Saturday, August 7, 2010

റമളാൻ വരവേല്പ്പ് - ശൈഖ് ഖൈറുദ്ദീൻ വാഇലി



റമളാൻ
വരവേല്പ്പ്

ശൈഖ് ഖൈറുദ്ദീൻ വാഇലി
പദ്യ പരിഭാഷ: മമ്മൂട്ടി കട്ടയാട്.
(അമ്മയ്ക്കു നല്കുവാൻ ചെമ്മുള്ള ചേലകൾ... എന്ന രീതിയിൽ ചിട്ടപ്പെടുത്തിയത് - (ഒരുവിധം))

നീണ്ടൊരിടവേളയ്ക്കു ശേഷം വന്നെത്തി
വീണ്ടുമൊരു പുണ്യ റമളാൻ മാസം!!.

ഉൽബുദ്ധരായൊരു മാലോകരേ വര-
വേൽക്കുക വന്നീയതിഥിയെ നാം

ആയുസ്സിൻ വൃക്ഷത്തിൽ നിന്നൊരാണ്ടു കൂടി
പയ്യേയടർന്നു പോയുണരുക നാം.

നൈമിഷികമാമീ ജീവിതം മുകിലിന്റെ
നേർത്തൊരു നിഴലു പോൽ ശുഷ്കമല്ലോ!.

ദുരിതങ്ങളെല്ലാം സഹിക്കാൻ തയ്യാറായാൽ
പ്രതിഫലം നേടാം കണക്കില്ലാതെ.

അല്ലാഹു നേരിട്ടു നൽകും വ്രതമെടു-
ത്തെല്ലാം സഹിച്ചവർക്കേറെപ്പുണ്യം.

അവനു വേണ്ടി മാത്രമല്ലോ നോമ്പുകാര-
നവനിയിലെല്ലാം സഹിച്ചു പോന്നു.

സ്വർഗ്ഗത്തിനുള്ള റയ്യാനെന്ന വാതിലിൽ
സ്വർഗ്ഗത്തിൽ പുക്കും നോമ്പുകാർ മാത്രം.

ആവിയായ്ത്തീരുമപ്പകലിന്റെയുഷ്ണത്തെ
യവഗണിച്ചെല്ലാം സഹിച്ചതിനാ-
ലുടയവൻ നാളെയവർക്കു നരകത്തിൻ
ചൂടിൽ നിന്നും സരക്ഷണം നല്കും.

കൂടാതെ സൽസബീലെന്നൊരമൃതവും
കൂടെക്കുടിക്കുവാനായ് ലഭിക്കും.

പാപത്തെത്തടയുവാൻ കെല്പ്പുള്ളൊരു വമ്പൻ
പരിചയാണല്ലോ വിശുദ്ധ വ്രതം.

വ്യാമോഹങ്ങളെത്തുടലിട്ടു നിർത്തിസ്സ-
മൂഹത്തെ മോചിപ്പിക്കുമീ നോമ്പ്.

കൂട്ടു കുടുംബമയൽപക്കം, സൗഹൃദം
കൂട്ടിയിണക്കാത്തോർക്കില്ല വ്രതം.

ദുർന്നടപ്പും കള്ള സാക്ഷ്യവും കൊണ്ടു ദുഷ്-
ക്കർമ്മിയായ് തീർന്നോർക്കുമില്ല വ്രതം.

ഭക്തി സദാചാരമെന്നീ സൽക്കർമ്മത്തിൻ
വിദ്യാലയമാണെന്നും വ്രതങ്ങൾ!.

വീടു വിട്ടകലെപ്പാർക്കുന്നോർക്കെല്ലാമൊന്നായ്
കൂടുവാനുള്ളോരവസരവും,
ബന്ധുക്കൾക്കും സ്വന്തക്കാർക്കുമാമോദത്താൽ
ബന്ധപ്പെടാനുള്ള സന്ദർഭവും,
തന്നനുഗ്രഹിച്ചൊരുക്കുന്നു സ്നേഹ വി-
രുന്നൊരു വട്ടം കൂടിയീ മാസം.

നല്കും സമത്വത്തിൻ പാഠങ്ങളീ വ്രതം
നല്കാനും ത്യാഗത്തിനും ക്ഷണിക്കും.

പരുപരുത്ത യാഥാർത്ഥ്യങ്ങളെ നേരിട്ട്,
തരുമീ മാസം കരുത്തും ക്ഷമയും.


പശിയും പൈദാഹവും ക്ഷീണവുമല്ലാതെ
ശേഷമൊന്നും മിച്ചം വന്നീടാതെ
നിർഭാഗ്യവാന്മാരായ് തിരികെ മടങ്ങുന്ന
വർഗ്ഗത്തെയും കാണും
നോമ്പുകാരിൽ.

അന്ന പാനങ്ങളുമിച്ഛകളും വർജ്ജി-
ക്കുന്നവരെല്ലാം വ്രതക്കാരല്ല.

ത്യാഗീ വര്യന്മാരാമപ്രവാചകന്മാർ,
ഭാഗ്യവാന്മാരോരനുചരരും
കാണിച്ചു തന്ന വിശുദ്ധമായ വ്രത-
മാണു നമുക്കെന്നും വഴി വിളക്ക്

ദേഹവും ദേഹിയുമൊന്നിച്ചിരുന്നു പൈ-
ദാഹം സഹിച്ചവർ ധന്യരായി.

ഭൗതിക ലോകത്തോടുള്ള വിരക്തിയാൽ
നൈതികമായൊരു ലക്ഷ്യം നേടി.

പകലിൽ പൊരുതുമൊരശ്വ ഭടരവ-
രിരവിൽ സന്യാസികളായി മാറി.

നേരാം നമുക്കവർക്കെല്ലാമിന്നു നോമ്പു-
കാരെന്റെ പേരിലഭിവാദ്യങ്ങൾ

വേട്ടയ്ക്കൊരുങ്ങാമിനി
നമ്മൾക്കെല്ലാർക്കും
നേട്ടങ്ങൾക്കായ്....., നമോ വാകം നോമ്പേ,

3 comments :

  1. വിഡ്ഢിത്തം പറയല്ലേ,സോണ.ജി..വ്രതം തന്നെയാണ് ശരി.താങ്കൾ മലയാള പാഠാവലി വായിക്കുന്നതു നന്നായിരിക്കും.

    ReplyDelete
  2. താങ്ക്സ്, സോണാജീ
    “മോമ്പുകാരിൽ” എന്നത് തിരുത്തിയിട്ടുണ്ട്.

    ReplyDelete