
പരദേശിയുടെ കത്ത്
മഹ്‌മൂദ് ദർവീശ്.
അഭിവാദ്യങ്ങൾ!,
ചുംബനങ്ങൾ!...
ഇതല്ലാതെ നിങ്ങൾക്കു തരാൻ
മറ്റൊന്നും എന്റെ കയ്യിലില്ല.
എവിടെ നിന്നു തുടങ്ങണം?
എവിടെ കൊണ്ടവസാനിപ്പിക്കണം?.
ഒരു നിശ്ചയവുമില്ല.
കാലചക്രം നിർത്താതെ കറങ്ങുന്നു,
എന്റെ കയ്യിലെ
വിപ്രവാസത്തിന്റെ മാറാപ്പുകൾ
പരിശോധിച്ചാൽ നിങ്ങൾക്കു കാണാൻ കഴിയുന്നത്:
ഒരു സഞ്ചി,
അതിൽ കുറച്ച് ഉണങ്ങിയ റൊട്ടി,
കുറച്ചു സ്നേഹം,
എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുമടങ്ങിയ
ഒരു പുസ്തകം എന്നിവയാണ്;
ആ പുസ്തകമെടുത്ത് മറിച്ച്
മുഴുവൻ പുച്ഛത്തോടും കൂടി
അതിന്റെ താളുകളിൽ ഞാൻ തുപ്പി.
എവിടെ നിന്നു തുടങ്ങണം?
ഇന്നലെ വരേ പറഞ്ഞതും
ഇനി നാളെ പറയാനിരിക്കുന്നതും
ഒരു ഹസ്ത ദാനം കൊണ്ടോ
ഒരാശ്ലേഷം കൊണ്ടോ
അവസാനിക്കില്ല.
പരദേശിയെ തിരിച്ചു കൊണ്ടു വരാനോ,
മഴയെ വർഷിപ്പിക്കാനോ,
കിളികളുടെ ഒടിഞ്ഞ ചിറകിലെ
പറിഞ്ഞു പോയ തൂവൽ മുളപ്പിക്കാനോ,
അത്തരം പ്രവർത്തനങ്ങൾക്കു കഴിയില്ല.
എവിടുന്നു തുടങ്ങണം?
അഭിവാദ്യങ്ങൾ!,
ചുംബനങ്ങൾ!,
പിന്നെ...
2
അകാശവാണിയോടു ഞാൻ പറഞ്ഞു:
‘എനിക്കു സുഖമാണെന്ന് അവളോട് നിങ്ങൾ പറഞ്ഞേക്കൂ..’
പൈങ്കിളിയോടു ഞാൻ പറഞ്ഞു:
‘അവളെ കണ്ടു മുട്ടുകയാണെങ്കിൽ
ഞാൻ സുഖമായിരിക്കുന്നു
ഞാൻ സുഖമായിരിക്കുന്നു
എന്നു ചൊല്ലണം..
എന്റെ കണ്ണിൽ കൃഷ്ണമണിയും
ആകാശത്തിൽ ചന്ദ്രികയുമുള്ള
കാലത്തോളം ഞാനവളെ മറക്കില്ലെന്നും പറയണം.
എന്റെ വസ്ത്രം പഴയതാണെങ്കിലും
കീറിപ്പോയിട്ടില്ല
വശങ്ങൾ പിന്നിപ്പോയിട്ടുണ്ടെങ്കിലും
അതു ഞാൻ തുന്നിക്കൂട്ടിയിട്ടുണ്ട്.
എന്നിട്ടും ഞാൻ സുഖമായിരിക്കുന്നു.
എനിക്കിപ്പോൾ ഇരുപത് വയസ്സു കഴിഞ്ഞു
ഉമ്മാ.. എന്നെയൊന്നു സങ്കല്പ്പിച്ചു നോക്കൂ
ഇരുപതു വയസ്സായ ചെറുപ്പക്കാരൻ!
ഞാനിപ്പോൾ ജീവിതത്തെ ധീരമായി അഭിമുഖീകരിക്കുന്നു,
വലിയ ആളുകൾ ചെയ്യുന്നതു പോലെ ഭാരം ചുമക്കുന്നു,
ഹോട്ടൽ ജോലി ചെയ്യുന്നു,
അവിടുത്തെ പാത്രങ്ങൾ കഴുകുന്നു,
പറ്റുകാർക്കു വേണ്ടി കാപ്പിയുണ്ടാക്കി നല്കുന്നു,
ഇടപാടുകാരെ സന്തോഷിപ്പിക്കാൻ
ആകുല വദനത്തിൽ പുഞ്ചിരികൾ ഒട്ടിച്ചു വെക്കുന്നു.
3
എനിക്കു സഖം തന്നെയാണ്,
എനിക്ക് ഇരുപത് വയസ്സായി,
ഉമ്മാ, ഞാനിന്നൊരു ചെറുപ്പക്കാരനാണ്,
ഞാനിപ്പോൾ പുക വലിക്കുന്നു,
മതിലുകളിൽ ചാരിനിന്ന്
അടുത്തു കൂടെ പോകുന്ന സുന്ദരിമാരെ നോക്കി
‘ഏയ്’ എന്നു പറയുന്നു,
മറ്റുള്ളവരേ പോലെ ഞാനും അവരോട്
‘സഹോദരീ നീ വളരെ മനോഹരിയായിരിക്കുന്നു
നിന്നെക്കൂടാതെയുള്ള ജീവിതം
എത്ര മാത്രം കൈപ്പേറിയതാണെന്ന്
നീ ആലോചിച്ചിട്ടുണ്ടോ?.
എന്നു കമന്റടിക്കുന്നു.
അപ്പോഴാണ് എന്റെ കൂട്ടുകാരൻ വന്ന് ചോദിച്ചത്:
’കയ്യിൽ റൊട്ടിയുണ്ടോ?‘
സഹോദർന്മാരേ,
എല്ലാ രാത്രിയും വിശന്നുറങ്ങാൻ വിധിക്കപ്പെട്ട
മനുഷ്യനെന്തു വിലയാണുള്ളത് ?
എനിക്കു സുഖമാണ്,
ഞാൻ സുഖമായിരിക്കുന്നു.
എന്റെ കയ്യിൽ കരിഞ്ഞ റൊട്ടിയുണ്ട്
പച്ചക്കറിയുടെ ചെറിയ ഒരു പാത്രവുമുണ്ട്.
4
റേഡിയോയിൽ ഞാൻ കേട്ടു;
ഭവന രഹിതൻ ഭവന രഹിതനു വേണ്ടി
അർപ്പിക്കുന്ന അഭിവാദ്യം!.
അവരൊന്നിച്ചു പറയുന്നു
‘ഞങ്ങൾക്കു സുഖമാണ്
ഞങ്ങളാരും ദു:ഖിതരല്ല‘ .
എന്റെ വാപ്പയുടെ വിശേഷം എന്താണ്?
മുമ്പത്തെപ്പോലെ ദൈവ കീർത്തനങ്ങൾ,
മക്കൾ, മണ്ണ്, ഒലിവു മരങ്ങൾ എന്നിവയൊക്കെയായി
കഴിയുകയാവും അല്ലേ?
എന്റെ സഹോദരന്മാർക്ക് ജോലിയൊക്കെ കിട്ടിയോ?
അവരെല്ലാം അധ്യാപകന്മാരാകുമെന്ന്
ഒരിക്കൽ വാപ്പ പറഞ്ഞത് ഞാൻ ഓർത്തു പോകുന്നു
ഒരിക്കൽ വാപ്പ പറഞ്ഞിരുന്നു
‘എന്റെ ഗ്രാമത്തിൽ ആർക്കും കത്തു വായിക്കാനറിയില്ല
അതു കൊണ്ട്
’പട്ടിണി കിടന്നിട്ടാണെങ്കിലും ഞാൻ അവർക്ക്
പുസ്തകം വാങ്ങിക്കൊടുക്കും‘ എന്ന്.
എന്റെ സഹോദരിമാരുടെ വിശേഷം എന്താണ്?
അവർ വലുതായോ?
വല്ല കല്യാണാലോചനയും വന്നോ?
എന്റെ ഉമ്മാമയുടെ വർത്തമാനം എന്താണ്?
പതിവു പോലെ വാതിൽപ്പടിയിലിരുന്ന്
നമ്മുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും
പുണ്യത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ടോ?
നമ്മുടെ വീടിന്റെ വിശേഷം എന്താണ്?
ആ മിനുസമുള്ള പടികൾ,
വാതിലുകൾ..!
റേഡിയോയിൽ വീണ്ടും ഞാൻ കേട്ടു;
ഭവന രഹിതർ ഭവന രഹിതർക്ക് എഴുതുന്ന കത്തുകൾ!
അവരെല്ലാം സുഖമായിരിക്കുന്നുവത്രെ!
പക്ഷേ എന്തോ ഒരു വിമ്മിട്ടം എനിക്കനുഭവപ്പെട്ടു
അശുഭകരമായ ചിന്തകൾ
എന്നെ തിന്നുന്നതു പോലെ എനിക്കു തോന്നി.
എന്തു കൊണ്ട് റേഡിയോ
നിങ്ങൾക്കു സുഖമാണെന്നു പറയുന്നില്ല.
(ഈ കവിതയുടെ മുഴുവൻ ഭാഗവും ആവശ്യമുള്ളവർ ബന്ധപ്പെടുക)
No comments :
Post a Comment