Saturday, August 30, 2008

മഹ്മൂട്‌ ദർവിശ്‌മഹ്മൂദ്
ദർവിശ്‌
അറബ്
ലോകത്തെ, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി ആരാകുന്നു എന്ന്‍ ചോദിച്ചാല്‍ ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതു വരെ നമുക്ക് പറയാനുണ്ടായിരുന്നത് മഹ്മൂദ് ദര്‍വീഷ് എന്നായിരുന്നു. സാമ്രാജ്യ്ത്വത്ത്തിന്നെതിരെയും അധിനിവേശത്തിനെതിരേയും നിരന്തരമായി പോരാടിയ പാലസ്തീന്‍ കവി തന്റെ അരുപത്തിയെഴാം വയസ്സില്‍ ഹൃദയ ശസ്ത്ര ക്രിയയെ തുടര്‍ന്ന്‍ അന്തരിച്ചു.
അദ്ദേഹത്തിന്‍റെ പ്രശസ്തമായ കവിത "ആശികും മിന്‍ പാലസ്തീന്‍ / പാലസ്തീനില്‍ നിന്നും ഒരു കാമുകന്‍ " താഴെ കൊടുക്കുന്നു.

പാലസ്തീനിൽ നിന്നും ഒരു കാമുകൻ
മഹ്മൂട്‌ ദർവിശ്‌
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.
---------------------------
എന്റെ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന
മുള്ളുകളാകുന്നു നിന്റെ കണ്ണുകൾ
ഞാനവയെ പൂജിക്കുന്നു
കാറ്റു കൊള്ളാതെ സംരക്ഷിക്കുന്നു,
നോവുകളുകളുടെയും
ഇരവുകളുടെയും പിന്നിൽ
ഞാനവയെ മൂടി വെക്കുന്നു.
അവയുടെ മുറിവുകൾ വിളക്കുകളുടെ
ജ്വാലകൾക്ക്‌ വെളിച്ചം നൽകുന്നു
എന്റെ ഇന്നുകളെ നാളെകളാക്കി മാറ്റുന്നു.
എന്റെ ആത്മാവിനേക്കാൽ
നീ എനിക്കു പ്രിയപ്പെട്ടവൾ

വാതിലുകൾക്കു പിന്നിൽ പണ്ട്‌
നാം രണ്ടു പേരായിരുന്നു എന്ന കാര്യം
പരസ്പരം കണ്ടു മുട്ടുമ്പോൾ
ഞാൻ മറന്നു പോകുന്നു.

നിന്റെ വാക്കുകൾ സംഗീതമാകുന്നു
ഞാനവയെ പാടാൻ ശ്രമിക്കുന്നു
പക്ഷെ വസന്തത്തെ ശൈത്യം കീഴടക്കിക്കളയുകയാണ്‌.
നിന്റെ വാക്കുകൾ കുരുവിയെപ്പോലെ
എന്റെ വീട്ടിൽ നിന്നും പറന്നു പോയി
ഞങ്ങളുടെ വീടിന്റെ കവാടവും
മഞ്ഞുവീണ പൂമുഖപ്പടിയും കടന്ന്‌
നിനക്കു പിന്നാലെ അതിനിഷ്ടപ്പെട്ട വഴിയേ
എങ്ങോട്ടേക്കോ പാറിപ്പോയി.
ഞങ്ങളുടെ കണ്ണാടികൾ ഉടഞ്ഞു പോയി
ദു:ഖം കരകവിഞ്ഞൊഴുകി
ചിതറിപ്പോയ ശബ്ദങ്ങൾ
ഞങ്ങൾ ഒരുമിച്ചു കൂട്ടി
എന്നിട്ടും ഫലമുണ്ടായില്ല.
ഞങ്ങൾക്കെല്ലാം മറന്നു പോയി.
സ്വന്തം നാടിന്റെ ചരമഗീതങ്ങളല്ലാതെ
ഞങ്ങൾക്കൊന്നും വഴങ്ങുന്നില്ല.

ഗിറ്റാറിന്റെ മാറിടത്തിൽ
അവ ഞങ്ങൾ വിതയ്ക്കും
ഞങ്ങളുടെ ദുരന്തങ്ങളുടെ
മേൽക്കൂരകളിൽ കയറി നിന്ന്‌
അംഗ ഭംഗം വന്ന ചന്ദ്രികക്കു മുമ്പിലും
ശിലകൾക്കു മുമ്പിലും വെച്ച്‌
ഞങ്ങളവയെ ആലപിക്കും

എന്നിട്ടും ചില മറവികൾ
എന്നെ അലട്ടുന്നു.

ശബ്ദങ്ങൾ നഷ്ടപ്പെട്ടവനേ,
നിന്റെ വേർപാടാണോ
അതോ എന്റെ നിശബ്ദതയാണോ
ഗിറ്റാറുകളെ തുരുമ്പ്‌ പിടിപ്പിച്ചതു?

ഇന്നലെ നിന്നെ ഞാൻ
തുറമുഖത്ത്‌ വെച്ച്‌ കണ്ടിരുന്നു
കൂടെ ആരും ഉണ്ടായിരുന്നില്ല
കയ്യിൽ പൊതിച്ചോറു പോലും കണ്ടില്ലല്ലോ

അനാഥനെപ്പോലെ ഞാൻ
നിന്റെയടുത്തേക്ക്‌ ഓടി വന്നു
മുത്തച്ഛന്റെ വാത്സല്യത്തോടെ
ഞാൻ നിന്നോട്‌ ചോദിച്ചു:
എന്തിനാണ്‌
ഹരിതവർണ്ണങ്ങൾ പേറി നിൽക്കുന്ന
ഓർക്കിട്‌ ചെടികളെ
അവർ തടവറകളിലേക്കും
അഭയാർത്ഥിക്കേമ്പുകളിലേക്കും,
തുറമുഖങ്ങളിലേക്കും
തെളിച്ചു കൊണ്ടു പോകുന്നത്‌?
പ്രതികൂല സാഹചര്യത്തിലും
എന്തു കൊണ്ടാണ്‌ നിന്റെ പച്ചപ്പ്‌
ഇപ്പോഴും ഇങ്ങനെ നില നിൽക്കുന്നത്‌?

ഞാനെന്റെ ഡയറിയിലെഴുതി:
മധുര നാരങ്ങയെ
ഞാൻ ഇഷ്ടപ്പെടുന്നു
തുറമുഖങ്ങളെ ഞാൻ വെറുക്കുന്നു
ഇതും കൂടി ഞാൻ എഴുതി:
തുറമുഖത്ത്‌ ഞാൻ നിന്നു
ശിശിരത്തിലെ തെളിനീരുകൾ ഭൂമിയ്ക്ക്‌
നാരങ്ങയുടെ തൊലികൾ മാത്രം ഞങ്ങൾക്കും
എന്റെ പിന്നിൽ അനന്തമായ മരുഭൂമിയും

മുള്ളുകൾ നിറഞ്ഞ മലമുകളിലേക്കും
വിജനമായ പ്രദേശങ്ങലേക്കും
ആടുകളില്ലാത്ത ഇടയനായി
നിന്നെ ആട്ടിയോടിക്കപ്പെട്ടത്‌ ഞാൻ കണ്ടു.
നീ എന്റെ പൂവാടിയായിരുന്നു
ഞാനൊരു പരദേശിയും
കരളേ,
ഞാൻ നിന്റെ വാതിലിൽ മുട്ടി
വാതിലും ജനാലകളും
സിമന്റും കല്ലും
എന്റെ ഹൃദയത്തിൽ പ്രകമ്പനം തീർത്തു.

ഗോതമ്പും വെള്ളവും നിറച്ച കുഴികളിൽ വീണ്‌
തകർന്നു തരിപ്പണമായതായി
ഞാൻ നിന്നെ കണ്ടു
നിശാ ക്ലബ്ബുകളിൽ
വേലക്കാരിയായി ജോലി ചെയ്യുന്നതും
ഞാൻ കണ്ടു.


കണ്ണു നീരിന്റെയും
മുറിവുകളുടെയും ജ്വാലകളിലും
നിന്നെ ഞാൻ കണ്ടെത്തി
എന്റെ നെഞ്ചിൻ കൂടിലെ
മറ്റൊരാമാശയമാകുന്നു നീ
നീ എന്റെ ചുണ്ടുകളിലെ
ശബ്ദമാകുന്നു
നീ വെള്ളവും വെളിച്ചവുമാകുന്നു

ഗുഹാ മുഖത്ത്‌ വെച്ച്‌ ഞാൻ നിന്നെ കണ്ടു
തീക്കൂനയ്ക്കടുത്ത്‌
നിന്റെ മക്കളുടെ വസ്ത്രങ്ങൾ
ഉണങ്ങാൻ കെട്ടിത്തൂക്കിയതും
ഞാൻ ശ്രദ്ധിച്ചു.

അടുപ്പിനടുത്തും
പാതയോരത്തും
കൃഷിയിടങ്ങളിലും
സൂര്യകിരണങ്ങളിലും
അനാഥരുടെയും
അശണരുടെയും സംഗീതങ്ങളിലും
കടലിന്റെ ഉപ്പിലും
മണൽ കാട്ടിലും
നിന്നെ ഞാൻ കണ്ടു.

നീ ഭൂമിയെപ്പോലെ
കുഞ്ഞുങ്ങളെപ്പോലെ
മുല്ലപ്പൂ പോലെ
സുന്ദരിയായിരുന്നു

ഞാൻ ശപഥം ചെയ്യുന്നു
കൺപീലികൾ കൊണ്ട്‌
ഞാൻ നിനക്കൊരു തൂവാല നെയ്തു തരാം
നിന്റെ മിഴികൾക്കായി
ഞാനതിലൊരു കവിതയെഴുതാം
-
രക്തസാക്ഷികളേക്കാളും
ചുംബനങ്ങളേക്കാളും
വിലപിടിച്ച ഒരു വാക്യവും
ഞാനതിൽ കൊത്തിവെയ്ക്കാം
"
നീ പണ്ടും പാലസ്തീനായിരുന്നു
ഇനിയെന്നും പാലസ്തീൻ തന്നെയായിരിക്കും'

കൊടുങ്കാറ്റുകളടിച്ചു വീശുന്ന ഒരു രാത്രി
ജാലകം തുറന്ന്‌ ഞാൻ പുറത്തേക്ക്‌ നോക്കിയപ്പോൽ
നിശയിൽ ക്രൂശിക്കപ്പെട്ട
ചന്ദ്രികയെ കണ്ടു.
ഞാൻ രാവിനോടു പറഞ്ഞു
"
ഇന്ന്‌ എന്റെ ഊഴം"
മതിലുകൾക്കും രാവുകൾക്കുമപ്പുറം
വെളിച്ചങ്ങൾക്കും വാക്കുകൾക്കുമൊപ്പം
നമുക്കിടയിൽ ചില കരാറുകളുണ്ടായിരുന്നു.

നിത്യ കന്യകയായ നീ
എന്റെ പൂങ്കാവനമാകുന്നു

ഞങ്ങളുടെ സംഗീതങ്ങൾ
ഖഠ്ഗങ്ങളായി മാറുമ്പോഴെല്ലാം
നീ കോതമ്പു മണി പോലെ പരിശുദ്ധയായിരുന്നു

ഞങ്ങളുടെ സംഗീതങ്ങൾ
കൃഷിയ്ക്കായുള്ള വളമാകുമ്പോൾ
നീ ഹൃദയത്തിൽ
ഒരീത്തപ്പനയായി നിലകൊണ്ടിരുന്നു

ഒരു കോടാലിക്കും
ഒരു മഴുവിനും
നിന്നെ മുറിച്ചുവീഴ്ത്താൻ കഴിഞ്ഞില്ല
കാനനങ്ങളുടെയും
മരുഭൂമികളുടെയും
കരാള ഹസ്തങ്ങൾക്ക്‌
നിന്റെ ശിഖരങ്ങളെ
അടർത്താൻ കഴിഞ്ഞില്ല

പക്ഷേ ഞാൻ
മതിലുകൾക്കും
കവാടങ്ങൾക്കും പിന്നിൽ
ഒറ്റപ്പെട്ടു കഴിയുകയാണ്‌
എന്നെ നിന്റെ കൺപീലികൾക്കിടയിലൊളിപ്പിക്കാമോ?
നീ പോകുന്നിടത്തേക്കെല്ലം
എന്നെയും കൊണ്ടു പോകാമോ?

മുഖശ്രീയും
ശരീര കാന്തിയും
ഹൃദയത്തിന്റെ പ്രകാശവും
കണ്ണിന്റെ വെളിച്ചവും
റൊട്ടിയുടെയും
ഇശലുകളുടെയും ഉപ്പുരസവും
ഭൂമിയുടെയും
നാടിന്റെയും രുചിയും
എനിക്കു തിരിച്ചു തരാമോ,

നിന്റെ കണ്ണിമകളിൽ രാപ്പാർക്കാൻ
എന്നെ നിനക്കു സ്വീകരിച്ചാലെന്താണ്‌?.

നഷ്ടങ്ങളുടെ കൂരകളിൽ
സ്മാരകശിലയായി എന്നെ സഥാപിക്കുക
ദുരന്തങ്ങളുടെ പദയാത്രകളിൽ
ഒരു നോക്കു കുത്തിയായി എന്നെ
പ്രതിഷ്ഠിക്കുക.

ഒരു കളിപ്പാട്ടമായി
തലമുറകൾക്ക്‌
സ്വന്തം ഗൃഹങ്ങളിലേക്ക്‌ വഴി കാണിക്കുന്ന
വിശുദ്ധ ഗേഹത്തിലെ
ഒരു ശിലയായി
എന്നെ നീ തിരഞ്ഞെടുത്താലും.!

നിന്റെ മിഴിയിണകൾ പാലസ്തീനാകുന്നു
നിന്റെ പേരും
നിന്റെ സ്വപ്നങ്ങളും
നിന്റെ ദുഃഖങ്ങളും
നിന്റെ തൂവാലയും
നിന്റെ പാദങ്ങളും, മേനി മൊത്തവും
നിന്റെ വാക്കുകളും മൗനങ്ങളും
നിന്റെ തുടക്കവും ഒടുക്കവും
എല്ലാം പാലസ്തീനാകുന്നു.

എന്റെ കവിതയുടെ അഗ്നിസ്ഫുലിംഗങ്ങൾ
പഴയ ഏടുകളിൽ
ഞാനിതാ നിനക്കായി കൊണ്ടു വന്നിരിക്കുന്നു
കൂടെക്കരുത്തിയ പൊതിച്ചോറും
ഇതിൽ വച്ചിട്ടുണ്ട്‌.

മലഞ്ചെരിവുകളിൽ വെച്ച്‌
നിനക്കായി ഞാൻ അട്ടഹസിച്ചു
പടനിലങ്ങൾ മാറി മറഞ്ഞാലും
ശത്രുസൈന്യത്തിന്റെ കുളമ്പടികൾ
എനിക്കു നാന്നായി തിരിച്ചറിയാം

സൂക്ഷിക്കുക
എന്റെ സംഗീതങ്ങളിലെ
ഇടിമുഴക്കങ്ങളെ സൂക്ഷിക്കുക

ഞാൻ പരാക്രമിയായ അശ്വ ഭടൻ
വിഗ്രഹ ഭഞ്ജകൻ

ശാമിന്റെ അതിരുകളിൽ ഞാൻ
എന്റെ കാവ്യം വിതച്ചിട്ടുണ്ട്‌
അവ കഴുകന്മാർക്ക്‌ ജന്മം നൽകും

ശത്രുമധ്യത്തിൽ വെച്ച്‌
നിന്റെ പേരു ചൊല്ലി ഞാൻ അട്ടഹസിച്ചു
ഞാൻ ഉറങ്ങുമ്പോൾ
പുഴുക്കൾക്ക്‌ എന്റെ മാംസം ഭക്ഷിക്കാം.
പക്ഷേ ഉറുമ്പിന്റെ മുട്ടകൾക്ക്‌
പരുന്തുകളെ വിരിയിക്കാൻ കഴിയില്ല.
പാമ്പിന്റെ മുട്ടത്തോടിനുള്ളിൽ
സർപ്പങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്‌

ശത്രുവിന്റെ കുളമ്പടികൾ
എനിക്കു മനസ്സിലാകുന്നുണ്ട്‌
അതിനോക്കെ മുമ്പ്‌
ഞാൻ കരുത്തനായ ഒരു യുവാവാണെന്നും
ഒരശ്വ ഭടനാണെന്നും
എനിക്കു നല്ല ബോധ്യവുമുണ്ട്‌.
----------------------
റീത്തയും തോക്കും.
മഹ്മൂട്‌ ദർവീശ്‌
വിവ്‌. മമ്മൂട്ടി കട്ടയാട്‌.

റീത്തയ്ക്കും
എന്റെ കണ്ണുകൾക്കും ഇടയിൽ
ഒരു തോക്ക്‌ നിലയുറപ്പിച്ചിട്ടുണ്ട്‌.

റീത്തയെ അറിയുന്നവരെല്ലാം
അവളുടെ തേനൂറും കണ്ണുകളിലെ
പ്രതിഷ്ഠയ്ക്കു മുന്നിൽ
തലകുനിക്കുകയും
നമിക്കുകയും ചെയ്യുന്നു.

ചെറുപ്പത്തിൽ ഞാൻ
റീത്തയെ ചുംബിച്ചിട്ടുണ്ട്‌.
അവളെങ്ങനെ എന്നോട്‌
ഒട്ടിച്ചേർന്നുവേന്നും
അവളുടെ കാർകൂന്തലുകൾ
എന്റെ കൈത്തണ്ടകളെ
ചുറ്റിപ്പിണഞ്ഞതെങ്ങനെയെന്നും
ഞാൻ നന്നായി ഓർക്കുന്നു.

കിളികൾ അരുവികളെ
തിരിച്ചറിയുന്നതു പോലെ
ഞാൻ റീത്തയെ ഓർമ്മിച്ചെടുക്കുന്നു

കഷ്ടം!!
ലക്ഷക്കണക്കിന്‌
കിളികളുടെയും ചിത്രങ്ങളുടെയും
സംഗമങ്ങളുടെയും
ഇടയിൽ വെച്ച്‌
തോക്ക്‌ അവൾക്കു നേരെ
കാഞ്ചി വലിച്ചു.

റീത്തയുടെ നാമം
എന്റെ ചുണ്ടുകളിലെ ഉത്സവമായിരുന്നു
റീത്തയുടെ മേനി
എന്റെ രക്തത്തിലെ മംഗല്യമായിരുന്നു
പക്ഷേ, റീത്തയെ
എനിക്കു രണ്ടു വർഷമായി
നഷ്ടപ്പെട്ടിരിക്കുകയാണ്‌.
രണ്ടു വർഷം അവളെന്റെ
കൈത്തണ്ടകളിൽ കിടന്നു മയങ്ങി
മനോഹരമായ ചഷകങ്ങളെ
സാക്ഷി നിർത്തി
ഞങ്ങൾ കരാറുണ്ടാക്കി
ചുണ്ടുകൾക്കിടയിലെ
വീഞ്ഞുകളിൽ
ഞങ്ങൾ കരിഞ്ഞില്ലാതെയായി
അങ്ങനെ ഞങ്ങൾ
ഒരിക്കൽ കൂടി
പുനർജ്ജനിച്ചു

റീത്തയ്ക്കും എനിക്കും
ഇടയിൽ
ഒരു തോക്ക്‌ ഇപ്പോഴും
നിലയുറപ്പിച്ചിട്ടുണ്ട്‌

--------------------------

No comments :

Post a Comment