Saturday, September 11, 2010

എന്തിനാണിത്ര വേവലാതി? (അറബിക്കവിത)



എന്തിനാണിത്ര വേവലാതി?

ഈലിയ അബൂ മാദി.

ലബനീസ് കവി (1889 - 1957)
ദാരിദ്ര്യം മൂലം ചെറുപ്പത്തിലേ പഠനം നിർത്തി, ജീവിക്കാനായി ഈജിപ്തിലേക്കു പോയി. അവിടെ പുകയിലക്കച്ചവടം നടത്തി. 1912-ൽ തെക്കേ അമേരികയിലേക്ക് കുടിയേറി, അവിടെ സഹോദരൻ മുറാദിന്റെ കൂടി ബിസിനസ്സിൽ പങ്കാളിയായി. അവിടെ വെച്ചു തന്റെ മുതലാളിയുടെ മകളെ വിവാഹം ചെയ്തു. അതിൽ അദ്ദേഹത്തിന്‌ നാലു മക്കളുണ്ടായി. പിന്നീട് ന്യൂയോർക്കിലേക്ക് സ്ഥിര താമസം മാറ്റി. ഖലീൽ ജിബ്രാൻ, മീകായീൽ നഈമ എന്നിവരൊപ്പം ചേർന്ന് സഹിത്യ പ്രവർത്തനത്തിലേർപ്പെട്ടു.


എന്തിനാണു നീയിങ്ങനെ
‘എനിക്കൊന്നുമില്ലല്ലോ’ എന്നു
വേവലാതിപ്പെടുന്നത്?

ഭൂമിയും ആകാശവും നക്ഷത്രങ്ങളും
നിന്റെ സ്വന്തമല്ലയോ!

പൂന്തോപ്പുകളും അതിലെ പൂക്കളും
അവയുടെ സുഗന്ധവും കുളിർ തെന്നലുകളും
പാട്ടുപാടുന്ന ബുൾബുളുകളും
നിന്റേതു മാത്രമല്ലയോ!

പളപള തിളങ്ങുന്ന വെള്ളി ജലാശയം
നിന്റെ ചുറ്റിലും വലയം തീർത്തിരിക്കുന്നു,
കേസരീ രൂപം പൂണ്ട പിംഗള സൂര്യൻ
നിന്റെ മുകളിൽ വെട്ടിത്തിളങ്ങുന്നു,

പാറകളിലും കുന്നിൻ മുകളിലും
പ്രകാശം ഉദിച്ചുയരുകയും
തത്തിക്കളിക്കുകയും ചെയ്യുന്നു.

പ്രകൃതി നിനക്കു വേണ്ടി ഇല പൊഴിക്കുന്നു,
നീയാണെങ്കിലോ കുണ്ഠിതപ്പെട്ട് മിണ്ടാതിരിക്കുന്നു,
പ്രകൃതി നിന്നെ നോക്കി പുഞ്ചിരി തൂകുന്നു,
നീ മുഖം വീർപ്പിച്ചിരിക്കുന്നു,

നഷ്ടപ്പെട്ടു പോയ പ്രതാപത്തിന്റെ പേരിലാണ്‌
നീ ദുഖിക്കുന്നതെങ്കിൽ
കഷ്ടം! നിനക്ക് ഖേദിച്ചതു മിച്ചം;
അതൊരിക്കലും മടങ്ങി വരില്ല.

വരാനിരിക്കുന്ന ഒരപകടത്തെ ഭയന്നു കഴിയുകയാണോ നീ;
നിന്റെ നിരാസം അതിന്റെ ആഗമനത്തെ തടഞ്ഞു
നിർത്തുമെന്നതും അസംഭവ്യമാണ്‌.

ഇനി നിനക്കു നിന്റെ യൗവനം കഴിഞ്ഞു പോയെന്ന ആധിയുണ്ടോ?
എന്നാൽ കാലത്തിനു വാർദ്ധക്യം ബാധിക്കുമെന്ന് നീ ജല്പ്പിക്കേണ്ട.

മണ്ണിൽ നിന്നും തല പൊക്കുന്ന ഓരോ ചിത്രത്തെയും
നീ ശ്രദ്ധിച്ചു നോക്കൂ..
അവയുടെ മാസ്മരിക സൗന്ദര്യം മൂലം
അവ സംസാരിക്കുന്നതു പോലെ നിനക്കു തോന്നിപ്പോകും.

2 comments :