Monday, June 3, 2013

ചെകുത്താൻ_ഖലീൽ ജിബ്രാൻ


'ക്രിയാത്മകമായ ഒരാവശ്യമോ സൃഷ്ടിപരമായ ഒരു പ്രേരകമോ ഇല്ലാതെ മനുഷ്യൻ സ്വയം കണ്ടുപിടിച്ച തൊഴിലാകുന്നു പൌരോഹിത്യം

ചെകുത്താൻ 
ജിബ്രാൻ ഖലീൽ ജിബ്രാ

ആത്മാവിന്റെ നിഗൂഢതകളിൽ സൂക്ഷ്മജ്ഞാനി, അധ്യാത്മിക വിഷയങ്ങളിൽ അതിനിപുണൻ, ക്ഷന്തവ്യവും അക്ഷന്തവ്യവുമായ പാപങ്ങളുടെ രഹസ്യങ്ങളെ സംബന്ധിച്ച് ആഴത്തിൽ പഠിച്ചവൻ, നരകത്തിന്റെയും സ്വർഗ്ഗത്തിന്റെയും താൽക്കാലിക നരകത്തിന്റെ(മഥ്‌ഹർ)യും രഹസ്യങ്ങളെ കുറിച്ച് അവഗാഹമുള്ളവൻ എന്നീവിശേഷണങ്ങളെല്ലാം മേളിച്ച ഒരു മഹത്‌വ്യക്തിത്വമാകുന്നു അൽഖൂരിസം‌ആൻ.
പിശാചിന്റെ കെണിവലകളിൽ നിന്നും ആളുകളെ രക്ഷിക്കാനും പാപദീനങ്ങളിൽ നിന്നും ആത്മാവുകളെ ചികിത്സിക്കാനും സ്വയം ഉഴിഞ്ഞുവെച്ച ജീവിതവുമായി സുവിശേഷ പ്രവർത്തനം നടത്തി തെക്കൻ ലബനാണിന്റെ ഗ്രാമത്തിലൂടെ സഞ്ചരിക്കുക അദ്ദേഹത്തിന്റെ പതി വായിരുന്നു. പിശാചാകുന്നു സലീം അൽഖൂരിയുടെ പ്രധാന ശത്രു. രാവും പകലും മടികൂടാതെ അക്ഷീണം അദ്ദേഹം പിശാചിനോട് പൊരുതിക്കൊണ്ടിരുന്നു.
ഗ്രാമവാസികൾ ഖൂരി സം‌ആനെ അകമഴിഞ്ഞ് ആദരിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും പ്രാർത്ഥനകളും സ്വർണ്ണവും വെള്ളിയും കൊടുത്ത് വാങ്ങുന്നതിൽ അവർ ആനന്ദം കണ്ടെത്തി. അവരുടെ പാടങ്ങളിൽ വിളയുന്ന ഏറ്റവും മുന്തിയ ധാന്യവും അവരുടെ ചെടികളിൽ കായ്ക്കു ന്ന ഏറ്റവും നല്ല പഴങ്ങളും അദ്ദേഹത്തിനു സമ്മാനിക്കുന്നതിൽ അവർ മത്സരിച്ചു.
ഒരു ശരത്കാല സായാഹ്നത്തിൽ കുന്നുകൾക്കും താഴ്വാരങ്ങൾക്കുമിടയിലൂടെ അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് നടന്നുപോകുന്നതിനിടയിൽ ആളൊഴിഞ്ഞ ഒരുസ്ഥലത്തു വച്ച് അദ്ദേഹം ഒരു ദീനരോദനം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ നഗ്നനായ ഒരാൾ ചരൽ കല്ലുകൾക്കിടയിൽ വീണു കിടക്കുന്നതു കണ്ടു. തലയിലെയും നെഞ്ചിലെയും ആഴമുള്ള മുറിവുകളിൽ നിന്നും രക്തം ഒലിക്കുന്നുണ്ട്. സഹായത്തിനു വേണ്ടി അയാൾ കേണപേക്ഷിച്ചു:
എന്നെ രക്ഷിക്കൂഎന്റെ സഹായിക്കൂ..എന്നോടു ദയ കാണിക്കൂ.. ഞാൻ മരിച്ചു പോകും’.
ഖൂരി സം‌ആ‍ൻ അന്ധാളിച്ചു പോയി. വേദന കൊണ്ടു പുളയുന്ന ആ മനുഷ്യനെ നോക്കി മനസ്സിൽ ഇങ്ങനെ പറഞ്ഞു:
ഇതൊരു പെരും കള്ളനായിരിക്കണം. ഏതോ വഴിപോക്കന്മാരെ കൊള്ളയടിക്കാൻ ശ്രമി ച്ചപ്പോൾ ആക്രമിക്കപ്പെട്ടതാകും. ഇനി ഇയാൾ മരിച്ചു പോയാൽ ആളുകൾ എന്നെ സംശയി ക്കും. ഞാനാണെങ്കിൽ നിരപരാധിയുമാണ്’.
ഇങ്ങനെ പലതും ചിന്തിച്ച് വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ മുറിവേറ്റു കിടക്കുന്ന മനുഷ്യൻ അയാളെ വിളിച്ചു നിർത്തി:
എന്നെ ഉപേക്ഷിച്ചു പോകരുത്. നിങ്ങൾക്കെന്നെ അറിയാം. എനിക്കു നിങ്ങളെയും അറിയാം. എന്നെ ഉപേക്ഷിക്കരുത്. ഞാൻ മരിച്ചു പോകും”.
അൽ ഖൂരിയുടെ മുഖം വിളറി. ശബ്ദം പതറി. അയാൽ ഇങ്ങനെ മനനം ചെയ്തു: ഇയാൾ അലഞ്ഞു നടക്കുന്ന ഭ്രാന്തന്മാരിലൊരാളായിരിക്കും. എന്നാലും അദ്ദേഹത്തിന്റെ മുറിവുകൾ എന്നെ പേടിപ്പെടുത്തുന്നു. ഞാനെന്താണു ചെയ്യേണ്ടത്?. ഒരു മനേരോഗ വൈദ്യന് അലോ പ്പതി ചികിത്സ ചെയ്യാൻ കഴിയില്ലല്ലോ!’.
അൽഖൂരി ഏതാനും ചുവടുകൾ നടന്നു. കല്ലിനെ പോലും അലിയിക്കുന്ന ശബ്ദത്തിൽ വീണു കിടക്കുന്ന ആൾ അട്ടഹസിച്ചു:
സുഹൃത്തേ, അടുത്തു വരൂ, നീണ്ട നാളുകളായി നമ്മൾ രണ്ടു പേരും ചങ്ങാതിമാരാണ്. താങ്കൾ അൽ ഖൂരി സം‌ആൻ എന്ന നല്ല ഇടയനല്ലേ?. ഞാൻ തസ്കരനോ ഭ്രാന്തനോ അല്ല. ഇങ്ങ ടുത്തു വരൂ. ഈ വിജനമായ ഭൂമിയിൽ തനിയെ മരിക്കാൻ എന്നെ വിടരുത്. അടുത്തുവന്നാൽ ഞാനാരാണെന്ന് പറഞ്ഞു തരാം”.
അൽ ഖൂരി പുലമ്പിക്കൊണ്ടിരിക്കുന്ന ആ മനുഷ്യന്റെ അടുത്തു ചെന്ന് കുനിഞ്ഞ് അയാളുടെ തലയിലേക്ക് സൂക്ഷിച്ചു നോക്കി. തമാശ കാര്യത്തിനും സൌന്ദര്യം വൈരൂപ്യത്തിനും മാന്യത വൃത്തികേടിനും വഴിമാറുന്ന വിചിത്രമായ ചില ചിഹ്നങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് അൽ ഖൂരി ദർശിച്ചു.
പരാതിക്കാരനായ ആ മനുഷ്യൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
എന്റെ പിതാവേ, എന്നെ പേടിക്കേണ്ട. കാലങ്ങളായി നമ്മൾ ചങ്ങാതിമാരാണ്. എന്നെ എഴു ന്നേൽക്കാൻ സഹായിക്കൂ. എന്നെ അടുത്തുള്ള കിണറിനടുത്തേക്കു കൊണ്ടു പോകൂ. എന്റെ മുറിവുകൾ താങ്കളുടെ തൂവാല കൊണ്ട് തുടച്ചു തരൂ”.
അൽ ഖൂരി ഒച്ച വച്ചു:
നിങ്ങളാരാണെന്നു പറയൂ. എനിക്ക് നിങ്ങളെ അറിയില്ല. ജീവിതത്തിൽ ഒരിക്കൽ പോലും നിങ്ങളെ കണ്ടതായി ഓർക്കുന്നില്ല”.
മുറിവേറ്റു കിടക്കുന്നയാൾ മരണം മണക്കുന്ന സ്വരത്തിൽ പറഞ്ഞു: താങ്കൾക്കറിയാം; ഞാനാ രാണെന്ന്. ആയിരം വട്ടം നിങ്ങളെന്നെ കണ്ടു മുട്ടിയിട്ടുണ്ട്. എല്ലാ സ്ഥലത്തു വച്ചും കണ്ടിട്ടുണ്ട്. നിങ്ങളോട് ഏറ്റവും അടുത്ത സൃഷ്ടിയാണു ഞാൻ. താങ്കളുടെ ജീവനേക്കാൾ താങ്കൾക്കു വേണ്ട പ്പെട്ടവനാകുന്നു ഞാൻ”.
അൽ ഖൂരി ഉറക്കെ പറഞ്ഞു:
നിങ്ങൾ വിരുതനായ നുണയനാണ്. സത്യവിരോധികളുടെ കൂടെപ്പിറപ്പാണ്. താങ്കളുടെ മുഖം ആയുസ്സിലൊരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. നിങ്ങളാരാണെന്നു പറയുന്നതാണു നല്ലത്. അല്ലെങ്കിൽ ചോരയിൽ കുളിച്ച് മരിക്കേണ്ടി വരും”.
അയാൾ മെല്ലെ കിടന്നിടത്തു നിന്നും എഴുന്നേറ്റ് അൽ ഖൂരിയുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. അർത്ഥഗർഭമായ ഒരു പുഞ്ചിരി അയാളുടെ ചുണ്ടുകളിൽ വിരിഞ്ഞു. ശാന്ത ഗംഭീരമായ സ്വരത്തിൽ ഇങ്ങനെ പ്രസ്താവിച്ചു:
ഞാനാകുന്നു ചെകുത്താൻ”.
ഇതു കേട്ട നമ്മുടെ പുരോഹിതൻ ഭീകരമായ ശബ്ദത്തിൽ അട്ടഹസിച്ചു. ആ മലഞ്ചെരുവിലെ മുക്കു മൂലകളിൽ ചെന്ന് അത് അലയടിച്ചു. അദ്ദേഹം ആ രൂപത്തെ സൂക്ഷിച്ചു നോക്കി. മുറിവേറ്റ അവയവങ്ങൾ തനിയെ കൂടിച്ചേർന്ന് രൂപവും ഭാവവും മാറി വന്ന്, ഗ്രാമത്തിലെ പള്ളിയുടെ ചുവരിൽ തൂക്കിയിട്ട വിധിദിനത്തിന്റെ ചുവർചിത്രത്തിൽ കണ്ട അതേ പിശാചിന്റെ രൂപം പ്രാപിച്ചു. അൽഖൂരി ഇങ്ങനെ അട്ടഹസിച്ചു:
കർത്താവ് എനിക്ക് നിന്റെ നരക സ്വരൂപം കാണിച്ചു തന്നത് നിന്നോടുള്ള വെറുപ്പ് വർദ്ധിപ്പി ക്കാനാണ്. അനന്ത കോടി വർഷങ്ങളോളം നീ ശപിക്കപ്പെട്ടവനായി തുടരട്ടെ”.
ചെകുത്താൻ പറഞ്ഞു: പിതാവേ, അങ്ങ് ധൃതി കാണിക്കരുത്. വീൺവാക്കു കൊണ്ട് സമയം പാഴാക്കരുത്. അടുത്ത് വന്ന് ജീവന്റെ അവസാന നാളവും കെട്ടടങ്ങും മുമ്പ് എന്റെ മുറിവുകളെ പരിചരിക്കൂ..
അപ്പോൾ അൽ ഖൂരി പറഞ്ഞു:
ദിവ്യ ബലികൾക്കു വേണ്ടി എല്ലാ ദിവസവും ഉയർത്തുന്ന എന്റെ കരങ്ങൾ നരകത്തിലെ ചീഞ്ചലം കൊണ്ടുണ്ടാക്കിയ നിന്റെ ശരീരത്തെ തൊടുക പോലുമില്ല. മനുഷ്യത്വത്തിന്റെ ചുണ്ടു കളാലും കാലത്തിന്റെ നാവുകളാലും ശപിക്കപ്പെട്ടവനായി നീ ചത്തു കൊൾക’.
പിശാച് അസ്വസ്ഥനായി പുലമ്പി:
നിങ്ങളെന്താണു പറയുന്നതെന്ന് നിങ്ങൾക്കു തന്നെ അറിയില്ല. ഏതു പാപമാണ് നിങ്ങൾ ചെയ്തതെന്നും നിങ്ങൾക്കറിയില്ല. ഇതു കേൾക്കൂ. എന്റെ കഥ ഞാൻ പറഞ്ഞു തരാം. ഇന്ന് ഞാൻ ഈ ഒറ്റപ്പെട്ട മലമ്പാതയിലൂടെ ഒറ്റയ്ക്കു നടക്കുകയായിരുന്നു. ഈ സ്ഥലത്തെത്തി യപ്പോൾ ഒരു കൂട്ടം മലക്കുകളുടെ മുമ്പിൽ ഞാൻ അകപ്പെട്ടു പോയി. അവരെന്നെ അക്രമിക്കു കയും അടിച്ചു മുറിവേൽ‌പ്പിക്കുകയും ചെയ്തു. അവരുടെയടുത്ത് മൂർച്ചയുള്ള ആയുധങ്ങളില്ലാ യിരുന്നുവെങ്കിൽ ഞാൻ അവരെ മുഴുവൻ തകർത്തു തരിപ്പണമാക്കുമായിരുന്നു. നിരായുധനായ ഒരാൾ അങ്ങനെ ഒരവസരത്തിൽ എന്തുചെയ്യാനാണ്?”.
ചെകുത്താൻ ഒരു നിമിഷം നിശബ്ദനായി. പിന്നെ ശരീരത്തിലെ ആഴമുള്ള ഒരു മുറിവിൽ കൈ വച്ച് ഇങ്ങനെ പറഞ്ഞു: ആയുധ ധാരിയായ മലക്കിന്റെ എനിക്കു തോന്നുന്നു അത് മീഖായീലാണെന്ന്; നന്നായി വെട്ടാനറിയുന്നത് അദ്ദേഹത്തിനു മാത്രമാണ് - വെട്ടു കൊണ്ട പ്പോൾ ഞാൻ നിലത്തു വീണു. അവിടെ നിന്ന് ചക്രശ്വാസം വലിക്കുന്നതായി അഭിനയിച്ചില്ലാ യിരുന്നെങ്കിൽ എന്റെ ഒരവയവങ്ങളും ബാക്കിയുണ്ടാവുമായിരുന്നില്ല’.
വിജയത്തിന്റെയും ആധിപത്യത്തിന്റെ മണിമുഴക്കങ്ങളോട് സദൃശമായ ശബ്ദത്തിൽ അൽ ഖൂരി പറഞ്ഞു:
മീഖായീലിന്റെ നാമം വാ‍ഴ്ത്തപ്പെടട്ടെ, അദ്ദേഹം മനുഷ്യനെ അവന്റെ വൃത്തികെട്ട ശത്രുവിൽ നിന്നും രക്ഷിച്ചു”.
ചെകുത്തൻ പറഞ്ഞു:
താങ്കൾക്ക് താങ്കളുടെ ശരീരത്തോടുള്ള ശത്രുതയേക്കാൾ കടുത്ത ശത്രുതയൊന്നും എനിക്കും മനുഷ്യന്മാർക്കുമിടയിലില്ല. താങ്കൾ മീഖായീലിനെ പുകഴ്ത്തുന്നു. അയാൾ നിങ്ങൾക്കൊന്നും തന്നിട്ടില്ല. എന്റെ പേര്‌ കേട്ടിട്ട് ഈ ഗുരുതരമായ സമയത്ത് താങ്കളെന്നെ ശപിക്കുന്നു. ഞാനാ ണെങ്കിൽ താങ്കളുടെ സുഖത്തിനും സന്തോഷത്തിനും എത്രയോ പ്രാവശ്യം കാരണമാ‍യിട്ടുള്ളവ നാണ്. എന്റെ ഉണ്മയുടെ തണലിൽ കഴിഞ്ഞിട്ട് ഞാൻ ചെയ്ത അനുഗ്രഹത്തെ നിഷേധിക്കു കയും എന്റെ ഉപകാരങ്ങളോട് നന്ദികേട് കാണിക്കുകയും ചെയ്യുകയാണല്ലേ?. എന്റെ അസ്തി ത്വം താങ്കളൊരു വ്യവസായമാക്കി മാറ്റിയില്ലേ?. എന്റെ പേര് താങ്കളുടെ കർമ്മങ്ങളുടെ ഭരണ ഘടനയാക്കിത്തീർത്തില്ലേ?. എന്റെ വർത്തമാനത്തിനും ഭാവിക്കും എന്റെ ഭൂതകാലം നിങ്ങൾ ക്കു പോരേ?. മതി വരുവോളം നിങ്ങൾക്കെന്റെ സ്വത്ത് കിട്ടിയില്ലേ?. നിങ്ങൾക്കറിയില്ലേ എന്റെ അസാനിദ്ധ്യത്തിൽ നിങ്ങളുടെ ഭാര്യയും മക്കളും വിശന്നു ചാവുമെന്ന്. വിധി എന്റെ ജീവനെടുത്താൽ താങ്കളെന്തു ചെയ്യും?. കാറ്റുകൾ എന്റെ പേരുകൾ മായ്ച്ചു കളഞ്ഞാൽ താങ്കൾ എന്തു ചെയ്യാനാണുദ്ദേശിക്കുന്നത്?. കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങളായി എന്റെ അപകടങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനും എന്റെ കെണിവലകളിൽ നിന്ന് ജാഗരൂകനാ കാനും വേണ്ടി താങ്കൾ ജനങ്ങളെ ബോധവാന്മാരാക്കിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ അവരുടെ സമ്പാദ്യങ്ങളും വിളവുകളും തന്ന് താങ്കളുടെ ഉപദേശങ്ങൾ വിലക്കു വാങ്ങുന്നു. നാളെ തങ്ങളുടെ ശത്രുവായ പിശാച് മരിച്ചുവെന്ന് അവരറിഞ്ഞാൽ പിന്നെ എന്താണ് അവർ താങ്കളിൽ നിന്ന് വാങ്ങാൻ വരിക?. ആ സമയത്ത് അവർ എന്റെ കെണിവലകളിൽ നിന്നും നിയന്ത്രണത്തിൽ നിന്നും സുരക്ഷിതരാവില്ലേ?. പിശാചിന്റെ മരണം മൂലം പിശാചിനെ പിടിച്ചു കെട്ടുന്ന പണി നിങ്ങൾക്കു നഷ്ടപ്പെട്ടാ‍ൽ മറ്റെന്തു വേലയാണ് ആളുകൾ നിങ്ങൾക്കു തരിക?. സൂക്ഷ്മ ദൃഷ്ടി യുള്ള പണ്ഡിതനായ താങ്കൾക്കറിയില്ലേ ചെകുത്താന്റെ അസ്തിത്വമാണ് അവന്റെ ശത്രുക്ക ളായ മന്ത്രവാദികളെ സൃഷ്ടിക്കുന്നതെന്ന്. ആ പഴയ ശത്രുതയല്ലേ വിശ്വാസികളുടെ കീശക ളിൽ നിന്നും സ്വർണ്ണവും വെള്ളിയും സുവിശേഷകരുടെയും ആശാന്മാരുടെയും സഞ്ചികളി ലേക്ക് ഒഴുക്കി വിടുന്ന മാന്ത്രിക കൈകളായി വർത്തിക്കുന്നത്?. വലിയ ജ്ഞാനിയായ താങ്കൾ ക്കറിയില്ലേ കാരണം ഇല്ലാതായാൽ കർമ്മം ഉണ്ടാവില്ലെന്ന്. സംഗതി ഇങ്ങനെയായിരിക്കേ പിന്നെങ്ങനെയാണ് മൃത്യവെ താങ്കൾ അഭിലഷിക്കുന്നത്?. എന്റെ മരണം മൂലം താങ്കളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. അന്നം മുടങ്ങും. ഭാര്യയും കുഞ്ഞുങ്ങളും റൊട്ടി കിട്ടാതെ കഷ്ട പ്പെടുകയും ചെയ്യും”.
ചെകുത്താൻ ഒരു നിമിഷം നിശ്ചലമായി. അയാളുടെ മുഖത്ത് സ്വാതന്ത്ര്യത്തിന്റെ പ്രസാദം തെളിഞ്ഞു. വീണ്ടും അയാൾ പറഞ്ഞു:
, അഹങ്കാരിയായ വിഡ്ഢീ, ഇതു കൂടി കേൾക്കൂ. എന്റെ അസ്തിത്വം താങ്കളുടെ അസ്തി ത്വവുമായും എന്റെ ഉണ്മ താങ്കളുടെ ഉണ്മയുമായും എങ്ങനെ കെട്ടിപ്പിണഞ്ഞു കിടക്കുന്നു എന്ന സത്യം ഞാൻ താങ്കൾക്കു കാണിച്ചു തരാം; ആദികാലത്തിൽ ഒരു നാഴികയിൽ മനുഷ്യൻ സൂര്യനു മുമ്പിൽ ചെന്നു നിന്ന് കൈകൾ വിടർത്തി ഉച്ചത്തിൽ ഇങ്ങനെ അട്ടഹസിച്ചു: സൌരയൂഥങ്ങൾക്കപ്പുറം നന്മയെ ഇഷ്ടപ്പെടുന്ന ഒരു ദൈവമുണ്ട്!’.
പിന്നീടവൻ വെളിച്ചത്തിനു പുറം തിരിഞ്ഞു നിന്നു. അപ്പോൾ സ്വന്തം നിഴൽ വെറും മണ്ണിൽ നീണ്ടു നിവർന്നു കിടക്കുന്നത് കാണാനിടയായി. അപ്പോൾ അവൻ അട്ടഹസിച്ചു:
ഭൂമിയുടെ അന്തർഭാഗത്തിൽ തിന്മയെ ഇഷ്ടപ്പെടുന്ന ശപിക്കപ്പെട്ട ചെകുത്താനുമുണ്ട്”.
പിന്നീട് ഇങ്ങനെ പിറു പിറുത്തു കൊണ്ട് അയാൾ ഗുഹയുടെ ഭാഗത്തേക്കു നടന്നു:
ഞാൻ വലിയ രണ്ടു ദൈവങ്ങൾക്കിടയിലാണു നിൽക്കുന്നത്. ഒരു ദൈവം എന്നെ അനുകൂലി ക്കുന്നു. മറ്റൊരു ദൈവം എന്നോട് പൊരുതുന്നു. കാലങ്ങളെത്രയോ കടന്നു പോയി. അപ്പോ ഴെല്ലാം മനുഷ്യൻ സ്വതന്ത്രരായ രണ്ടു ശക്തികൾക്കിടയിൽ കഷ്ടപ്പെടുകയായിരുന്നു. അവ ന്റെ ആത്മാവിനെ ആകാശത്തിലേക്കു കൊണ്ടു പോയി അനുഗ്രഹിക്കുന്ന ഒരു ശക്തി. അവ ന്റെ ശരീരത്തിനെ അന്ധകാരത്തിൽ കൊണ്ടു പോയി തള്ളിയിട്ട് പ്രാകുന്ന മറ്റൊരു ശക്തി. എന്നിട്ടും അവനിന്നുവരേ അറിയില്ല എന്താണ് അനുഗ്രഹത്തിന്റെയും ശാ‍പത്തിന്റെയും അർത്ഥ മെന്ന്. വസന്തത്തിൽ പുഷ്പിക്കുകയും ശിശിരത്തിൽ ഇല കൊഴിയുകയും ചെയ്യുന്ന വൃക്ഷത്തെപ്പോലെ മനുഷ്യർ അവർക്കു രണ്ടിനുമിടയിൽ നിലകൊള്ളുകയായിരുന്നു. അങ്ങനെ അവർ നാഗരികതയുടെ പുലരിയിലെത്തിച്ചേർന്നു. അത് മനുഷ്യത്വത്തിന്റെ മനപ്പൊരുത്ത ത്തിന്റെ ഘട്ടമായിരുന്നു. അപ്പോൾ കുടുംബം നിലവിൽ വന്നു. കുടുംബങ്ങൾ ചേർന്ന് ഗോത്ര ങ്ങളുണ്ടായി. ആളുകൾ സ്വന്തം അഭിരുചികൾ ക്കനുസരിച്ച് വിവിധ തരം ജോലികളിലേർ പ്പെട്ടു. ആഭിമുഖ്യങ്ങളും വിമുഖതകളും വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൊഴിലുകളും ഉൽ‌പ്പാദനരീതികളും വ്യത്യാസപ്പെട്ടു. ഗോത്രങ്ങളിലെ ചിലർ കൃഷിപ്പണിയിലേർപ്പെട്ടു. ചിലർ കുടി ലുകൾ പണിയുന്ന തൊഴിൽ സ്വീകരിച്ചു. ചിലർ വസ്ത്രങ്ങൽ നെയ്തു. ചിലർ ലോഹങ്ങൾ സംസ്കരിച്ചു. പിന്നീട് കുറേ കാലം കഴിഞ്ഞ ശേഷമാണ് മന്ത്രവാദികളായ പുരോഹിതന്മാർ വന്നത്. ക്രിയാത്മകമായ ഒരാവശ്യമോ സൃഷ്ടിപരമായ ഒരു പ്രേരകമോ ഇല്ലാതെ മനുഷ്യൻ സ്വയം കണ്ടു പിടിച്ച തൊഴിലാകുന്നു പൌരോഹിത്യം’.
ചെകുത്തൻ കുറച്ചു നേരം സംസാരം നിർത്തി. പിന്നീട് ശൂന്യമായ ആ മലഞ്ചെരിവുകളെ വിറപ്പിക്കുമാർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. ആ ചിരി അയാളുടെ മുറിവുകളുടെ വ്യാസം കൂട്ടി. വേദന കൊണ്ട് പുളഞ്ഞ അയാൾ ഊരയിൽ കൈവച്ചു. പിന്നെ അൽ ഖൂരി സം‌ആനെ തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു:
അക്കാലത്താണ് ഭൂമിയിൽ ദുർമന്ത്രവാദികളായ പുരോഹിതന്മാർ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തേ എങ്ങനെയാണ് ആ രംഗപ്രവേശം എന്ന് താങ്കൾക്കറിയുമോ?. കേട്ടോളൂ. ആദ്യത്തെ ഗോത്ര ത്തിൽ ലാവീസ് എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. എനിക്കറിയില്ല അവർ എന്തിനാണ് വിചി ത്രമായ ഈ പേരിട്ടതെന്ന്. ഈ ലാവീസ് ബുദ്ധിമാനായിരുന്നു. പതുക്കെ നടക്കുന്ന ധീരനാ യിരുന്നു. കൃഷിയിടത്തിനു കാവൽ നിൽക്കാനോ കെട്ടിടം പണിയാനോ അയാൾക്കിഷ്ടമല്ലാ യിരുന്നു. മൃഗങ്ങളെ മേയ്ക്കുന്നതും വേട്ടയാടുന്നതും അയാൾക്കു വെറുപ്പാണ്. എന്നു മാത്രമല്ല ശാരീരികാധ്വാനം വേണ്ടി വരുന്ന ഒരു പണിയെടു ക്കാനും അയാൾ ഒരുക്കമല്ലായിരുന്നു. അന്ന് അധ്വാനിക്കാത്തവർക്ക് അന്നം കിട്ടില്ലായിരുന്നിട്ടും അധിക സമയവും ലാവീസ് വീട്ടിൽ ഒട്ടിയ വയറുമായി കഴിഞ്ഞു കൂടി. അങ്ങിനെയിരിക്കെ ഒരുദിവസം ഗോത്രത്തിലെ എല്ലാവരും ഗോത്ര നേതാവിന്റെ വീടിനു ചുറ്റും ഉറക്കവും പ്രതീക്ഷിച്ച് സൊറ പറഞ്ഞിരിക്കേ അതിൽ നിന്നൊരാൾ ചാടിയെഴുന്നേറ്റ് ആകാശത്തിലെ ചന്ദ്രനെ ചൂണ്ടി ഇങ്ങനെ പറഞ്ഞു:
നോക്കൂ നിശാദേവന്റെ മുഖം വിവർണ്ണമായിരിക്കുന്നു, ഗാംഭീര്യത്തിനു കോട്ടം തട്ടിയിരിക്കുന്നു. ആകാശ ഗോപുരത്തിൽ തൂക്കിയിട്ട കറുത്ത കല്ലിലേക്ക് അതു തെന്നി മാറുന്നു’.
ആളുകളെല്ലാം ചന്ദ്രനെ നോക്കി. പിന്നീടവർ പേടിച്ച്, അന്ധാളിച്ച്, ഭയന്നു നിലവിളിച്ചു. ഇരു ട്ടിന്റെ കരങ്ങൾ അവരുടെ ഹൃദയത്തെ ആവരണം ചെയ്തതു പോലെ നിശാദേവൻ ഇരുണ്ട ഒരു ഗോളമായി മാറുന്നത് അവർ കണ്ടു. ഭൂമിയുടെ നിറവും മാറി. ക്രമേണ കുന്നിൻ പുറങ്ങളും മലയടിവാരങ്ങളും കറുത്ത പുതപ്പു കൊണ്ട് മൂടി. ഉടനെ അവിടെ ലാവീസ് പ്രത്യക്ഷപ്പെട്ടു. അയാൾ ജീവിതത്തിൽ പല വട്ടവും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കണ്ടയാളാണ്. ലാവീസ് ജനക്കൂട്ടത്തിലെത്തി ആകാശത്തേക്കു കൈകളുയർത്തി. അയാളുടെ കുടില മനസ്സിൽ സൂക്ഷിച്ച എല്ലാ സൂത്രങ്ങളും കൌശലങ്ങളും പുറത്തെടുത്ത് ഇങ്ങനെ അലറി:
എല്ലാവരും നിലത്തു വീണ് നാസികകൾ മണ്ണിൽ ചേർത്തു വെച്ച് സാഷ്ടാംഗം നമിക്കുവിൻ. കീർത്തനങ്ങളാലപിക്കുവിൻ. കറുത്ത തിന്മകൾ പ്രകാശംതൂകുന്ന നിശാദേവനെ തള്ളിയിട്ടിരി ക്കുന്നു. നിശാ ദേവൻ തോറ്റു പോയാൽ നമ്മൾ മരിച്ചു പോകും. ആ ദേവൻ ജയിച്ചാൽ നമുക്കു സന്തോഷത്തോടെ ജീവിക്കാം. വീണു കിടന്നു നമിക്കുവിൻ, മുഖത്ത് മണ്ണ് വാരിയിടുവിൻ, കണ്ണുകളടച്ചു പിടിക്കുവിൻ, തലകൾ മേൽ‌പ്പോട്ട് ഉയർത്തരുത്. പ്രകാശദേവതയും തിന്മയുടെ ദേവതയും തമ്മിലുള്ള യുദ്ധം കാണുന്നവന്റെ കാഴ്ചയും വിശ്വാസവും നഷ്ടപ്പെടും. മരണം വരേ അവൻ ഭ്രാന്തനും അന്ധനുമായി കഴിയേണ്ടി വരും. കുംബിട്ടു വണങ്ങുവിൻ, ഹൃദയം കൊണ്ട് പ്രകാശ ദേവതയെ ശത്രുവിനെതിരെ സഹായി ക്കുവിൻ”.
ലാവീസ് സ്വന്തം ഭാവനയിൽ നിന്നും പടച്ചുണ്ടാക്കിയ വിചിത്രമായ കുറേ പുത്തൻ വാക്കുകൾ പലവട്ടം ഉരുവിട്ടു കൊണ്ടിരുന്നു. അന്നു വരേ അവരാരും അത്തരം വാക്കുകൾ കേട്ടിരുന്നില്ല. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ചന്ദ്രന് പഴയ വെളിച്ചം തിരിച്ചു കിട്ടി. ലാവീസ് സന്തോഷത്തോടെയും ആഹ്ലാദത്തോടെയും തുള്ളിച്ചാടിക്കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു:
വരൂ.. നോക്കൂ.. രാത്രി ദേവത നികൃഷ്ടനായ ശത്രുവിനെ തോൽ‌പ്പിച്ചിരിക്കുന്നു. നക്ഷത്രങ്ങൾ ക്കിടയിലൂടെ സഞ്ചാരം തുടർന്നു കൊണ്ടിരിക്കുന്നു. അറിയുക; നിങ്ങളുടെ നമസ്കാരങ്ങളും കീർത്തനങ്ങളുമാണ് ദേവതയെ സഹായിച്ചത്. ദേവത നിങ്ങളിൽ സംപ്രീതയായിരിക്കുന്നു. അതു കൊണ്ടാണ് കൂടുതൽ പ്രകാശവും കൂടുതൽ തിളക്കവും ദൈവത്തിനു ലഭിച്ചിരിക്കുന്നത്”.
ജനങ്ങൾ ഇറങ്ങി വന്ന് ചന്ദ്രനെ നോക്കി. പറഞ്ഞതു പോലെ അതിനു കൂടുതൽ തിളക്കം കൈവന്നിരിക്കുന്നു. അവരുടെ ഭയം സമാധാനത്തിനും പേടി സന്തോഷത്തിനും വഴിമാറി. അവർ നൃത്തം ചെയ്തു. തുള്ളിച്ചാടി. കീർത്തനങ്ങൾ ആലപിച്ചു. വടികളെടുത്ത് ഇരുമ്പി ന്റെയും ചെമ്പിന്റെയും തകിടുകളിലടിച്ച് ഒച്ചയുണ്ടാക്കി. അങ്ങനെ ആ താഴ്വാരം മുഴുക്കെ ശബ്ദ മുഖരിതമായിത്തീർന്നു.
അന്നു രാത്രി ഗോത്രത്തലവൻ ലാവീസിനെ വിളിച്ചു വരുത്തി ഇങ്ങനെ പറഞ്ഞു:
മുമ്പ് മറ്റാരും പറഞ്ഞു തരാത്ത ചില വർത്തമാനങ്ങളാണ് ഇന്ന് താങ്കൾ ഞങ്ങൾക്കെത്തിച്ചു തന്നത്. താങ്കളല്ലാതെ മറ്റാരുമറിയാത്ത ചില രഹസ്യങ്ങളും താങ്കൾ ഞങ്ങൾക്കു പഠിപ്പിച്ചു തന്നു. അതിനാൻ താങ്കൾ സന്തോഷിച്ചു കൊള്ളുക. എനിക്കു ശേഷം താങ്കളായിരിക്കും ഗോത്രമുഖ്യൻ. ഞാൻ ആളുകളിൽ വെച്ച് ഏറ്റവും വലിയ ശക്തൻ. താങ്കൾ അവരിലേറ്റവും വലിയ ജ്ഞാനി. കൂടാതെ താങ്കൾ ദൈവങ്ങൾക്കും എനിക്കുമിടയിലെ മധ്യവർത്തിയാകുന്നു. അവരുടെ സന്ദേശങ്ങൾ താങ്കൾ എനിക്കു കാണിച്ചു തരണം. അവരുടെ കർമ്മങ്ങളുടെ രഹ സ്യങ്ങൾ എനിക്കു പറഞ്ഞു തരണം. അവരുടെ തൃപ്തിക്കും പ്രീതിക്കും വേണ്ടി ഞാനെന്താണു ചെയ്യേണ്ടതെന്ന് ബോധിപ്പിച്ചാലും”.
ലാവീസ് പ്രതികരിച്ചു: 
സ്വപ്നത്തിൽ ദൈവങ്ങൾ എനിക്ക് അവതരിപ്പിച്ചു തരുന്നതെല്ലാം ഉണർവ്വിൽ ഞാൻ നിങ്ങൾ ക്കു പറഞ്ഞു തരും. അവരുടെ സമക്ഷങ്ങളിൽ ഞാൻ കാണുന്നതെല്ലാം നിങ്ങൾക്കു ഞാൻ വിശദീകരിച്ചു തരും. അങ്ങേക്കും ദൈവങ്ങൾക്കുമിടയിലെ ഇടയാളനാകുന്നു ഞാൻ. ഗോത്ര ത്തലവന് വളരെ സന്തോഷമായി. ലാവീസിന് അദ്ദേഹം രണ്ടു കുതിരകളെയും ഏഴു കോലാടു കളെയും ഏഴു ചെമ്മരിയാടുകളെയും എഴു മുട്ടനാടുകളെയും സമ്മാനിച്ചു. എന്നിട്ട് ഇങ്ങനെ അരുൾ ചെയ്തു:
എന്റേതു പോലൊരു ഭവനം ഗോത്രക്കാർ താങ്കൾക്കും പണിതു നൽകും. ഓരോ വിളവെടു പ്പിലും ധാന്യങ്ങളുടെയും പഴങ്ങളുടെയും ഒരോഹരി അവർ ദാനമായി നൽകും. അങ്ങനെ താങ്കൾക്ക് സുഖമായും മാന്യമായും ഇവിടെ ജീവിക്കാം.
അവസാനം ലാവീസ് പോകാൻ എഴുന്നേറ്റു. ഗോത്രത്തലവൻ അയാളെ പിടിച്ചു നിർത്തി പറഞ്ഞു: പക്ഷേ, തിന്മയുടെ ദേവതയെന്നു പറഞ്ഞ ആ ദൈവം ഏതാണ്?. രമണീയമായ നിശാ ദൈവത്തോട് പൊരുതാൻ ധൈര്യം കാണിച്ച ആ മറ്റേ ദൈവം ഏതാണ്? ഇന്നു വരേ അങ്ങനെ ഒരു ദൈവത്തെ കുറിച്ച് ഞങ്ങൾ കേൾക്കുകയോ അറിയുകയോ ചെയ്തിട്ടില്ലല്ലോ”.
കപോലങ്ങളിൽ തടവിക്കൊണ്ട് ലാവീസ് പറഞ്ഞു:
പ്രഭോ, പണ്ട് മനുഷ്യന്മാർ പിറവിയെടുക്കുന്നതിനും മുമ്പ് എല്ലാ ദൈവങ്ങളും സൌരയൂഥത്തി നുമപ്പുറം സമാധാനത്തോടെയും സനേഹത്തോടെയും ഒരുമിച്ച് ജീവിച്ചിരുന്നു. ദൈവങ്ങളുടെ യെല്ലാം ദൈവം അതായത് അവരുടെയൊക്കെ പിതാവ് എല്ലാവരേക്കാളും അറിവുള്ളവനും അവർക്കൊന്നും ചെയ്യാൻ കഴിയാത്തതൊക്കെയും ചെയ്യാൻ കഴിയുന്നയാളുമായിരുന്നു. പ്രാകൃ തമായ നിയമ സംഹിതകൾക്കപ്പുറത്തുള പ്രപഞ്ച രഹസ്യങ്ങൾ ആ വലിയ ദൈവത്തിനു നന്നായി വശമുണ്ടായിരുന്നു. പന്ത്രണ്ടു യുഗങ്ങളിലെ ഏഴാം യുഗത്തിൽ മഹാദേവനോട് വെറു പ്പുണ്ടായിരുന്ന അത്താർ ദേവൻ പിതാവിനെ ചോദ്യം ചെയ്തു: യുഗങ്ങളുടെയും നിയമസംഹി തകളുടെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങൾ ഞങ്ങളിൽ നിന്നും മറച്ചു വെച്ച് താങ്കളെന്തി നാണ് സർവ്വചരാചരങ്ങളുടെയും മേൽ പരമമായഅധികാരം നിലനിർത്തുന്നത്?. ശക്തിയിലും അമരത്വത്തിലും താങ്കളുമായി പങ്കു ചേരുന്ന ഞങ്ങൾ അവിടുത്തെ ആൺ‌മക്കളും പെൺ‌മക്ക ളുമല്ലേ?”.
ഇതു കേട്ട മഹാ ദേവൻ കോപം കൊണ്ടലറി:
ആദി ശക്തിയും പരമമായ അധികാരവും അടിസ്ഥാന പരമായ രഹസ്യങ്ങളും അനന്ത കാലം വരേ ഞാൻ തന്നെ കയ്യാളും. ഞാനാകുന്നു തുടക്കവും ഒടുക്കവും”.
അത്താർ ദേവനോട് മഹാ ദേവൻ ഒരു കാര്യവും കൂടി ആവശ്യപ്പെട്ടു:
നിന്റെ ശക്തിയും പ്രതാപവും ഞാനുമായി പങ്കുവെക്കാൻ തയ്യാറല്ലെങ്കിൽ ഞാനും എന്റെ പുത്ര ന്മാരും പൌത്രന്മാരും നിന്റെ ശക്തിയോടും പ്രതാപത്തോടും എക്കാലവും കലാപം നടത്തി ക്കൊണ്ടിരിക്കും”.
ഉടനെ ദൈവങ്ങളുടെയെല്ലാം ദൈവം സിംഹാസനത്തിനു മുകളിൽ ആരൂഢനായി. സൌര യൂഥത്തെ വാളാക്കിയും സൂര്യഗോളത്തെ പരിചയാക്കിയും ദിഗന്തങ്ങൾ ഭേതിക്കുമാർ ഉച്ചത്തിൽ ഇങ്ങനെ അട്ടഹസിച്ചു:
കുരുത്തം കെട്ട തെമ്മാടീ, ഇരുട്ടും പരാജയങ്ങളും മുറ്റി നിൽക്കുന്ന പാതാളത്തിലേക്ക് ഇറങ്ങി പ്പോകൂ. സൂര്യൻ ചാരവും നക്ഷത്രങ്ങൾ വിതറപ്പെട്ട ധൂളികളൂമായി മാറുന്ന കാലം വരേ അവിടെ ശപിക്കപ്പെട്ടവനും ഒറ്റപ്പെട്ടവനുമായി അലഞ്ഞു തിരിയൂ”.
ആ നിമിഷം അത്താർ ദേവൻ ദേവലോകത്തു നിന്നും ദുരാത്മാക്കൾ പാർക്കുന്ന പാതാളത്തി ലേക്ക് നിലം പതിച്ചു.
സ്വന്തം അമരത്വത്തിന്റെ രഹസ്യങ്ങളെ സാക്ഷി നിറുത്തി അയാൾ ശപഥം ചെയ്തു:
കാലാകാലം സ്വന്തം പിതാവിനും സഹോദരന്മാർക്കുമെതിരെ അവരുടെ അനുയായികൾക്കി ടയിൽ നുഴഞ്ഞു കയറി ഞാൻ പൊരുതിക്കൊണ്ടേയിരിക്കും’.
ഗോത്ര നേതാവ് നെറ്റി തടവി ലാവേസിനോടു ചോദിച്ചു:
അപ്പോൾ ആ ദുർദേവതയുടെ പേര് അത്താർ എന്നാണോ?.
ലാവീസ് പറഞ്ഞു:
ദേവലോകത്ത് അയാളുടെ പേര് അത്താർ എന്നായിരുന്നു. പക്ഷേ പാതാളത്തിലേക്കിറങ്ങിയ ശേഷം അൽ സബൂൽ, ഇബ്‌ലീസ്, ശത്‌നയീൽ, ബൽ‌യാൽ, സംയാൽ, അഹ്‌രീമാൻ, മാറ, അബ്ദുൾ, ശൈതാൻ എന്നൊക്കെ പേരുലഭിച്ചു. അതിൽ ഏറ്റവും പ്രസിദ്ധമായത് ശൈതാൻ’  എന്നായിരുന്നു”.
മാരുതന്റെ തലോടലിൽ ഇളകിയാടുന്ന മരക്കൊമ്പുകളുടെ നേരിയ ചലനം പോലെ പതിഞ്ഞ സ്വരത്തിൽ ഗോത്രത്തലവൻ ചെകുത്താൻ’ ‘ചെകുത്താൻഎന്ന പദം ഉരുവിട്ടു കൊണ്ടേ യിരുന്നു. അതിനു ശേഷം ഇങ്ങനെ ഒരു സംശയം ചോദിച്ചു:
ദേവന്മാരെ വെറുക്കുന്നതു പോലെ പിശാച് എന്തിനാണ് മനുഷ്യരെ വെറുക്കുന്നത്”?.
ലാവീസ് പ്രതിവചിച്ചു:
പിശാച് മനുഷ്യരെ വെറുക്കുന്നതും അവരുടെ ഉന്മൂല നാശത്തിനു വേണ്ടി അധ്വാനിക്കുന്നതും അവർ അവന്റെ സന്താനങ്ങളും സഹോദരങ്ങളും ആയതു കൊണ്ടാണ്
അപ്പോൾ ആശ്ചര്യത്തോടെ ഗോത്രമുഖ്യൻ ചോദിച്ചു:
അപ്പോൾ പിശാച് മനുഷ്യന്റെ പിതൃവ്യനും മാതുലനുമൊക്കെയാണോ?”
അർത്ഥ ശങ്കയ്ക്കു വകയില്ലാത്ത വിധം ലാവേസ് പറഞ്ഞു:
അതേ പ്രഭോ, കൂടാതെ പിശാച് അവരുടെ കൊടിയ ശത്രുവും വെറുക്കപ്പെട്ട പ്രതിയോഗി യുമാണ്. അവൻ അവരുടെ പകലുകളെ പരിക്ഷീണമാക്കുകയും രാവുകളെ ഭീഭത്സമായ സ്വപ്ന ങ്ങളാൽ മുഖരിതമാക്കുകയും ചെയ്യും. കൊടുങ്കാറ്റുകളഴിച്ചു വിട്ട് അവരുടെ കൂരകൾ തകർക്കാനും തീക്കാറ്റു കൊണ്ട് അവരുടെ കൃഷിയിടങ്ങൾ കരിച്ചുകളയാനും പകർച്ച വ്യാധികളാൽ അവ രുടെ കന്നുകാലികളെ കൊന്നു കളയാനും രോഗങ്ങൾ കൊണ്ട് അവരുടെ ശരീരങ്ങളെ ഗ്രസി ക്കാനും കഴിവുള്ള ഭീകരമായ ഒരു ശക്തിയാകുന്നു അത്. നമ്മുടെ സന്തോഷങ്ങളിൽ ദു:ഖിക്കു കയും നമ്മുടെ പതനങ്ങളിൽ ആർത്തു ചിരിക്കുകയും ചെയ്യുന്ന വൃത്തികെട്ടതും നാശം പിടിച്ചതു മായ സംഹാരമൂർത്തിയാകുന്നു അവൻ. അവന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അവന്റെ പ്രകൃതത്തെക്കുറിച്ച് നമുക്ക് നിരീക്ഷണം നടത്തേണ്ടി വരും. അവന്റെ കുതന്ത്രങ്ങ ളിൽ പെടാതിരിക്കാൻ നാ‍മവന്റെ സ്വഭാവം പഠന വിധേയമാക്കുകയും വേണം.
ഗോത്ര മൂപ്പൻ തലയ്ക്കു കൈ വച്ചു കൊണ്ട് മന്ത്രിച്ചു:
നമ്മുടെ വീടുകളിലേക്ക് കൊടുങ്കാറ്റഴിച്ചു വിടുകയും നമ്മുടെ വളർത്തു മൃഗങ്ങൾക്കു പകർച്ച വ്യാധി പരത്തുകയും ചെയ്യുന്ന ആ വിചിത്രമായ ശക്തിയുടെ നിഗൂഢമായ രഹസ്യങ്ങൾ എനി ക്കി പ്പോൾ അറിയാൻ കഴിഞ്ഞു. ഞാനിപ്പോൾ അറിഞ്ഞ കാര്യങ്ങൾ പിന്നീടു ജനങ്ങളെല്ലാം മനസ്സിലാക്കും. അപ്പോൾ ലാവീസേ, അവർ താങ്കൾക്കു പാരിതോഷികങ്ങൾ സമ്മാനിക്കും. എന്തു കൊണ്ടെന്നാൽ താങ്കളാണ് അവരുടെ കരുത്തനായ ശത്രുവിന്റെ രഹസ്യങ്ങൾ അവർ ക്കു വെളിപ്പെടുത്തിക്കൊടുത്തത്. ആ ശക്തിയുടെ കെണിവലകളിൽ നിന്ന് എങ്ങനെ രക്ഷ പ്പെടണമെന്ന് അവരെ പഠിപ്പിച്ചതും താങ്കളാണ്”.
തന്റെ ബുദ്ധി ശക്തിയിൽ സന്തോഷിച്ചും ഭാവനാ സമ്പന്നതയിൽ മത്തു പിടിച്ചും ലാവീസ് ഗോത്ര നേതാവിന്റെയടുത്തു നിന്നും സ്വന്തം കിടപ്പു മുറിയിലേക്കു പുറപ്പെട്ടു. അതേ സമയം രാജാവും പരിവാരങ്ങളും ഭീകര സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന രൂപങ്ങളും ദർശിച്ച് അന്നത്തെ രാത്രി ഉറക്കം കിട്ടാതെ വിരിപ്പുകളിൽ കിടന്ന് ഉരുണ്ടു മറിഞ്ഞു കൊണ്ടിരുന്നു.

മുറിവേറ്റ പിശാച് ഒരു നിമിഷം സംസാരം നിറുത്തി. അൽ ഖൂരി സം‌ആൻ പിശാചിന്റെ മുഖത്തേക്കു തുറിച്ചു നോക്കുകയായിരുന്നു. അദ്ദേഹത്തിൽ കണ്ണുകളിൽ ആശ്ചര്യവും അന്ധാളിപ്പും ഉറഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ചുണ്ടുകളിൽ മരണം പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
വീണ്ടും പിശാച് പറഞ്ഞു തുടങ്ങി:
അങ്ങനെയാണ് ഭൂമിയിൽ പുരോഹിതന്മാർ ഉണ്ടായത്. എന്റെ ഉണ്മയാണ് അവരുടെ ഉണ്മയ്ക്കു കാരണമായത്. എന്നോടുള്ള ശത്രുത ആദ്യമായി ബിസിനസ്സാക്കി മാറ്റിയത് ലാവേ സാണ്. ലാവേസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പുത്രന്മാരും പൌത്രന്മാരും വഴി ക്രമേണ അതു തഴച്ചുവളരുകയും പിന്നീടത് വിശുദ്ധമായ ഒരു കലയാ‍യി രൂപാന്തരം പ്രാപിക്കു കയും ചെയ്തു. നിഗൂഢ ജ്ഞാനികളായ ബുദ്ധി ജീവികളും മാന്യ ദേഹങ്ങളും വിശുദ്ധ ഹൃദയ ങ്ങളും വലിയ പ്രതിഭകളും മാത്രം അതേറ്റെടുത്തു. ബാബിലോണിയയിൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു പുരോഹിതനു മുമ്പിൽ ജനങ്ങൾ ഏഴു പ്രാവശ്യം സാഷ്ടാംഗം നമിക്കാ റുണ്ടായിരുന്നു. നീനവയിൽ എന്റെ നിഗൂഢതകളും രഹസ്യങ്ങളും അറിയാം എന്നു വാദിച്ചിരുന്ന ഒരാൾക്കു നേരെ ദേവന്മാർക്കും മൻഷ്യന്മാർക്കുമിടയിൽ ഒരു സ്വർണ്ണ വളയം കണക്കെ ആളുകൾ ദർശനം നടത്താറുണ്ടായിരുന്നു. സീബിൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു വനെ ജനങ്ങൾ വിളിച്ചിരുന്നത് സൂര്യ പുത്രൻ’, ചന്ദ്ര പുത്രൻഎന്നൊക്കെയായിരുന്നു. ബാബിൽ‌സിലും അഫ്സസിലും അന്താക്കിയയിലും എന്റെ പ്രതിയോഗിയെ സം‌പ്രീതനാ ക്കാൻ ഭക്തർ അവരുടെ ആൺ മക്കളെയും പെൺമക്കളെയും കുരുതി കൊടുക്കുമായിരുന്നു. ജറൂസലേമിലും റോമിലും എന്നെ വെറുക്കാനും നശിപ്പിക്കാനും ആഹ്വാനം ചെയ്യുന്നവനു മുമ്പിൽ ജനങ്ങൾ ആത്മാഹൂതി ചെയ്യുമായിരുന്നു. സൂര്യനു മുമ്പിൽ പ്രത്യക്ഷപ്പെടുന്ന മുഴുവൻ നഗരങ്ങളിലും എന്റെ പേര് മതത്തിന്റെയും വിജ്ഞാനത്തിന്റെയും കലയുടെയും തത്വശാസ്ത്ര ത്തിന്റെയും അച്ചു തണ്ടായി മാറി. ദേവാലയങ്ങൾ പടുത്തുയർത്തപ്പെട്ടത് എന്റെ നിഴലിലാ യിരുന്നു. സ്ഥാപനങ്ങളും വിദ്യാലയങ്ങളും എന്റെ സാനിദ്ധ്യത്തിൽ മാത്രമാണ് സ്ഥാപിക്ക പ്പെട്ടത്. കൊട്ടാരങ്ങളും ടവറുകളും തലയുയർത്തി നിൽക്കുന്നത് എന്റെ പ്രതാപത്തിലാണ്. മനുഷ്യന്റെ കരുത്തുകളെ ഉത്പാദിപ്പിക്കുന്ന കരുത്താകുന്നു ഞാൻ. മനുഷ്യന്റെ ചിന്തകളിൽ കുതന്ത്രങ്ങൾ പാകുന്ന ബുദ്ധിയാകുന്നു എന്റെ ചിന്തകൾ. ജനങ്ങളുടെ കൈകൾ ചലിപ്പിക്കുന്ന കൈയ്യാകുന്നു എന്റേത്. ഞാൻ അനശ്വരനായ പിശാചാകുന്നു. ജീവിക്കാനായി ആളുകൾ എന്നോടു പൊരുതുന്നു. എന്നോടുള്ള ശത്രുത അവർ അവസാനിപ്പിക്കുകയാണെങ്കിൽ അവ രുടെ ചിന്തകളിൽ ആലസ്യം പിടിപെടും. മടുപ്പ് അവരുടെ ആത്മാവുകളെ കൊന്നു കളയും. ആശ്വാസം അവരുടെ ശരീരങ്ങളെ നശിപ്പിച്ചു കളയും. ഞാൻ അനശ്വരനായ പിശാച്, വീശി യടിക്കുന്ന കൊടുങ്കാറ്റ്, പുരുഷൻ‌മാരുടെ തലച്ചോറു കളിലേക്കും സ്ത്രീകളുടെ നെഞ്ചിനുള്ളി ലേക്കും കടന്നു ചെന്ന് മഠങ്ങളോടും ദേവാലയങ്ങളോടുമുള്ള അവരുടെ താൽ‌പ്പര്യങ്ങളെ ഞാൻ വഴിതിരിച്ചു വിടും. എന്നിട്ട് അവരെ ഞാൻ എന്നെ പ്രശംസിക്കാൻ പാകത്തിലാക്കും. എന്റെ ഉപദ്രവം പേടിച്ചതു കൊണ്ടാവും അവരങ്ങനെ ചെയ്യുന്നത്. എന്റെ ലക്ഷ്യങ്ങൾ സാക്ഷാൽ ക്കരിക്കുന്നതു കണ്ട് സന്തോഷിക്കാൻ ഞാൻ ചിലപ്പോൾ തേവടിശ്ശികളുടെയും ദുർന്നടപ്പുകാരി കളുടെയും വീടുകളിൽ കയറിച്ചെല്ലും. സ്വന്തം വിരിപ്പിൽ നിന്നും എന്നെ ഓടിക്കാൻ രാത്രിയുടെ നിശബ്ദതയിൽ ആരാധനകളിൽ മുഴുകുന്ന പുരോഹിതൻ വ്യഭിചാരത്തിനു വേണ്ടി വിളിക്കുന്ന വേശ്യയെ പോലെയാണ്. ഞാൻ അനശ്വരനായ പിശാച്. ഭയത്തിന്റെ അടിത്തറയിൽ ദേവാലയങ്ങളും സന്യാസ മഠങ്ങളും സ്ഥാപിച്ചവൻ ഞാൻ. ആശകളുടെയും ആനന്ദത്തി ന്റെയും ആണിക്കല്ലുകൾക്കു മീതെ അശ്ലീല ഭവനങ്ങളും മദ്യശാലകളും പടുത്തുയർത്തുന്നവൻ ഞാൻ. എന്റെ നില നില്പ് ഇല്ലാതായാ‍ൽ ഭൂ മുഖത്ത് ഭയവും ആനന്ദവും ഇല്ലാതെയാവും. അവ രണ്ടും ഇല്ലാതെയായാൽ മുനുഷ്യ മനസ്സുകളിൽ നിന്ന് പ്രതീക്ഷയും താല്പര്യവും നിഷ്കാസനം ചെയ്യപ്പെടും. അപ്പോൾ ജീവിതം തന്ത്രികൾ പൊട്ടിപ്പോവുകയും വശങ്ങൾ പൊളിഞ്ഞു പോവു കയും ചെയ്ത ഗിറ്റാറു പോലെ വരണ്ടതും തണുത്തതുമായി മാറും. ഞാൻ അനശ്വരനായ പിശാച്. ഞാൻ നുണ, ഏഷണി, പരദൂഷണം, വഞ്ചന, പരി ഹാസം എന്നിവയെല്ലാം സജീവ മായി നിലനിറുത്തുന്നവൻ. ഈ മൂലകങ്ങളെല്ലാം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽ മാനവ കലാശാല വിശുദ്ധമായ മുള്ളുകളല്ലാതെ മറ്റൊന്നും വളരാത്ത ഉപേക്ഷിക്കപ്പെട്ട ഉദ്യാനം പോലെയായി മാറും. ഞാൻ അനശ്വരനായ പിശാച്. ഞാൻ പാപങ്ങളുടെ പിതാവും മാതാവു മാണ്. പാപമില്ലാതെയായാൽ പാപങ്ങൾക്കെതിരെ പൊരുതുന്നവരും ഇല്ലാതെയാവും. അപ്പോൾ താങ്കളും താങ്കളുടെ മക്കളും പേരക്കിടാങ്ങളും കൂട്ടുകാരും ചങ്ങാതിമാരും ഉണ്ടാവില്ല. ഞാൻ പാപങ്ങളുടെ പിതാവും മാതാവുമാണ്. എന്റെ മരണം കൊണ്ട് പാപങ്ങൾ മരിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?. എന്റെ ഹൃദയസ്പന്ദനം നിലയ്ക്കുന്നതു കൊണ്ട് മനുഷ്യഗമനം ഒന്നാകെ നിലയ്ക്കുമെന്ന് താങ്കൾ ധരിക്കുന്നുണ്ടോ?. കാരണങ്ങൾ ഇല്ലാതാവുന്നതു കൊണ്ട് സംഗതികൾ നടക്കില്ലെന്നു വിശ്വസിക്കുന്നുണ്ടോ? ഞാനാകുന്നു മൂലകാരണം. ഈ വിജനമായ പ്രദേശത്തു വെച്ച് ഞാൻ മരിക്കണമെന്നു താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?. അല്ലയോ വൈദിക ശ്രേഷ്ഠാ, എന്റെ ചോദ്യങ്ങൾക്കു മറുപടി പറയൂ. എനിക്കും താങ്കൾക്കുമിടയിലുണ്ടായിരുന്ന ആ പുരാതനമായ ബന്ധം മുറിച്ചു മാറ്റാൻ താങ്കൾ ആഗ്രഹിക്കുന്നുവോ?.
പിശാച് തന്റെ കൈകൾ ഉയർത്തി തല മുന്നോട്ട് ആഞ്ഞ് ദീർഘ നിശ്വാസം വിട്ടു. അയാളുടെ ഇളം ചാരനിറം ഹരിതവർണ്ണത്തിലേക്കു മാറി. നൈൽനദിയുടെ തീരത്ത് കാലം ഇട്ടേച്ചുപോയ ഒരു ഈജിപ്ത്യൻ പ്രതിമ പോലെ അയാൾ അങ്ങിനെ നില കൊണ്ടു. ശേഷം വിളക്കു മാടങ്ങൾ പോലെ തിളങ്ങുന്ന രണ്ടു കണ്ണുകൾ കൊണ്ട് സംആനെ തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു:
താങ്കളെന്നെ വാക്കുകൾ കൊണ്ട് പീഢിപ്പിച്ചിരിക്കുന്നു. മുറിവേറ്റ പ്രതിയോഗി എന്ന നിലയ്ക്ക് താങ്കളുമായി കൂടുതൽ തർക്കിക്കാതിരിക്കുന്നതായിരിക്കും എനിക്കു നല്ലത്. എന്നേക്കാൾ കൂടു തൽ എന്നെ അറിയുന്നവനാണ്‌ താങ്കൾ എന്നതിന്റെ പേരിൽ എന്റെ സത്യാവസ്ഥ നിങ്ങൾക്കു മുമ്പിൽ എനിക്കു വെളിപ്പെടുത്തേണ്ടി വന്നു എന്നതു തന്നെ ഏറെ വിചിത്രമായിരിക്കുന്നു. കാര്യ ങ്ങൾ തുറന്നു പറഞ്ഞത് ഏന്നേക്കാൾ താങ്കൾക്കാണു ഗുണം ചെയ്യുക. ഇനി നിങ്ങൾക്ക് ഇഷ്ട മുള്ളതു ചെയ്യാം. പിന്നെ എന്നെ നിങ്ങളുടെ മുതുകിൽ ചുമന്ന് നിങ്ങളുടെ വീട്ടിൽ കൊണ്ടു പോയി എന്റെ മുറിവുകൾക്ക് ചികിത്സ നല്കാം; അല്ലെങ്കിൽ തർക്കിച്ചു മരിക്കാൻ എന്നെ ഇവിടെ ഉപേക്ഷിച്ച് കടന്നു കളയുകയുകയും ചെയ്യാം”.
പിശാച് ഇതു പറയുമ്പോൾ അൽ ഖൂരി സംആൻ കൈകൾ മുരടുകയും വിറയ്ക്കുകയും ചെയ്യു ന്നുണ്ടായിരുന്നു. സംശയവും പരിഭ്രമവും കലർന്ന സ്വരത്തിൽ അദ്ദേഹം ഇങ്ങനെ ബോധിപ്പി ച്ചു: കുറച്ചു സമയം മുമ്പു വരേ എനിക്ക് അജ്ഞാതമായിരുന്ന പലതും ഇപ്പോൾ  എനിക്ക് അറിയാൻ കഴിഞ്ഞു. എന്റെ വിഡ്ഢിത്തത്തിനു മാപ്പു തരിക. പരീക്ഷണാർത്ഥമാണ്‌ താങ്കളീ ഭൂമിയി ലേക്കു വന്നതെന്ന് എനിക്കറിയാം. അല്ലാഹുവിന്‌ മനുഷ്യരെ കുറിച്ച് അറിയാനുള്ള ഒരു മാപിനിയാണ്‌ ആ പരീക്ഷണം. മാത്രമല്ല മനുഷ്യാത്മാവുകളുടെ ഭാരം അളക്കാൻ അല്ലാഹു ഉപയോഗിക്കുന്ന ഒരു ത്രാസാകുന്നു അത്. താങ്കൾ മരണപ്പെട്ടാൽ ആ പരീക്ഷണവും മരിക്കും. പരീക്ഷണം മരിച്ചാൽ മനുഷ്യൻ ജാഗരൂകനാകാൻ വേണ്ടി സ്ഥാപിച്ച ആ അർത്ഥ സമ്പൂർണ്ണ മായ ശക്തിയും നശിക്കും. അങ്ങനെയാവുമ്പോൾ ആരാധനയ്ക്കും നോമ്പിനും നിസ്കാരത്തി നുമായി മനുഷ്യനെ നയിക്കുന്ന ഹേതുവും ഇല്ലാതാവും. താങ്കൾ എന്തായാലും ജീവിച്ചിരിക്കുക തന്നെ വേണം. താങ്കൾ കാലഗതി പ്രാപിക്കുകയും ജനങ്ങളതറിയുകയും ചെയ്താൽ നരക ത്തെ കുറിച്ചുള്ള അവരുടെ ഭയവും ഇല്ലാതാവും. അങ്ങനെ അവർ ആരാധനകൾക്കു ഭംഗം വരുത്തും. പിന്നീട് പാതകങ്ങളിലേക്കു കൂപ്പു കുത്തും. അതൊക്കെ കൊണ്ട് താങ്കൾ ജീവിച്ചിരി ക്കുക തന്നെ വേണം. താങ്കളുടെ ജീവിതം  ജനങ്ങളെ നിന്ദ്യതയിൽ നിന്നും രക്ഷപ്പെടുത്തും. എനിക്ക് താങ്കളോടുണ്ടായിരുന്ന എല്ലാ വെറുപ്പും ഞാനിതാ മനുഷ്യ കുലത്തോടുള്ള എന്റെ സ്നേഹത്തിന്റെ കശാപ്പു ശാലയിൽ ബലി കഴിക്കുന്നു”.
ഇതു കേട്ട പിശാച് അഗ്നി പർവ്വതം കണക്കേ പൊട്ടിച്ചിരിച്ചു. എന്നിട്ടു പറഞ്ഞു:
അല്ലയയോ പിതാവേ, താങ്കളെത്ര വലിയ ബുദ്ധിമാനാണ്‌. ആത്മീയതയെ കുറിച്ചുള്ള അങ്ങ യുടെ ജ്ഞാനത്തിന്റെ ആഴം അപാരം തന്നെ. ഇപ്പോൾ താങ്കൾ താങ്കളുടെ സംവേദന ശേഷി യുടെ കരുത്തു കൊണ്ട് എന്റെ അസ്തിത്വത്തിനുള്ള ഹേതുവെ സൃഷ്ടിച്ചിരിക്കുന്നു. എനിക്കിത് ആദ്യം അറിയില്ലായിരുന്നു. ഇപ്പോൾ നമുക്ക് രണ്ടു പേർക്കുമിടയിൽ പണ്ടു പണ്ടേയുണ്ടായി രുന്ന ബന്ധത്തിന്റെ ആത്മീയവും അടിസ്ഥാന പരവുമായ കാരണം എനിക്കു പിടി കിട്ടിയിരി ക്കുന്നു. അതിനാൽ ഇപ്പോൾ തന്നെ നാമിരുവരും ഈ സ്ഥലവുമുപേക്ഷിച്ച് രക്ഷപ്പെടണം. എന്റെ അടുത്തേക്കു വരൂ. എന്നിട്ട് എന്നെ ചുമലിലേറ്റി താങ്കളുടെ വീട്ടിലേക്കു കൊണ്ടു പോകൂ. എനിക്ക് അത്രയൊന്നും ഭാരമില്ല. ഈ മലയടിവാരത്തിലെ ചരൽ ഭൂമിയിൽ എന്റെ പകുതി യോളം രക്തം വാർന്നു പോയിരിക്കുന്നു. ഇനി അധികം വൈകേണ്ട. സമയം ഇരുട്ടിത്തുടങ്ങി യിരിക്കുന്നു.
അൽ ഖൂരി സംആൻ പിശാചിന്റെ അടുത്തു ചെന്ന് രണ്ടു കൈകളും പിടിച്ചുയർത്തി മേൽമുണ്ടെ ടുത്ത് അരയ്ക്കു ചുറ്റി. പിശാച് മുതുകു നിവർത്തി എഴുന്നേറ്റ് വഴിയിലേക്കിറങ്ങി.
*    *    *
രാത്രി തന്റെ മൂടുപടം എടുത്തണിഞ്ഞു തുടങ്ങിയപ്പോൾ, മൗനം മുറ്റി നില്ക്കുന്ന ആ താഴ്വരയി ലൂടെ പിശാചിനേയും വഹിച്ച് തന്റെ ഗ്രാമം ലക്ഷ്യം വച്ച് അൽ ഖൂരി സംആൻ നടന്നു നീങ്ങി. വിജനമായ ദേവാലയത്തിനു താഴെ കുനിഞ്ഞ മുതുകുമായി നടക്കുമ്പോൾ  അദ്ദേഹത്തിന്റെ കറു ത്ത ളോഹയും നീണ്ട താടിയും പിശാചിന്റെ മുറിവിൽ നിന്നും ഒലിക്കുന്ന രക്തങ്ങളാൽ കുളിച്ചിട്ടു ണ്ടായിരുന്നു.
(ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത എന്റെ ഖലീൽ ജിബ്രാൻ പരിഭാഷയിൽ നിന്നും എടുത്തത്)

No comments :

Post a Comment