Tuesday, April 7, 2009

ഉമ്മയുടെ ഹൃദയം

ഉമ്മയുടെ ഹൃദയം.
രചയിതാവ്‌ ആരെന്നറിയാത്ത ഒരറബിക്കവിതയുടെ മൊഴി മാറ്റം
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌

പാമരനായ ഒരു ചെറുപ്പക്കാരനോട്‌
അയാൾ പറഞ്ഞു:
"നിന്റെ മാതാവിന്റെ ഹൃദയം പറിച്ചെടുത്ത്‌
എനിക്കു കൊണ്ടു വന്നു തരൂ,
ഞാൻ നിനക്ക്‌ മുത്തും പവിഴവും
സ്വർണ്ണ നാണയങ്ങളും തരാം".

അയാൾ ഊരിപ്പിടിച്ച കഠാരയുമായി ചെന്ന്
മാതാവിന്റെ നെഞ്ചു കീറി
ഹൃദയം പുറത്തെടുത്തു.

ധൃതിയിൽ ഓടി വരുന്നതിനിടെ
കാലിടറി നിലത്തു വീണ അയാളുടെ കയ്യിൽ നിന്നും
ഹൃദയം തെറിച്ചു താഴെപ്പോയി.
മണ്ണു പുരണ്ട ഹൃദയം അയാളോട്‌ ചോദിച്ചു;
"മകനേ, നിനക്കെന്തെങ്കിലും പറ്റിയോ?"

ഈ രംഗം കണ്ടു നിന്ന ആകാശം
കൊടും കോപത്തോടെ അയാളെ നോക്കി.
മനുഷ്യനു തോന്നാത്ത ദയ അപ്പോൾ
ആകാശത്തിനു തോന്നി
മഴ ചൊരിച്ച്‌ ആകാശം
മണ്ണു പുരണ്ട ഹൃദയത്തെ കഴുകി വൃത്തിയാക്കി.

കുറ്റബോധം തോന്നിയ ചെറുപ്പക്കാരൻ
മാനവർക്കു മുഴുവൻ ദൃഷ്ടാന്തമാവാൻ
സ്വയം കുത്തി മരിക്കാൻ കഠാര വലിച്ചൂരി.
ഒരിക്കലും പൊറുക്കാത്ത പാപം ചെയ്തതിന്‌
എന്നെ ശിക്ഷിക്കൂ എന്ന് അട്ടഹസിച്ചു.
അപ്പോൾ നിലത്തു കിടന്ന മാതാവിന്റെ ഹൃദയം
ഇങ്ങനെ വിളിച്ചു പറഞ്ഞു:
"അരുത്‌ മകനേ, അരുത്‌,
നീ എന്റെ ഹൃദയത്തെ രണ്ടാമതും
കശാപ്പു ചെയ്യരുത്‌".

1 comment :

  1. valare nannayirikunnu marubhumiyile kadum chudiil alpam elam kattuvannu kulurmayeki kadannu pokum pole kavitha aswadichu nannayirikunnu vivarthanam
    grkaviyoor@gmail.com

    ReplyDelete