Monday, March 26, 2012

വിസ. (അറബി കവിത)



വിസ.

നിസാർ ഖബ്ബാനി

ഒരു വികസ്വര രാഷ്ട്രത്തിലെ
സെക്ക്യൂരിറ്റി പോസ്റ്റിൽ
അനുവാദവും കാത്ത്
ഞാൻ നിൽക്കുകയായിരുന്നു.

എനിക്കു കൂട്ടിനായി
സങ്കടങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ.

അവിടെ നിന്നും
എന്റെ പിറന്ന ദേശത്തേക്കുള്ള ദൂരം
കേവലം ഒരു മൈൽ മാത്രം.
ദാഹജലത്തിനായി കെഞ്ചുന്ന മാടപ്പിറാവിനെ പോലെ
വാരിയെല്ലുകൾക്കുള്ളിൽ ഹൃദയം
പിടയുന്നുണ്ടായിരുന്നു.

എന്റെ കൈയ്യിലുണ്ടായിരുന്ന പാസ്പോർട്ട്
കളിച്ചു വളർന്ന ആ നാടിനെക്കുറിച്ച്
സ്വപ്നം കാണുകയായിരുന്നു.
അവിടുത്തെ ഗോതമ്പും അക്രോട്ടും അത്തിപ്പഴവും
തിന്നു കൊണ്ടാണ് അതു വളർന്നത്.

ഞാൻ ക്യൂവിൽ നിന്നു;
ജനങ്ങൾ ഇപ്പോഴും കായകളും
കിഴങ്ങുകളുമാണ് ഭക്ഷിക്കുന്നത്
ഫറോവയുടെ കാലം മുതൽ ഇന്നുവരേ
അവർ കന്നുകാലികളെ പോലെയാണ് മൂത്രമൊഴിക്കുന്നത്.

ഇപ്പോഴും ഇവിടെ
താന്തോന്നിയായി ഭരണം നടത്തുന്ന ഒരു ഭരണാധികാരിയും
മൃഗങ്ങളെ പോലെ സ്വന്തം ശരീരത്തിലേക്ക്
മുള്ളുന്ന പ്രജകളുമുണ്ട്.

കോംഗോയിലും താൻസാനിയയിലുമല്ല
എന്റെ നാട്ടിലെ സെക്യൂരിറ്റി പോസ്റ്റിൽ
സൂര്യൻ പോലും കാക്കിയാണു ധരിച്ചിരിക്കുന്നത്.
പൂവുകൾ പോലും (പട്ടാളക്കാരുടെ) പുള്ളിക്കുത്തുള്ള
വസ്ത്രങ്ങളാണ് ഉടുത്തിരിക്കുന്നത്.

ഞങ്ങളുടെ മുമ്പിലും പിന്നിലും
ഭയം തളം കെട്ടിയിരിക്കുന്നു.

ചുമലിൽ അഞ്ചു നക്ഷത്രങ്ങളുള്ള പോലീസുകാരൻ
മുഴുവൻ പുച്ഛത്തോടും കൂടി
ആടുകളെ പോലെ ഞങ്ങളെ കെട്ടി വലിക്കുകയാണ്.

കാബേലിന്റെ കാലം മുതൽ ഇന്നുവരേ
ഇവിടെ പ്രൊഫഷനൽ കൊലയാളികൾ നിലയുറപ്പിച്ചിട്ടുണ്ട്.

സൂര്യസഞ്ചാരങ്ങളില്ലാത്ത,
സമയങ്ങൾ മാറിമറയാത്ത
ശിക്ഷാ മുറികളിൽ
അറവുമാടുകളെ പോലെ തോലുരിയപ്പെടുന്ന
പ്രജകളെയും ഇവിടെ നിങ്ങൾക്കു കാണാം.

ഞാൻ എവിടെയാകുന്നു?
എല്ലാ ചിഹ്നങ്ങളും പറയുന്നു:
‘അതാ ഒരു കാട്ടറബി’ എന്ന്.
ഞങ്ങൾ കേൾക്കുന്ന എല്ലാ പരിഹാസങ്ങളും
ആ പഴയ പല്ലവി തന്നെയാകുന്നു
(കാടൻ അറബി എന്ന്)

എല്ലാ പാതകളും ചെന്നവസാനിക്കുന്നത്
അക്രമിയായ ഭരണാധികാരിയുടെ വാളിൻ ചുവട്ടിലേക്കാണ്.

ഞാനിപ്പോൾ എവിടെയാണ്?
ഓരോ റോഡുകൾക്കിടയിലും
ഓരോ രാഷ്ടം!.

ഓരോ ഈത്തപ്പനകൾക്കും
അവയുടെ നിഴലുകൾക്കുമിടയിൽ
ഓരോ ഭരണകൂടം!.

ഭ്രാന്താലയത്തിലും
തലവേദനയും ചുമയും ജ്വരവും
പടർന്നു പിടിച്ച ആതുരാലയത്തിലും
ഓരോ ഭരണ കൂടം!.

പോകാനുള്ള അനുവാദത്തിനായി കെഞ്ചിക്കൊണ്ട്,
ബാല്യകാല ഭവനത്തിനും
അവിടുത്തെ പൂക്കൾക്കും വേണ്ടി കേണപേക്ഷിച്ചു കൊണ്ട്
ഒരു മാസം മുഴുവൻ,
ഒരു വർഷം മുഴുവൻ,
ഒരു കാലം മുഴുവൻ,
മാഫിയാ തലവനു മുമ്പിൽ ഞാൻ കാത്തു കിടന്നു.

ഒരായുസ്സു മുഴുവൻ ഞാൻ കാത്തു നിന്നു.

മൂത്തു നരച്ചപ്പോൾ
എന്റെ നാട്ടിലേക്കു പ്രവേശിക്കാൻ
അവരെനിക്കു സമ്മതം തന്നു

അപ്പോഴാണു ഞാനറിയുന്നത്
ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന
എന്റെ പ്രിയപ്പെട്ട രാജ്യം
ഭൂപടത്തിലേ ഇല്ല എന്ന്.

3 comments :

  1. This comment has been removed by the author.

    ReplyDelete
  2. മഹത്തായ കവിതകള്‍ക്ക്‌ നല്ല സര്‍ട്ടിഫിക്കറ്റ് ആരും കൊടുക്കേണ്ട കാര്യം ഇല്ല . അത് എത്രത്തോളം നമ്മള്‍ ഉള്‍ക്കൊണ്ടു എന്ന് നോക്കിയാല്‍ മതി.

    ReplyDelete
  3. നല്ല കവിത - നല്ല വിവര്‍ത്തനം - പക്ഷേ ആരാണ് ഇത് എഴുതിയത് ?

    ReplyDelete