Tuesday, February 9, 2010

രക്ത സാക്ഷികൾ- ഗാസി അൽ ഗുസെയ്ബി



ഗാസി അൽ ഗുസെയ്ബി
(സഊദി അറേബ്യ)
ജനനം: 1940
വിദ്യാഭ്യാസം:
നിയമ ബിരുദം: കൈറോ യൂണിവേർസിറ്റി - 1961
യൂനിവേർസൽ റിലേഷൻ - മാസ്റ്റർ ബിരുദം: സൗത്ത്‌ കാലിഫോർണിയ യൂനിവേർസിറ്റി. -1964
അന്താരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റ്‌ - ലണ്ടൻ യൂനിവേർസിറ്റി. 1970
-------------------------------------------------------------------

മുസ്‌ലിം ലോകത്തെ മനുഷ്യാവകാശ ലംഘനങ്ങൾ കാണുമ്പോൾ ഈ അറബു നാടുകളിലെ, പ്രത്യേകിച്ച്‌ സഊദി അറേബ്യയിലെ സാഹിത്യകാരന്മാരെല്ലാവരും മണ്ടന്മാരാണെന്നും അവർ കൈയും കെട്ടി നോക്കി നിൽക്കുകയാണെന്നും പലപ്പോഴും നമ്മിൽ പലരും ധരിച്ചു വെക്കാറുണ്ട്‌. എന്നാൽ അതൊരു തെറ്റായ ധാരണയാണെന്ന് താഴെ കാണുന്ന ഒരൊറ്റ കവിത വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും.
സഊദി അറേബ്യയിലെ പ്രശസ്തനായ കവിയും രാഷ്ടീയക്കാരനുമായ ഡോ: ഗാസി അൽ ഗുസെയ്ബിയാണ്‌ ഈ കവിതയുടെ രചയിതാവ്‌. ഈ കവിതയെഴുതിയ ഒറ്റക്കാരണത്താൽ തന്നെ ബ്രിട്ടന്റെ അംബാസഡർ പദവിയിൽ നിന്നും സഊദി ജല വിഭവ വകുപ്പ്‌ മന്ത്രി പദവിയിലേക്ക്‌ അദ്ദേഹത്തെ നീക്കം ചെയ്യപ്പെട്ടു. അമേരിക്കയുടെ ശക്തമായ സമ്മർദ്ധം കൊണ്ടാണ്‌ ഇങ്ങനെ ചെയ്യപ്പെട്ടത്‌ എന്നത്‌ രഹസ്യമായ ഒരു പരസ്യമാണ്‌.
2002 ഏപ്രിലിൽ ഇസ്രയേലിൽ വെച്ച്‌ സ്വയം പൊട്ടിത്തെറിച്ച്‌ രക്തസാക്ഷിയായ ആയാത്തുൽ അഖ്‌റസ്‌ എന്ന 18 വയസ്സുകാരിയായ പാലസ്തീൻ പെൺകുട്ടിയെ സ്മരിച്ചു കൊണ്ടെഴുതിയതായിരുന്നു ഈ കവിത. ആ സംഭവത്തിൽ രണ്ട്‌ ജൂത സൈനികർ കൊല്ലപ്പെട്ടിരുന്നു.

"രക്ത സാക്ഷികൾ"
ഗാസി അൽ ഗുസെയ്ബി

അല്ലാഹു സാക്ഷി!
നിങ്ങളാകുന്നു രക്തസാക്ഷികൾ!!
അമ്പിയാക്കളും ഔലിയാക്കളും അതു സാക്ഷ്യപ്പെടുത്തുന്നു.

ഇസ്‌റാഅ്(1) കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട കുന്നിൻ പുറങ്ങളിൽ
എന്റെ നാഥന്റെ വചനം വാഴ്ത്തപ്പെടാനായി
വീര ചരമം പ്രാപിച്ചവരാകുന്നു നിങ്ങൾ.

നിങ്ങൾ ചവേറുകളായി ആത്മഹത്യ ചെയ്തുവെന്ന്
ആരാണു പറഞ്ഞത്‌?
ജീവിച്ചിരിക്കെ തന്നെ മരിച്ചവർ ഞങ്ങളാണ്‌.

ജനങ്ങളേ, നമ്മളാണു മൃത്യു വരിച്ചവർ!
നമ്മളെക്കുറിച്ചുള്ള വിലാപ കാവ്യങ്ങൾ
നിങ്ങൾ കേൾക്കുന്നില്ലേ?

നമ്മൾ ദുർബ്ബലർ!.
ദൗർബ്ബല്യം പോലും നമ്മളെക്കുറിച്ചു പരാതി പറയുന്നു.

നമ്മൾ നിലവിളിക്കുന്നു;
നിലവിളികൾക്കു പോലും നമ്മോടു പുച്ഛമാണ്‌.

നമ്മൾ തലകുനിച്ചു കൊടുത്തു;
വിധേയത്ത്വത്തിനു പോലും നമ്മോടു വെറുപ്പാണ്‌,

നമ്മൾ പ്രത്യാശ പ്രകടിപ്പിച്ചു;
പ്രത്യാശ പോലും നമ്മോടു സഹായം ചോദിക്കുന്നു.

ഹൃദയം മുഴുവൻ ഇരുട്ടു നിറഞ്ഞ
വെളുത്ത ഭവനത്തിലെ(2) വിഗ്രഹങ്ങൾക്കു മുമ്പിലേക്ക്‌
നമ്മൾ നമ്മളെത്തന്നെ എറിഞ്ഞു കൊടുത്തു

നമ്മൾ ഷാറൂണിന്റെ(3) ചെരിപ്പുകൾ നക്കിക്കൊടുത്തു;
അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു:
"എയ്‌, പതുക്കെ.. നിങ്ങളെന്റെ ചെരിപ്പ്‌ കീറിക്കളയരുത്‌.

ജനങ്ങളേ,
നമ്മൾ നേരത്തേ മരിച്ചവർ!!
മണ്ണ്‌ നമ്മെ സ്വീകരിക്കാൻ
ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രം.

ആയാതുൽ അഖ്‌റസ്‌ എന്ന പെൺകൊച്ചിനോട്‌ നീ പറയൂ:
"പടക്കളത്തിലെ മണവാട്ടീ
എല്ലാ പുണ്യങ്ങളും നിന്റെ മിഴിയിണകളിൽ
ഞാനിതാ സമർപ്പിക്കുന്നു" എന്ന്.

നമ്മുടെ പ്രമാണി വർഗ്ഗങ്ങളിലെ വിത്തുകാളകളുടെ
വരിയുടയ്ക്കപ്പെട്ടപ്പോൾ
ആ സുന്ദരിപ്പെണ്ണ്‌ കുറ്റവാളിയുടെ നേരെ
ചീറിയടുക്കുകയായിരുന്നു.

മൃത്യു അവളെ വാരിപ്പുണർന്നപ്പോഴും
അവൾ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.

നമ്മുടെ നേതാക്കളോ മരണത്തെപ്പേടിച്ച്‌
ഒടിപ്പോവുകയുമായിരുന്നു.

സ്വർഗ്ഗ വാതിലുകൾ അവൾക്കു വേണ്ടി തുറന്നു,
അവൾ മന്ദഹസിച്ചു,
ഫാതിമാ ബീവി(4) അവളെ വന്നു സ്വീകരിച്ചു

ഫത്‌വകൾ ഭംഗിയായി
എഴുതിപ്പിടിപ്പിക്കുന്നവരോട്‌ നിങ്ങൾ പറയൂ..
'എത്രയോ ഫത്‌വകളെ നോക്കി
ആകാശങ്ങൾ അലമുറയിട്ടിട്ടുണ്ട്‌' എന്ന്.

വീര സമരത്തിനായുള്ള ആഹ്വാനങ്ങൾ വരുമ്പോഴെല്ലാം
മഷിയും, ഗ്രന്ഥങ്ങളും പണ്ഡിതന്മാരും
നിശബ്ദരാവുകയും ഭയപ്പെടുകയും ചെയ്യുന്നു.

യുദ്ധ ഭൂമിയിൽ ഫത്‌വകളില്ല.
പോരാട്ട നാളിലെ ഫത്‌വ രക്തം മാത്രമാകുന്നു.
-----------------------------------------------------------------
1. പ്രവാചകന്റെ ആകാശാരോഹണം
2. വെളുത്ത ഭവനം: വൈറ്റ്‌ ഹൗസ്‌.
3. ഷാറൂൺ - ഇസ്‌റയേൽ പ്രധാന മന്ത്രി
4. ഫാതിമതു സഹ്‌റാ: പ്രവാചക പുത്രി.
-----------------------------------------------------------------

1 comment :

  1. ഈ കവിത വായിക്കും വരെ താങ്കള്‍ പറഞ്ഞ പോലെ
    സൗദി കവികളെ പറ്റി അങ്ങനെ തന്നെ ആണു ഞാന്‍ ധരിച്ചു വച്ചിരുന്നതു..

    ഹൃദയത്തില്‍ കൂരംബു പോലെ തറക്കുന്ന വരികള്‍..

    പലസ്തീനിയന്‍ കവിതകള്‍ എന്നൊരു പുസ്തകം വളരെ മുന്‍പ് വായിച്ചതോര്‍ക്കുന്നു..
    ഒപ്പം "പലസ്തീന്‍" എന്ന സചിത്ര പുസ്തകത്തിലെ
    ദാരുണ രംഗങ്ങള്‍ കണ്ടു കരഞ്ഞു പോയതും...

    ഈ വിവര്‍ത്തനങ്ങളും പോരാട്ടത്തിന്റെ ഒരു ഭാഗം തന്നെയാണു..
    ആശംസകളോടെ.

    ReplyDelete