
മഹ്മൂദ് ദർവീശിന് ആദരാഞ്ജലികൾ....
"എനിക്കറിയാം അവർ ശക്തരാണെന്ന്, യുദ്ധം നടത്താനും ആരെയും കൊല്ലാനും അവർക്ക് കഴിയുമെന്നും. പക്ഷെ, അവർക്കെന്റെ വാക്കുകളെ തകർക്കാനോ അവയ്ക്കു മുകളിൽ ആധിപത്യം സ്ഥാപിക്കാനോ കഴിയില്ല".
തന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന "അൽ-കർമൽ" മാസികയുടെ റാമള്ളയിലെ ഓഫീസും സാംസ്കാരിക കേന്ദ്രവും ഏരിയേൽ ഷാറൂണിന്റെ സൈന്യം തകർത്തു തരിപ്പണമാക്കി എന്ന് ലബനാണിന്റെ തലസ്ഥാനമായ ബെയ്രൂത്തിൽ വെച്ച് കേട്ടപ്പോൾ പാലസ്തീന്റെ പ്രിയപ്പെട്ട കവി മഹ്മൂട് ദർവിശ് പറഞ്ഞതാണിത്. ഈ ആക്രമണത്തിന്റെ നാലു ദിവസം മുമ്പ് അദ്ദേഹം റാമല്ലയിൽ ഒരു സാംസ്കാരിക സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. രണ്ട് നോബൽ സാഹിത്യ സമ്മാന ജേതാക്കളടങ്ങുന്ന വേൾഡ് ബുക് പാർലിമന്റ് അതിഥികളും ആയിരത്തോളം പ്രതിനിധികളും അന്ന് ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
1941 മാർച്ച് 15-ന്, ഇന്ന് ഇസ്രയേലിൽ സ്ഥിതി ചെയ്യുന്ന, അൽ ബിർവ ഗ്രാമത്തിൽ സലീം-അൽ ഹൂരിയ്യ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായി ജനിച്ച മഹ്മൂട് ദർവിഷ് 6-ആം വയസ്സിൽ തുടങ്ങിയ പലായനം അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും രണഭൂമികൾ താണ്ടി ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ടെക്ശാസിലെ മെമോറിയൽ ഹെർമൻ ഹോസ്പിറ്റലിൽ വെച്ചവസ്സനിപ്പിച്ചു. 67 വയസ്സ് പ്രായമായിരുന്നു. ആജീവനാന്തം ഏതൊരാവശ്യത്തിന്നു വേണ്ടി പോരാടിയോ അതു പുലർന്നു കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. അതുകൊണ്ടു മാത്രം അദ്ദേഹം പരാജയപ്പെട്ടു എന്നു നമുക്ക് പറയാൻ കഴിയില്ല. കാരണം അദ്ധേഹത്തിന്റെ ഒരിക്കലും മരിക്കാത്ത വരികൾ ഏക്കാളത്തേയും പോരാളികളുടെ സിരകളിൽ അഗ്നിയായി ജ്വലിച്ചു കൊണ്ടിരിക്കും.
1947-ൽ യു. എൻ. പാലസ്തീൻ രാജ്യത്തെ വെട്ടിമുറിച്ച് വലിയൊരു കഷണം ജൂതന്മാർക്ക് നൽകി. അങ്ങനെ ഇസ്രയേൽ എന്ന ഒരു രാജ്യമുണ്ടായി. അതിനു ശേഷം തങ്ങളുടെ കീഴിലുള്ള മുഴുവൻ പാലസ്തീൻ ഗ്രാമങ്ങളും അടിച്ചു തകർക്കാനാരംഭിച്ചു. പാലസ്തീൻ നിവാസികൾ കൂട്ട പലായനം തുടങ്ങി. ഐക്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച് തന്നെ അന്ന് പലായനം ചെയ്ത 72,600-900,000 ആളുകൾക്കൊപ്പം ദർവീശ് കുടുംബവും പിറന്ന നാടും വിട്ട് പുറത്തു പോകേണ്ടി വന്നു. യു. എന്നിന്റെ ഔദാര്യത്തിൽ ഒരു വർഷക്കാലം പാലസ്തീൻ അഭയാർത്ഥി കേമ്പുകളിൽ താമസിച്ചു. 1949-ൽ ദർവീശിന്റെ കുടുംബം ഇസ്രയേലിലേക്കു "നുഴഞ്ഞു കയറി". പക്ഷേ, മറ്റ് 400-ഒാളം പാലസ്തീൻ ഗ്രാമങ്ങളും പോലെ ബിർവ്വയും പറ്റെ തകർന്നിരിക്കുകയായിരുന്നു. ഇക്കാലത്തെ അനുസ്മരിച്ചു കൊണ്ട് മഹ്മൂട് ദർവിശ് പറയുന്നു.
"രണ്ടാമതൊരിക്കൽ കൂടി ഞങ്ങൾ അഭയാർത്ഥികളായി മാറി. ഇപ്പോൾ ഞങ്ങൾ സ്വന്തം നാട്ടിൽ തന്നെയാണ് അഭയാർത്ഥികളാകേണ്ടി വന്നത്. ആ മുറിവുകൾ ഞങ്ങൾക്കൊരിക്കലും മറക്കാനാവില്ല".
മഹ്മൂട് ദർവീശിന് നാലു സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. പിതാവ് സലീം കർഷകനായിരുന്നു. പിതാമഹനും കർഷകനായിരുന്നു. ഉമ്മ നിരക്ഷരയായിരുന്നു. എന്നാലും ഞാൻ കവിയായിത്തീരുവാൻ ഉമ്മ ആഗ്രഹിച്ചിരുന്നു വേന്ന് ദർവീശ് പറയുന്നുണ്ട്.
തിരിച്ചറിയൽ കാർഡ് എന്ന അദ്ദേഹത്തിന്റെ കവിതയിൽ സ്വന്തം കുടുംബ ചരിത്രം തന്നെയാണ് വരച്ചു കാട്ടുന്നത്.
"എഴുതിക്കോളൂ, ഞാനോരറബിയാകുന്നു,
കരിങ്കൽ ക്വാറിയിൽ കഠിനാധ്വാനം ചെയ്യുന്ന
തൊഴിലാളി സുഹൃത്തുക്കളുടെ കൂടെയാണ്
ഞാൻ പണിയെടുക്കുന്നത്.
എനിക്ക് എട്ടു മക്കളാണുള്ളത്...
എന്റെ പിതാവ് ഒരു കർഷക കുടുംബത്തിൽ ജനിച്ചവനാണ്
പുകൾപെറ്റ തറവാട്ടിൽ പിറന്നവനല്ല
എന്റെ വല്യച്ഛനും
പേരും പെരുമയുമില്ലാത്ത ഒരു കർഷകനായിരുന്നു".
ഏഴാം വയസ്സിൽ തന്നെ മഹ്മൂട് കവിതയെഴുതിതുടങ്ങിയത്രെ. 1961-ൽ അദ്ദേഹം ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ(റകാഹ്) അംഗമായി. ജൂതന്മാരും അറബികളുമായി ഇടകലർന്നു പ്രവർത്തിച്ചു. ഇസ്രയേൽ സൈന്യം പാലസ്തീനികൾക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചതിനെത്തുടർന്ന് മഹ്മൂട് ദർവീശിന്റെ പാസ്പോർട്ട് കണ്ടു കെട്ടി. 1961 മുതൽ 1969 വരെ ഹൈഫയിൽ നിന്ന് പുറത്തു പോകാൻ അനുമതി ലഭിച്ചില്ല. പുറത്തു പോകാൻ ശ്രമിച്ചു എന്ന കാരണത്താൽ പലപ്പോഴും അദ്ദേഹം പിടിക്കപ്പെട്ടു.
1964-ലെ "ഒലിവിലകൾ" എന്ന കവിതയും 1969-ലെ "പാലസ്തീന്റെ കാമുകൻ" എന്ന കവിതയും പുറത്തിറങ്ങിയതോടെ ദർവീശ് പോരാട്ടങ്ങളുടെ കവിയായി അറിയപ്പെട്ടുതുടങ്ങി. ഇരുപത്തിരണ്ടാം വയ്സ്സിൽ അദ്ദേഹം എഴുതിയ "ഐഡന്റിറ്റി കാർഡ്" എന്ന കവിത പ്രതിഷേധത്തിന്റെ ജനശബ്ദമായി മാറിയപ്പോൽ 1967-ൽ അദ്ദേഹത്തെ താമസ സ്ഥലത്തു വെച്ച് അറസ്റ്റു ചെയ്തു. പാലസ്തീൻ ബാലൻ ഒരിസ്രയേൽ സൈനികനോട് നടത്തുന്ന വാഗ്വാദങ്ങളാണ് കവിതയിലെ പ്രമേയം. ജയിലിൽ കഴിയുന്ന മകൻ സ്വന്തം ഉമ്മക്കെഴുതുന്ന സ്നേഹാർദ്രമായ കവിതയാണ് അദ്ദേഹത്തിന്റെ "എന്റെ ഉമ്മയ്ക്ക്" എന്ന കവിത.
ഇസ്രയേലിൽ ഉപരി പഠനം നടത്താൻ മഹ്മൂട് ദർവിശിൻ അനുവാദം ലഭിച്ചില്ല. അതുകൊണ്ടദ്ദേഹം മോസ്കോയിലേക്ക് പോയി. മോസ്കോ സ്മരണകളിൽ അദ്ദേഹം എഴുതി: "ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസിക്ക് മോസ്കോ അയാളുടെ വത്തിക്കാനാകുന്നു. പക്ഷെ, അവിടം സ്വർഗ്ഗമൊന്നുമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു"
1971-ൽ അദ്ദേഹം ഈഗിപ്തിലെത്തി അൽ-അഹ്റാം ദിനപ്പത്രത്തിൽ ചേർന്നു. ഇനിയൊരിക്കലും പാലസ്തീനിലേക്കില്ല എന്ന് കരുതിയെങ്കിലും 1973-ൽ അദ്ദേഹം ഹൈഫായിലെത്തി പാലസ്തീൻ വിമോചക സംഘടനയിൽ ചേർന്നു. അതോടു കൂടി ഇസ്രയേലിലേക്കു പ്രവേശിക്കുവാനുള്ള അവകാശം എന്നെന്നേക്കുമായി നിഷേധിക്കപ്പെട്ടു.
മഹ്മൂട് ദർവിശിന് കവിത ജീവിതം തന്നെയായിരുന്നു. കുടുംബ ജീവിതം തനിക്കു പറ്റിയതല്ലെന്ന് അദ്ദേഹം കുറ്റ സമ്മതം നടത്തുന്നുണ്ട്. സിറിയൻ കവി നിസാർ ഖബ്ബാനിയുടെ സഹോദര പുത്രി റനാ ഖബ്ബാനിയാണ് ആദ്യ ഭാര്യ. 1977-ൽ വാഷിങ്ങ്ടണിൽ വെച്ച് അവർ വിവാഹിതരായി. ആ ബന്ധം 3 കൊല്ലവും നാലു മാസവും മാത്രമേ നില നിന്നുള്ളൂ. എൺപതുകളുടെ മദ്ധ്യത്തിൽ അദ്ദേഹം ഒരു ഈജിപ്ത്യൻ വിവർത്തകയെ വിവാഹം ചെയ്തു. അതും ഒരു കൊല്ലം മാത്രമാണ് നീണ്ടു നിന്നത്. ആ വേർപാടിനെ സ്മരിച്ചു കൊണ്ട് അദ്ദേഹം പറയുന്നത് "ഒരാൾക്കും പരിക്കേൽക്കാതെ ഞങ്ങൾ രണ്ടു പേരും രക്ഷപ്പെട്ടു" എന്നാണ്. മൂന്നാമതൊരു വിവാഹം ഞാൻ കഴിച്ചിട്ടില്ല. കഴിക്കുകയുമില്ല എന്നും ആണയിടുന്നു. അദ്ദേഹം തുടർന്നു പറയുന്നു: "ഞാൻ ഏകാന്തത്തയുടെ ലഹരി ബാധിച്ചവനാണ്, എനിക്കു കുട്ടികളുണ്ടാകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത് ചിലപ്പോൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറലാവാം. എന്നാൽ കവിതയാണെന്റെ അച്ചുതണ്ട്, എന്റെ കവിതയെ സഹായിക്കുന്നതെന്തോ അത് ഞാൻ ചെയ്യും. അതിന് ദോഷം ചെയ്യുന്നതൊന്നും ഞാൻ ചെയ്യുകയുമില്ല.
സ്നേഹത്തിലും താനൊരു പരാജയമായിരുന്നു എന്നും കവി കുംഭസരിക്കുന്നു. "സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്; പക്ഷേ, അവസാനമാകുമ്പോഴെക്കും എന്റെ വികാരങ്ങൾ കീഴ്മേൽ മറിയുകയാണ്. അപ്പോൽ സ്നേഹത്തെ ഞാൻ പ്രാപിച്ചിട്ടില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. സ്നേഹം ജീവിതമാകണം. ഓർക്കാനുള്ളത് മാത്രമാവരുത്ത്".
പാലസ്തീൻ വിമോചക മുന്നണിയിൽ ചേർന്നിരുന്നെങ്കിലും മഹ്മൂട് ദർവിശ് ഒരു സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല. രാഷ്ട്രീയ പദവികൾ സ്വീകരിക്കാനും അദ്ദേഹം തയ്യാറായില്ല. 1971-ൽ യാസർ അറഫാത്ത് ദർവീശിനോട് പറഞ്ഞു: "താങ്കളിൽ ഞാൻ പാലസ്തീന്റെ പരിമളം ശ്വസിക്കുന്നു" എന്ന്. എന്നിട്ടും അദ്ദേഹം സാംസ്കാരിക മന്ത്രിയുടെ പദവി വേണ്ടെന്നു വെച്ചു. 1993-ൽ ഓസ്ലോ കരാറിൽ ഒപ്പു വെച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം വിമോചക മുന്നണിയിൽ നിന്നും രാജി വെച്ചു. ജോർദാൻ തലസ്താനമായ അമ്മാനിൽ സ്വന്തമായ വീടുണ്ടായിട്ടു പോലും 1996 മുതൽ മരണം വരേ, അദ്ദേഹം രാമല്ലയിൽ കഴിഞ്ഞു കൂടി. അദ്ദേഹം പറയുമായിരുന്നു: "ഒരായുസ്സു മുഴുവൻ അതിർത്തിക്കപ്പുറത്ത് അഭയാർത്ഥി ക്കേമ്പുകളിൽ കഴിഞ്ഞു കൂടിയവനാണ് ഞാൻ. അഭയാർത്ഥിക്കേമ്പെന്നത് ഭൂമി ശാസ്ത്രപരമായ ഒരു സംവിധാനമല്ല. പിറന്ന മണ്ണിനെപ്പോലെ അതും പോകുന്നിടത്തേക്കൊക്കെ ഞാൻ കൊണ്ടു പോകുമായിരുന്നു".
ഇസ്രയേലിൽ പാർക്കുന്ന അദ്ദേഹത്തിന്റെ മാതാവിനെയും കുടുംബക്കാരെയും കാണാൻ പോകാൻ 1999-ൽ ദർവിശിന് അനുവാദം കിട്ടിയിരുന്നു. 2000-ൽ അദ്ദേഹത്തിന്റെ മാതാവ് കാൻസർ പിടിപെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൽ അവരെ സന്ദർശിക്കാൻ അതികൃതർ അദ്ദേഹത്തിന് അനുവാതം കൊടുത്തില്ല. അപ്പോൽ പാലസ്തീനിൽ ഇന്തിഫാദ പൊട്ടിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഉമ്മയ്ക്ക് സുഖം പ്രാപിച്ചതു കൊണ്ട് താങ്കൾക്ക് അനുവാദം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന വിവരമാണ് അദ്ദേഹത്തിൻ ലഭിച്ചതു. പിന്നീട് രണ്ട് കൊല്ലം അദ്ദേഹം മാതാവിനെ കണ്ടില്ല.
1984-ലും 1998-ലും ദർവിശ് ഹൃദയ ശസ്ത്ര ക്രിയകൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ആദ്യ ശസ്ത്ര ക്രിയക്കു ശേഷം അദ്ദേഹം എഴുതി: "എന്റെ ഹൃദയമിടിപ്പ് രണ്ടു മിനുട്ട് നിശ്ചലമായി. അവരെനിക്ക് ഇലക്ട്രിക് ഷോക്ക് തന്നു. അതിനു തൊട്ടു മുമ്പ് എന്റെ ആത്മാവ് വെളുത്ത മേഘങ്ങൾക്കു മുകളിലൂടെ നീന്തിത്തുടിക്കുന്നത് ഞാൻ കണ്ടു. ആ സമയം ഞാനെന്റെ ബാല്യ കാലം മുഴുവനും ഓർത്തുപോയി. ജീവിതത്തിലേക്ക് മടങ്ങിയപ്പോഴാണ് ഞാൻ മരണത്തിനു കീഴടങ്ങിയതും വേദന അനുഭവിച്ചു തുടങ്ങിയതും".
പക്ഷേ രണ്ടാമത്തെ ശസ്ത്ര ക്രിയ അതിഭീകരമായിരുന്നു എന്നദ്ദേഹം ഓർക്കുന്നു: "എന്റെ ആത്മാവ് ഒരു തടവറയിലകപ്പെട്ടതായി ഞാൻ കണ്ടു. ഡോക്ടർമാർ പോലീസുകാരെപ്പോലെ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഞാൻ മരണത്തെ ഭയക്കുന്നില്ല. മരണത്തെക്കാൾ ഭീകരം മരിക്കാതിരിക്കലാകുന്നു. അതാകുന്നു ഏറ്റവും വലിയ ശിക്ഷ. ജീവിതത്തിൽ എനിക്ക് പ്രത്യേക ഡിമാന്റുകളൊന്നുമില്ല. കാരണം ആലങ്കാരികമായി മാത്രം നില നിൽക്കുന്ന ഒരു കാലത്തിലാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് അധികം സ്വപ്നങ്ങളുമില്ല. എഴുത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടതാണ് എനിക്കു ജീവിതം. മരിക്കുന്നതിനു തൊട്ടു മുമ്പു വരേ എനിക്കെഴുതണം".
എഴുത്തവസാനിപ്പിച്ചെങ്കിലും അദ്ദേഹം ഇനിയുമൊരുപാട് വായിക്കപ്പെട്ടു കൊണ്ടേയിരിക്കും.
-------------------------------------------
കാലം എന്നിൽ നിന്ന് മറച്ചുപിടിച്ച അമൂല്യ നിധിയായിരുന്നു മഹമൂദ് ദർവിഷ്.. ഒരു കവിത കൊണ്ട് അദ്ധേഹം എന്നിലുണ്ടാക്കിയ അവബോധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഓൺലൈനിൽ അദ്ധേഹത്തിന്റെ കവിതകളുടെ വിവർത്തനം തിരഞ്ഞു നിരാശനാകേണ്ടി വന്നു. താങ്ങളുടെ ബ്ലോഗ് സഹായിച്ചിരിക്കുന്നു. അദ്ധേഹത്തിന്റെ കവിതകളുടെ വിവർത്തനം ലഭ്യമാണെങ്കിൽ എന്നെ സഹായിക്കുക
ReplyDelete