Saturday, August 14, 2010

ബന്ധനസ്ഥനായ രാജാവ് - ജിബ്രാൻ ഖലീൽ ജിബ്രാൻ


ജിബ്രാൻ / ഒരു കൗമാര ചിത്രം


ബന്ധനസ്ഥനായ രാജാവ്

ജിബ്രാൻ ഖലീൽ ജിബ്രാൻ
(അൽ ആസ്വിഫ എന്ന അറബി ഗ്രന്ഥത്തിലെ മൂന്നാം അദ്ധ്യായം)
വിവർത്തനം: മമ്മൂട്ടി കട്ടയാട്.

ബന്ധനസ്ഥനായ രാജാവേ,
സാന്ത്വനപ്പെടൂ..
ഞാനെന്റെ ശരീരത്തിലനുഭവിക്കുന്നതിനേക്കാൾ വലിയ ദുരിതമൊന്നും നിങ്ങളീ ജയിലിനുള്ളിൽ അനുഭവിക്കുന്നില്ല.

ഫിനിക്സ് പ്രതിമയെപ്പോലെ ഇനി ഇവിടെത്തന്നെ ഉറച്ചിരിക്കൂ. അപകടങ്ങൾക്കു മുമ്പിൽ പതറുക എന്നത് കുറുക്കന്മാർക്ക് പറഞ്ഞിട്ടുള്ളതാണ്‌.
തടവിലാക്കപ്പെട്ട രാജാക്കന്മാർക്ക് ജയിലിനെയും തടവുകാരെയും പരിഹസിക്കുകയാണ്‌ കൂടുതൽ അഭികാമ്യമായ ജോലി എന്നെനിക്കു തോന്നുന്നു.

കരുത്തനായ യുവ രാജാ ഭയപ്പെടാതിരിക്കൂ,
എന്നിട്ട് എന്നെ നോക്കൂ..
കൂടിന്റെ അഴികൾക്കിടയിൽ ഞാനും താങ്കളെപ്പോലെ ജീവിതത്തിന്റെ തടവുകാരിൽ ഒരാളാണ്‌.
താങ്കളെ സമീപിക്കാൻ ഭയക്കുകയും എന്റെ ആത്മാവിനെ ചുറ്റിപ്പറ്റിക്കഴിയുകയും ചെയ്യുന്ന ശല്യക്കാരനായ ഒരു സ്വപ്നം എനിക്കുണ്ട് എന്നതാണ്‌ എനിക്കും താങ്കൾക്കും തമ്മിലുള്ള വ്യത്യാസം.

നമ്മൾ രണ്ടും നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ, കുടുംബക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റി നിർത്തപ്പെട്ടവർ. അതു കൊണ്ട് ഉത്കണ്ഠപ്പെടേണ്ട. ദിനരാത്രങ്ങളുടെ വൈമനസ്യങ്ങളിൽ നിന്നും എന്നെപ്പോലെ നീയും ക്ഷമ കൈക്കൊള്ളുക.
അംഗബലം കൊണ്ട് - മനക്കരുത്ത് കൊണ്ടല്ല- നമ്മെ അതിജയിക്കുന്ന ദുർബ്ബലരെ നമുക്ക് പുച്ചിച്ചു തള്ളാം.

കേൾക്കാൻ കഴിയാത്ത ബധിരന്മാരായ ജനങ്ങൾക്കു മുമ്പിൽ ഗർജ്ജനം നടത്തിയിട്ടൊരു ഫലവുമില്ല.
ഞാനും മുമ്പ് അവരുടെ കാതുകളിൽ ചെന്ന് കുറെ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. നിശാഭൂതങ്ങളെ പിടിച്ചു നിർത്താനേ അതു കൊണ്ടായുള്ളൂ.
അവരിലെ എല്ലാ വിഭാഗത്തെയും ഞാൻ സൂക്ഷ്മമായി പരിശോധിച്ചു. ചങ്ങലയിൽ ബന്ധിച്ചവരുടെ മുമ്പിൽ ചെന്ന് വീരവാദം മുഴക്കുന്ന ഭീരുക്കളെയും തുറുങ്കിൻ കൂട്ടിൽ തടവിലാക്കപ്പെട്ടവർക്കു മുമ്പിൽ ക്രൂശിക്കപ്പെട്ടവനെ ഉയർത്തിക്കാട്ടുന്ന ദുർബ്ബലരെയും മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളൂ.

ധീര ശൂര പരാക്രമിയായ രാജാവേ, താങ്കളുടെ തുറുങ്കിനു ചുറ്റും തടിച്ചു കൂടിയിരിക്കുന്ന ആളുകളെ നോക്കൂ; മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തിൽ താങ്കളുടെ അടുത്ത പ്രജകളും സഹായികളുമായിക്കഴിയുന്ന ജനത്തിന്റെ മുഖ ലക്ഷണം നോക്കൂ. മനസ്സിന്റെ ബലഹീനതയാൽ മുയലിനെപ്പോലെ തോന്നിപ്പിക്കുന്നവരെയും കുതന്ത്രങ്ങൾ കാരണം കുറുക്കന്മാരെ ഓർമ്മിപ്പിക്കുന്നവരെയും, കാശ്മല്യം കൊണ്ട് പാമ്പിനെപ്പോലെ കാണപ്പെടുന്നവരെയും അവർക്കിടയിൽ താങ്കൾക്കു കണ്ടെത്താൻ കഴിയും.
മുയലിന്റെ ശാന്തതയോ, കുറുക്കന്റെ ബുദ്ധിയോ, പാമ്പിന്റെ തിരിച്ചറിവോ ഉള്ള ഒരാളും അവരിലുണ്ടാവുകയുമില്ല.

ഇയാളെ നോക്കൂ, പന്നിയെപ്പോലെ നികൃഷ്ടൻ!. അവന്റെ ഇറച്ചി തിന്നാൻ കൊള്ളില്ല. ഇയാളെ നോക്കൂ പോത്തിനെ പോലെ പരുപരുത്തവൻ!. അതിന്റെ തോലു കൊണ്ട് ഒരുപകാരവുമില്ല. ഇവനോ രണ്ടു കാലിൽ നടക്കുന്നെന്നേയുള്ളൂ; കഴുതയെപ്പോലെ വിഡ്ഢിയാണ്‌!. വേറൊരാൾ കാക്കയെപ്പോലെ ലക്ഷണം കെട്ടവൻ!. അവന്റെ വിലാപങ്ങൾ അൾത്താരകളിൽ വെച്ച് വില്പ്പന നടത്തപ്പെടുന്നു. മറ്റൊരുത്തൻ മയിലിനെപ്പോലെ അഹംഭാവമുള്ള വിചിത്ര ജീവി. അവന്റെ തൂവലോ വാടകക്കെടുത്തതും.

ഭയന്നു വിറയ്ക്കുന്ന രാജാവേ, തൃക്കൺ പാർത്താലും; മാളികകളും കൊട്ടാരങ്ങളും കാണുന്നില്ലേ?.
ഇടുങ്ങിയ മുറികളാണതിനുള്ളത്. നക്ഷത്രങ്ങളെ മറച്ചു കളയുന്ന കൊത്തു പണികൾ നിറഞ്ഞ മേല്ക്കൂരകളെ നോക്കി അഭിമാനം കൊള്ളുന്ന മനുഷ്യർ അവിടെ താമസിക്കുന്നു. സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തുന്ന അതിന്റെ ഉറച്ച ചുവരുകളെ നോക്കി അവർ തുള്ളിച്ചാടുന്നു. ഇരുട്ടു നിറഞ്ഞ അതിന്റെ ഗുഹാന്തർഭാഗത്തെ കരിനിഴലിൽ യുവത്വത്തിന്റെ കുസുമങ്ങൾ നിറം മങ്ങിപ്പോകുന്നു. അതിന്റെ മുക്കു മൂലകളിൽ നിന്നും അനുരാഗത്തിന്റെ തീക്കനലുകൾ കെട്ടുപോകുന്നു. അതിന്റെ മണ്ഡപങ്ങളിൽ നിന്നും കിനാവിന്റെ ചിത്രലേഖകൾ പുകക്കൊടികളായി രൂപാന്തരപ്പെടുന്നു. മരണാസന്നനായ രോഗിയുടെ കട്ടിലിനടുത്ത് ശിശുക്കളുടെ തൊട്ടിലുകൾ കിടന്നാടുന്ന വിചിത്രമായ ഒരു ഗാലറിയാകുന്നു അത്. മണിയറക്കട്ടിലുകൾ മയ്യിത്തു കട്ടിലിനടുത്ത് ചേർത്തു വെച്ചതും നിനക്കു കാണാം.

ആദരണീയനായ തടവുകാരാ.. നോക്കൂ.. പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ പാതയോരങ്ങളിലേക്കു കണ്ണോടിച്ചാലും. അതൊരപകടം പിടിച്ച തെരുവാണ്‌. അവിടുത്തെ ഓരോ വളവിലും തിരിവിലും തസ്കരന്മാർ പതിയിരിക്കുന്നുണ്ട്. ഓരോ അരികിലും പുറം നാട്ടുകാർ ഒളിച്ചിരിക്കുന്നുണ്ട്. പ്രത്യാശയുടെയും ഭീതിയുടെയും സ്വയം പ്രതിരോധം തീർക്കുന്ന യുദ്ധ ഭൂമിയാകുന്നു അത്. വാളുകളില്ലാത്തെ പരസ്പരം വെട്ടുന്ന ആത്മാവുകൾ അവിടെ വിലപേശൽ നടത്തുന്നു. തേറ്റകളുപയോഗിക്കാതെ പല്ലു കടിച്ച് അവർ പരസ്പരം ശണ്ഠ കൂടുന്നു.
യഥാർത്ഥത്തിൽ അതൊരു വന്യമായ കാടു തന്നെയാണ്‌. പ്രത്യക്ഷത്തിൽ ഇണങ്ങിയെന്നു തോന്നുന്നതും വാലുകളിൽ ചായം മുക്കിയതും കൊമ്പുകൾ പോളീഷ് ചെയ്തതുമായ കുറെ മൃഗങ്ങളെ അവിടെ കാണാം. കാട് ഏറ്റവും സ്വീകാര്യമായ നീതിന്യായ വ്യവസ്ഥതിയെയല്ല തേടുന്നത് മറിച്ച് ഏറ്റവും കൗശലവും കൗടില്യവും നിറഞ്ഞതിനേയാണ്‌ അന്വേഷിക്കുന്നത്. അവിടുത്തെ ആചാരങ്ങൾ നമ്മെ നയിക്കുന്നത് ഏറ്റവും ശക്തവും ശ്രേഷ്ടവുമായതിലേക്കല്ല; മറിച്ച് ഏറ്റവും മ്ളേച്ഛവും വ്യാജവുമായതിലേക്കാണ്‌. അവിടുന്ന് ഒരു ഗജ കേസരിയാണ്‌ പക്ഷേ അവിടത്തെ രാജാക്കന്മാർ കഴുകന്റെ കൊക്കും കഴുതപ്പുലിയുടെ കുളമ്പും തേളിന്റെ പല്ലും തവളയുടെ ശബ്ദവുമുള്ള വിചിത്ര ജീവികളാണ്‌.

ബന്ധനസ്ഥനായ പ്രഭോ എന്റെ ജീവൻ ഞാൻ താങ്കൾക്കു സമർപ്പിക്കുന്നു. താങ്കളുടെ മുമ്പിലെ എന്റെ സാന്നിദ്ധ്യം കുറച്ചു നീണ്ടു പോയി എന്നു ഞാനറിയുന്നു. ഞാൻ വാതോരാതെ സംസാരിക്കുകയും ചെയ്തു. എന്നാൽ സിംഹാസനം നഷ്ടപ്പെട്ട ഹൃദയം നിഷ്കാസിതന്മാരായ രാജാക്കന്മാർക്കു വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. വരിഞ്ഞു കെട്ടിയ ഭീബത്സമായ ശരീരമോ തടവുകാരുടെയും കാപാലികരുടെയും കൂടെ സമയം തള്ളിനീക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു പകരം വാക്കുകൾ ചവച്ചു കൊണ്ടിരിക്കുകയും വെള്ളത്തിനു പകരം ചിന്തകൾ നുണഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന യുവാവിന്‌ മാപ്പു നല്കുക.

അല്ലയോ ഭീകരനായ സ്വേച്ഛാധിപതിയേ വിട!!. വീണ്ടും കാണാം.
വിചിത്രമായ ലോകത്തു വെച്ച് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിൽ രാജാക്കന്മാരുടെയും രക്ത സാക്ഷികളുടെയും ആത്മാവുകൾ കണ്ടു മുട്ടുന്ന പ്രേതങ്ങളുടെ ലോകത്തു വെച്ച് നമുക്ക് പിന്നീടൊരിക്കൽ കൂടി സന്ധിക്കാം.

1 comment :

  1. valare mikacha avatharanam, photo kanan kauthukam thonni........

    ReplyDelete