Wednesday, April 15, 2009

സ്പെയിനിന്റെ ദുഃഖം.

സ്പെയിനിന്റെ ദുഃഖം.
നിസാർ ഖബ്ബാനി
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.
---------------------------------
സ്പെയിനിനെ കുറിച്ച്‌ ചോദിച്ചു കൊണ്ട്‌
പ്രിയപ്പെട്ടവളേ, നീ എനിക്കെഴുതി.
അല്ലാഹുവിന്റെ പേരു കൊണ്ട്‌
രണ്ടാമതൊരു ലോകത്തെ കീഴടക്കിയ
താരിഖിനെക്കുറിച്ചും
ഓരോ കുന്നിൻ പുറങ്ങളിലും
ഈത്തപ്പനത്തോട്ടങ്ങൾ വച്ചു പിടിപ്പിച്ച
ഉഖ്ബതുബുനു നാഫിഇനെക്കുറിച്ചും,
ഉമയ്യത്ത്‌ ഭരണകൂടത്തെക്കുറിച്ചും
അതിന്റെ ഭരണാധികാരി മുആവിവിയയെക്കുറിച്ചും,
ദിമശ്കിൽ നിന്നും
സംസ്കാരവും നാഗരികതയും
വഹിച്ചു നടന്നു നീങ്ങുന്ന
മനോഹരമായ സൈനിക വ്യൂഹങ്ങളെ ക്കുറിച്ചും
അതിലെ പടയാളികളെക്കുറിച്ചും
ചോദിച്ചു കൊണ്ടും
നീ എനിക്കെഴുതി.

സ്പെയിനിൽ ആ എട്ടു ശതകങ്ങൾ
കഴിച്ചു കൂട്ടിയിട്ട്‌
നാമെന്താണ്‌ ബാക്കി വെച്ചത്‌?
ചഷകങ്ങളുടെ അടിത്തട്ടിൽ
ഊറിക്കിടങ്ങുന്ന മദ്യത്തുള്ളികളല്ലാതെ
കൃഷ്ണ മണികളിൽ
മലയോര രാത്രികളന്തിയുറങ്ങുന്ന
പേടമാൻ കണ്ണുകളല്ലാതെ.
കുർത്തുബയിൽ നമുക്കവശേഷിക്കുന്നത്‌
മിനാരങ്ങളുടെ കണ്ണീർ കണങ്ങൾ മാത്രം.
പനിനീർ ഗന്ധിയായ സുഗന്ധ മിശ്രിതവും
മധുര നാരങ്ങയും
അളാലിയ്യ വൃക്ഷങ്ങളും മാത്രം.

ഒരൊറ്റ മുത്തശ്ശിമാരോ
അവരുടെ സ്നേഹ കഥകളോ
ശ്ലോക ശകലങ്ങളിൽ നിന്നൊരു വരിയോ
ഇന്നവശേഷിക്കുന്നില്ല.
ബനൂ അഹ്‌മർ ഗോത്രത്തിന്റെ
ചരിത്രകാരൻ പറഞ്ഞ
"അജയ്യനായവൻ അല്ലാഹു മാത്രം"
എന്ന വചനവുമല്ലാതെ മറ്റൊന്നും;
ഓരോ കോണുകളിലും നമുക്കതു കാണാം.

ഗത കാല പ്രേമ കാവ്യത്തിന്റെ
തിരു ശേഷിപ്പായി
നഗ്നയായ സ്ത്രീയുടെ വെണ്ണക്കൽ പ്രതിമയെപ്പോലെ
അവരുടെ കൊട്ടാരവും അവിടെയുണ്ട്‌.

ആ കൊച്ചു രാജാവ്‌ കെട്ടു കെട്ടിയിട്ട്‌
ഇന്നേക്ക്‌ അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞു.
ഇപ്പോഴും നമ്മുടെ ഇടുങ്ങിയ മനസ്സുകൾ
അങ്ങിനെത്തന്നെയിരിക്കുന്നു.
ഗോത്ര വൈരങ്ങൾ നമ്മുടെ രക്തത്തിൽ
അന്നത്തെപ്പോലെ അവശേഷിക്കുന്നു.
കഠാരകളെക്കൊണ്ടാണ്‌ നാമിന്ന് സംഭാഷണം നടത്തുന്നത്‌.
നമ്മുടെ ചിന്തകൾ
പുലിനഖങ്ങൾക്കു സമാനമാണ്‌.

അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും
അറേബ്യൻ ദേശീയത
പൂച്ചട്ടിയിലെ ദുഃഖിതയായ പുഷ്പം പോലെ
കാണപ്പെടുന്നു.
അത്‌ ഖിന്നയും നഗ്നയുമായ
പെൺകൊച്ചിനെപ്പോലെയുമിരിക്കുന്നു.
വെറുപ്പിന്റെയും ദുഷ്ടിന്റെയും ചുവരുകളിൽ
നാമത്തിനെ ക്രൂശിച്ചിരിക്കുകയാണ്‌.

പ്രിയപ്പെട്ടവളേ,
സ്പെയിനിൽ നിന്നും നാം ഇറങ്ങിപ്പോന്നത്‌
അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പോ,
അതോ ഇന്നലയോ?.

No comments :

Post a Comment