Wednesday, September 9, 2009

തീവ്ര വാദികളുടെ കൂടെ

തീവ്ര വാദികളുടെ കൂടെ.
നിസാർ ഖബ്ബാനി
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.

പൂവിനെ,
സ്ത്രീയെ,
വിശുദ്ധമായ കാവ്യത്തെ,
ആകാശത്തിന്റെ നീലിമയെ,
വെള്ളവും വായുവും അന്യാധീനപ്പെടുകയും
ഖൈമയും കഹ്‌വയും ഒട്ടകവും
അപ്രത്യക്ഷമാവുകയും ചെയ്ത
നാടിനെ...,
സംരക്ഷിച്ചു നിർത്താൻ പ്രതിരോധം തീർക്കുമ്പോൾ
നിങ്ങൾ ഞങ്ങളെ
തീവ്രവാദികളായി മുദ്രകുത്തുന്നു.
* * * *
ബൽകീസിന്റെ കാർക്കൂന്തലുകൾക്കായ്‌,
മൈസൂനിന്റെ, ഹിന്ദിന്റെ, ദഅദിന്റെ,
ലുബ്നയുടെ, റുബാബിന്റെ, അധരങ്ങൾക്കായ്‌..
ദേവശാസനകൾ പോലെ പെയ്തിറങ്ങുന്ന
സുറുമയുടെ പേമാരികൾക്കായ്‌...
സർവ്വ ശക്തിയുമുപയോഗിച്ച്‌
ഞങ്ങൾ പ്രതിരോധം തീർക്കുമ്പോൾ
ഞങ്ങളുടെ പക്കൽ
ഒളിച്ചു വെച്ച കാവ്യങ്ങളില്ല.
ദുർഗ്രഹമായ ഭാഷകളില്ല.
വാതിൽപ്പടികൾക്കിടയിൽ
മറച്ചു വെച്ച രഹസ്യ അജണ്ടകളില്ല.
മൂടു പടമിട്ട്‌ നിരത്തിലൂടെ നടന്നു നീങ്ങുന്ന
ഒരു കവിത പോലുമില്ല.
* * * *
വലിച്ചെറിയപ്പെട്ട,
പൊട്ടിപ്പൊളിഞ്ഞ,
പൊടിപുരണ്ട,
അംഗ വൈകല്യം സംഭവിച്ച,
സ്വന്തം മേൽവിലാസം പോലുമില്ലാത്ത
പേരുകൾ നഷ്ടപ്പെട്ട പ്രജകളുള്ള,
ഖാൻസാഇന്റെ വരികളല്ലാതെ
തന്റെ മഹാകാവ്യത്തിൽ ഒന്നും ശേഷിക്കാത്ത,
ചക്ര വാളങ്ങളിൽ ചെമപ്പും നീലയും മഞ്ഞയും കളർന്ന
സ്വാതന്ത്ര്യം കളഞ്ഞു പോയ,
ദിനപത്രങ്ങൾ വാങ്ങാനോ
വാർത്തകൾ കേൾക്കാനോ സമ്മതിക്കാത്ത
രാഗമാലപിക്കുന്നതിൽ നിന്നും
മുഴുവൻ ബുൾബുളുകളെയും
എന്നെന്നേക്കുമായി തടഞ്ഞു വെച്ച,
കടുത്ത ഭയം മൂലം
വലിച്ചെറിയപ്പെടുന്ന,
ശൂന്യവും നിരർത്ഥകവും ഇറക്കുമതി ചെയ്യപ്പെട്ടതും
തുടക്കവും ഒടുക്കവുമില്ലാത്തതും
മനുഷ്യന്റെ ദുരന്തങ്ങൾ
പ്രമേയമാകാത്തതുമായ കവിതകൾ മാത്രം
തലയിലേറ്റാൻ വിധിക്കപ്പെട്ടതുമായ
ഒരു നാടിനെപ്പറ്റി
എന്തെങ്കിലും എഴുതിപ്പോയാൽ
നിങ്ങൾ ഞങ്ങളെ
തീവ്രവാദികളായി മുദ്ര കുത്തുന്നു.
* * * *
സമാധാന ഉടമ്പടികൾക്കു വേണ്ടി
നടന്നു പോകാൻ വിധിക്കപ്പെട്ട
ഒരു നാടിനു വേണ്ടി,
ഭയം മൂലം ആണുങ്ങൾ മൂത്രമൊഴിച്ചു പോവുകയും
പെണ്ണുങ്ങൾ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന
ഒരു നാടിനു വേണ്ടിയും..
(പ്രതിരോധം തീർക്കുമ്പോഴും ഞങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നു)

കണ്ണുകളിൽ ഉപ്പുരസം,
ചുണ്ടുകളിൽ ഉപ്പുരസം,
ചുണ്ടുകളിൽ ഉപ്പുരസം
ഞങ്ങളുടെ വാക്കുകളിലും ഉപ്പു രസം,

ഖഹ്ത്താനികളിൽ നിന്ന്‌
നമുക്ക്‌ അനന്തിരം കിട്ടിയത്‌
ഖഹ്ത്‌(ദാരിദ്ര്യം) ആണോ?.

ഞങ്ങളുടെ സമൂഹത്തിൽ മുആവിയയില്ല,
അബൂ സുഫ്‌യാനില്ല,
ഞങ്ങളുടെ ഭവനത്തിനും
റൊട്ടിക്കും സൈതൂനിനും വേണ്ടി
നീക്കു പോക്കു നടത്തുന്നവരുടെ മുഖത്തു നോക്കി
അരുതെന്നു പറയാൻ
ഒരാളും ഇന്നവശേഷിക്കുന്നില്ല.
ഞങ്ങളുടെ പവിത്രമായ ചരിത്രത്തെ
അവർ ചന്തയിലേക്കു തള്ളി.

രാജാവിന്റെ കിടപ്പറകളിൽ വെച്ച്‌
പാതിവൃത്യം നഷ്ടപ്പെടാത്ത
ഒരു കവിത പോലും ഇന്നു ബാക്കിയില്ല.
* * * *
നിന്ദ്യത ഏറ്റു വാങ്ങുന്നത്‌
ഞങ്ങൾക്കൊരു ശീലമായിപ്പോയി.
അങ്ങനെയൊരവസ്ഥയിൽ
മാനുഷിക മൂല്യങ്ങളില്‍
എന്താണവശേഷിക്കുക?

ഉസാമതുബിനുൽ മുൻഖിതിനെ,
ഉഖ്ബതുബിനു നാഫിഇനെ,
ഉമറിനെ, ഹംസയെ,
ശാമിലേക്ക്‌ നൂഴ്‌ന്നു കയറിയ ഖാലിദിനെ,
അഗ്നിയുടെ നാവുകളിൽ നിന്നും
ബന്ധനത്തിന്റെ ഭീകരതയിൽ നിന്നും
സ്ത്രീകളെ രക്ഷിക്കാൻ ഒരു മുഅതസിം ബില്ലയെ
ചരിത്ര താളുകളിൽ ഞാൻ
തിരഞ്ഞു നടന്നു.

അവസാനത്തെ മനുഷ്യനെക്കുറിച്ച്‌
ഞാൻ അന്വേഷിച്ചു.
മൂഷികന്മാരുടെ ആധിപത്യത്തിൽ
മരണ ഭയം കൊണ്ട്‌ പേടിച്ചു വിറക്കുന്ന
പൂച്ചകളെയാണ്‌
രാത്രികളിലെന്നും എനിക്കു കാണാൻ കഴിഞ്ഞത്‌.

പൊതു ജനത്തിന്റെ കണ്ണുകൾ
പൂർണ്ണമായും നഷ്ടമായോ?
അതോ നിറങ്ങള്‍ക്ക് അന്ധത ബാധിച്ചതാണോ?
* * * *
ഞങ്ങളുടെ നിലത്തെയും,
ഞങ്ങളുടെ ചരിത്രത്തെയും,
ഞങ്ങളുടെ ബൈബിളിനെയും,
ഞങ്ങളുടേ ഖുർആനിനെയും,
ഞങ്ങളുടേ പ്രവാചകന്മാരുടെ മണ്ണിനെയും,
മാന്തിപ്പറിക്കുന്ന ഇസ്രയേലിന്റെ ബുൾഡോസറുകൾക്കു മുമ്പിൽ
മരിക്കാൻ വിസമ്മതിക്കുമ്പോൾ
ഞങ്ങൾ തീവ്ര വാദികളായി തെറ്റിദ്ധരിക്കപ്പെടുന്നു.
ഇതു തീവ്രവാദമാണെങ്കിൽ
തീവ്രവാദം എത്രമേൽ മനോഹരം.!!

No comments :

Post a Comment