Thursday, September 2, 2010

റമളാൻ - ഇന്ന്, ഇന്നലെ (അറബിക്കവിത)


റമളാൻ - ഇന്നിന്റെയും ഇന്നലെയുടെയും മധ്യേ.
(എം.ബി.സി. അറബിക് ചാനലിന്റെ വെബ്സൈറ്റിൽ നിന്നും കിട്ടിയത്,
രചയിതാവ് ആരെന്ന് രേഖപ്പെടുത്തിയിട്ടില്ല.)

റമളാൻ;
പോരിശയുടെയും ഔദാര്യത്തിന്റെയും പുണ്യങ്ങളുടെയും മാസം.
തീറ്റയുടെയും കുടിയുടെയും മധുര പലഹാരങ്ങളുടേയും മാസം!.
സൂപ്പും സമൂസയൂം കന്നാഫ് കേയ്ക്കുമാണ്‌ അവയിൽ മുഖ്യം.
സൂബിയാ പായസവും ബലീല, ലുഖൈമാത് പലഹാരങ്ങളും
ചൂടുള്ള ഫൂലും തമീസും..
അല്ലാഹ് എത്ര നല്ല ഭക്ഷണങ്ങൾ!!
തിന്നുമ്പോഴെല്ലാം വീണ്ടും വീണ്ടും വിളമ്പൂ
എന്നു പറഞ്ഞു പോകുന്നു.
* * *

പ്രൈസ് ലിസ്റ്റുകളുടെ മാസം!
പെട്ടികളുടെ മാസം!
ഉടുപ്പുകളുടെ മാസം!

മാർക്കറ്റുകൾ നിറഞ്ഞു കവിയുന്നു
എങ്ങും റിഡക്ഷൻ സെയിലുകൾ.
ആഘോഷങ്ങൾ, നറുക്കെടുപ്പുകൾ! കൂപ്പണുകൾ!.

കച്ചവടക്കാർക്കെല്ലാം സന്തോഷം!
എങ്ങനെ അവർ സന്തോഷിക്കാതിരിക്കും?
ഗോഡൗണുകളെല്ലാം കാലിയാവുകയല്ലേ!
* * *

യുവാക്കളെല്ലാം പുലരും വരേ ഉറക്കമൊഴിക്കുന്നു,
പകൽ മുഴുവൻ സുന്ദരമായ സ്വപ്നങ്ങൾ കണ്ട് കിടന്നുറങ്ങുന്നു.
തെരുവുകളിൽ അലഞ്ഞു തിരിയുന്നു,
കാല്പന്തു കളിയും മൽസരവും മുറുകുന്നു,
നാട്ടിൻപുറത്തും നിരത്തുകളിലും
തരുണീമണികൾ തിരക്കിലാണ്‌
ചിലർ തറാവീഹിനെന്നു പറഞ്ഞു പോകുന്നു.
മനോഹരമായി പരായണം ചെയ്യുന്ന ശബ്ദത്തിന്റെയുടമ
കരയുന്നുന്നത് അതിന്റെ അർത്ഥം അറിഞ്ഞിട്ടൊന്നുമല്ല.
* * *

ടെലിവിഷൻ പ്രോഗ്രാമുകളാണെങ്കിൽ
പറയാതിരിക്കുന്നതാണു ഭേതം.
നറുക്കെടുപ്പുകൾ, മത്സരങ്ങൾ,ഗാനമേളകൾ,
നൃത്ത നൃത്ത്യങ്ങൾ, വീഡിയോ ക്ലിപ്പുകൾ,
വളിച്ച സിനിമകൾ, സീരിയലുകൾ.

മേൽ പറഞ്ഞതെല്ലാം റമളാന്റെ അവിഭാജ്യ ഘടകമായി നീ കാണുന്നു,
പിന്നെങ്ങിനെ ജനങ്ങൾ ഈ പരശ്ശതം ആനന്ദങ്ങളുടെ മാസത്തെ
ഇഷ്ടപ്പെടാതിരിക്കും?

* * *

പ്രയപ്പെട റമളാൻ;
നിനക്കു വിശ്വാസം വരില്ലെന്നെനിക്കറിയാം,
മേൽ പറഞ്ഞ വിശേഷണങ്ങളൊക്കെയും
എന്നെ വല്ലാതെ നോവിക്കുന്നുണ്ട്.
നീ വീരേതിഹാസങ്ങളുടെയും
ചരിത്ര വിജയങ്ങളുടെയും മാതാവാണ്‌.

പുണ്യങ്ങളുടെയും ഔദാര്യങ്ങളുടേയും
പതിന്മടങ്ങായി ലഭിക്കുന്ന നന്മകളുടെയും മാതാവേ,
ഞങ്ങളുടെ പൂർവികർ വികാരങ്ങളോടും ശരീരങ്ങളോടും
ശത്രുവിനോടും പൊരുതി ഏറ്റവും മഹത്തരവും
മനോഹരവുമായ ചരിത്രം രചിച്ചത് നിന്റെ കൺമുമ്പിൽ വെച്ചാണ്‌.
നിനക്കു വേണ്ടി അവർ എല്ലാ വികാരങ്ങളും
ആനന്ദങ്ങളും വിനോദങ്ങളും കൈവെടിഞ്ഞു.

വ്രതം എന്നാൽ അനുവദനീയമായതിൽ നിന്നു മാത്രം
വിട്ടു നില്ക്കലാണെന്ന് അവർ ധരിച്ചിരുന്നില്ല.
മറിച്ച്, അതിനേക്കാളൊക്കെ മുഖ്യം
അനാവശ്യങ്ങളും ഹറാമുകളും മോശം സംഗതികളും
വെടിഞ്ഞിരിക്കലാണെന്നാണ്‌ അവർ ഉറച്ചു വിശ്വസിച്ചു.
ഏഷണിയും പരദൂഷണവും കളവും അന്യ സ്ത്രീകളെ നോക്കലും
ഉപേക്ഷിക്കുന്നവനേ നോമ്പുകാരനാവാൻ കഴിയുകയുള്ളൂ എന്നും
അവർ മനസ്സിലാക്കി.

ചലചിത്രം ചൂതാട്ടം, ശീശ, അധിക്ഷേപം, തെറി,
ഹറാമായ സംഗീതങ്ങൾ, ആരാധനാലയങ്ങളിലും ഷോപ്പിങ്ങ് സെന്ററുകളിലും
സ്ത്രീകളെ പിന്തുടരുക എന്നിവയെല്ലാം
വ്രത ശുദ്ധിയെ പിച്ചിച്ചീന്തുമെന്നും അവർ തിരിച്ചരിഞ്ഞു.
* * *
നമ്മുടെ പൂർവ്വികർ ഇന്നത്തെ മുസ്ലിം പുരുഷന്മാരെയും സ്ത്രീകളെയും
കണ്ടു മുട്ടിയാൽ നാണിച്ചു തല താഴ്ത്തും.
നഷ്ടപ്പെട്ട കാലത്തെക്കുറിച്ചു ദുഖിക്കും.
നമ്മുടെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എന്തു പറ്റി എന്നവർ ചോദിക്കും.
ഇക്കോലത്തിൽ അവരെങ്ങനെ പുണ്യം നേടുമെന്നവർ അതിശയപ്പെടും.
ഇവരുടെ നോമ്പിന്റെ ബാക്കി പത്രം വിശപ്പും ദാഹവും മാത്രമാണ്‌,
ഇവരുടെ പ്രാർത്ഥനകൾ കൂലി കിട്ടാത്ത വെറും പണിയാണ്‌
എന്നുമവർ ധരിക്കും.

അതു കൊണ്ട് മുസ്ലിം ചെറുപ്പക്കാരേ, ചെറുപ്പക്കാരികളേ,
ഉണരൂ.. പിശാചിന്റെ കേളികളിൽ നിന്നും രക്ഷപ്പെടൂ..
അവൻ നിങ്ങളുടേതെല്ലാം നഷ്ടപ്പെടുത്തും.
* * *

റമളാൻ, ഔദാര്യത്തിന്റെയും ദാനത്തിന്റെയ്യും ധർമ്മത്തിന്റെയും മാസം.
അതിന്റെ ഓരോ രാത്രികളിലും പരശ്ശതം ആളുകളെ
നരകത്തിൽ നിന്നു മോചിപ്പിക്കുന്നുണ്ട്,
ഈ മാസത്തിൽ സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടും,
ആയിരം മാസങ്ങളേക്കാൾ പവിത്രമായ
ലൈലതുൽ ഖദർ ഈ മാസത്തിലാണുള്ളത്.
ഓരോ ദിവസവും നമ്മുടെ നാഥൻ തന്റെ അടിമകളെ
സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നുണ്ട്,

ഈ മാസത്തിൽ പിശാചുകളെ പിടിച്ചു കെട്ടും,
പുണ്യങ്ങൾക്ക് കണക്കില്ലാത്ത പ്രതിഫലമുണ്ട്,
ആ രാത്രികളിൽ അത്താഴം കഴിക്കൽ സുന്നത്താണ്‌
അതിൽ ബറകത്ത് ഉണ്ടാവും,
മക്കാ വിജയവും ബദർ യുദ്ധവും നടന്നത് ഈ മാസത്തിലാണ്‌.
ഈ മാസത്തിലെ ഒരു ഉംറയ്ക്ക് ഒരു ഹജ്ജിന്റെ പ്രതിഫലമുണ്ട്.

റമളാൻ നരകത്തെ കാക്കുന്ന കോട്ട മതിലാണ്‌
നോമ്പുകാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി
മലക്കുകൾ പാപ മോചനത്തിനായി പ്രാർത്ഥിക്കും.
നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാർത്ഥനക്ക് ഉത്തരം കിട്ടും.
നോമ്പുകാരന്‌ രണ്ടു സന്തോഷങ്ങളാണുള്ളത്;
ഒന്നു നോമ്പ് തുറക്കുമ്പോഴും
രണ്ടാമത്തേത് നാളെ തന്റെ നാഥനെ കണ്ടു മുട്ടുമ്പോഴും.

റയ്യാൻ എന്ന സ്വർഗ്ഗ കവാടത്തിലൂടെ നോമ്പുകാർ മാത്രമേ
അകത്തു കടക്കുകയുള്ളൂ..

നിരാശപ്പെടേണ്ട
സമയം വൈകിയിട്ടില്ല.
പുണ്യത്തിന്റെ പൂക്കാലത്തിലേക്ക് നടന്നടുക്കൂ..
എല്ലാ ആശംസകളും നേരുന്നു.

No comments :

Post a Comment