Saturday, August 29, 2009

വിചിത്ര കവിതകൾ - അഞ്ച്‌
മനുഷ്യ വിഭജനം
{Classification of Human beings}

ഒരാൾക്ക്‌ വിവരമുണ്ട്‌,
വിവരമുണ്ട്‌ എന്ന വിവരവും അയാൾക്കുണ്ട്‌;
എങ്കിൽ അയാൾ പണ്ഡിതനാകുന്നു,
അയാളോട്‌ ചോദിച്ച്‌ പഠിക്കുവീൻ
.

ഒരാൾക്കു വിവരമുണ്ട്‌,
വിവരമുണ്ട്‌ എന്ന വിവരം അയാൾക്കില്ല;
എങ്കിൽ അയാൾ അശ്രദ്ധനാണ്‌
അയാളെ ഉണർത്തുക.

ഒരാൾക്കു വിവരമില്ല,
വിവരമില്ല എന്ന വിവരം അയാൾക്കുണ്ട്‌
എങ്കിൽ അയാൾ പാമരനാണ്‌
അയാൾക്ക്‌ പറഞ്ഞു കൊടുക്കുക

ഇനി ഒരാൾക്ക്‌ വിവരമില്ല
വിവരമില്ല എന്ന വിവരവുമില്ല
എങ്കിൽ അയാൾ തെമ്മാടിയാണ്‌
അയാളെ സൂക്ഷിക്കണം.


ഹിജ്‌റ വർഷം നൂറാം ആണ്ടിൽ ജനിച്ച പ്രശസ്ത അറബി ഭാഷാ പണ്ടിതനും "ഇൽമുൽ അറൂള്‌" എന്ന കാവ്യ ശാസ്ത്ര ശാഖയുടെ ഉപഞ്ജാതാവുമായ "അൽ ഖലീൽ ബിൻ അഹ്‌മദ്‌ അൽ ഫറഹീദി അൽ ബസരിയുടേതാണത്രെ ഈ വരികൾ. ഇദ്ദേഹം മരിച്ചത്‌ 173 ഹിജ്‌റ (എ.ഡി. 789) യിലാണ്‌.
ഈ ആശയത്തെ പ്രശസ്ത പണ്ഡിതനും കവിയുമായ മർഹൂം: തഴവാ കുഞ്ഞു മുഹമ്മദ്‌ മൗലവി തന്റെ "അൽ-മവാഹിബുൽ ജലിയ്യ" എന്ന പുസ്തകത്തിൽ പാട്ടു രൂപത്തിൽ ച്ചിട്ടപ്പെടുത്തിയിരിക്കുന്നു: (മാപ്പിള സാഹിത്യത്തിൽ പുതിയ ഒരു ശൈലി കൊണ്ടു വന്ന കവിയാണ്‌ തഴവാ മൗലവി. അദ്ദേഹത്തിന്റെ വരികൾ സാധാരണക്കാരെയും പണ്ഡിതന്മാരെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. അറബി ഈണത്തിൽ അന്ത്യാക്ഷര പ്രാസം ഒപ്പിച്ചുള്ള ഈരടികളുമായി പാട്ടു രൂപത്തിൽ ചിട്ടപെടുത്തിയ ഈ ശൈലി അധികമാരും അനുകരിച്ചു കാണുന്നില്ല. അനുകരിച്ചവർ പോലും അത്ര തന്നെ വിജയിച്ചിട്ടില്ല."
തഴവയുടെ പരിഭാഷ.
അതിലൊന്ന് പണ്ഡിതനാണെടോ അവനുണ്ട്‌
അവൻ പണ്ഡിതൻ എന്നുള്ളതും അറിവുണ്ട്‌
ഇവനോടടുത്തോ മേഘമാണതിലുണ്ട്‌
ദാഹിച്ചിടേണ്ട കുടിക്കുവാൻ ജലമുണ്ട്‌

രണ്ടാമതും ഒരു പണ്ഡിതൻ അവനില്ല
അവൻ പണ്ഡിതൻ എന്നുള്ളതും അറിവില്ല
ഇവനെ പിടിച്ചുണർത്തുന്നതായാൽ തൽക്ഷണം
വിളമ്പിത്തരും വിഭവങ്ങളും പല ഭക്ഷണം

മൂന്നാമനാണെങ്കിൽ ഹബീബേ ജാഹിലാ
അവൻ ജാഹിലാണെന്നോർമ്മയുള്ളൊരു ജാഹിലാ
വളവൊക്കെയങ്ങു നിവർത്തുവാൻ പണിയുണ്ട്‌
ഇനമുള്ള വിത്താ കോരിയാൽ മുളയുണ്ട്‌

നാലാമതോ പടു ജാഹിലാ ലവലില്ല
അവൻ ജാഹിലാണെന്നുള്ളതും അവനില്ല
അവനോടടുക്കേണ്ടാ ഹബീബേ പോടോ
കഴുതക്കു പുല്ലു പറിക്കെടോ ഖൈറാടോ.
(ഒറിജിന ടെക്സ്റ്റ്‌ കാണാതെ എഴുതിയതാണ്‌, തെറ്റുണ്ടെങ്കിൽ തിരിത്തിത്തരണം)

മറ്റൊരു വിഭജനം:
ആളുകൾ മൂന്നു വിഭാഗമാകുന്നു:
ഒന്ന്‌: ഭക്ഷണം പോലെ; എപ്പോഴും ആവശ്യമുള്ളത്‌.
രണ്ട്‌: മരുന്നു പോലെ; ചിലപ്പോൾ മാത്രം ആവശ്യമുള്ളത്‌.
മൂന്ന്: രോഗം പോലെ; ഒരിക്കലും ആവശ്യമില്ലാത്തത്‌.
(മഅ്മൂൻ രാജാവാണത്രെ ഇങ്ങനെ പറഞ്ഞത്‌)

ഇനിയുമൊരു വിഭജനം:

ഒന്ന് പൂർണ്ണ മനുഷ്യൻ, രണ്ട്‌ ഒരു പകുതി മനുഷ്യൻ, മൂന്ന് ഒരപൂർണ്ണ മനുഷ്യൻ
ഒന്നാമത്തെയാൾ - സ്വന്തമായി അഭിപ്രായവും കൂടിയാലോചനാ സ്വഭാവവും ഉണ്ടായിരിക്കും.
രണ്ടാമത്തെവന്‌ സ്വന്തമായി അഭിപ്രായമുണ്ടായിരിക്കും, പക്ഷേ ആരോടും ഒന്നും കൂടിയാലോചിക്കില്ല.
മൂന്നാമത്തെയാൾക്ക്‌ മുകളിൽ പറഞ്ഞ രണ്ടും ഉണ്ടാവില്ല.

No comments :

Post a Comment