Wednesday, November 21, 2012

തീക്കള്ളൻ (അറബിക്കവിത) / അബുൽ വഹാബ് അൽ ബയ്യാത്തി

 

അബുൽ വഹാബ് അൽ ബയ്യാത്തി / ഇറാഖി കവി (1926-1999)

(1926-ൽ ബാഗ്ദാദിൽ ജനിച്ചു.
1950-ൽ അറബി സാഹിത്യത്തിൽ ബിരുദം. 1950 മുതൽ 1953 വരേ അധ്യാപക ജോലി. 1954-ൽ പുതിയ സംസ്കാരം എന്ന മാസിക ആരഭിച്ചു. പിന്നീടു അടച്ചു പൂട്ടേണ്ടി വന്നു. ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്‌ ജയിലിലടച്ചു. പിന്നീട് സിറിയയിലേക്കും അവിടുന്ന് ബെയ്റൂത്തിലേക്കും അവിടുന്ന് കൈറോയിലേക്കും പോയി. 1959-1964 കാലത്ത് സോവിയറ്റ് റഷ്യയിലായിരുന്നു. മോസ്കോ സർവ്വകലാശാലയിൽ അധ്യാപകനായി ജോലി ചെയ്തു. 1963-ൽ ഇറാഖീ പൗരത്വം നഷ്ടപ്പെട്ടു. 1964 മുതൽ 1970 വരേ ഈജിപ്തിലുണ്ടായിരുന്നു. പിന്നീട് സ്പെയിനിലായിരുന്നു. 1991-ൽ ജോർദാനിലെത്തി. 1999-ൽ ദമാസകസിൽ വച്ച് അന്തരിച്ചു.
മഹ്മൂദ് ദർവീശ്, നിസാർ ഖബ്ബാനി, നാശിൽ അൽ മലാഇക, ബദർ ഷാകിർ തുടങ്ങിയ പ്രഗത്ഭരായ അറബിക്കവികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
പരദേശികളുടെയും അഭയാർത്ഥികളുടെയും കവിയായി അറിയപ്പെടുന്നു.)

തീക്കള്ളൻ
അബ്ദുൽ വഹ്ഹാബ് അൽ ബയ്യാത്തി

അവർ സൂര്യനു ചുറ്റും വലയം വെച്ചു;
അവരുടെ കരുത്തുകൾ ചോർന്നു പോയി.

അവരിൽ ആദ്യം വന്നവർ
പിന്നീടു വരുന്നവരുടെ
മരണ വാർത്തയും
സമ്മാനിച്ചു കൊണ്ടാണ്‌ മടങ്ങിപ്പോയത്.

അപ്പോഴും തീക്കള്ളൻ പതിവു പോലെ
പലയിടങ്ങളിലായി
കാറ്റുകളോടു മത്സരിക്കുകയായിരുന്നു.

പിതാക്കന്മാരുടെ ശാപം
അയാളെ പിന്തുടരുന്നുണ്ടായിരുന്നു,
അയാളുടെ കത്തിപ്രകാശിക്കുന്ന വിളക്കിനെ
ഭൂമി മറച്ചു പിടിക്കുന്നുണ്ടായിരുന്നു.

ഇരുണ്ട തടവറയിലും
അഭയാർത്ഥിക്കേമ്പിലും
ദുരിത പൂർണ്ണമായ ചരിത്രത്തിന്റെ
ദുർഗന്ധം വമിക്കുണ്ടായിരുന്നു.

ചെകുത്താൻ തിരിനാളങ്ങളെ
അണയ്ക്കുമ്പോഴെല്ലാം അവ
മുറിവേറ്റു വീണ അവയവങ്ങളിൽ
വന്നു തിളങ്ങുന്നുണ്ടായിരുന്നു.

വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു
ഇതാ ഞാനിപ്പോൾ
പരേതന്മാരുടെ ലോകത്തു നിന്നും
നിന്ദ്യനായി മടങ്ങിയെത്തിയിരിക്കുന്നു.

ഞാൻ, ഞാൻ മാത്രമാണ്‌ കത്തിക്കരിഞ്ഞത്,
എത്ര സൂര്യന്മാർ എന്റെ അരികിലൂടെ കടന്നു പോയി;
ഒന്നു പോലും എനിക്കു വേണ്ടി ദു:ഖമാചരിച്ചില്ല.

ഞാനവർക്കു പൊറുത്തു കൊടുക്കുന്നു,
ഞാനവർക്കു വേണ്ടി ചരമഗീതമാലപിക്കുന്നു,
ഞാനവരെ കയ്യൊഴിയുന്നു,
തമ്പുരാനേ,
എന്നെ രക്ഷിക്കണേ,

അന്ധമായ ഇടപാടുകൾ
അവയുടെ കർത്തവ്യങ്ങൾ നന്നായി നിർവ്വഹിക്കട്ടെ.

ഞാന്റെന്റെ തുടലുകളിലും
തടവറകളിലും
ഇതാ കാർക്കിച്ചു തുപ്പുന്നു.

അവർ ഭീതിയോടെ മടങ്ങി വരുന്നു എന്നതും
ആദ്യം വന്നവർ പിന്നീടു വരുന്നവരുടെ മരണ വർത്ത അറിയിക്കുന്നു എന്നതും
എനിക്കൊരു പ്രശനമേയല്ല.

1 comment :


  1. ഹൃദയത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു
    ഒട്ടിച്ചു വെച്ച വരികള്‍ ...മലയാള മനസ്സിന്
    ഇത് പകര്‍ന്നു കൊടുക്കാനുള്ള ശ്രമം
    പാഴാവില്ല....അഭിനന്ദനങ്ങള്‍ .

    ReplyDelete