Sunday, March 13, 2011

മയക്കുമരുന്നും കത്രികയും - ഖലീൽ ജിബ്രാൻഈ ചിത്രം വിഷയവുമായി ബന്ധപ്പെട്ടതല്ല. ഇത് എന്റെ രണ്ടു മക്കളുടെ ചിത്രമാണ്. ഇന്നലെ എന്റെ പെങ്ങൾ മെയിലു ചെയ്തു തന്നതാണ്. (മകൾ: നസീഹ, മകൻ: ആശിഖ് - they are dancing to pose on camera - പിന്നിൽ ഞങ്ങളുടെ വീട്)

മയക്കുമരുന്നും കത്രികയും

അയാൾ ആപാദചൂഡം പിന്തിരിപ്പനാണ്. അയാൾക്കു വട്ടാണ്.
വളർന്നു വരുന്ന തലമുറകളെ വഴിതെറ്റിക്കാൻ എഴുതുന്ന മനോരാജ്യക്കാരനാണയാൾ.
പുരുഷന്മാരും, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളും വിവാഹത്തെക്കുറിച്ചുള്ള ജിബ്രാന്റെ അഭിപ്രായം പിന്തുടർന്നാൽ കുടുംബത്തിന്റെ ആണിക്കല്ലുകൾ ഇളകിപ്പോവുകയും മനുഷ്യന്റെ സാമൂഹ്യ കെട്ടുറപ്പ് തകർന്നു പോവുകയും ഈ ലോകം ഒരു നരകമായിത്തീരുകയും ഭൂനിവാസികളെല്ലാം ചെകുത്താന്മാരായി മാറുകയും ചെയ്യും.
ശരിയാണ്, അദ്ദേഹത്തിന്റെ എഴുത്തു രീതിയുടെ സൌന്ദര്യം തീർച്ചയായും മനുഷ്യത്വത്തിന്റെ ശത്രുപക്ഷത്തു നിൽക്കുന്നു.
‘അയാൾ അരാജക വാദിയാണ്, കാഫിറാണ്. മതനിന്ദകനാണ്. നിരീശരവാദിയാണ്. ഈ വിശുദ്ധമായ മലമ്പ്രദേശത്തെ നിവാസികളോട് ഞങ്ങൾ ഉപദേശിക്കുന്നു: നിങ്ങൾ അയാളുടെ കണ്ടെത്തലുകളെ വലിച്ചെറിയണമെന്നും അയാളുടെ മുഴുവൻ ഗ്രന്ഥങ്ങളും കത്തിച്ചു കളയണമെന്നും. അവയിൽ നിന്നൊരംശം പോലും ഇനി നിങ്ങളുടെ ഹൃദയങ്ങളിൽ പറ്റിപ്പിടിക്കാൻ ഇടവരാതിരിക്കാനാണത്’.
‘ഞങ്ങൾ അദ്ദേഹത്തിന്റെ ‘ഒടിഞ്ഞ ചിറകുകൾ‘ വായിച്ചു. കൊഴുപ്പിൽ പതിയിരിക്കുന്ന പാഷാണം ഞങ്ങൾ അതിൽ കണ്ടെത്തി’.
ഇതാകുന്നു എന്നെക്കുറിച്ച് ജനങ്ങൾ പറഞ്ഞു പ്രചരിപ്പിച്ച ആരോപണങ്ങളിൽ ചിലത്. അവർ പറഞ്ഞത് ശരിയാണ്. ഞാൻ ഭ്രാന്തു പിടിച്ച ഭീകരനാണ്. സൃഷ്ടി കർമ്മത്തോട് എനിക്ക് എത്രത്തോളം ചായ്വുണ്ടോ അത്രത്തോളം എനിക്കു സംഹാരത്തോടും ചായ്വുണ്ട്. ജനങ്ങൾ വിശുദ്ധമായി കരുതിപ്പോരുന്നതിനോട് എനിക്ക് വെറുപ്പാണ്, അവർ വിസമ്മതിക്കുന്നതിനോട് സ്നേഹവും. എന്റെ ഗ്രന്ഥങ്ങൾ കൊഴുപ്പിൽ (പട്ടിൽ) പൊതിഞ്ഞ പാഷാണമാണെന്നു പറയുന്നവരോട് എനിക്കു പറയാനുള്ളത്; കട്ടികൂടിയ മറയ്ക്കു പിന്നിൽ നിന്നും സത്യത്തെ കാണിച്ചു തരുന്ന വാക്കാകുന്നു അതെന്നാണ്. എന്നാൽ നഗ്നമായ സത്യമോ ഞാൻ കൊഴുപ്പിൽ പാഷാണം ചേർക്കുന്നില്ല എന്നും. പ്രത്യുത ഞാൻ ചെയ്യുന്നത് മായം ചേർക്കാത്ത വിഷം അങ്ങിനെത്തന്നെ പാർന്നു നൽകുകയാണ്. ഞാൻ പകർന്നു തരുന്നത് തെളിഞ്ഞതും വൃത്തിയുള്ളതുമായ സ്ഫടികത്തിന്റെ ചഷകത്തിലാകുന്നു.
മേഘങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന് നീന്തിത്തുടിക്കുന്ന മനോരാജ്യക്കാരനാണ് ഞാനെന്നു പറഞ്ഞ് എന്നോട് സ്വയം ക്ഷമായാചനം നടത്തുന്ന ആളുകൾ യഥാർത്ഥത്തിൽ ആ ചഷകത്തിന്റെ തിളക്കം മാത്രമേ കാണുന്നുള്ളൂ. വിഷം എന്ന് ആരോപിച്ച് അവഗണിക്കുന്ന അതിനുള്ളിലെ ദ്രാവകത്തിലേക്ക് അവർ ഒരിക്കൽ പോലും നോക്കുന്നില്ല. കാരണം അവരുടെ ദുർബ്ബലമായ ആമാശയത്തിന് അതിനെ ദഹിപ്പിക്കാനുള്ള കരുത്തില്ല.
പരുക്കൻ ധിക്കാരത്തിലേക്കുള്ള ചവിട്ടുപടിയായി ചിലപ്പോൾ ഇതു വ്യാഖ്യാനിച്ചേക്കാം. ധിക്കാരം അതിന്റെ എല്ലാ പാരുഷ്യത്തോടും കൂടി നിരീക്ഷിച്ചാലും മിനുസമേറിയ വഞ്ചനയേക്കാൾ എത്രയോ നല്ലതല്ലേ?. ധിക്കാരം സ്വയമേവ അതിന്റെ കാഠിന്യം പുറത്തു കാണിക്കും. എന്നാൽ വഞ്ചന എടുത്തണിഞ്ഞിരിക്കുന്നതോ മറ്റൊരാൾക്കു വേണ്ടി തയ്ച്ചുണ്ടാക്കിയ വസ്ത്രമാകുന്നു.
പൌരസ്ത്യർ ആവശ്യപ്പെടുന്നത് എഴുത്തുകാരൻ തേനീച്ചയെപ്പോലെയായിരിക്കണമെന്നാണ്. പാടങ്ങളിലും പറമ്പുകളിലും ചുറ്റിയടിച്ച് പൂവുകളിൽ നിന്നും മധു ശേഖരിച്ച് തേൻപലകകൾ നിർമ്മിച്ചു നൽക്കണമെന്നും.
പൌരസ്ത്യർ തേൻ ഇഷ്ടപ്പെടുന്നു. മറ്റൊന്നും അവർക്ക് അത്രമേൽ രുചി തോന്നുന്നില്ല. അവർ അതു വാരിവിഴുങ്ങുകയും ചെയ്യുന്നു. അവരുടെ ശരീരം അഗ്നിക്കു മുമ്പിൽ ഒലിക്കുന്ന തേൻകുടമായി മാറിയിരിക്കുന്നു. മഞ്ഞു കട്ടകളിൽ വച്ചാലല്ലാതെ ഇനിയത് ഉറയ്ക്കുകയില്ല.
പൌരസ്ത്യർ കവികളോടാവശ്യപ്പെടുന്നത് രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും പാതിരിമാരുടെയും മുമ്പിൽ അകിൽ കണക്കെ സ്വയം കത്തിയെരിഞ്ഞു തീരാനാണ്. സിംഹാസനങ്ങളുടെയും ബലിപീഠങ്ങളുടെയും ശ്മശാനങ്ങളുടെയും ഇടയിൽ നിന്നും ഉയർന്നു പൊങ്ങിയ അകിലുകളുടെ പുകപടലങ്ങൾ കിഴക്കിന്റെ ആകാശങ്ങളിൽ കെട്ടിക്കിടക്കുന്നു. എന്നിട്ടും അവർക്കു മതിയാകുന്നില്ല. നമ്മുടെ ഈ കാലത്ത് ഇത്തരം സ്തുതി പാടകർ മുതനബ്ബിയോട് മത്സരിക്കുകയാണ്. വിലാപകാരന്മാർ ഖൻസാഇനോട് കിടപിടിക്കാൻ ശ്രമിക്കുകയാണ്. പ്രശംസകരുടെ വാക്കുകൾക്ക് സഫിയുദ്ദീൽ അൽ ഹില്ലിയുടെ കവിതകളേക്കാൾ മാസ്മരികതയുണ്ട്.
പൌരസ്ത്യർ പണ്ഡിതന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് അവരുടെ അച്ഛന്മാരെക്കുറിച്ചും മുത്തച്ഛന്മാരെക്കുറിച്ചും ഗവേഷണം നടത്താനും അവരുടെ ശേഷിപ്പുകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഉച്ഛിഷ്ടങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാനും രാവും പകലും ഭാഷയെയും വാക്കുകളെയും അലങ്കാരങ്ങളെയും പ്രാസങ്ങളെയും ചർവ്വിത ചർവ്വണം നടത്താനുമാണ്.
പൌരസ്ത്യന്മാർ ചിന്തകന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് ബൈദബയും ഇബ്നു റുഷ്ദും സെന്റ് എഫ്രാമും സെന്റ് ജോണും പറഞ്ഞു കഴിഞ്ഞത് തന്നെ അവരുടെ കാതുകളിൽ വീണ്ടും വീണ്ടും കേൾപ്പിച്ചു കൊടുക്കാനാണ്. ഇവരുടെ രചനകൾ വിരസമായ പ്രഭാഷണങ്ങളുടെയും രോഗതുരമായ ഉപദേശങ്ങളുടെയും അതിർവരമ്പുകളെ ലംഘിക്കരുതെന്നും അവർ തന്നെ നിർദ്ദേശിക്കുന്നു. ഗിരിപ്രസംഗങ്ങളുടെയും സാരോപദേശങ്ങളുടെയും ഇടയ്ക്ക് ഉരുവിടാറുള്ള തത്വശാസ്ത്രങ്ങളുടെയും ദിവ്യ വചനങ്ങളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ ജീവിതം തണലിൽ മുളച്ച ദുർബ്ബലമായ പുൽക്കൊടി പോലെയായിരിക്കും. അയാളുടെ നിശ്വാസം അഫ്യൂൻ മയക്കു മരുന്ന് കലർന്ന് പരിക്ഷീണയായ പാനീയം പോലെയുമായിത്തീരും.
ചുരുക്കിപ്പറഞ്ഞാൽ പൌരസ്ത്യർ പൊടിപിടിച്ച ഭൂതകാലത്തിന്റെ രംഗഭൂമിയിലാണ് ജീവിക്കുന്നത്. ഫലിതവും കോമാളിത്തവും നിറഞ്ഞ നിഷേധാത്മകമായ നിലപാടുകളോട് അവർ ചേർന്നു നിൽക്കുന്നു. സുന്ദരമായ സ്വപ്നങ്ങൾ കണ്ടു കൊണ്ട് മയങ്ങുന്ന ഗാഢ നിദ്രയിൽ നിന്നും അവരെ ഉണർത്തുകയും ദംശിക്കുകയും ചെയ്യുന്ന സർഗ്ഗാത്മകമായ പഠനങ്ങളെയും തത്വങ്ങളെയും അവർ വെറുക്കുകയും ചെയ്യുന്നു. (തുടരും...)

2 comments :

 1. നസീഹക്കും ആശിഖിനും
  എല്ലാ നന്മകളും നേരുന്നു.
  ഒപ്പം ഈപോസ്റ്റിനും
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 2. Congracts,Kattayad,
  As Jibran mentions, You are also like a honey bee; collecting honey like poems from other languages and make the honey-like poems. Wish you all the best and request for posting more new poems.

  ReplyDelete