Saturday, April 18, 2009

ഭൂഗോളം

ഭൂഗോളം
ഫദ്‌വ തൂഖാൻ.
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
.

ഈ ഭൂഗോളം
എന്റെ കൈപ്പിടിലൊതുങ്ങിയിരുന്നെങ്കിൽ,
എന്റെ കൈയ്യിലിട്ട്‌ അമ്മാനമാടാൻ കഴിഞ്ഞിരുന്നെകിൽ
ഭൂതലം മുഴുവൻ സ്നേഹത്തിന്റെ വിത്തുകൾ പാകി,
അതെല്ലാം മുളച്ചു വന്ന് സ്നേഹത്തിന്റെ വൃക്ഷങ്ങൾ
ഭൂമി മുഴുവൻ പടർന്ന് പന്തലിക്കുകയും ചെയ്തിരുന്നെങ്കിൽ;
അങ്ങനെ ഭൂമി തന്നെ സ്നേഹമായി മാറുകയും
സ്നേഹം മാർഗ്ഗമായിത്തീരുകയും ചെയ്തിരുന്നെകിൽ

* * * * *
ഭൂഗോളം എന്റെ കൈപ്പിടിയിലൊതുങ്ങിയിരുന്നെങ്കിൽ
കടുത്ത തീരുമാനങ്ങളുടെ ശാപങ്ങളിൽ നിന്നും
ഞാൻ ഈ ഭൂഗോളത്തെ സംരക്ഷിക്കുമായിരുന്നു.

ഈ ഭൂഗോളം എന്റെ കൈപ്പിടിയിലൊതുങ്ങുമായിരുന്നെങ്കിൽ
യുദ്ധങ്ങളുടെ പ്രേതബാധയിൽ നിന്നും
ഞാനീ ഭൂമുഖത്തെ രക്ഷിക്കുമായിരുന്നു
എല്ലാ നാശങ്ങളെയും ഞാൻ പിഴുതെറിയുമായിരുന്നു

കുറുക്കൻ കാബേലുമാരെ വിദൂരമായ ഏതെങ്കിലും ഗോളങ്ങളിലേക്ക്‌
ഞാൻ നാടുകടത്തുമായിരുന്നു.
യൂസുഫിന്റെ സഹോദരന്മാരെ
തെളിനീരുകൾ കൊണ്ട്‌ കഴുകി വെടിപ്പാക്കുമായിരുന്നു.
സഹോദരങ്ങളുടെ ഹൃദയത്തിൽ നിന്നും
അഴുക്കുകൾ തുടച്ചു നീക്കുമായിരുന്നു.

ദാരിദ്ര്യത്തിന്റെ കരാള ഹസ്തങ്ങളെ
ഉന്മൂലനം ചെയ്യുമായിരുന്നു
സ്വേച്ഛധിപത്യത്തിന്റെ തടവറയിൽ നിന്നും
ഞാനതിനെ മോചിപ്പിക്കുമായിരുന്നു.

ഇരുട്ടിന്റെ ശക്തികളെ പറിച്ചെറിയുമായിരുന്നു
രക്തപ്പുഴകളെ വറ്റിച്ചു കളയുമായിരുന്നു.

ഈ ഭൂഗോളം എന്റെ കൈക്കീഴിലൊതുങ്ങുമായിരുന്നെങ്കിൽ
ദുഃഖത്തിന്റെയും അമ്പരപ്പിന്റെയും പാതയോരങ്ങളിൽ
പരിക്ഷീണനായ മനുഷ്യനു വേണ്ടി
സമാധാനത്തിന്റെയും സമൃദ്ധിയുടെയും
ദീപം തെളിയിക്കുമായിരുന്നു,
അവന്‌ സുരക്ഷിതമായ ഒരു ജീവിതം നൽകുമായിരുന്നു.
എന്നാൽ സത്യത്തിൽ ഒന്നും എന്റെ കൈവശമില്ല
"പക്ഷേ" എന്നൊരു വാക്കല്ലാതെ.

No comments :

Post a Comment