Saturday, December 29, 2012

ഇരുമ്പു മറയ്ക്കു പിന്നിൽ (അറബിക്കവിത)























ശിഹാബ് ഗാനിം (യു.ഏ.ഇ)

എനിക്കു നിർത്താതെ കരയണം;
അഭിമാനപ്രശ്നമോർത്തിട്ടല്ല
ഭയം കൊണ്ടാണ്‌ ഞാൻ കരയാതിരിക്കുന്നത്.
എന്റെ നെഞ്ചിൻ കൂട്ടിൽ
ദു:ഖങ്ങളുടെ ഒരു മല തന്നെയുണ്ട്.

എനിക്കു ചോദിക്കണമുന്നുണ്ട്,
പക്ഷേ സാധിക്കുന്നില്ല.
കാരണം നിഴലുകൾ പോലും
ഓരോ വാക്കുകളെയും ഒളിഞ്ഞു നോക്കുകയാണ്‌.

എനിക്കു സ്വതന്ത്രമായ
കുറച്ചു വായുവെങ്കിലും
ശ്വസിക്കണമെന്നുണ്ട്
പക്ഷേ,
തുടലുകൾ എന്റെ ആത്മാവിന്റെ
മാംസം കരണ്ടു തിന്നുകയാണ്‌,
അങ്ങിനെ ഞാൻ ശ്വാസം മുട്ടി
മരിക്കാൻ പോവുകയാണ്‌.

ഒരു നിമിഷത്തേക്കെങ്കിലും
സമാധാനം ലഭിക്കണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു;

ചണ്ടിക്കൂനകൾക്കിടയിൽ നിന്നും
ഒരു തുണ്ടു പ്രകാശം പിറന്നു വീഴുമെന്നും
അത് ഇരുട്ടിന്റെ ഇരുമ്പു മറയെ
തകർക്കുന്ന ഒരു മഹാ പ്രവാഹമാകുമെന്നും
ഞാൻ സ്വപ്നം കാണുന്നു;
പക്ഷേ,
ഇരുട്ടിൽ ഞാൻ കേൾക്കുന്നത്
ഏതോ കൊലച്ചിരികളാണ്‌.

കുറച്ചു നേരത്തേക്കെങ്കിലും
സമാധാനം വെണമെന്ന്
ഞാൻ ആഗ്രഹിക്കുന്നു.
എന്നാൽ കാലം എന്നെ പരിഹസിക്കുകയാണ്‌,
എന്റെ വാരിയെല്ലുകൾക്കിടയിലൂടെ
അതിന്റെ പല്ലുകൾ ആഴ്ന്നിറങ്ങുകയാണ്‌

എനിക്ക് ഓടിപ്പോകണം,
മരീചിക പോലെ,
പരുന്തിന്റെ ചിറകിലെ ഒരു തൂവൽ പോലെ
അതെനിക്ക് അപ്രാപ്യമാണ്‌.
എന്തു കൊണ്ടെന്നാൽ
ആയിരത്തൊന്നു വാതിലുകളും
അവർ അടച്ചു പൂട്ടിയിരിക്കുകയാണ്‌.

എനിക്കു രക്ഷപ്പെടണം
പക്ഷേ എങ്ങിനെ?
ഓരോ മുക്കു മൂലയിലും
കബന്ധങ്ങൾ കുന്നു കൂടിയിരിക്കുന്നു,

എനിക്കു വേണം... വേണം... പക്ഷേ...!

വെടിയുണ്ടകളുടെ പേമാരിയിൽ പെട്ട്
പൊട്ടിത്തെറിച്ചിട്ടാണെങ്കിലും
എനിക്കു രക്ഷപ്പെടണം.

No comments :

Post a Comment