
...ദുർബ്ബലൻ
എന്തു കൊണ്ട് തോറ്റു പോകുന്നു?
നിസാർ ഖബ്ബാനി (1923-1998)
(സിറിയൻ കവി)
(കഴിഞ്ഞ പോസ്റ്റിലെ തുടർച്ച)
വെറുപ്പിന്റെ ചുവരുകളിൽ ക്രൂശിക്കപ്പെട്ട
എന്റെ പ്രിയപ്പെട്ട നാടേ;
നരകക്കുണ്ടിലേക്കു പാഞ്ഞു പോകുന്ന
അഗ്നി ഗോളമേ,
ഈജിപ്തിൽ നിന്നോ, ബനൂ സഖീഫിൽ നിന്നോ
രക്തം വാർന്നൊലിക്കുന്ന ഈ നാടിനു വേണ്ടി
ആരും ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കുന്നില്ല,
ഒരിറ്റു മൂത്രം പോലും നൽകുന്നില്ല.
കീറിപ്പറിഞ്ഞ നിന്റെ നീളം കുപ്പായത്തിനു പകരം
ഒരു കഷണം തുണിയോ
ഒരു തൊപ്പിയോ ദാനം ചെയ്യുന്നില്ല.
ശരത്കാൽ പുൽകൊടി പോലെ
ഒടിഞ്ഞു പോയ എന്റെ നാടേ;
വൃക്ഷങ്ങളെപ്പോലെ ഞങ്ങളെ
ഒരിടത്തു തന്നെ കെട്ടിയിട്ടിരിക്കുകയാണ്,
ഞങ്ങളുടെ സ്വപ്നങ്ങളും ഓർമ്മകളും നിരന്തരം
പലായനം ചെയ്യുകയുമാണ്.
കണ്ണുകൾ കൺപോളകളെ ഭയക്കുന്നു,
ചുണ്ടുകൾ ശബ്ദങ്ങളെ പേടിക്കുന്നു.
ഞങ്ങളുടെ ഭരണാധികാരികൾ
നീല രക്തങ്ങൾ സിരകളിലൂടെ ഒഴുകുന്ന
ദൈവങ്ങളാകുന്നു.
ഹിജാസിലെ നേതാക്കളും
മലയടിവാരങ്ങളിലെ അധികാരികളും ഞങ്ങളെ അറിയില്ല.
അബു ത്വയ്യിബോ, അബൂ അതാഹിയയോ
ഞങ്ങൾക്ക് ആതിഥ്യമരുളുന്നില്ല.
എപ്പോഴെങ്കിലുമൊന്ന് ചിരിച്ചു പോയാൽ
മുആവിയ ഞങ്ങളെ കൊന്നു കളയുന്നു.
* * *
അവശതയുടെ തുറമുഖങ്ങളിൽ നിന്നും
വീണ്ടും ഞങ്ങൾ പലായനം ചെയ്യുകയാണ്.
ബെയ്റൂത്തിൽ നിന്നും അറബിക്കടൽ വരേയുള്ള ആർക്കും
ഞങ്ങളെ ആവശ്യമില്ല.
ഫാതിമിയാക്കൾക്കും ഖറാമിതുകൾക്കും
ഒരു പിശാചിനും ഒരു മാലാഖക്കും
ഞങ്ങളെ വേണ്ട.
പെണ്ണിനു പകരം പെട്രോളും
ഡോളറിനു പകരം വീടുകളും
പരവതാനികൾക്കു പകരം പൈതൃകവും
വെള്ളിത്തുട്ടുകൾക്കു പകരം ചരിത്രവും
പൊന്നിനും പകരം മനുഷ്യനെയും
മാറ്റക്കച്ചവടം നടത്തുന്ന ഒരു ദേശത്തിനും
നമ്മളെ ആവശ്യമില്ല;
അവിടുത്തെ പ്രജകളാണെങ്കിലോ
ഈർച്ചപ്പൊടിയും തിന്നു കഴിയുകയാണ്.
ഏജന്റുമാരുടെയും,സ്പോൺസർമാരുടെയും,
ഇറക്കുമതിക്കാരുടെയും, കയറ്റുമതിക്കാരുടെയും,
രാജാവിന്റെ ഷൂ പോളീഷ് ചെയ്യുന്നവരുടേയും,
ഔദ്യോഗിക രേഖകളിലെ സാംസ്കാരിക നായകന്മാരുടെയും
വാടകക്കെടുക്കുന്ന കവികളുടെയും,
അധികാരികൾക്കു വേണ്ടി ബദാം പരിപ്പിന്റെയും
ആപ്പിളിന്റെയും തൊലി കളയുന്നവരുടെയും,
ഭരണാധികാരി കിടപ്പറയിലേക്കു പോകുമ്പോൾ
ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ ലിസ്റ്റ്
കൂടെ കൊണ്ടു പോകുന്നവരുടെയും,
കൂട്ടിക്കൊടുപ്പിന്റെ ഉദ്യോഗസ്ഥരുടെയും,
ജോക്കർമാരുടെയും,
പെൺകോന്തന്മാരുടെയും നാട്ടിൽ
ആർക്കും നമ്മെ ആവശ്യമില്ല.
കോടിക്കണക്കിനു പുസ്തകങ്ങളെ
കശാപ്പു ചെയ്യുന്ന ഉപ്പു നഗരത്തിൽ
ആരും നമ്മെ വായിക്കുന്നില്ല.
രാഷ്ട്രീയത്തിന്റെ ഗവേഷകന്മാർ
സാഹിത്യത്തിന്റെ തലതൊട്ടപ്പന്മാരായി മാറുന്ന
ഈ നഗരത്തിൽ
ആരും നമ്മളെ വായിക്കുന്നില്ല.
6
സങ്കടക്കപ്പലിൽ വീണ്ടും ഞങ്ങൾ
യാത്ര ചെയ്യുകയാണ്.
ഞങ്ങളുടെ നായകൻ കൂലിപ്പട്ടാളക്കാരനാണ്,
ഞങ്ങളുടെ പുരോഹിതൻ
കടൽ കൊള്ളക്കാരനും.
കൂട്ടിനുള്ളിലെ എലികളെപ്പോലെ
ഞങ്ങൾ മറയ്ക്കുള്ളിലിരിക്കുകയാണ്.
ഒരു തുറമുഖവും
ഒരു സത്രവും
ഒരു പെണ്ണും
ഞങ്ങളെ വരവേല്ക്കാൻ വരുന്നില്ല.
ഞങ്ങളുടെ പാസ്പോർട്ടുകളെല്ലാം
ഇഷ്യൂ ചെയ്തത് ചെകുത്താനാകുന്നു;
ഞങ്ങളെഴുതുന്നതൊന്നും-അതു കൊണ്ടു തന്നെ
ചെകുത്താനെ അത്ഭുതപ്പെടുത്തുന്നില്ല.
കാലത്തിന്റെയും സ്ഥലത്തിന്റെയും അപ്പുറത്തേയ്ക്കു
പോകാൻ വിധിക്കപ്പെട്ടവർ ഞങ്ങൾ!.
പണസഞ്ചി നഷ്ടപ്പെട്ട പഥികർ ഞങ്ങൾ!.
മാറാപ്പുകളും, മക്കളും,
പേരുകളും, പുരോഗതിയും,
സുരക്ഷിത ബോധവും
എന്നേ ഞങ്ങൾക്കു കളഞ്ഞു പോയിരിക്കുന്നു.
ബനൂ ഹാശിമും, ബനൂഖഹ്താനും,
ബനൂ റബീഅയും, ബനൂ ശൈബാനും,
ബനൂ‘ലെനി’നും, ബനൂ ‘റീഗ’ണും,
ഞങ്ങളെ തിരിച്ചറിയുന്നില്ല.
എന്റെ പ്രിയപ്പെട്ട നാടേ,
എല്ലാ പക്ഷികൾക്കും കൂടുകളുണ്ട്;
സ്വാതന്ത്ര്യം കണ്ടുപിടിച്ച കിളികൾക്കൊഴികെ;
അവർ മറു നാടുകളിൽ വെച്ച് മരിച്ചു തീരുകയാണ്.
No comments :
Post a Comment