Tuesday, August 17, 2010

ചുവരെഴുത്തുകൾ - അഹമദ്‌ മഥർ


Courtesy : Naji Al Ali, the famous Arabian caricaturist who killed by an unknown from London street on 1987.


ചുവരെഴുത്തുകൾ
അഹമദ്‌ മഥർ
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌ - ദുബൈ.

(അഹമദ്‌ മഥർ: 1954-ൽ ഇറാഖിലെബസറയിലെ അൽതനൂമ ഗ്രാമത്തിൽ ജനിച്ചു.
14-ആം വയസ്സിൽ തന്നെ കവിതയെഴുതിത്തുടങ്ങി.
അദ്ദേഹം ചെറുപ്പത്തിൽ തന്നെ കുവൈത്തിലേക്ക്‌ കടന്നു.
അവിടെ അൽ-കബസ്‌പത്രത്തിൽ ചേർന്നു.
1986 മുതൽ ലണ്ടനിലാണ്‌ സ്ഥിര താമസം.)

ജീവിച്ചിരിക്കുന്ന ആധുനിക അറബിക്കവികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിയാണ്‌ അഹമദ് മഥർ.
ബ്രിട്ടണിലെവിടെയോ ഒളിച്ചു പാർക്കുന്ന ഈ ഇറാഖീ കവിയുടെ വരികൾ സമകാലീക അറേബ്യൻ രാഷ്ട്രീയത്തെ നോക്കി
തീ തുപ്പുന്നതു കാണുമ്പോൾ നമുക്ക് ആശ്ചര്യം തോന്നും.
ലാഫിതാത് (ചുവരെഴുത്തുകൾ) എന്ന പേരിൽ പ്രസിദ്ധമായ കുറെ കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിനുണ്ട്.
അതിൽ ലാഫിതാത് (1) ന്റെ വിവർത്തനം ഇവിടെ തുടങ്ങുന്നു.


ലാഫിതാത്‌ .1 ( "ചുവരെഴുത്തുകൾ"- 1)

കവാടം:

ഇതാ ഇവിടെ,
എഴുപതോളം കുത്തുകളേറ്റ്‌
രക്തം വാർന്നൊലിക്കുന്നത്‌
നിങ്ങൾക്കു കാണാം.
ഒന്നും അത്‌ മറച്ചു പിടിക്കുന്നില്ല
ഭീതികൾക്കിടയിൽ
മരണ ഭയത്തെ
അതു കശാപ്പു ചെയ്തിരിക്കുന്നു.

ഇതിനെ ഞാനെന്റെ
കവിതകളെന്നു വിളിക്കട്ടെ,
നിങ്ങൾക്കിതിനെ "എന്റെ മൃത്യു" എന്നു വിളിക്കാം,
എന്നെ വാക്കുകളുടെ കഠാര കൊണ്ട്‌
കശാപ്പു ചെയ്തവനെന്നും.
കാരണം, ഞാൻ ഇപ്പോൾ നില കൊള്ളുന്നത്‌
കാപട്യങ്ങളുടെ ലോകത്താണ്‌,
ജീവിതമോ പുല്ലാങ്കുഴലിലും.
എന്റെ നെഞ്ച്‌ ഞാനൊരു പുസ്തകം കണക്കെ
തുറന്നു വെച്ചിരിക്കുകയാണ്‌.
അതിനു മുകളിൽ ഞാൻ
വാളു കൊണ്ട്‌ കവിതയെഴുതുന്നു.

ഉറച്ച പ്രകൃതം

ചണ്ടിക്കൂനയിൽ
അറബിയുടേതെന്ന്‌
തോന്നിക്കുന്ന
ഒരു ശവം ഞാൻ കണ്ടു

ചുറ്റും കഴുകന്മാരും
ഈച്ചകളും പൊതിഞ്ഞിട്ടുണ്ട്‌

ശവത്തിനു മുകളിൽ
ഒരു ചിഹ്നം കാണുന്നുണ്ട്‌
അതു പറയുകയാണ്‌
ഇവന്റെ പഴയ പേര്‌
"പ്രതാപം" എന്നായിരുന്നു, എന്ന്‌.

നിസ്സഹകരണം

അവർ എന്റെ വായക്കു മുകളിൽ
കാവൽ നായ്ക്കളെ കെട്ടിയിട്ടു.
എന്റെ അഭിമാനത്തിന്റെ ചോരയിൽ
അടിമച്ചന്ത പണിതു.
എന്റെ ബോധമണ്ഡലത്തിൽ
മയക്കു മരുന്ന് കലക്കിപ്പാരാൻ ഉത്തരവിട്ടു.
പിന്നീട്‌ ഉണർന്നപ്പോൾ
ഞാൻ മനുഷ്യക്കടത്തിന്റെ വേലിയേറ്റത്തിൽ
മുങ്ങിക്കിടക്കുകയായിരുന്നു.
എന്നോട്‌ ഇങ്ങനെ ആജ്ഞാപിക്കപ്പെട്ടു;
"രാഷ്ട്രീയത്തിൽ കാലു കുത്തരുത്‌"

ടാങ്കുകൾ അലസമായി
എന്റെ തലക്കു മുകളിലൂടെ ഉരുണ്ടു.
എന്നെ പ്രസിഡന്റിന്റെ
വാതിൽപ്പടിയിൽ കൊണ്ടിട്ടു.

എന്റെ പ്രിയപ്പെട്ട നാടിനു വേണ്ടി
ഞാൻ നൽകിയ ഒപ്പിന്റെ പിൻബലത്തിൽ
വിൽപ്പനക്കാരനും ഉപഭോക്താവും
പൈശാചിക ഉടമ്പടികൾ ഉണ്ടാക്കി.

എന്റെ വിശപ്പിന്റെ നാഡികളിൽ
കുടവയറന്മാർ വിപ്ലവത്തിന്റെ
തമ്പുരു മീട്ടി.

എന്റെ രക്തം കൊണ്ട്‌
പരാജയത്തിന്റെ ചിത്രം വരച്ചു.
ഞാനാണു കല;
കലാകാരന്മാരോ രാഷ്ട്രീയക്കാരും

എന്തു കൊണ്ട്‌ ഞാൻ അടിമയും
രാഷ്ട്രീയക്കാർ പരിശുദ്ധാത്മാക്കളുമായി?.

എനിക്ക്‌ വീണ്ടും ഉത്തരവു കിട്ടി
"രാഷ്ട്രീയത്തിൽ കാലുകുത്തരുത്‌"
എന്റെ ഓഫീസുകളെല്ലാം
അവർ അടച്ചു പൂട്ടി.
എന്നോട്‌ പറഞ്ഞു:
"ഇതിനോടടുത്ത്‌ പോലും വന്നു പോകരുത്‌"
ക്ഷമിക്കണം നേതാക്കളേ,
'തലകൾ നഷ്ടപ്പെടുമ്പോൾ
ഉടലുകളെങ്ങനെ വിറക്കാതിരിക്കും?"

3 comments :

 1. കവിത വായിച്ചു എനിക്ക് എന്ത് മനസ്സിലകാണ്‌ എന്നാലും ഇന്നത്തെ ഇറാക്ക്!!

  ReplyDelete
 2. ഇക്കാ......ഗംഭീരം ഈ ശ്രമം ....നന്ദിയില്‍ ഒതുങ്ങുന്നില്ല......

  ReplyDelete
 3. വിവർത്തനം നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ

  ഓ.ടോ:

  ഒരു മുഹമ്മദ് കുട്ടിസഖാഫി കട്ടയാടിന്റെ വിയോഗ വാർത്ത വഴിയാണ് ഇന്നിവിടെ എത്തിയത്.

  അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ. ആമീൻ

  ReplyDelete