Monday, March 15, 2010

അന്ത്യ ഗീതം യഹ്‌യ അൽ സമാവി - ഇറാഖ്



അന്ത്യ ഗീതം.
യഹ്‌യ അൽ സമാവി - ഇറാഖ്

(വർത്തമാന കാല ഇറാഖിനെ മുന്നിൽ കണ്ട് കവിത നിങ്ങളുടെ ഹൃദയം കൊണ്ടു വായിക്കുക. നിങ്ങളുടെ കണ്ണുകൾ സജലങ്ങളായിട്ടില്ലെങ്കിൽ നിങ്ങൾ മനുഷ്യനല്ല. യഹ്‌യ അൽ സമാവി എന്നപ്രസിദ്ധനായ ഇറാഖീ കവി ഓരോ സാധാരണക്കാരനായ ഇറാഖിയുടെയും ആകുലതകളാണ്‌കോറിയിടുന്നത് - പരിഭാഷകൻ.)
* * *

എനിക്ക്
ഇരുപതു കൈകളും
കാടു പോലെ പരന്ന ഒരു കടലാസും
ഈന്തപ്പനയുടെയത്രയും വലിപ്പമുള്ള ഒരു പേനയും
ഒരു കിണർ നിറയെ കറുത്ത മഷിയും
ഉണ്ടായിരുന്നെങ്കിൽ
ഞാനെന്റെ അവസാനത്തെക്കവിത
എഴുതുമായിരുന്നു.

ഭോജന ശാലകളിലെ വീപ്പകൾ
ദാനമായി നൽകുന്ന ചണ്ടിക്കൂനകളിൽ
നായ്ക്കളോട് മൽസരിക്കുന്ന
പാവങ്ങളെക്കുറിച്ചായിരിച്ചായിരിക്കും
എന്റെ കവിത,

കളിപ്പാട്ടം കൊടുത്ത്
പിച്ചച്ചട്ടിയും
സ്കൂൾ പുസ്തകം കൊടുത്ത്
ഷൂ പോളീഷ് സെറ്റും
വാങ്ങേണ്ടി വരുന്ന
കുഞ്ഞുങ്ങളെക്കുറിച്ചുമായിരിക്കും
എന്റെ കവിത.

പാലിൽ വെള്ളം ചേർത്തു നല്കുന്ന
മുലകൾ ഉണങ്ങിപ്പോയ ഉമ്മമാരെക്കുറിച്ചും,

ഗോതമ്പു മാവിൽ ഈർച്ചപ്പൊടിയും
പുകയിലയിൽ ചാണകവും കലർത്തുന്ന
യുദ്ധക്കച്ചവടക്കാരെക്കുറിച്ചും,

അധികാരക്കസാലകളിരുന്നിരുന്ന്
ചന്തികൾ മരമായിപ്പോവുകയും
പിറന്ന നാടിന്‌ മൂലക്കുരുവുണ്ടാകാൻ
കാരണക്കാരാവുകയും ചെയ്ത
രാഷ്ട്രീയക്കാരെക്കുറിച്ചും
ഞാൻ കവിതയിൽ പ്രതിപാദിക്കും

പെട്രോളിയം തടാകത്തിന്റെ മുകളിൽ
അടയിരിക്കുന്ന ഒരു നാട്ടിൽ
മണ്ണടുപ്പ് പുകയിക്കാനായി
പാടങ്ങളിൽ മൃഗങ്ങളുടെ കാഷ്ടം തിരയുന്ന
ഗ്രമീണ സ്ത്രീകളെക്കുറിച്ചും
ഞാൻ പറയും.

എന്റെ ഒടുക്കത്തെക്കവിത കുറിക്കാൻ
ചുവരുകൾ വൃത്തികേടാക്കിയ
അടയാളങ്ങളെ പറ്റിയും ഞാൻ രേഖപ്പെടുത്തും

പള്ളി മിമ്പറിൽ വച്ചോ
ബാറുകളിൽ വച്ചോ ആയിരിക്കില്ല
മറിച്ച്
യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ തീർത്ത
ചണ്ടിക്കൂനകളുടെ
കുന്നിൻ മുകളിൽ വച്ചായിരിക്കും
ഞാനെന്റെ കവിത ആലപിക്കുക.

എന്റെ സ്വാതന്ത്ര്യം
എനിക്ക് കടലാസുകളിലേ
പ്രകടിപ്പിക്കാൻ കഴിയൂ..

എന്റെ അന്ത്യാഭിലാഷം
രണ്ടു കണ്ണുകളും മലർക്കേ തുറന്ന്
മരിക്കണമെന്നാണ്‌;
എന്നിട്ടെനിക്കറിയണം
ഏറ്റവും കൂടുതൽ ഇരുട്ട്
എന്റെ കല്ലറയ്ക്കാണോ
അതോ എന്റെ നാട്ടിനാണോ? എന്ന്.

3 comments :

  1. എന്റെ സ്വാതന്ത്ര്യം
    എനിക്ക് കടലാസുകളിലേ
    പ്രകടിപ്പിക്കാൻ കഴിയൂ

    ReplyDelete
  2. എന്നിട്ടെനിക്കറിയണം
    ഏറ്റവും കൂടുതൽ ഇരുട്ട്
    എന്റെ കല്ലറയ്ക്കാണോ
    അതോ എന്റെ നാട്ടിനാണോ? എന്ന്.


    നമ്മളും പറയേണ്ടതും ഓര്‍ക്കേണ്ടതും ഇതൊക്കെത്തന്നെ

    ReplyDelete