Tuesday, January 14, 2014

ബുർദ: മലയാള പദ്യാവിഷ്കാരം

_p-ÀZ:
aebmf ]ZymhnjvImcw
മമ്മൂട്ടി കട്ടയാട്.
www.burdakattayad.blogspot.com

ദൂസലാമിലെ അയല്‍വാസികളെയോര്‍ത്തതോ;
വത്സലേ കണ്ണീരില്‍ നീ ചോര ചാലിച്ചീടുന്നു?
കാദിമായില്‍ നിന്നെന്തേ കാറ്റു വീശിയോ രാവി-
ലിദമില്‍ നിന്നും മിന്നലൊളികള്‍ തിളങ്ങിയോ?
മതിയെന്നുരയ്ക്കവേ കണ്ണുകളൊഴുകുന്നു
ഹൃദമതു കേള്‍ക്കേ പരിഭ്രാന്തനാകുന്നു.
തപിക്കും കരളിനും കണ്ണുനീരിനും മധ്യേ-
യന്‍പിനെയൊതുക്കുവാനനുരാഗിക്കാവുമോ?
'ബാന്‍' മരത്തേയും 'അലം' മലയേയുമോര്‍ത്തില്ലേല്‍
ഭിത്തിയില്‍ തല ചേര്‍ത്തു കരയില്ലല്ലോ നീയും.
വ്യാധിയും കണ്ണുനീരുമെതിരെ വാദിയ്ക്കവേ;
വെറുതെയെന്തിന്നനുരാഗ നിഷേധം സഖേ?.
കവിളില്‍ കരച്ചിലും ക്ഷീണവും പനിനീരി-
ന്നതളു പോലെ രണ്ടു പാടു തീര്‍ത്തതില്ലയോ.
സ്‌നേഹമാ സ്വരൂപമെന്നുറക്കം കെടുത്തുന്നു,
'പ്രേമമാനന്ദങ്ങളെ നോവലിനാലരിയുന്നു'.
തീവ്ര രാഗത്താലെന്നിലപരാധം കാണുവോ-
രവ്വിധം ചെയ്യില്ലല്ലീ നീതിമാന്മാരാണെങ്കില്‍.
മറച്ചു പിടിക്കുവാന്‍ വയ്യെനിക്കെന്‍ രഹസ്യ-
മറിയാം നിനക്കെന്റെ വ്യാധി മാറില്ലായെന്നും.
നിഷഌങ്കമായ നിന്‍ വാക്കു കേള്‍ക്കാനെനിക്കു
ശേഷിയില്ല,നുരാഗി ബധിരനല്ലോയെന്നും.
നരയെവിശ്വസിച്ചേന,തുമുഴുവന്‍ മുന്‍
ധാരണയില്‍ നിന്നെല്ലാമകലെയെന്നാകിലും.
തിന്മ തന്നുപാസകനെന്റെയാത്മാവു നര
തന്ന വാര്‍ദ്ധക്യത്തിനാല്‍ പാഠവും പഠിച്ചീല.
എന്‍ ശിരസ്സിലഭയം തേടിയൊരതിഥിയെ
വന്‍ വിരുന്നൊരുക്കി ഞാനാദരിച്ചതുമില്ല.
അവഗണനയായിപ്പോകുമെന്നറിഞ്ഞെങ്കി-
ലവയെച്ഛായം പൂശി മറച്ചു വെച്ചേനേ ഞാന്‍.
കടിഞ്ഞാണ്‍ കൊണ്ടശ്വത്തെ നിയന്ത്രിച്ചിടുന്നപോല്‍
തടഞ്ഞു നിര്‍ത്തുമാരെന്നാത്മാവില്‍ ശൗര്യങ്ങളെ?
തെറ്റുകള്‍ കൊണ്ടാത്മാവിന്നിഛകളകറ്റുവാന്‍
പറ്റുകില്ല,ന്നങ്ങളാലാശകളേറിടുന്നു.
കുഞ്ഞിനെപ്പോലെയാണാത്മാവുകള്‍ മുലകുടി
കുഞ്ഞുനാളിലേ നിര്‍ത്താതിരുന്നാല്‍ കുഴങ്ങീടും.
കരുതിയിരിക്കണമിഛകള,വ നമ്മെ-
കുരുതി കൊടുത്തീടും മാനവും കളഞ്ഞീടും.
സുകൃതങ്ങളില്‍ മേയുന്നേരവും ശ്രദ്ധിക്കേണം.
പ്രകൃതം മധുരമായ് മാറവേ ബന്ധിക്കേണം.
കൊഴുപ്പില്‍ പാഷാണമുണ്ടെന്നറിയാതെ കൊന്നു
കുഴപ്പമുണ്ടാക്കുന്നതെത്രയാണാനന്ദങ്ങള്‍.
വിശപ്പുമമിതമാം ഭോജനവും ജാഗ്രതൈ;
പശിയജീര്‍ണ്ണങ്ങളേക്കാളപായമാണു പോല്‍!.
കണ്ണുനീരിനാല്‍ പാപം കഴുകിക്കളയുക;
ഖേദമാം കവചത്തിലഭയം തേടീടുക;
സ്വശരീരവും പിശാചിവ തന്നുപദേശം
പിശകാണാത്മാര്‍ത്ഥമെന്നാകിലും വഴിപ്പെടാ.
വാദിയോ വിധികര്‍ത്താവാകിലോ രണ്ടിനേയു-
മേതിലും നമ്പിക്കൂടെന്നറിയുന്നല്ലോ നീയും.
ദണ്ഡനമരുത'ള്ളാ കര്‍മ്മമില്ലാ വാക്കിനു,
ഷണ്ഡനുണ്ണികള്‍ പിറന്നെന്നു ഞാന്‍ പറഞ്ഞുപോയ്.
നല്ലതുരിയാടും ഞാന്‍ കേള്‍ക്കയില്ലതു, പിന്നെ
ചൊല്ലുവതിലെന്തര്‍ത്ഥം 'നേരെ നീ നടാ' യെന്ന് .
ശേഖരിച്ചില്ലേന്‍ മുമ്പേ പുണ്യമാം പാഥേയങ്ങ,-
ളാചരിച്ചല്ലേറെ ഞാന്‍ വ്രതവും നിസ്‌കാരവും.
നീരിനാലിരു കാലും സങ്കടപ്പെടും വരേ-
യിരവില്‍ ധ്യാനിച്ചയാളോടു ഞാന്‍ പാപം ചെയ്തു.
വിശപ്പിന്‍ കാഠിന്യത്താല്‍ വരിഞ്ഞു കെട്ടിയയാള്‍
ശിലയാല്‍ മൃദുല മനോഹരമാമാശയം.
സ്വര്‍ണ്ണമാമലകള്‍ പ്രലോപനവുമായ് വന്നു
പൂര്‍ണ്ണനാമവിടുന്ന് തൃണവല്‍ഗണിക്കൂന്നു.
അവതന്‍ ത്യാഗത്തെയും വെല്ലുമന്നാവശ്യങ്ങ-
ള,വഗണിക്കുമവ 'യോഗി'യാദര്‍ശത്തിനായ്.
ജഗമിതിനു ഹേതുഭൂതരായൊരാളുടെ-
യിംഗിതമെങ്ങനെയാ ജഗത്തെയന്വേഷിക്കും?.
മാനവര്‍ക്കുമദൃശ്യ ജിന്നുകള്‍ക്കുമറേബ്യന്‍
മാനിതര്‍ക്കുമന്യര്‍ക്കും മന്നനപ്രവാചകന്‍.
ഉള്ളതുണ്ടെന്നോയില്ലാതുള്ളതില്ലെന്നോ ചൊല്ലാ-
നില്ലയാജ്ഞാനുവര്‍ത്തിയാം നബിയെപ്പോലൊരാള്‍.
ദുരിതങ്ങളില്‍ ശിപാര്‍ശയുമായ് വന്നു നമ്മെ
കരകയറ്റും സ്‌നേഹവത്സലനല്ലോ നബി.
ബോധനം ചെയ്താ ദൂതന്‍ നാഥനിലേക്കാ, കയ-
റേതൊരാള്‍ പിടിച്ചുവോ പേടി വേണ്ടതില്‍ പിന്നെ.
പ്രകൃതിയിലുമാകൃതിയിലുമാദൂതന്മാ-
രകലെയല്ലോ വിദ്യാ, ധര്‍മ്മമതു രണ്ടിലും.
മറ്റുദൂതന്മാരൊക്കെയക്കടലില്‍ നിന്നും കൈ
പ്പറ്റിയതൊരു കുമ്പിള്‍ ജലമോ നേര്‍മാരിയോ?
നിശ്ചലമായ് നിന്നവരപ്രവാചകന്‍ ചാരെ-
യക്ഷര ജ്ഞാനത്തിലെയച്ചെറു സ്വരം പോലെ.
പൂര്‍ണ്ണനാണയാളാകാരത്തിലുമര്‍ത്ഥത്തിലും,
പ്രിയനായ് തിരഞ്ഞെടുത്തവരെയുടയവന്‍.
ഭാഗഭാക്കാകുന്നില്ലൊരാളുമപ്പുണ്യങ്ങളില്‍
ഭാഗവും വെക്കാനാകില്ലാഗുണത്തില്‍ സത്തയെ.
യേശുവില്‍ ക്രിസ്ത്യാനികള്‍ ചൊല്ലുവതൊഴികെ വി-
ശേഷണമെന്തും നിനക്കാ നബിയിലോതിടാം.
മാന്യതയേതുമപ്പൂമേനിയില്‍ ചാര്‍ത്താം ബഹു-
മാന്യമായതൊക്കെയും നിന്‍ മനമോതുന്നതും.
ദൈവദൂതന്‍ തന്‍ മാഹാത്മ്യത്തിനതിരുണ്ടെങ്കി-
ലാവുമായിരുന്നൊരു വാഗ്ഭടനുരയുവാന്‍.
മുത്തുനബി തന്‍ ദൃഷ്ടാന്തങ്ങളപ്പദവിയോ-
ടൊത്തു പോവുമെങ്കിലെണീക്കുമസ്ഥിയും കേട്ടാല്‍.
ബൗദ്ധികായാസങ്ങളാല്‍ നമ്മെളെപ്പരീക്ഷിച്ചി-
ല്ലതിനാല്‍ സന്ദേഹവും നമുക്കില്ലതും പുണ്യം.
സൃഷ്ടികന്ധാളിച്ചാ വ്യാപ്തിയെ ഗ്രഹിക്കുവാന്‍
ദൃഷ്ടികള്‍ മറഞ്ഞു പോയ് ദൂരെയും ചാരത്തുമായ്.
അകലത്തു നിന്നുമൊരര്‍ക്കനാണെന്നു തോന്നു-
മരികത്തണയുകില്‍ മിഴികളടഞ്ഞു പോം.
സ്വപ്‌നവുമായ് സംതൃപ്തിയടയും ജനത്തിനാ
ദീപ്തമാം യാഥാര്‍ത്ഥ്യങ്ങളറിയുമോ ഭൂമിയില്‍?.
ഏറിയോരറിവാല്‍ നാം ചൊല്ലുവതവിടുന്ന്
മര്‍ത്ത്യനാണെന്നാലെല്ലാ മര്‍ത്ത്യരേക്കാളും ശ്രേഷ്ഠന്‍!.
ദൈവദൂതന്മാരെല്ലാം കൊണ്ടു വന്ന ദൃഷ്ടാന്ത-
മാവെളിച്ചവുമായി ചേര്‍ന്നതാണല്ലോ നൂനം.
കൂരിരുട്ടില്‍ ജനതതിക്കു വെളിച്ചം തരും
സൂര്യനാണവിടു,ന്നാ ദൂതരോ താരങ്ങളും.
സുസ്മിതവുമഴകും തോരണം ചാര്‍ത്തും ചേലാല്‍
സുന്ദരമായാകാരമെത്രമേല്‍ മനോഹരം!.
മാര്‍ദ്ദവത്തില്‍ പുഷ്പമോ? പ്രൗഢിയില്‍ വാര്‍തിങ്കളോ?
ആര്‍ദ്രതയിലാഴിയോ? കാലമോ മനോബലം?.
തനിച്ചാ വ്യക്തിത്വത്തെ കാണവെ ഗാംഭീര്യത്താല്‍
തോന്നിടും സൈന്യത്തിലോ, ഭൃത്യര്‍തന്‍മധ്യത്തിലോ.
ചിപ്പിയിലൊളിഞ്ഞിരിക്കുന്ന മുത്തുകളപ്പൂ
പ്പുഞ്ചിരിയാല്‍ വിരിയും പൂമലര്‍ ദന്തങ്ങളോ?.
പുണ്യപ്പൂമേനിയെ പൊതിയും സുഗന്ധത്തിന്‍
മണ്ണു മുത്തിയോര്‍,ക്കച്ചൂരറിഞ്ഞോര്‍ക്കാശംസകള്‍.
പരിശുദ്ധമാമൊരു താവഴിയില്‍ വന്നൊര
പ്പിറവി മനോഹരം തുടക്കവുമന്ത്യവും.
പെരിയൊരപകടം വന്നണഞ്ഞെന്നു പണ്ടു
പാര്‍സികള്‍ക്കദൃശ്യമാം വെളിപാടുണ്ടായ നാള്‍;
കൈസറിന്‍ സിംഹാസനം വീണുടഞ്ഞവരുടെ
സൈന്യവുമതു പോലൊന്നാകുവാന്‍ കഴിയാതെ.
വൃഥയാല്‍ തീജ്വാലകള്‍ കെട്ടുപോയന്നാട്ടിലെ
നദിയോ ദു:ഖാധിക്യം കൊണ്ടു നിശ്ചലവുമായ്.
സാവയാം ജലാശയം വറ്റിയും വരണ്ടു പോയ്
സാധുവാം സന്ദര്‍ശകരീര്‍ഷ്യയാല്‍ തിരിച്ചു പോയ്.
'ജലബാഷ്പമഗ്നിയില്‍ പെട്ടതോ ജലത്തില്‍ തീ-
ജ്വാലകള്‍ പതിച്ചതോ' വൃഥ തന്നുപമയാം.
ആര്‍ത്തിരമ്പും ജിന്നുക,ളൊളിയോ വ്യാപിക്കുന്നു.
അര്‍ത്ഥമാലും വാക്കാലും സത്യമോ പുലരുന്നു.
അന്ധരാണവര്‍ മിന്നലൊളികള്‍ ദര്‍ശിച്ചീല
ബധിരരല്ലോ സദ്‌വൃത്താന്തവും ശ്രവിച്ചീല.
ബാലിശമായൊരാദര്‍ശത്തിനായുസ്സില്ലെന്നു
ജോത്സ്യരാ ജനങ്ങളോടോതിയതിന്‍ ശേഷവും,
മണ്ണിലന്നു ബിംബങ്ങള്‍ വീണുടഞ്ഞതു നേരം
വിണ്ണിലായ് ചെങ്കോലുകള്‍ കണ്ടറിഞ്ഞ ശേഷവും.
വാനവിജ്ഞാന മാര്‍ഗ്ഗേയച്ചെകുത്താന്മാരൊന്നാ-
യൊന്നിനു പിറകെയന്നോടിയതിന്‍ ശേഷവും.
പാഞ്ഞൊളിച്ചീടുമവരബ്രഹത്തിന്‍ ശൂരരോ?
പുണ്യപാണിയാലേറു കൊണ്ടരണ്ട സൈന്യമോ?
ഉത്തമാംഗുലിയില്‍ നിന്നും ജപിച്ച കല്ലെറിഞ്ഞ-
ത്തിമിംഗലത്തില്‍ നിന്നെറിഞ്ഞൊരാളെന്ന പോല്‍.
പാദമില്ലാത്ത കണങ്കാല്ലുമായ് മരങ്ങളാ
ദൂതര്‍ തന്‍ വിളി കേട്ടു കൂനിവന്നടുത്തെത്തി.
മാര്‍ഗ്ഗ മധ്യേ ശാഖകള്‍ കോറിയിട്ടതു നല്ല
നേര്‍വരകള്‍ ഭംഗിയിലെഴുതാന്‍ വരച്ച പോല്‍.
അല്ലതു മധ്യാഹ്നത്തില്‍ സൂര്യതാപം കാത്തിടാന്‍
തെല്ലിട ചാഞ്ചാടീടുമാ മഴമേഘം പോലെ.
വിണ്ടു കീറിയച്ചന്ദ്ര ബിംബമാണെല്ലോ സത്യ-
മുണ്ടതിനവിടുത്തെ ഹൃത്തിനോടൊരു സാമ്യം.
നന്മയെയുമൗദാര്യത്തെയുമാ ഗുഹയണ
ച്ചുമ്മ വെച്ചൊരു നാള്‍ നിഷേധികന്ധന്മാരായ്.
സത്യവാനും സത്യവും വിട്ടു പോകാതെയന്ന-
പ്പൊത്തിലായപ്പോള്‍ ചൊന്നതാരുമില്ലെന്നാണവര്‍.
സൃഷ്ടി ശ്രേഷ്ഠര്‍ക്കായെട്ടുകാലിയും മാടപ്രാവും
തുഷ്ടിയില്‍ കൂടുണ്ടാക്കില്ലെന്നവര്‍ ധരിച്ചു പോയ്.
പടയങ്കികളും വന്‍ മതിലുകളും തീര്‍ക്കും
തടയണയെയും വെന്നന്നു നാഥന്റെ കാവല്‍.
കാലമെന്നോടക്രമം കാട്ടവേയിവനോടി-
ച്ചെല്ലുമാ സവിധത്തി,ലഭയം ലഭിച്ചീടും.
ഇരുലോകൈശ്വര്യങ്ങള്‍ തേടിയെപ്പോഴെല്ലാമ-
ക്കരത്തില്‍ നിന്നും കിട്ടിയെന്നുമെനിക്കൗദാര്യം.
അക്കിനാവിലെ ദിവ്യബോധനം നിഷേധിക്കൊ-
ല്ലക്കരളുറങ്ങില്ലക്കണ്ണുറങ്ങിയെന്നാലും.
സ്വപ്‌നദര്‍ശനങ്ങളന്നപ്രവാചകത്വം മൂ-
പ്പെത്തിയ നാളോടടുത്താകയാലെതിര്‍ക്കേണ്ട.
സാധനയാല്‍ നേടാനാവില്ല ദൈവദര്‍ശനം;
ദൂതരിലൊരാളെയും സംശയിക്കയും വേണ്ട.
അക്കരസ്പര്‍ശമെത്ര രോഗികള്‍ക്കേകി സുഖ-
മക്കയ്യുകളന്നൂരി വിട്ടു ഭ്രാന്തന്മാരെയും.
അന്ധകാരത്തിലൊരു പൊട്ടു പോല്‍ തോന്നിക്കുമാര്‍
ചത്ത വര്‍ഷത്തിന്നുയിര്‍ നകിയന്നപ്രാര്‍ത്ഥന.
കുത്തിയൊഴുകും വര്‍ഷമാഴിയെപ്പോലെ ഭൂവി-
ലെത്തി,യന്നണ പൊട്ടിയൊഴുകിയ പോലെയും.
കുന്നിനു മുകളില്‍ കത്തിച്ചു വെച്ചൊരഗ്നി പോല്‍
മിന്നിടും വൃത്താന്തങ്ങള്‍ വാഴ്ത്തുവാനെന്നേ വിടൂ.
മുത്തുകള്‍ ചേലില്‍ കോര്‍ത്താലേറിടുമതിന്‍ പ്രഭ
കോര്‍ത്തിടാതിരുന്നാലും കുറയില്ലതിന്‍ ശോഭ.
കാര്യമിങ്ങനെയാകിലെങ്ങനെ പുകഴ്ത്തുവോര്‍
കാണുമാ സ്വഭാവ മാഹാത്മ്യമേന്തി നോക്കിയാല്‍?.
ആണ്ടവനില്‍ നിന്നുമുണ്ടായ സദ്‌വചനങ്ങള്‍
പണ്ടു പണ്ടേയുള്ള നാഥന്റെയാദി വാക്യങ്ങള്‍.
കാലമുമായിട്ടിടപഴകാതെയപ്പര-
ലോകവു'മാദും ഇറം' വാര്‍ത്തയോതുമാ വേദം.
മറ്റു ദൂതന്മാരുടെയത്ഭുതങ്ങള്‍ വേരുക-
ളറ്റുപോയ ശേഷവും നിലനിന്നിതു മീതെ.
ജ്ഞാനസമ്പുഷ്ടം, സന്ദേഹിക്കു ശങ്കകളില്ല-
ന്യൂനമെന്തിന്നു വേണ്ടൂ മറ്റൊരു ന്യായാധിപന്‍?.
കൊമ്പുകോര്‍ക്കുവാന്‍ ചെന്നോരായുധവും വെച്ചതിന്‍
മുമ്പിലന്നു മാല്‍സര്യം വിട്ടു കീഴടങ്ങിയേ.
പ്രതിയോഗിയെ തന്‍ സാഹിത്യമേന്മകളാലെ-
യതിജയിക്കും ധീര ശൂരനാം യുവാവു പോല്‍.
കടലിന്‍ തിരകളെ പോലെയര്‍ത്ഥവുമതി-
നടിയിലെ മുത്തു പോല്‍ മൂല്യവുമുണ്ടതിന്.
എണ്ണിയാലൊടുങ്ങാത്തോരത്ഭുതങ്ങളുള്ളൊര-
പ്പുണ്യവേദമെത്ര വായിക്കിലും മടുക്കൊലാ.
ഓതുവതേതാളയാള്‍ കണ്ണുകള്‍ കുളിരിടും-
മാദിയോന്‍ പാശമതു മുറുകെപ്പിടിക്കുക.
നരകാഗ്നിയെ ഭയന്നേതൊരാള്‍ പാരായണം
ചര്യയാക്കുകിലസ്രോതസ്സു തീയണച്ചീടും
കരികള്‍ പോലെയിരുണ്ടണയും മുഖങ്ങളെ
കഴുകി വെളുപ്പിക്കുമാ ജലാശയം പോലെ.
നീതിയില്‍'നേര്‍മാര്‍ഗ്ഗം'പോല്‍,'ത്രാസു'പോലെയമന്യ-
ജാതിയിലൊന്നും നീതി നിലനിന്നതുമില്ല.
അത്ഭുതപ്പെടേണ്ട നീ, യജ്ഞത നടിക്കുമൊ-
രല്‍പ്പനസൂയാലുവെയോര്‍ത്ത,വന്‍ നിപുണനാം.
സൂര്യശോഭയെ നിഷേധിക്കുമാ തിമിരവും
നീരിനു രുചിയില്ലെന്നോതുമേതു മാരിയും.
ഒട്ടകപ്പുറമേറിയും നടന്നടുത്തുമാര്‍
തേടുവതേതാളുടെ പൂമുഖമോ,വാ പ്രഭോ.
ക്രാന്തദര്‍ശികള്‍ക്കു ദൃഷ്ടാന്തമാണങ്ങു, മഹാ
ദ്വിഗ്‌വിജയികള്‍ക്കെന്നുമനുഗ്രവുമല്ലോ.
പൗര്‍ണ്ണമി തന്‍ പ്രയാണം പോലെയങ്ങന്നാരാവില്‍
പോയൊരാ 'ഹറമി'ല്‍ നിന്നകലെ 'ഹറം' പക്കം.
രണ്ടു വില്ലകലത്തിലെത്തുവോളവും കേറി-
കൊണ്ടിരുന്നങ്ങാ,രുമങ്ങെത്തിയില്ലൊരിക്കലും.
അമ്പിയാക്കള്‍ താങ്കളെ നിര്‍ത്തിയന്നു മുമ്പിലായ്
തമ്പുരാക്കളും പരിചാരകരുമെന്ന പോല്‍.
സപ്തവാനങ്ങളെയും കീഴടക്കിയച്ചെറു-
സംഘസേനതന്‍ ധ്വജ വാഹകനല്ലോ നബി.
ഓടി മുന്നേറുന്നവര്‍ക്കില്ലൊരഗ്രവും പടി-
തേടിടുന്നവനിടമെന്ന പോലടുത്തു പോയ്.
താഴെയാക്കിയെന്നല്ലാ സ്ഥാനവുമാപേക്ഷിക-
മായൊ,രു ധ്വജം കണക്കങ്ങയെ വിളിച്ച നാള്‍.
ദൃഷ്ടിയില്‍ നിന്നും പറ്റെ ഗോപ്യമായ ബന്ധവു-
മൊട്ടു രഹസ്യങ്ങളും കൊണ്ടതിജയിക്കുവാന്‍;
കയ്യടക്കിയങ്ങെല്ലാ പ്രൗഢികളുമേകനായ്
കീഴടക്കിയൊറ്റയ്ക്കു പടവുകളൊക്കെയും.
അങ്ങയില്‍ ചാര്‍ത്തിയൊരപ്പദവികള്‍ മേത്തര-
മെങ്ങുമാരും കൈവരിച്ചില്ലയാ മഹോന്നതി.
ശേഷിയുള്ളയൊരു മേല്‍ക്കൂരയുണ്ടെന്ന സവി-
ശേഷതയിലിന്നാഹ്ലാദിക്ക നാം മുസല്‍മാന്മാര്‍.
നമ്മുടെ പ്രബോധക ദൂതനെയയത്യുത്തമാ-
യെന്നു നാഥന്‍ കേട്ടാരെയുത്തമരായി നാമും.
അന്നബിതന്‍ നിയോഗ വാര്‍ത്ത കേട്ട വൈരിക-
ളന്നു ഗര്‍ജ്ജനം കേട്ടൊരാടു പോല്‍ ഭയന്നു പോയ്.
ഏറ്റുമുട്ടലുകള്‍ തുടര്‍ന്നതു മൂലമവര്‍
കുറ്റിയില്‍ കൊളുത്തിയൊരിറച്ചിയെപ്പോലായായ്.
ഓടുവാനൊരുമ്പെട്ടോര,ല്ല 'പ്രാപ്പിടിയന്‍മാ-
രെടുക്കുമവയവമാകണേ'യെന്നാശിച്ചോര്‍.
രാവുകള്‍ കഴിഞ്ഞു പോകുന്നവരറിയുന്നി-
ല്ലാവിശുദ്ധ രാത്രികള്‍ വന്നണയും വരേയും
ശത്രുവിന്നിറച്ചിയോടേറെയാര്‍ത്ഥിയുള്ളോര്‍, തന്‍
മിത്രമാകാനെത്തിയാ മതമൊരതിഥിയായ്.
ആളുമത്തിരകളെ പേറുമപ്പടക്കട-
ലൂളിയിടുമശ്വത്തിലേറിയോടിക്കുന്നയാള്‍.
ദൈവവിളി കേട്ടവര്‍, കൂലിയാഗ്രഹിക്കുവോ-
രവിശ്വാസത്തെപ്പറ്റേ പിഴുതെറിയുന്നവര്‍.
അങ്ങനെയിസ്‌ലാം പരദേശിയായതില്‍ പിന്നെ
തങ്ങള്‍ തന്‍ കുടുംബത്തിലെയൊരംഗമായ് മാറി.
നല്ല പാതിയാലും നല്‍ താതനാലും ശിക്ഷണം
നേടിയതു കൊണ്ടു വിധവയല്ല, നാഥയും.
പര്‍വ്വതങ്ങളാണവ,രോടെതിരിടാന്‍ വന്ന
വൈരികളോട് കേളെന്താണവര്‍ ദര്‍ശിച്ചത്?
കേള്‍ക്ക നീ ബദറോടുമുഹദോടും ഹുനൈനി;
കേട്ടിടാമവര്‍ തന്‍ സംഹാര ഭീകരാധ്യായം.
ശത്രുവിന്‍ കറുത്ത ശിരസ്സിലൂടെ വന്നെത്തി
ശുഭ്ര ഖഢ്ഗങ്ങളെ ചെഞ്ചായണിയിച്ചവര്‍.
ശൂരര്‍,'അല്‍ഖത്തിന്‍ കുന്തം'കൊണ്ടെഴുതുവോരെപ്പന്‍
കോറിയിടാതെരിടമാ ശരീരത്തിലില്ല.
ആയുധം രാകുന്നവരാ 'സലങ്ങ'ങ്ങള്‍ക്കിടയി-
ലായൊരുപനീര്‍പൂപോല്‍ വേര്‍തിരിഞ്ഞുനില്‍ക്കുവോര്‍
മാരുതന്‍ തരുന്നു നിനക്കവര്‍തന്‍ വാര്‍ത്തകള്‍
കരുതുന്നു നീയന്നാ പൂവുകള്‍ സൈന്യങ്ങളോ?
അശ്വരൂഢരാമവര്‍ കുന്നിലെത്തരുക്കളോ?
നിശ്ചയാര്‍ഢ്യം കൊണ്ടാണരഞ്ഞാണിനാലല്ല.
ശത്രുവിന്‍ ഹൃദയങ്ങളാലില പോല്‍ വിറച്ച-
ശക്തരായ് തിരിച്ചറിയാനജം ഗജമേത്?.
ദൈവദൂതനുതവി നല്കിയോനെക്കൊല്ലുവാന്‍
കൈവന്ന ഭാഗ്യം സിംഹം പോലുപേക്ഷിച്ചിടും.
മിത്രമാരെയും വിജിഗീഷുവായല്ലാതെയും
ശത്രുവെ നിലം പതിക്കാതെയും കാണില്ല നീ.
സിംഹമതിന്‍ കുഞ്ഞുങ്ങള്‍ക്കഭയം നല്‍കുന്ന പോല്‍
സമുദായത്തിനവിടുന്നു നല്‍കിയാശ്രയം.
എത്രയാണല്ലാഹുവില്‍ വചനങ്ങള്‍, നബിയോ-
ടെതിരിടാന്‍ വന്നോരെ മലര്‍ത്തിയടിച്ചത്!.
ഏറെയാണതിശയമായ് നിനയ്ക്കുമജ്ഞാത
നാളിലെ നബിക്കുള്ളൊരറിവുമൊതുക്കവും.
രാജസേവയാല്‍ വന്ന പാപഭാരത്തില്‍ നിന്നും
രാജിയാവാന്‍ സേവിച്ചേ,നാ നബി തന്‍ കീര്‍ത്തനം
കാവ്യ, സേവയാപത്തിന്‍ മാലയിട്ടെനിക്ക,തു
കാരണം ബലിമൃഗം പോലെ നിര്‍ഭയനായ് ഞാന്‍.
രണ്ടിലും യുവത്വത്തിന്‍ വഴികേടില്‍ പെട്ടു ഞാന്‍
കൊണ്ടതോ, കൊടും ഖേദം പിന്നെയൊരപരാധവും.
നഷ്ടമൊരുപാടിടപാടിലേറ്റയാത്മാവേ;
കഷ്ടമേ; 'മതം' വാങ്ങിയില്ല നീ 'ലോകം' നല്‍കി.
അപ്പരലോകം വിറ്റീ ദുനിയാവു വാങ്ങിയോര്‍
പാപ്പരായിടപാടിലേറ്റ വന്‍ നഷ്ടത്തിനാല്‍.
തെറ്റു ചെയ്യുന്നെന്നു വെച്ചെന്‍ 'പ്രവാചക പാശ'-
മറ്റു പോകുന്നില്ലതു ലംഘനമല്ലെന്‍ കരാര്‍.
എന്റെ പേര്‍ മുഹമ്മദെ,ന്നതിനാല്‍ നബിയുമാ-
യുണ്ടെനിക്കുടമ്പടി നിറവേറ്റുമാ ദൂതര്‍.
അന്ത്യനാളിലങ്ങെന്‍ കൈകള്‍ പിടിച്ചില്ലയെങ്കി-
ലെന്തു ചെയുമെന്‍ 'പാദ പതനങ്ങളേ' കഷ്ടം!
ഭിക്ഷ തേടുവോര്‍ തടയപ്പെടില്ല, ടുപ്പം കാം-
ക്ഷിക്കുവോര്‍ നിരാശരാവില്ല, വിടുന്നതന്‍!
എന്‍ വിചാരങ്ങളവിടുത്തെയപദാനത്താ-
ലെന്നിഴുകിയോ, കണ്ടേനന്നു രക്ഷിതാവിനെ.
അത്തിരുവൈശ്വര്യങ്ങള്‍ കിട്ടിടും വലഞ്ഞ കൈ-
പ്പത്തികള്‍ക്കും, പൂവുകള്‍ വിരിയും തരിശ്ശിലും.
'ഹരിം' രാജനെപ്പാടിപ്പുകഴ്ത്തിയ സുഹൈറ-
ന്നറുത്ത പുഷ്പങ്ങളെ കൊതിച്ചീടുന്നില്ലിവന്‍.
സൃഷ്ടി ശ്രേഷ്ഠരേ, മഹാ ദുരന്തം വരും നേര-
മോടിയെത്താനങ്ങല്ലാതാരുമില്ലെനിക്കൊരാള്‍.
ദൈവദൂതരേ, നാഥനുഗ്രകോപിയാകുമ്പോ-
ഴിവനാ വ്യക്തിപ്രഭ കൂട്ടിനുണ്ടായിടേണം
ഭൂമിയുമതില്‍ സഹകളത്രയുമാ ധര്‍മ്മ
ഭൂമികയില്‍ നിന്നല്ലോ 'ലൗഹി'ലെയറിവു പോല്‍.
ആശ കൈവിടൊല്ല വന്‍ പാപമാലെന്നാത്മാവേ-
യീശനു പൊറുക്കാനതും ചെറുതു പോലല്ലോ.
എന്റെ നാഥന്റെ കൃപയോഹരി വെയ്‌ക്കേ പാപ-
ത്തിന്റെ തോതനുസരിച്ചന്നതു വീതിച്ചിടാം.
തമ്പുരാനേ നിന്നിലുള്ളെന്നുടെ പ്രതീക്ഷകള്‍
തകിടം മറിക്കരുതതുപോലെന്നാശയും.
രണ്ടു വീട്ടിലുമിവനോടലിവുണ്ടാകേണ-
മുണ്ടിവനോടാന്‍ മാത്രം ത്രാണിയപായങ്ങളില്‍.
മുത്തുനബിയുടെ മേല്‍ നിത്യവും വര്‍ഷിക്കുവാ-
നുത്തരവു നല്‍കണമാ സ്വലാത്തിന്‍ കാറോട്.
കാറ്റു ബാന്‍ മരങ്ങളെയാട്ടുകയു മൊട്ടക-
ക്കൂട്ടുകാരന്‍ മൂളിത്തെളിക്കുമാ നാളൊക്കെയും.
Mamootty Kattayad, Dubai - UAE
0507869450, entemailaddress@gmail.com

1 comment :

  1. ഹെഡിംഗ് ഫോണ്ട് എന്തോ പ്രശ്നമുണ്ട്.. വിശദ വായനാക്കായി വീണ്ടും വരാം.. നബിദിനാശംസകൾ

    ReplyDelete