Wednesday, September 15, 2010

എന്റെ തിരിച്ചറിയൽ കാർഡ് (അറബിക്കവിത)



എന്റെ തിരിച്ചറിയൽ കാർഡ്

റുദീന അൽ ഫൈലാലി (ലിബിയൻ കവയത്രി)
ജനനം: 26/09/1981, ട്രിപ്പോളി. പിതാവ് മുസ്തഫ അൽ ഫൈലാലി നയതന്ത്ര ഉദ്യോഗസ്ഥനായതു കൊണ്ട് പല നാടുകളിലും മാറി മാറിയായിരുന്നു അവരുടെ വാസം.

ഞാൻ അറബിയാണോ എന്നുറപ്പു വരുത്താനായി
അയാൾ എന്റെ തിരിച്ചറിയൽ കാർഡ് പിടിച്ചു വാങ്ങി,
എന്നിട്ട്, ബോംബ് ഒളിപ്പിച്ചു വെച്ചവനെയെന്ന പോലെ
എന്റെ ഹാന്റ് ബേഗ് അരിച്ചു പെറുക്കി.

എന്റെ ഇരുണ്ട നിശബ്ദതയും
പിടയ്ക്കുന്ന പ്രകൃതവും നോക്കി
അയാൽ കുറച്ചു നേരം ആലോചനയിലാണ്ടു.

അയാളുടെ അഭ്യർത്ഥനയും
തിരിച്ചറിയൽ കാർഡിനെക്കുറിച്ചുള്ള അന്വേഷണവും
എന്നിൽ അത്ഭുതമുളവാക്കി.

എന്തു കൊണ്ട് അയാൾക്ക്
എന്റെ കണ്ണുകൾ കണ്ടിട്ട്
ഞാനൊരറബിയാണെന്ന്
തിരിച്ചറിഞ്ഞില്ല?.
അല്ലെങ്കിൽ ഞാനൊരനറബിയാണെന്ന്
അയാൾ ഊഹിച്ചു?

തിരിച്ചറിയൽ കാർഡ് കാണിക്കാതെ തന്നെ
എനിക്കാ നാട്ടിൽ പ്രവേശിക്കണം;

മറ്റേതോ ഒരു നാട്ടിലെന്ന പോലെ
ഞാൻ കുറെ നേരം കാത്തിരുന്നു.

ഞാനയാളോടു പറഞ്ഞു:
‘എന്റെ അറേബ്യൻ ദേശീയതയ്ക്ക്
തിരിച്ചറിയൽ കാർഡിന്റെ ആവശ്യമില്ല,
പിന്നെന്തിനാണ്‌ ഞാനീ സാങ്കല്പ്പിക അതിർത്തിയിൽ
ഇങ്ങനെ കാത്തു കെട്ടിക്കഴിയുന്നത്‘ ?

എന്റെ മുത്തച്ഛൻ പറഞ്ഞു തന്ന
ആ പഴയ ജാഹിലിയ്യാ കാലത്തെ ഞാൻ ഓർത്തു;
അന്ന് ഒരറബി ഒരു നാട്ടിൽ നിന്നും
മറ്റൊരു നാട്ടിലേക്കു പോകുമ്പോൾ
കൂടെ പൊതിച്ചോറും
അയാളുടെ ഭാഷയും മാത്രമേ കരുതിയിരുന്നുള്ളൂ.

അയാൾ പിന്നേയും എന്റെ പേരും നാടും
ഈ പെട്ടെന്നുള്ള യാത്രയുടെ ഉദ്ദേശവും
എന്താണെന്ന് ചോദിച്ചു കൊണ്ടേയിരുന്നു

എന്റെ ജോലി എന്താണ്‌?
എനിക്കു വല്ല ക്രിമിനൽ ബാക്ഗ്രൗണ്ടും ഉണ്ടോ?
എന്നും അന്വേഷിച്ചു.

ഞാൻ പറഞ്ഞു:
“ഞാനൊരു സാധാരണ മനുഷ്യനാണ്‌,
പക്ഷേ ഞാൻ പലപ്പോഴും
കൂട്ടക്കുരുതികൾക്ക് സാക്ഷിയായിട്ടുണ്ട്“.

ശേഷം അയാളെന്റെ ജനന തിയ്യതി ചോദിച്ചു
“ഹിജ്ര വർഷം എത്രാം കൊല്ലമാണ്‌”?

ഞാൻ പറഞ്ഞു:
മനുഷ്യത്വം പിറന്ന ദിവസം തന്നെയാണ്‌
ഞാനും പിറന്നത്.

“നിങ്ങൾക്ക് എന്തെങ്കിലും പകർച്ച വ്യാധികളുണ്ടോ”?

ഞാൻ മറുപടി നല്കി
”എന്റെ മകൻ ‘അറബികളുടെ ഐക്യം’ എന്നതിന്റെ അർത്ഥം എന്താണെന്ന്
എന്നോട് ചോദിച്ച ദിവസം
എന്റെ ഹൃദയത്തിന്‌ മാരകമായ
മുറിവേറ്റിരുന്നു“ എന്ന്.

പിന്നെ അയാൾ ചോദിച്ചത്
നിങ്ങൾ മുസ്ലിമാണോ അതോ ക്രിസ്ത്യാനിയാണോ എന്നാണ്‌
ഞാൻ പറഞ്ഞു:
”എല്ലാ ദൈവിക മതങ്ങളുടെയും ഉടമയായ
തമ്പുരാനെ ഞാൻ ആരാധിക്കാറുണ്ട്“.

അപ്പോൾ അയാളെന്റെ ബേഗും
എന്റെ തിരിച്ചറിയൽ കാർഡും
തിരിച്ചു തന്നു.
എന്നിട്ട് ഇങ്ങനെ ഉത്തരവിട്ടു.
”എന്റെ നാട് സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നില്ല.
നിങ്ങൾ വന്ന സ്ഥലത്തേക്കു തന്നെ
തിരിച്ചു പോയിക്കോളൂ“

2 comments :

  1. എന്റെ ബ്ലോഗിൽ കമന്റ് ഇടുന്ന മാന്യ സുഹൃത്തുക്കളോട് എനിക്ക് നന്ദിയും കടപ്പാടുമുണ്ട്. അതിനു പ്രത്യുപകാരമായി നിങ്ങളുടെ ബ്ലോഗിൽ വന്ന് ഞാൻ കമന്റിട്ടില്ലെങ്കിൽ എന്നോടു ക്ഷമിക്കണം. നിങ്ങളുടെ ബ്ലോഗ് നല്ലതല്ലാത്തതു കൊണ്ടല്ല, എനിക്കു സമയമില്ലാത്തതു കൊണ്ടാണത്. ആ സമയത്തും ഞാൻ അറബിക്കവിതകളുടെ പിന്നാലെ പായുകയായിരിക്കും.
    മുമ്പൊക്കെ കമന്റ് വരാതിരിക്കുമ്പോൾ എനിക്കു സങ്കടമുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. എന്റെ ലക്ഷ്യം അതിനേക്കാളൊക്കെ അപ്പുറത്താണ്‌.
    എന്ന്
    മമ്മൂട്ടി കട്ടയാട്

    ReplyDelete