Saturday, July 30, 2011

റമളാനു സ്വാഗതം (അറബിക്കവിത)ഉൽബുദ്ധരായ ജനങ്ങളേ;
ഇതാ റമളാൻ കടന്നു വരുന്നു;
നീണ്ട നാളുകൾക്കു ശേഷം വരുന്ന (അതിഥിയെ)
നിങ്ങൾ സ്വീകരിച്ചാനയിക്കുക.

ഒരു വർഷം അശ്രദ്ധമായി നാം കഴിഞ്ഞു കൂടി.
ഇനി ഉണരൂ..
ആയുസ്സെന്നാൽ
മേഘത്തിന്റെ തണൽ പോലെയാണ്.

പ്രയാസങ്ങൾ സഹിക്കാനായി തയ്യാറാവൂ,
ക്ഷമിക്കുന്നവനു കിട്ടുന്ന പ്രതിഫലത്തിന്
കയ്യും കണക്കുമില്ല.

അല്ലാഹുവാകുന്നു നോമ്പുകാരന്
പ്രതിഫലം കൊടുക്കുന്നത്;
അവനു വേണ്ടിയാണല്ലോ
എല്ലാ പ്രയാസങ്ങളേയും അവൻ
തോൽ‌പ്പിക്കുന്നത്.

റയ്യാൻ കവാടത്തിലൂടെ
നോമ്പുകാരൻ മാത്രമേ ഉള്ളിൽ കടക്കൂ..
കവാടങ്ങളിൽ നോമ്പിന്റെ കവാടത്തെ
പ്രത്യേകം ഗൌനിക്കണം.

റമളാനിലെ പകലിലെ ചൂടിനു പകരം
നരകത്തിലെ തീക്കാറ്റടക്കം
മുഴുവൻ ശിക്ഷകളിൽ നിന്നും
അല്ലാഹു നിങ്ങൾക്കു സംരക്ഷണം തരുന്നു.

എല്ലാ പാനീയങ്ങളേക്കാൾ മുന്തിയ
ഇഞ്ചിനീർ കലർത്തിയ സൽസബീൽ പാനീയം
അല്ലാഹു അവർക്കു കുടിക്കാൻ
കൊടുക്കുന്നതുമായിരിക്കും.

ഇതൊക്കെയാകുന്നു
അല്ലാഹുവിന്റെ പക്കലുള്ള പ്രതിഫലങ്ങൾ.

അങ്ങനെ ആദരവിന്റെയും സൗഹൃദത്തിന്റെയും
പുണ്യം നേടി അവർ ഉന്നതങ്ങളിൽ സ്ഥാനം പിടിക്കുന്നു.

എല്ലാ തിന്മകളിൽ നിന്നുമുള്ള ഒരു പരിചയാകുന്നു വ്രതം.
അത് തെറ്റിനേയും നാശത്തേയും ഉന്മൂലനം ചെയ്യുന്നു.

നോമ്പ് എല്ലാ അധമ വികാരങ്ങളെയും ചങ്ങലക്കിടും.
പിരടികളിൽ പിടിമുറുക്കിയ
അടിമത്തത്തിൽ നിന്നും മോചനം തരും.

അയൽപക്കം,സാഹോദര്യം കുടുംബം, സൗഹൃദം
എന്നീ ബന്ധങ്ങളുടെ അവകാശങ്ങൾ
വക വെച്ചു കൊടുക്കാത്തവൻ
നോമ്പ് അനുഷ്ഠിച്ചിട്ടിച്ചവനല്ല.

പരദൂഷണം വഴിയുള്ള മാംസ ഭോജിയും
തോന്നിവാസം പറയുന്നവനും
കുഴപ്പങ്ങൾക്കു വേണ്ടി ശ്രമിക്കുന്നവനും
നോമ്പ് എടുത്തവനല്ല.

കള്ള സാക്ഷി പറയുന്നവനും
സ്വഭാവത്തിലും പെരുമാറ്റത്തിലും
വീഴ്ച വരുത്തുന്നവനും
നോമ്പ് ഏടുത്തിട്ടില്ല.

പാതിവൃത്യം, ഭക്തി,
അകന്നവരോടും അപരിചതരോടും അടുപ്പം സ്ഥാപിക്കുക
എന്നിവയുടെയൊക്കെ പാഠ ശാലയാകുന്നു നോമ്പ്.

സാഹോദര്യത്തെ വരിഞ്ഞു മുറുക്കുന്ന
അരപ്പട്ടയാകുന്നു നോമ്പ്;
കുടുംബം സുഹൃത്തുക്കൽ എന്നിവരുമായി
ബന്ധിപ്പിക്കുന്ന നല്ല പാശവുമാകുന്നു നോമ്പ്.

ആതിഥേയത്വം, സമർപ്പണം, ദാനം
എന്നിവയെല്ലാം മേളിക്കുന്ന സാഹോദര്യത്തിന്റെ
അധ്യായം തന്നെയാകുന്നു റമളാൻ.

ദൃഢ നിശ്ചയം, ക്ഷമ, നിരാസം,
ആത്മ ശുദ്ധീകരണം, ത്യാഗം
എന്നിവയുടെയും മാസമാകുന്നു റമളാൻ.

നോമ്പു കൊണ്ട് ദാഹവും വിശപ്പും ക്ഷീണവുമല്ലാതെ
മറ്റൊരു ഫലവും സിദ്ധിക്കാത്ത എത്ര നോമ്പുകാരാണുള്ളത്!!.

ഭക്ഷണം ഉപേക്ഷിച്ചവരെല്ലാം വ്രതമെടുത്തവരല്ല.
അഭിലാഷങ്ങളും പാനീയങ്ങളും വർജ്ജിച്ചവനും തഥൈവ.

പ്രവാചകന്മാരും അവരുടെ സഖാക്കളും നേടിയ
നോമ്പിന്റെ അത്യുന്നത ലക്ഷ്യങ്ങൾ
ഇവരെപൊലെയുള്ള ആളുകൾ കൈ വരിക്കുകയില്ല.

വ്രതത്തെ തെറ്റു കൊണ്ട് മലീമസമാക്കാത്തെ
പ്രവാചകന്മാരും അനുചരരും വിശുദ്ധി കാത്തു സൂക്ഷിച്ചു.

അവർ പ്രജാപതികൾ!,
അല്ലെങ്കിൽ അവരെപ്പോലെ കഴിഞ്ഞവർ!
നീയാണെങ്കിലോ മുണ്ടിട്ട് മൂടി, തിന്നു നടക്കുന്നു,

വ്രതം അവരുടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ചു.
അങ്ങനെയവർ കാലത്തിന്റെ
സംസാര വിഷയങ്ങളായിത്തീർന്നു.

ദുനിയാവിൽ നിന്നും അതിന്റെ പ്രലോപനങ്ങളിൽ നിന്നും
അവർ ഉണ്ണാവൃതമെടുത്തു,
അഭിലാഷങ്ങളിൽ നിന്നും ഇച്ഛകളിൽ നിന്നും വ്രതമെടുത്തു.

നോമ്പ് പിടിച്ചു കൊണ്ടു തന്നെ അവർ
ശത്രുക്കൾക്കെതിരെ പൊരുതി;
വ്രത മാസം കൊണ്ട് വലിയ വിജയം
നേടുകയും ചെയ്തു.

നോമ്പെടുത്തെന്നു കരുതി
നിസ്കരിക്കാനോ വിശുദ്ധ വേദം പാരായണം ചെയ്യാനോ
അവർ മറന്നു പോയില്ല.

പകൽ സമയത്ത് അവർ കുതിച്ചു മുന്നേറുന്ന സിംഹങ്ങൾ,
ഇടിനാദങ്ങളും പോരാട്ടത്തിന്റെ മിന്നൽ പിണരുകളും
അവരിൽ നിന്നും കേൾക്കാം.

എന്നാൽ രാത്രി ഇരുളുമ്പോൾ മിഹ്റാബുകൾക്കുള്ളിൽ
ഒളിച്ചിരുന്നു കരയുന്ന പുരോഹിതന്മാരാണവർ.

അവരുടെ കൂടെച്ചേർന്ന് വ്രതമെടുക്കുന്നവർക്ക് ആശംസകൾ!.
വേട്ടയുടെ മാസം!,
മാന്യന്മാരുടെ മാസം,...
ഇതാ വരുന്നു..
നമോവാകം!!.
(Author unknown. Text available in the 'Arabic Texts' page)

No comments :

Post a Comment