Thursday, January 6, 2011

മന്ത്രവാദിനിയായ ഭൂതം - ഖലീൽ ജിബ്രാൻThe Gibran Museum and Gibran's final resting place, in Bsharri, Lebanon.

ഇന്ന് ഖലീൽ ജിബ്രാന്റെ (ജുബ്രാൻ എന്ന് അറബിയിൽ ഉച്ചാരണം)ജന്മ ദിനം. 1883 ജനുവരി 6-നു ലബനാനിലെ ബശരി എന്ന ഗ്രാമത്തിൽ ജനിച്ചു. 1931 ഏപ്രിൽ 10-നു ന്യൂയോർക്കിൽ വച്ച് അന്തരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് ജൂലൈ 23-നു ഭൌതിക ശരീരം ലബനാനിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. അദ്ധേഹത്തിന്റെ കല്ലറയിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. “എന്റെ കബറിനു മുകളിൽ എഴുതി വെക്കാൻ ഞാൻ ആഗ്രഹിച്ച വാക്കുകൾ: ഞാനും നിങ്ങളെപ്പോലെ നിങ്ങൾക്കു സമീപം ഇന്നും ജീവിച്ചിരിക്കുന്നു. നിങ്ങൾ കണ്ണുകളടയ്ക്കൂ എന്നിട്ട് ചുറ്റും നോക്കൂ... അപ്പോൾ നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കും...”)

ഞാൻ ഇപ്പോൾ വിവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ (ദി സ്റ്റോം) എന്ന നോവലിലെ ഒരധ്യായം ഇവിടെ കൊടുക്കുന്നു.

മന്ത്രവാദിനിയായ ഭൂതം.
ജിബ്രാൻ ഖലീൽ ജിബ്രാൻ

ഓ, മന്ത്രവാദിനീ നീ എങ്ങോട്ടേക്കാണെന്നെ കൊണ്ടു പോകുന്നത്?
കുണ്ടും കുഴിയും നിറഞ്ഞ, പാറക്കെട്ടുകൾക്കിടയിലൂടെ പോകുന്ന, കല്ലും മുള്ളും പാകിയ ഈ പാതയിലൂടെ ഏതു വരെ നിന്നെ ഞാൻ പിന്തുടരണം?. ചെങ്കുത്തായ പ്രദേശത്തേക്കു ഉന്തിക്കയറ്റിയും കൊക്കകളിലേക്ക് തള്ളിയിട്ടും ഇനിയെത്ര നേരം നീയെന്നെ നടത്തും?.
എന്റെ സ്വപ്നനങ്ങളെ വിസ്മരിച്ച്, നിന്റെ മാസ്മരിക സൌന്ദര്യത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട്, എന്റെ തലയ്ക്കു ചുറ്റും പറന്നു കളിക്കുന്ന പ്രേതങ്ങളെ കണ്ടില്ലെന്ന് നടിച്ച്, നിന്റെ ശരീരത്തിൽ മറഞ്ഞു കിടക്കുന്ന നിഗൂഢ ശക്തിയിൽ ആസക്തനായി, കുഞ്ഞ് അമ്മയുടെ പിന്നാലെ നടക്കുന്നതു പോലെ നിന്റെ കോന്തലയും പിടിച്ച് ഞാൻ നടക്കുകയാണ്.
ഒരു നിമിഷം എനിക്കു വേണ്ടി ഒന്നു നിൽക്കാമോ? ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. ഒരു വട്ടം എന്നെയൊന്നു കടാക്ഷിക്കാമോ? നിന്റെ നെഞ്ചിലെ രഹസ്യം നിന്റെ കണ്ണുകളിലെനിക്കു കാണാൻ കഴിഞ്ഞേക്കാം. നിന്റെ ചേഷടകളിൽ നിന്ന് നിന്റെ ആത്മാവിന്റെ അകക്കാമ്പ് എനിക്കു മനസ്സിലാക്കാൻ സാധിച്ചേക്കാം.
ഓ ദുർദ്ദേവതേ, ഒരു നിമിഷം നിൽക്കൂ…, നടന്നു നടന്ന് ഞാൻ മടുത്തു. പാതകളിലെ ദു:ർഘടങ്ങളെ ഭയന്ന് എന്റെ ജീവൻ കിടുകിടാ വിറക്കുകയാണ്. ജീവിതവും മരണവും കണ്ടു മുട്ടുന്ന കവലയിൽ നാമെത്തിയിരിക്കുന്നു. ഇനിയൊന്നു നിൽക്കൂ..നിന്റെ ചേതനയുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കാതെയും നിന്റെ ഹൃദയത്തിന്റെ ദു:ഖങ്ങൾ എന്റെ ഹൃദയത്തിനു മനസ്സിലാകാതെയും ഇനിയൊരടി നടക്കാൻ എനിക്കു വയ്യ.
മന്ത്രവാദിനിയായ ദുർദ്ദേവതേ, എന്റെ വാക്കുകളൊന്നു ശ്രദ്ധിക്കൂ…
ഇന്നലെ വരേ ഞാൻ, മരക്കൊമ്പുകളിലൂടെ ചാടി നടക്കുകയും ശൂന്യാകാശത്ത് നീന്തിത്തുടിക്കുകയും സായാഹ്നങ്ങളിൽ വൃക്ഷത്തലപ്പുകളിൽ ചെന്നിരിക്കുകയും ചെയ്തിരുന്ന സ്വതന്ത്രനായ ഒരു കിളിയായിരുന്നു. എന്നിട്ട് വൈകുന്നേരങ്ങളിൽ സൂര്യൻ വർണ്ണ മേഘങ്ങളുടെ നഗരങ്ങളിൽ പടുത്തുയർത്തുകയും, അസ്തമയ സമയത്ത് പൊളിച്ചു കളയുകയും ചെയ്യുന്ന മണിമാളികകളേയും ദേവാലയങ്ങളെയും നോക്കി ചിന്താനിമഗ്നനായി ഞാനങ്ങനെയിരിക്കും.
ചിന്തയെപ്പോലെ ഞാനും ഭൂമിയുടെ അഷ്ട ദിക്കിലും ഏകാന്ത തടവുകാരനാണ്. ഞാൻ ജീവിതത്തിന്റെ നന്മകളിലും ആനന്ദങ്ങളിലും സന്തോഷിക്കുന്നവൻ, ഉണ്മയുടെ രഹസ്യങ്ങളെക്കുറിച്ചും അസ്പഷ്ടതകളെ കുറിച്ചും കൂലങ്കശമായി അന്വേഷിക്കുന്നവൻ.
അതുമാത്രമല്ല, ഞാൻ കിനാവു പോലെ രജനിയുടെ ചിറകുകളിലൂടെ പയണം നടത്തുകയും കിളിവാതിൽ പഴുതിലൂടെ ഉള്ളിൽ കടന്ന് കന്യകമാരുടെ യവനികകൾ മാറ്റി അവരുടെ ഭാവാഭിനിവേശങ്ങളുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു. പിന്നീടു ഞാൻ യുവതികളുടെയടുത്ത് ചെന്ന് അവരുടെ അഭിരുചികളെ ഇളക്കിവിടുന്നു. അവസാനം വൃദ്ധന്മാരുടെയടുത്ത് പോയി അവരുടെ ചിന്തകൾക്ക് ഉന്മേഷം പകരുന്നു.
ഒ, മന്ത്രവാദിനീ, ഇന്നു ഞാൻ നിന്നെ കണ്ടു മുട്ടി. നിന്റെ കൈകൾ ചുംബിച്ച് വിഷം തീണ്ടി. അലക്ഷ്യമായി തുടലുകളും വലിച്ചു കൊണ്ടു നടന്നു പോകുന്ന തടവുകാരനെപ്പോലെയായി ഞാൻ. ചിലപ്പോൾ കുടിച്ചു ലക്കു കെട്ട് വിവേക ബുദ്ധി നഷ്ടപ്പെട്ടവനെപ്പോലെയുമായി. അങ്ങനെ എന്റെ മുഖത്തടിച്ചവന്റെ കൈ തന്നെ ഞാൻ തൊട്ടു മുത്തി.
എന്നാൽ ഒരു നിമിഷം എനിക്കു വേണ്ടി നിൽക്കൂ… ഇതാ എന്റെ ശക്തി എനിക്കു വീണ്ടുകിട്ടിയിരിക്കുന്നു. എന്റെ കാലുകളെ കൂച്ചു വിലങ്ങിട്ടിരുന്ന ചങ്ങല ഞാൻ പൊട്ടിച്ചിരിക്കുന്നു. അമൃതാണെന്നു കരുതി എടുത്തു മോന്തിയിരുന്ന വിഷത്തിന്റെ ചഷകം ഇതാ ഞാൻ തകർത്തിരിക്കുന്നു. ഇനി നമ്മൾ എന്തു ചെയ്യാൻ പോവുകയാണ്. ഏതു മാർഗ്ഗേയാണ് ഇനി നീ സഞ്ചരിക്കാൻ പോകുന്നത്?.
ഞാനെന്റെ സ്വാതന്ത്ര്യം തിരിച്ചു ചോദിക്കുകയാണ്. വിറയ്ക്കാത്ത വിരലുകളുമായി അഗ്നിയെ പിടിക്കുകയും ഉറച്ച കണ്ണുകളുമായി സൂര്യന്റെ മുഖത്തേക്കു നോക്കുകയും ചെയ്യുന്ന സ്വതന്ത്രനായ ഒരു കൂട്ടുകാരൻ നിനക്കുണ്ടാവുന്നതിൽ നിനക്ക് സന്തോഷമാവില്ലേ?
ഞാനിപ്പോൾ എന്റെ രണ്ടാമത്തെ ചിറകും വിടർത്തി. ഇപ്പോൾ നിന്റെ കൂടെയുള്ളത് പർവ്വതങ്ങൾക്കിടയിലൂടെ പരുന്തിനെപ്പോലെ പറന്നു നടക്കുകയും മരുഭൂമിയിലൂടെ രാത്രികളിൽ സിംഹത്തെപ്പോലെ പമ്മി നടക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനല്ലേ?
സ്നേഹത്തെ ഖേദമായി കാണുകയും നേതാവായി കാണാൻ വിസമ്മതിക്കുകയും ചെയ്യുന്ന ഒരു പുരുഷൻ നിന്നെ സ്നേഹിക്കുന്നത് നിനക്കു സംതൃപ്തി തരുന്നില്ലേ?
പരിഭ്രമിക്കുകയും കീഴടങ്ങാതിരിക്കുകയും കത്തുകയും ഉരുകിപ്പോകാതിരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം നിന്നെ തൃപ്തിപ്പെടുത്തുന്നില്ലേ?
കാറ്റിനു മുമ്പിൽ വിറയ്ക്കുകയും എന്നാൽ തകരാതിരിക്കുകയും ചുഴലിക്കാറ്റിനു മുമ്പിൽ ക്ഷോഭിക്കുകയും എന്നാൽ പിഴുതെറിയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു ശരീരത്തോട് നിനക്ക് ഒരു ഛായയുണ്ടാകുന്നത്
നിന്നെ സന്തോഷിപ്പിക്കുകയില്ലേ?
അകലാൻ ആഗ്രഹിക്കാതിരിക്കുകയും അകലാതിരിക്കുകയും ചെയ്യുന്ന ഒരു ചങ്ങാതി നിനക്കുണ്ടാവുന്നത് നിന്നെ ആനന്ദിപ്പിക്കില്ലേ?
ഇതാ എന്റെ കൈ. നിന്റെ ഭംഗിയുള്ള കൈകൾ പിടിച്ച് ഞാനൊന്നു കുലുക്കട്ടെ.
ഇതാ എന്റെ മേനി. നിന്റെ മൃദുലമായ കരവലയത്തിൽ എന്നെ ആശ്ലേഷിച്ചാലും.
ഇതാ എന്റെ വദനം; നീയതിൽ അനന്തവും അഗാധവും മൂകവുമായ ഒരു ചുംബനം അർപ്പിച്ചാലും.

1 comment :

  1. ഒരു നല്ല വായനാനുഭവം
    ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
    എല്ലാ ആശംസകളും നേരുന്നു

    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

    ReplyDelete