ങി. ഞാൻ ചോദിച്ചു:
ജീവനുള്ളവരെയും മരിച്ചവരെയും ഞാനെങ്ങിനെ തിരിച്ചറിയും? അവ രണ്ടും കാറ്റത്ത്ഇളകുന്നുണ്ടല്ലോ?”
അയാൾ പറഞ്ഞു:
ശവങ്ങൾ കാറ്റിൽ ഒരിടത്തു നിന്നു കൊണ്ടാണ്‌ വിറയ്ക്കുന്നത്. എന്നാൽ ജീവനുള്ളവ കാറ്റിനൊപ്പംസഞ്ചരിച്ചു കൊണ്ടേയിരിക്കും. കാറ്റു നില്ക്കുമ്പോഴേ അവയും നിൽക്കുകയുള്ളൂ

അയാൾ കൈയും കുത്തി നിലത്തിരുന്നു. ജീവനും കരുത്തും കൊണ്ട് സമ്പന്നമായ ഓക്കുമരത്തടിയെപ്പോലെ ഉറച്ച അയാളുടെ പേശികൾ ഞാൻ ശ്രദ്ധിച്ചു. അയാൾ ചോദിച്ചു:
നിങ്ങൾ വിവാഹിതനാണോ?”
ഞാൻ പറഞ്ഞു:
എനിക്കു സുന്ദരിയായ ഒരു ഭാര്യയുണ്ട്. ഞാനവളെ സ്നേഹിക്കുന്നു
നിങ്ങളൊരു മഹാ പാപി തന്നെ. ശക്തിയുടെ നൈരന്തര്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദാസ്യവൃത്തിയാകുന്നു വിവാഹം. നിങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്നുണ്ടെങ്കിൽ ഭാര്യയെ വിവാഹം മോചനംനടത്തുക. എന്നിട്ട് തനിയെ ജീവിക്കുക
എനിക്ക മൂന്നു മക്കളുണ്ട് മൂത്തവൻ പന്തു കളിക്കുന്നു. ഇളയവർ വാക്കുകൾ ചവച്ചു തുടങ്ങിയിരിക്കുന്നു. സംസാരിക്കാറായിട്ടില്ല. ഞാനവരെ എന്തു ചെയ്യും?”
അവരെയും നിങ്ങൾ കുഴിവെട്ട് വേല പഠിപ്പിക്കുക. ഒരോരുത്തർക്കും ഓരോ പിക്കാസുകൾവാങ്ങിക്കൊടുക്കുക. എന്നിട്ട് അവരെ അവരുടെ പാട്ടിനു വിടുക
ഏകാന്തതയും ഒറ്റപ്പെടലും സഹിക്കാനുള്ള കരുത്ത് എനിക്കില്ല. ഭാര്യയുടെയും മക്കളുടെയും കൂടെആനന്ദകരമായ ജീവിതം നയിച്ചു ഞാൻ ശീലിച്ചു പോയി. അവരെ ഉപേക്ഷിച്ചാൽ എന്റെസന്തോഷമെല്ലാം നഷ്ടപ്പെടും

വെളുത്ത ചായക്കൂട്ടുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന കറുത്ത പരാജയമാകുന്നു മനുഷ്യന്‌ ഭാര്യയുംമക്കളുടെയും കൂടെയുള്ള ജീവിതം. താങ്കൾക്ക് അത്യാവശ്യമാണെങ്കിൽ ഒരു പ്രേത (ജിന്ന്‌) വനിതയെവിവാഹം ചെയ്ത് കൂടെ പൊറുപ്പിച്ചോളൂ
ഞാൻ അതിശയത്തോടെ ചോദിച്ചു:
പ്രേത വനിത യഥാർത്ഥത്തിൽ ഉള്ളതാണോ? നിങ്ങളെന്നെ പറ്റിക്കുകയാണോ?”
എന്തൊരു വിഡ്ഢിത്തമാണ്‌ നിങ്ങൾ പറയുന്നത്. പ്രേതങ്ങൾക്കു മാത്രമേ അസ്ഥിത്വമുള്ളൂ. ജിന്നുകളുടെകൂടെ ഒരാൾ കൂടിയിട്ടില്ലെങ്കിൽ അവൻ സംശയത്തിന്റെയും വെപ്രാളത്തിന്റെയും ലോകത്തായിരിക്കും
ജിന്നു വനിതകൾക്കു സൗന്ദര്യവും അഴകുമുണ്ടാകുമോ?”
അവർക്ക് അഴകും മാഞ്ഞുപോകാത്ത സൗന്ദര്യവുമുണ്ടാകും
എങ്കിലെനിക്കൊരു ജിന്നു സ്ത്രീയെ കാണിച്ചു തരൂ..”
നിനക്കു ജിന്നിനെ കാണാനും തൊടാനും കഴിയുമായിരുന്നെങ്കിൽ കല്യാണം കഴിക്കാൻ ഞാൻനിന്നോടുപദേശിക്കുമോ?”
തൊടാനും കാണാനും കഴിയില്ലെങ്കിൽ പിന്നെ കല്ല്യാണം കഴിച്ചിട്ടെന്താണു ഫലം?”
കാറ്റുകൾക്കൊപ്പം സഞ്ചരിക്കാതെ നിന്നിടത്തു നിന്നു ചലിക്കുന്ന പരേതരുടെയും മറ്റു പടപ്പുകളുടെയുംഅനശ്വരത സമ്മാനിക്കുന്ന പതുക്കെയുള്ള ചില ഉപകാരങ്ങൾ നിനക്കു ലഭിക്കും”.

അയാൾ ഒരു നിമിഷം എന്നിൽ നിന്നും മുഖം തിരിച്ചു. എന്നിട്ടു ചോദിച്ചു:
നിന്റെ മതം ഏതാകുന്നു?”
ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു, അവന്റെ എല്ലാ പ്രവാചകന്മാരെയും ബഹുമാനിക്കുന്നു, സദാചാരത്തെ ഇഷ്ടപ്പെടുന്നു, പരലോകത്തിൽ പ്രതീക്ഷയർപ്പിക്കുന്നു

ഇത് കഴിഞ്ഞു പോയ തലമുറകൾ ആവർത്തിച്ചു പോന്ന പദങ്ങളാകുന്നു. പിന്നീടവരാ ഉദ്ധരണികൾനിങ്ങളുടെ ചുണ്ടുകളിൽ വെച്ചു തന്നു. വാസ്തവം പറഞ്ഞാൽ താങ്കൾ താങ്കളുടെ ആത്മാവിനെ മാത്രമേവിശ്വസിക്കുന്നുള്ളൂ. അതിനെ മാത്രമേ ബഹുമാനിക്കുന്നുമുള്ളൂ. അതിന്റെ താല്പ്പര്യങ്ങൾക്കേചെവികൊടുക്കുന്നുള്ളൂ. അതിന്റെ അനശ്വരതയിലേ താങ്കൾക്കു പ്രതീക്ഷയുമുള്ളൂ. പണ്ടു മുതലേ മനുഷ്യൻഅവനെത്തന്നെയേ ആരാധിക്കുന്നുള്ളൂ. അതിന്റെ പ്രതീക്ഷകളും താല്പ്പര്യങ്ങളും മാറുന്നതിനനുസരിച്ച്അവനതിന്‌ വിവിധ പേരുകളിടുന്നെന്നേയുള്ളൂ. ചിലപ്പോളതിനെ അവൻ പ്രിയതമൻ എന്നു വിളിക്കും, ചിലപ്പോൾ ഉപഭോക്താവ് എന്നു വിളിക്കും, മറ്റു ചിലപ്പോൾ അല്ലാഹു എന്നും വിളിക്കും

പിന്നീടയാൾ ആർത്തു ചിരിച്ചു. പുച്ഛവും അവഹേളനയും കലർന്ന അടയാളങ്ങൾ അയാളുടെമൂടുപടത്തിനടിയിലൂടെ പുറത്തു വന്നു. അയാൾ തുടർന്നു:
സ്വന്തം ശരീരങ്ങളെ പൂജിക്കുന്നവരുടെ അവസ്ഥ എത്ര വിചിത്രമായിരിക്കുന്നു? അവരുടെശരീരമാണെങ്കിലോ ചീഞ്ഞു നാറുന്നുണ്ട്”.

അയാളുടെ വാക്കുകളുടെ അർത്ഥവും ആലോചിച്ച് ഒരു നിമിഷം ഞാൻ നിശ്ചലമായി. ജീവിതത്തേക്കാൾവിചിത്രവും, മരണത്തേക്കാൾ ഭീകരവും സത്യത്തേക്കാൾ അഗാധവുമായ ചില അർത്ഥങ്ങൾ വാക്കുകളിൽ ഞാൻ കണ്ടെത്തി. അതിന്റെ ലഷണങ്ങളും അടയാളങ്ങളും എന്റെ ചിന്തകളെആശ്ചര്യപ്പെടുത്തി. അതിന്റെ രഹസ്യങ്ങളെയും അസ്പഷ്ടതകളെയും പരസ്യപ്പെടുത്താൻ എന്റെഅഭിലാഷങ്ങൾ ഉണർന്നെണീറ്റു. ഞാൻ ഇങ്ങനെ അട്ടഹസിച്ചു:
നിങ്ങൾക്കൊരു ദൈവമുണ്ടെങ്കിൽ ദൈവത്തെ കൊണ്ട് സത്യം ചെയ്ത് ഞാൻ ചോദിക്കുന്നു: നിങ്ങളാരാണ്‌?”
ഞാൻ എന്റെ ശരീരത്തിന്റെ ദൈവം
നിങ്ങളുടെ പേരെന്താണ്‌?”
ഭ്രാന്തൻ ദൈവം
നിങ്ങൾ എവിടെയാണ്‌ ജനിച്ചത്?”
എല്ലാ സ്ഥലത്തും
നിങ്ങൾ എപ്പോഴാണ്‌ ജനിച്ചത്?”
എല്ലാ കാലത്തും
നിങ്ങൾ എവിടെ നിന്നാണ്‌ തത്വശാസ്ത്രങ്ങൾ പഠിച്ചത്?, ജീവിതത്തിന്റെ രഹസ്യവും ഉണ്മയുടെഉള്ളും ആരാണ്‌ നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നത്?”

ഞാൻ ഒരു തത്വ ജ്ഞാനിയല്ല, തത്വ ജ്ഞാനം എന്നത് ദുർബ്ബലരായ മനുഷ്യരുടെ വിശേഷണമാണ്‌, ഞാൻ ബന്ധിതനും കരുത്തനുമായ ഒരു ഭ്രാന്തനാണ്‌. എന്റെ കാലിനടിയിലൂടെ ഭൂമി വഴുതിപ്പോകുന്നു. ഞാനും നിങ്ങളും ഇപ്പോൾ നിൽക്കുന്നത് നക്ഷത്രങ്ങളുടെ ഭ്രമണ പഥത്തിലാണ്‌. മനുഷ്യരെപരിഹസിക്കാൻ ഞാൻ പഠിച്ചത് ചെകുത്താന്മാരിൽ നിന്നാകുന്നു. ജിന്നുകളുടെ ഛത്രപതിമാരോടുംരാത്രിയുടെ ഭീമന്മാരോടും ഇടപഴകിയ ശേഷമാണ്‌ ഉണ്മയുടെയും ശൂന്യതയുടേയും രഹസ്യങ്ങൾ ഞാൻമനസ്സിലാക്കിയത്

പരുപരുത്ത താഴ്വാരങ്ങളിൽ നിങ്ങൾക്കെന്താണു പണി?, ഇവിടെ നിങ്ങളെങ്ങിനെയണ്‌നാളുകൾ തള്ളി നീക്കുന്നത്?”
രാവിലെ ഞാൻ സൂര്യനിലേക്ക് പങ്കായം തുഴയുന്നു, ഉച്ചക്ക് മനുഷ്യനെ പഴി പറയുന്നു, വൈകുന്നേരംപ്രകൃതിയെ കളിയാക്കുന്നു, രാത്രി എന്റെ ശരീരത്തിനു മുമ്പിൽ കുമ്പിട്ട് നമസ്കരിക്കുന്നു”.
നിങ്ങളെന്താണ്‌ തിന്നുന്നത്, എന്താണ്‌ കുടിക്കുന്നത്? എവിടെയാണുറങ്ങുന്നത്?”
ഞാനും കാലവും സമുദ്രവും ഉറങ്ങാറില്ല, ഞങ്ങൾ തിന്നുന്നത് മനുഷ്യ മാംസമാകുന്നു. കുടിക്കുന്നത്അവരുടെ രക്തവും. അവരുടെ നിശ്വാസങ്ങൾ ഞങ്ങൾ എടുത്തണിയുകയും ചെയ്യുന്നു”.

കൈ നെഞ്ചിൽ ചേർത്തു കെട്ടി അയാൾ എഴുന്നേറ്റു നിന്നു. എന്നെ തുറിച്ചു നോക്കിയ ശേഷം ശാന്തവുംഅഗാധവുമായ സ്വരത്തിൽ അയാൾ പറഞ്ഞു:
വീണ്ടും കാണാം, രക്ത രക്ഷസ്സുകളും രാക്ഷസന്മാരും വസിക്കുന്നയിടത്തേക്കു ഞാൻ പോവുകയാണ്‌”.

ഞാൻ ഒച്ചവെച്ചപേക്ഷിച്ചു
ഒരു നിമിഷം നില്ക്കൂ.. എനിക്കൊരു ചോദ്യവും കൂടി ചോദിക്കാനുണ്ട്”.
അപ്പോഴേക്കും രാത്രിയുടെ മൂടു പടങ്ങളിലേക്ക് അയാൾ മറഞ്ഞു കൊണ്ടിരുന്നു. അയാൾ പ്രതിവചിച്ചു:
ഭ്രാന്തൻ ദൈവങ്ങൾ ആർക്കു വേണ്ടിയും കാത്തിരിക്കില്ല. വിട വീണ്ടും കാണാം”.

ഇരുട്ടിന്റെ മറവിലേക്ക് രൂപം പോയ്മറഞ്ഞു. പേടിയും പരിഭ്രമവ്വും കൊണ്ട് ഞാൻ നിന്നു വിറച്ചു. അവിടെ നിന്നും തിരിഞ്ഞു നടക്കാൻ എന്റെ കാലുകളുയർത്തിയപ്പോൾ ഭീമാകാരമായ പാറക്കെട്ടിൽനിന്നും ഒരു ശബ്ദ തരംഗം ഇങ്ങനെ പ്രവഹിച്ചു കൊണ്ടിരുന്നു:
വിട.. വീണ്ടും കാണാം...”

പിറ്റേ ദിവസം ഞാനെന്റെ ഭാര്യയെ വിവാഹ മോചനം നടത്തി. ഒരു ജിന്നു ബാലികയെ വിവാഹംകഴിക്കുകയും ചെയ്തു. പിന്നെ എന്റെ എല്ലാ മക്കൾക്കും ഓരോ കുട്ടയും പിക്കാസും നല്കിക്കൊണ്ടുപറഞ്ഞു:
പോകൂ.. എവിടെ ശവങ്ങൾ കാണ്ടാലും അതെടുത്ത് മണ്ണിൽ മറവു ചെയ്യൂ..”

അന്നു മുതൽ ഇന്നു വരേ ഞാൻ ശ്മശാനങ്ങളിൽ കുഴിവെട്ടുകയും മൃത ദേഹങ്ങളെ സംകരിക്കുകയുംചെയ്തു കൊണ്ടിരിക്കുന്നു. മൃത ദേഹങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. മറവു ചെയ്യാൻ ഇപ്പോൾ ഞാൻമാത്രമേ ഉള്ളൂ... എന്നെ ആശ്വസിപ്പിക്കാൻ പോലും ഒരാളും വരുന്നില്ല.

Thursday, July 8, 2010

ജുബ്രാൻ ഖലീൽ ജുബ്രാൻ - മക്കൾ



ജുബ്രാൻ ഖലീൽ ജുബ്രാൻ.(1883-1931)
(ലബനീസ് കവി, ചിത്രകാരൻ, ശില്പി, തത്വചിന്തകൻ)

ദാറുൽ ഹിലാൽ ബുക്സ് മാനേജർ ഈമീൽ സൈദാന്‌ ഒരിക്കൾ ഖലീൽ ജുബ്രാൻ എഴുതി:
“സുഹൃത്തേ, എന്റെ ജീവ ചരിത്രമെഴുതാൻ താങ്കളെന്നോടാവശ്യപ്പെട്ടു. അത് എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രയാസമുള്ള ഒരു സംഗതിയാകുന്നു. എന്നെക്കുറിച്ച് ഞാനെന്താണു പറയേണ്ടത്?. നാല്പ്പതു വർഷമായി ഞാൻ ജനിച്ചിട്ട്; ഈ നാല്പ്പതു വർഷവും ഞാൻ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്‌. എന്റെ ആത്മ കഥ മൊത്തവും ഇത്രയേ ഉള്ളൂ. ചിലപ്പോൾ എനിക്കു തോന്നുന്നു എല്ലാ ദിവസവും ഞാൻ ജനിക്കുകയാണെന്ന്. എന്റെ ഭൂത കാലം ഞാൻ കണ്ടു കൊണ്ടിരിക്കുന്ന സ്വപ്നങ്ങളല്ലാതെ മറ്റൊന്നുമല്ല. ഞാൻ രാത്രിയുടെ ഗർഭാശയത്തിലാണ്‌. താങ്കൾക്കും അറിയാവുന്നതല്ലേ, സ്വന്തം ശരീരത്തെ ശിശുവായിക്കാണുന്ന ഒരാൾ തന്റെ ജീവ ചരിത്രം കുറിച്ചിടാൻ ഭയക്കുകയും കോട മൂടിക്കിടക്കുന്ന അയാളുടെ ഭൂതകാലത്തെ ജനങ്ങൾക്കു മുമ്പിൽ തുറന്നു കാണിക്കാൻ ലജ്ജിക്കുകയും ചെയ്യും എന്ന്. എന്റെ കരുത്തിനും സ്നേഹത്തിനും പിണക്കത്തിനും വിധേയത്ത്വത്തിനും സൂര്യനു മുമ്പിൽ നില്ക്കാൻ ഇപ്പോഴും ഒരു സ്ഥിരം വാർപ്പു മാതൃക ഇല്ല. നാളെ സമാഗതമാവുകയും നാളെയുടെ കൂടിക്കാഴ്ച്ചയിൽ പ്രകൃതി പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുമ്പോൾ ആ കായ്കനികൾ തന്നെയാകുന്നു എന്റെ ജീവ ചരിത്രം. എന്റെ നോവും സന്തോഷവും ഏകാന്തതയും വിനോദവും അഗ്നിയും പ്രകാശവും പുകയും മറ്റൊന്നല്ല“.(തുടരും....)

ജുബ്രാന്റെ ഒരു ചിത്രം

മക്കൾ
(ജുബ്രാൻ ഖലീൽ ജുബ്രാൻ)

നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല.
ജീവിതത്തെ സ്വയമേവ അഭിലഷിക്കുന്ന
ആണ്മക്കളും പെണ്മക്കളുമാകുന്നു അവർ.
നിങ്ങളിലൂടെ അവർ ഈ ലോകത്തിലേക്കു വന്നു;
പക്ഷേ, അവർ നിങ്ങളുടേതല്ല.

നിങ്ങളുടെ കൂടെ അവർ ജീവിക്കുന്നു,
എന്നാൽ അവർ നിങ്ങളുടെ ഉടമസ്ഥതയിലല്ല.

നിങ്ങളുടെ സ്നേഹം അവരിലേക്കു പകർന്നു നൽകാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ നിങ്ങളുടെ ചിന്തകളുടെ വിത്തുകൾ
അവരിലൂടെ നട്ടു വിളയിക്കാൻ നിങ്ങൾക്കു കഴിയില്ല;
കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ടാവും.

അവർക്കു വീടു വെച്ചു കൊടുക്കാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ അവരുടെ ശരീരങ്ങളെ നിങ്ങളുടെ വീടുകളിൽ പാർപ്പിക്കാൻ
നിങ്ങൾക്കു കഴിയില്ല.
നിങ്ങൾക്കു സന്ദർശിക്കാനോ, സ്വപ്നം കാണാനോ കഴിയാത്ത
നാളെയുടെ ഭവനങ്ങളിലാവും അവർ താമസിക്കുന്നത്.

അവർ നിങ്ങളെപ്പോലെയാവാൻ നിങ്ങൾക്കു ശ്രമിക്കാം;
പക്ഷേ, അത്തരം ശ്രമങ്ങൾ വ്യർത്ഥങ്ങളാകുന്നു;
കാരണം ജീവിതം ഒരിക്കലും പിറകോട്ടു പോകില്ല.
നാളെയുടെ ഭവനങ്ങളിൽ താമസിക്കുന്നതിലും
അത് ആനന്ദം കണ്ടെത്തുകയുമില്ല.

നിങ്ങൾ വില്ലുകളും നിങ്ങളുടെ മക്കൾ അമ്പുകളുമാണ്‌.
നിങ്ങളുടെ വില്ലുകളിൽ നിന്നും ജീവിതത്തെ
നിങ്ങൾ തൊടുത്തു വിട്ടു കഴിഞ്ഞു.

അമ്പെയ്യുന്നവൻ അനന്തമായ പാതയിൽ
നാട്ടിയിരിക്കുന്ന ഉന്നങ്ങളെയാണ്‌ നോക്കുക;
സ്വന്തം കഴിവു കൊണ്ട് അതെത്രത്തോളം വേഗത്തിൽ
പായിക്കാൻ കഴിയുമോ എന്ന് അവൻ നോക്കട്ടെ.

അതിനാൽ അമ്പെയ്ത്തുകാരന്റെ
രണ്ടു കൈകൾക്കിടയിലുള്ള ദൂരം
എത്രത്തോളം വളക്കാൻ കഴിയുമോ,
അത്രത്തോളം അവന്‌ സംതൃപ്തിയും സന്തോഷവും ഉണ്ടാവും.

എന്തു കൊണ്ടെന്നാൽ പറന്നു പോകുന്ന അമ്പ്
കുതിക്കാൻ ആഗ്രഹിക്കുന്നതു പോലെ
കൈകൾക്കിടയിൽ ഉറച്ചിരിക്കാൻ
വില്ലും അതിയായി ആഗ്രഹിക്കും.

Tuesday, July 6, 2010

..എന്തു കൊണ്ട് തോറ്റു പോകുന്നു? -നിസാർ ഖബ്ബാനി (1923-1998) (സിറിയൻ കവി)



...ദുർബ്ബലൻ
എന്തു കൊണ്ട് തോറ്റു പോകുന്നു?

നിസാർ ഖബ്ബാനി (1923-1998)
(സിറിയൻ കവി)
(കഴിഞ്ഞ പോസ്റ്റിലെ തുടർച്ച)

വെറുപ്പിന്റെ ചുവരുകളിൽ ക്രൂശിക്കപ്പെട്ട
എന്റെ പ്രിയപ്പെട്ട നാടേ;
നരകക്കുണ്ടിലേക്കു പാഞ്ഞു പോകുന്ന
അഗ്നി ഗോളമേ,
ഈജിപ്തിൽ നിന്നോ, ബനൂ സഖീഫിൽ നിന്നോ
രക്തം വാർന്നൊലിക്കുന്ന ഈ നാടിനു വേണ്ടി
ആരും ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കുന്നില്ല,
ഒരിറ്റു മൂത്രം പോലും നൽകുന്നില്ല.

കീറിപ്പറിഞ്ഞ നിന്റെ നീളം കുപ്പായത്തിനു പകരം
ഒരു കഷണം തുണിയോ
ഒരു തൊപ്പിയോ ദാനം ചെയ്യുന്നില്ല.

ശരത്കാൽ പുൽകൊടി പോലെ
ഒടിഞ്ഞു പോയ എന്റെ നാടേ;
വൃക്ഷങ്ങളെപ്പോലെ ഞങ്ങളെ
ഒരിടത്തു തന്നെ കെട്ടിയിട്ടിരിക്കുകയാണ്‌,
ഞങ്ങളുടെ സ്വപ്നങ്ങളും ഓർമ്മകളും നിരന്തരം
പലായനം ചെയ്യുകയുമാണ്‌.

കണ്ണുകൾ കൺപോളകളെ ഭയക്കുന്നു,
ചുണ്ടുകൾ ശബ്ദങ്ങളെ പേടിക്കുന്നു.

ഞങ്ങളുടെ ഭരണാധികാരികൾ
നീല രക്തങ്ങൾ സിരകളിലൂടെ ഒഴുകുന്ന
ദൈവങ്ങളാകുന്നു.

ഹിജാസിലെ നേതാക്കളും
മലയടിവാരങ്ങളിലെ അധികാരികളും ഞങ്ങളെ അറിയില്ല.
അബു ത്വയ്യിബോ, അബൂ അതാഹിയയോ
ഞങ്ങൾക്ക് ആതിഥ്യമരുളുന്നില്ല.
എപ്പോഴെങ്കിലുമൊന്ന് ചിരിച്ചു പോയാൽ
മുആവിയ ഞങ്ങളെ കൊന്നു കളയുന്നു.
* * *

അവശതയുടെ തുറമുഖങ്ങളിൽ നിന്നും
വീണ്ടും ഞങ്ങൾ പലായനം ചെയ്യുകയാണ്‌.

ബെയ്റൂത്തിൽ നിന്നും അറബിക്കടൽ വരേയുള്ള ആർക്കും
ഞങ്ങളെ ആവശ്യമില്ല.
ഫാതിമിയാക്കൾക്കും ഖറാമിതുകൾക്കും
ഒരു പിശാചിനും ഒരു മാലാഖക്കും
ഞങ്ങളെ വേണ്ട.

പെണ്ണിനു പകരം പെട്രോളും
ഡോളറിനു പകരം വീടുകളും
പരവതാനികൾക്കു പകരം പൈതൃകവും
വെള്ളിത്തുട്ടുകൾക്കു പകരം ചരിത്രവും
പൊന്നിനും പകരം മനുഷ്യനെയും
മാറ്റക്കച്ചവടം നടത്തുന്ന ഒരു ദേശത്തിനും
നമ്മളെ ആവശ്യമില്ല;
അവിടുത്തെ പ്രജകളാണെങ്കിലോ
ഈർച്ചപ്പൊടിയും തിന്നു കഴിയുകയാണ്‌.

ഏജന്റുമാരുടെയും,സ്പോൺസർമാരുടെയും,
ഇറക്കുമതിക്കാരുടെയും, കയറ്റുമതിക്കാരുടെയും,
രാജാവിന്റെ ഷൂ പോളീഷ് ചെയ്യുന്നവരുടേയും,
ഔദ്യോഗിക രേഖകളിലെ സാംസ്കാരിക നായകന്മാരുടെയും
വാടകക്കെടുക്കുന്ന കവികളുടെയും,
അധികാരികൾക്കു വേണ്ടി ബദാം പരിപ്പിന്റെയും
ആപ്പിളിന്റെയും തൊലി കളയുന്നവരുടെയും,
ഭരണാധികാരി കിടപ്പറയിലേക്കു പോകുമ്പോൾ
ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ ലിസ്റ്റ്
കൂടെ കൊണ്ടു പോകുന്നവരുടെയും,
കൂട്ടിക്കൊടുപ്പിന്റെ ഉദ്യോഗസ്ഥരുടെയും,
ജോക്കർമാരുടെയും,
പെൺകോന്തന്മാരുടെയും നാട്ടിൽ
ആർക്കും നമ്മെ ആവശ്യമില്ല.

കോടിക്കണക്കിനു പുസ്തകങ്ങളെ
കശാപ്പു ചെയ്യുന്ന ഉപ്പു നഗരത്തിൽ
ആരും നമ്മെ വായിക്കുന്നില്ല.
രാഷ്ട്രീയത്തിന്റെ ഗവേഷകന്മാർ
സാഹിത്യത്തിന്റെ തലതൊട്ടപ്പന്മാരായി മാറുന്ന
ഈ നഗരത്തിൽ
ആരും നമ്മളെ വായിക്കുന്നില്ല.

6

സങ്കടക്കപ്പലിൽ വീണ്ടും ഞങ്ങൾ
യാത്ര ചെയ്യുകയാണ്‌.
ഞങ്ങളുടെ നായകൻ കൂലിപ്പട്ടാളക്കാരനാണ്‌,
ഞങ്ങളുടെ പുരോഹിതൻ
കടൽ കൊള്ളക്കാരനും.
കൂട്ടിനുള്ളിലെ എലികളെപ്പോലെ
ഞങ്ങൾ മറയ്ക്കുള്ളിലിരിക്കുകയാണ്‌.

ഒരു തുറമുഖവും
ഒരു സത്രവും
ഒരു പെണ്ണും
ഞങ്ങളെ വരവേല്ക്കാൻ വരുന്നില്ല.

ഞങ്ങളുടെ പാസ്പോർട്ടുകളെല്ലാം
ഇഷ്യൂ ചെയ്തത് ചെകുത്താനാകുന്നു;
ഞങ്ങളെഴുതുന്നതൊന്നും-അതു കൊണ്ടു തന്നെ
ചെകുത്താനെ അത്ഭുതപ്പെടുത്തുന്നില്ല.

കാലത്തിന്റെയും സ്ഥലത്തിന്റെയും അപ്പുറത്തേയ്ക്കു
പോകാൻ വിധിക്കപ്പെട്ടവർ ഞങ്ങൾ!.
പണസഞ്ചി നഷ്ടപ്പെട്ട പഥികർ ഞങ്ങൾ!.

മാറാപ്പുകളും, മക്കളും,
പേരുകളും, പുരോഗതിയും,
സുരക്ഷിത ബോധവും
എന്നേ ഞങ്ങൾക്കു കളഞ്ഞു പോയിരിക്കുന്നു.

ബനൂ ഹാശിമും, ബനൂഖഹ്താനും,
ബനൂ റബീഅയും, ബനൂ ശൈബാനും,
ബനൂ‘ലെനി’നും, ബനൂ ‘റീഗ’ണും,
ഞങ്ങളെ തിരിച്ചറിയുന്നില്ല.

എന്റെ പ്രിയപ്പെട്ട നാടേ,
എല്ലാ പക്ഷികൾക്കും കൂടുകളുണ്ട്;
സ്വാതന്ത്ര്യം കണ്ടുപിടിച്ച കിളികൾക്കൊഴികെ;
അവർ മറു നാടുകളിൽ വെച്ച് മരിച്ചു തീരുകയാണ്‌.

Saturday, July 3, 2010

ദുർബ്ബലന്റെ പുത്രൻ .... നിസാർ ഖബ്ബാനി (സിറിയ)



മനുഷ്യാവകാശ പരീക്ഷണങ്ങളിൽ
ദുർബ്ബലന്റെ പുത്രൻ മഹാ ദുർബ്ബലൻ
എന്തു കൊണ്ട് തോറ്റു പോകുന്നു?
------------------------------------
നിസാർ ഖബ്ബാനി (1923-1998)
(സിറിയൻ കവി)
------------------------------------
നാടില്ലാത്ത നാട്ടുകാർ!
കാലത്തിന്റെ ഭൂപടത്തിൽ
കുരുവികളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവർ!
രേഖകളില്ലാതെ യാത്ര ചെയ്യാൻ
വിധിക്കപ്പെട്ടവർ!
ശവക്കച്ചകളില്ലാത്ത ജഢങ്ങൾ!
കാലം പടച്ചു വിട്ട ലൈംഗികത്തൊഴിലാളികൾ - നമ്മൾ..!
ഭരണ കൂടം നമ്മളെ വില്ക്കുന്നു,
പണം കൈപ്പറ്റുകയും ചെയ്യുന്നു.

നമ്മൾ കൊട്ടാരത്തിലെ വെപ്പാട്ടികൾ!

മുറികളിൽ നിന്നു മുറികളിലേക്ക്,
കൈകളിൽ നിന്നു കൈകളിലേക്ക്,
നാശത്തിൽ നിന്നു നാശത്തിലേക്ക്,
വിഗ്രഹങ്ങളിൽ നിന്നു വിഗ്രഹങ്ങളിലേക്ക്
നമ്മളെ പറഞ്ഞു വിടുന്നു.

ഏദനിൽ നിന്നു തഞ്ചയിലേക്ക്(1)
തഞ്ചയിൽ നിന്നും ഏദനിലേക്ക്
ഓരോ രാത്രിയിലും
നായ്ക്കളെപ്പോലെ നാം ഓടുകയാണ്‌.

നമ്മളെ സ്വീകരിക്കുന്ന ഒരു ഗോത്രം,
നമുക്ക് സംരക്ഷണം തരുന്ന ഒരു കുടുംബം,
നമ്മുടെ നഗ്നത മൂടുന്ന ഒരു മറ,
ഒരഭയ കേന്ദ്രം
നാം ഇന്നും അന്വേഷിക്കുകയാണ്‌.

നടുനിവർക്കാൻ കഴിയാതെ കുനിഞ്ഞു പോയ,
അകാല വാർദ്ധക്യം പിടിപെട്ട
നമ്മുടെ കുട്ടികൾ നമുക്ക് ചുറ്റിലുമുണ്ട്.
‘നാട്’ എന്നു വിളിക്കുന്ന മനോഹരമായ സ്വർഗ്ഗത്തെക്കുറിച്ച്,
ആ മഹാ നുണയെക്കുറിച്ച്
അവർ പഴ നിഘണ്ടുകളിൽ തിരയുകയായിരുന്നു.

2

കണ്ണീർ പാടങ്ങളിലെ അന്തേവാസികൾ നമ്മൾ!
നമ്മുടെ കാപ്പി പാകം ചെയ്തിരിക്കുന്നത്
കർബ്ബലയുടെ രക്തത്തിലാണ്‌.
നമ്മുടെ അന്നം, പാനീയം,
നമ്മുടെ സംസ്കാരം, പതാക,
നമ്മുടെ വ്രതം, പ്രാർത്ഥന,
നമ്മുടെ പൂക്കൾ, നമ്മുടെ കുഴിമാടങ്ങൾ,
നമ്മുടെ തൊലിപ്പുറങ്ങൾ...
എല്ലാത്തിനു മുകളിലും
കർബ്ബലയുടെ മുദ്ര പതിഞ്ഞിരിക്കുന്നു.(2)

ഈ മരുഭൂമിയിൽ
നമ്മെ ആരും തിരിച്ചറിയുന്നില്ല.
ഒരീത്തപ്പനയും ഒരൊട്ടകവും
ഒരു കുറ്റിയും ഒരു കല്ലും
ഒരു ഹിന്ദും ഒരു അഫ്രാഉം(3)....

നമ്മുടെ രേഖകളെല്ലാം സംശയാസ്പദം!
നമ്മുടെ ചിന്തകൾ വിചിത്രം!
പെട്രോൾ കുടിക്കുന്നവരും
കണ്ണീരും പരാജയവും രുചിക്കുന്നവരും
നമ്മെ തിരിച്ചറിയുന്നില്ല.

3

നമ്മുടെ ഭരണാധികാരികൾ
എഴുതുന്ന ലിഖിതങ്ങളിൽ
തടവിലാക്കപ്പെട്ടവർ - നമ്മൾ.
നമ്മുടെ പുരോഹിതൻ
വിശദീകരിച്ചു തരുന്ന മതത്തിലും
നമ്മുടെ ‘സുഗകരമായ’ ദുഖത്തിലും
ബന്ധനസ്ഥരാക്കപ്പെട്ടവർ നമ്മൾ!.

ചായക്കടകളിലും, വീടുകളിലും
മാതാക്കളുടെ ഗർഭാശയത്തിലും
നിരീക്ഷിക്കപ്പെടുന്നവർ നമ്മൾ!
അവിടെ നിന്നായിരുന്നുവല്ലൊ
നമ്മുടെ നാശത്തിന്റെ തുടക്കം.
പിന്നീട് രഹസ്യാന്വേഷണ സംഘം
നമ്മെ കാത്തിരിക്കുന്നതാണ്‌ നാം കണ്ടത്;
അവർ നമ്മുടെ പാനീയങ്ങൾ കുടിച്ചു,
നമ്മുടെ വിരിപ്പിൽ ഉറങ്ങി,
നമ്മുടെ തപാലുകൾ പരിശോധിച്ചു,
നമ്മുടെ കടലാസുകളിൽ വരച്ചിട്ടു,
നമ്മുടെ മൂക്കിലൂടെ കയറി
ചുമയിലൂടെ പുറത്തിറങ്ങി.

നമ്മുടെ നാവുകൾ മുറിക്കപ്പെട്ടത്,
നമ്മുടെ റൊട്ടികൾ
ഭയത്തിലും കണ്ണീരിലും കുതിർന്നത്.

സംരക്ഷണം ചോദിച്ച് നാം പരാതിപ്പെട്ടാൽ
അവർ പറയും: “പാടില്ല”.
ഭയഭക്തിയോടെ ആകാശ നാഥനെ തൊഴുതാൽ
അവർ പറയും “പാടില്ല”.
‘‘അല്ലാഹുവിന്റെ പ്രവാചകരേ,
ഞങ്ങളെ സഹായിക്കേണമേ’ എന്ന്
ഉറക്കെ പറഞ്ഞാൽ
തിരികെ വരാൻ അനുമതിയില്ലാത്ത വിസയും തന്ന്
അവർ നമ്മെ പറഞ്ഞു വിടും.

അന്ത്യ ഗീതം കുത്തിക്കുറിക്കാൻ,
തൂക്കിലേറ്റുന്നതിനു മുമ്പേ
വസ്യത്ത് എഴുതി വെക്കാൻ
ഒരു കടലാസ് ആവശ്യപ്പെട്ടാൽ
അവർ വിഷയം മാറ്റിക്കളയും.
(ബാക്കി അടുത്ത പോസ്റ്റിൽ...)

(1) അദൻ: 1967 മുതൽ 1990 വരേ ഇത് യമനിന്റെ തലസ്ഥാനമായിരുന്നു.
ഥൻജ: മൊറോക്കോയിലെ അഞ്ചാമത്തെ വലിയ പട്ടണം.
(2)കർബ്ബല: ബാഗ്ദാദിൽ നിന്നും 105 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്ന പട്ടണം. ഉമയ്യത്ത് ഭരണാധികാരി യസീദിന്റെ സൈന്യം പ്രവാചകന്റെ കുടുംബത്തെ കൊന്നു കളഞ്ഞത് ഇവിടെ വെച്ചാണ്‌. അതിനാൽ കർബ്ബല ദുഖത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
(3) ചരിത്രത്തിലെ പ്രസിദ്ധരായ രണ്ടു വനിതകൾ.