Thursday, February 2, 2012



ഉത്തരീയം
ഇമാം ബൂസുരി (1211-1294)
ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക പ്രകീർത്തന കാവ്യമാണ്‌ ബുർദ: പൂങ്കാവനം ബുക്സ് പ്രസിദ്ധീകരിച്ച് എന്റെ ബുർദാ വ്യാഖ്യാനത്തിൽ നിന്നെടുത്ത ബുർദയിൽ പ്രധാനപ്പെട്ട വരികളുടെ മൊഴിമാറ്റം താഴെ വായിക്കുക)


നീരിനാലിരു കാലും സങ്കടപ്പെടും വരേ-
യിരവിൽ ധ്യാനിച്ചയാളോടു ഞാൻ പാപം ചെയ്തു.

വിശപ്പിൻ കാഠിന്യത്താൽ വരിഞ്ഞു കെട്ടിയയാൾ
ശിലയാൽ മൃതുല മനോഹരമാമാശയം.

സ്വർണ്ണ മാമലകൾ പ്രലോപനവുമായ്‌ വന്നു
പൂർണ്ണനാണയാളതു തൃണവൽഗണിച്ചു പോൽ

അവതൻ ത്യാഗത്തേക്കാൾ ശക്തമെന്നാലുമേവ-
മവഗണിക്കുമെല്ലാ യോഗിമാരുമാവശ്യം

ജഗമിതിനു ഹേതു ഭൂതരായൊരാളുടെ
യിംഗിതമാ ജഗത്തെ തേടിടുന്നതെങ്ങിനെ?

മാനവർക്കുമദൃശ്യ ജിന്നുകൾക്കുമറേബ്യൻ
മാനിതർക്കുമന്യർക്കും മന്നരപ്രവാചകൻ

ഉള്ളതുണ്ടെന്നോയില്ലാതുള്ളതില്ലെന്നോ ചൊല്ലാ-
നില്ലയാഞ്ജാനുവർത്തിയാം നബിയെപ്പോലൊരാൾ.

ദുരിതങ്ങളിൽ ശിപാർശയുമായ്‌ വന്നു നമ്മെ
കരകയറ്റും സ്നേഹ വൽസനല്ലോ നബി.

ബോധനം ചെയ്താ ദൂതർ നാഥനിലേക്കാ കയ-
റേതൊരാൾ പിടിച്ചുവോ പേടി വേണ്ടതിൽ പിന്നെ.

പ്രകൃതിയിലുമാകൃതിയിലുമാ ദൂതന്മാ-
രകലെയല്ലോ വിദ്യാ ധർമ്മതു രണ്ടിലും.

മറ്റു നബിമാരൊക്കെയക്കടലിൽ നിന്നും കൈ-
പ്പറ്റിയതൊരു കുമ്പിൾ ജലമോ നീർമാരിയോ!.

നിശ്ചലരായ്‌ നിന്നവരപ്രവാചകൻ ചാരെ-
യക്ഷര ജ്ഞാനത്തിലേയച്ചെറു സ്വരം പോലെ.

പൂർണ്ണനാണവിടുന്നാകാരവുമർത്ഥങ്ങളും
പ്രിയനായ്‌ തിരഞ്ഞെടുത്തവരെയുടയവൻ

ഭാഗവാക്കാകുന്നിലൊരാളുമപ്പുണ്യങ്ങളിൽ
ഭാഗവും വെക്കാനാകില്ലാ ഗുണത്തിൻ സത്തയെ.

യേശുവിൽ ക്രിസ്ത്യാനികൾ ചൊല്ലുവതൊഴിച്ചുള്ള-
തെന്തുമപ്രഭാവനിലോതിടാം പ്രശംസകൾ

മാന്യതയേതുമാ പൂമേനിയിൽ ചാർത്താം, ബഹു-
മന്യമായതെതൊക്കെയും നിൻ മനം ചൊല്ലുന്നതും

ദൈവദൂതൻ തൻ മാഹാത്മ്യത്തിനതിരുണ്ടെങ്കി-
ലാവുമായിരുന്നൊരു വാഗ്ഭടനുരയുവാൻ

മുത്തുനബിതൻ ദൃഷ്ടാന്തങ്ങളപ്പദവിയോ-
ടൊത്തു പോവുമെങ്കിലെണീക്കുമസ്ഥിയും കേട്ടാൽ.

ബൗദ്ധികായാസങ്ങളാൽ നാം പരീക്ഷിക്കപ്പെട്ടി-
ല്ലതിനാൽ സന്ദേഹവും നമുക്കില്ലതും പുണ്യം

സൃഷ്ടികളന്ധാളിച്ചാ വ്യാപ്തിയെ ഗ്രഹിക്കുവാൻ
ദൃഷ്ടികളണഞ്ഞു പോയ്‌ ദൂരെയും ചാരത്തുമായ്‌

അകലെ നിന്നാലതൊരർക്കനാണെന്നു തോന്നു-
മടുത്തെത്തിയെന്നാലോ മിഴികളടഞ്ഞു പോം

സ്വപ്നവുമായ് സംതൃപ്തിയടയും സമൂഹമാ
സത്തയെയുലകിൽ നിന്നറിയുന്നതെങ്ങനെ!.

ഏറിയോരറിവാൽ നാം ചൊല്ലുവതവിടുന്ന്
മർത്ത്യനാണെന്നാലെല്ലാ മർത്ത്യരെക്കാളും ശ്രേഷ്ഠൻ

ദൈവ ദൂതന്മാരെല്ലാം കൊണ്ടു വന്ന ദൃഷ്ടാന്ത-
മാവെളിച്ചവുമായി ചേർന്നതാണല്ലോ നൂനം!!.

കൂരിരുട്ടിൽ ജനതതിക്കു വെളിച്ചം തരും
സൂര്യനാണവിടുന്നാ ദൂതരോ താരങ്ങളും

സുസ്മിതവുമഴകും തോരണം ചാർത്തും ചേലാൽ
സുന്ദരമായാകാരമെത്ര മേൽ മനോഹരം!.

മാർദ്ധവത്തിൽ പുഷ്പമോ, പ്രൗഢിയിൽ വാർ തിങ്കളോ
ആർദ്രതയിലാഴിയോ, കാലമോ മനോബലം!.

തനിച്ചാ വ്യക്തിത്വത്തെ കാണവേ ഗാംഭീര്യത്താൽ
തോന്നിടും സൈന്യത്തിലോ ഭൃത്യർ തൻ മധ്യത്തിലോ?

ചിപ്പിയിലൊളിഞ്ഞിരിക്കുന്ന മുത്തുകളപ്പു-
ഞ്ചിരിയാൽ വിരിയുമപ്പൂമലർ ദന്തങ്ങളോ?

No comments :

Post a Comment