Wednesday, September 3, 2008

പാസ്പ്പോർട്ട്‌ - മഹ്‌മൂദ്‌ ദർവീശ്‌

മഹ്‌മൂദ്‌ ദർവീശ്‌
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌.

പാസ്പോർട്ടിലെ
നിറം മങ്ങിയ എന്റെ ചിത്രം കണ്ട്‌
അവരെന്നെ തിരിച്ചറിഞ്ഞില്ല.
ചിത്രങ്ങൾ ശേഖരിക്കുന്നത്‌ ഹോബിയാക്കിയ
വിനോദ യാത്രക്കാരനുള്ള
പ്രദർശന വസ്തുവാകുന്നു
അവർക്കെന്റെ മുറിവുകൾ

കഷ്ടം!, അവരെന്നെ തിരിച്ചറിഞ്ഞില്ല

എന്റെ കൈകൾ സൂര്യ പ്രകാശത്തിൽ നിന്ന്‌
നിങ്ങൾ മറച്ചു വെക്കരുത്‌
കാരണം മരങ്ങൾക്കെന്നെ തിരിച്ചറിയാം
മഴയുടെ സംഗീതങ്ങൾക്കും
എന്നെ തിരിച്ചറിയാം.

നിറം മങ്ങിയ ചന്ദ്രികയെപ്പോലെ
നിങ്ങളെന്നെ ഉപേക്ഷിക്കാതിരുന്നാലും.

അകലെയുള്ള വിമാനത്താവളം വരേ
എന്റെ കൈകളെ പൈന്തുടർന്ന കിളികളെയും
എല്ലാ ഗോതമ്പു പാടങ്ങളെയും
എല്ലാ തടവറകളെയും
എല്ലാ വെളുത്ത കുഴിമാടങ്ങളെയും
എല്ലാ അതിരുകളെയും
വീശിക്കൊണ്ടിരിക്കുന്ന
മുഴുവൻ തൂവാലകളെയും
ഓരോ മിഴികളെയും
അവരെന്റെ പാസ്പ്പോർട്ടിൽ നിന്ന്‌
കുടിയിറക്കിക്കളഞ്ഞു.

എന്റെ കരങ്ങൾ പടുത്തുയർത്തിയ മണ്ണിൽ
ഞാനിന്ന്‌ പേരും പെരുമയുമില്ലാത്തവൻ

ദിഗന്തങ്ങൾ ഭേതിക്കുമാർ ഉച്ചത്തിൽ
അയ്യൂബ്‌ അട്ടഹസിച്ചു:
"ദൈവമേ, രണ്ടാമതൊരിക്കൽ കൂടി
എന്നെ നീ ഒരു ദൃഷ്ടാന്തമാക്കരുതേ"

മാന്യമഹാ ജനങ്ങളേ,
ബഹുമാനപ്പെട്ട പ്രവാചകന്മാരേ,
മരങ്ങളോട്‌ അവയുടെ പേരുകൾ
നിങ്ങൾ ചോദിക്കരുത്‌
മലയടിവാരങ്ങളോട്‌ അവയുടെ
മാതാക്കളെ ക്കുറിച്ചും ചോദിക്കരുത്‌.

എല്ല മനുഷ്യ ഹൃദയങ്ങളും
എന്റെ നാട്ടുകാരാകുന്നു.
അതിനാൽ
ദയവു ചെയ്ത്‌
എന്റെ പാസ്പോർട്ട്‌
നിങ്ങൾ തിരിച്ചെടുത്തോളൂ.

No comments :

Post a Comment