Sunday, August 9, 2009

ഇനിയും മരിച്ചിട്ടില്ലാത്ത എന്റെ ജനത.

ഇനിയും മരിച്ചിട്ടില്ലാത്ത എന്റെ ജനത.
സമീഹ്‌ അൽ ഖാസിം.
വിവർത്തനം: മമ്മൂട്ടി കട്ടയാട്‌.

ചരിത്ര പുസ്തകത്തിലെ
ചുരുട്ടി വലിച്ചെറിയപ്പെട്ട
താളുകളാണ്‌ നീ എന്ന്
ചിലർ വാദിച്ചു.
അതു കളവാണ്‌.

നീ മരിച്ചു മൺമറഞ്ഞു പോയിരിക്കുന്നുവെന്നും
ചില ദോഷൈക ദൃക്കുകൾ പറഞ്ഞു,
അതും പൊട്ടത്തരമാണ്‌.

നീ ജീവനോടെയിരിക്കുന്നു.

തൊഴിലാളിയുടെ കൈത്തണ്ടകളിലും
കർഷകന്റെ കപോലങ്ങളിലും
യോദ്ധാവിന്റെ മനക്കരുത്തിലും
നീ ജീവിച്ചിരിക്കുന്നു.

അക്രമിയുടെ മുഖത്തേക്കുയർത്തിയ
നിന്റെ കൈകൾ
ഗതകാല സമൂഹത്തിന്റെ കൊടിമരമായിരുന്നു.

പുതിയ തലമുറയെ നോക്കി
അത്‌ ഉറക്കെ പറയുന്നുണ്ടായിരുന്നു
"ഞങ്ങൾ പ്രതിരോധിച്ചു,
നിങ്ങളും പ്രതിരോധിക്കുക"

എന്റെ നാടേ,
നിന്റെ ദേശീയ ഗാനം
വീടുകളിൽ നിന്നു വീടുകളിലേക്ക്‌
പ്രവഹിക്കുന്നു

റംലയിലും, മജ്ദലിലും, ശത്തയിലും,
ദാമോനിലും, അക്കയിലും, ജൽമയിലുമുള്ള
കൊള്ളക്കാരുടെയും കൊലയാളികളുടെയും
തടങ്കൽ പാളയങ്ങളുടെ ചുവരുകളെയും
മസ്കൂബിയ ജയിലിന്റെ മതിലുകളെയും
അതു പ്രകമ്പനം കൊള്ളിക്കുന്നു.

എന്റെ നാടേ,
നിന്റെ ദേഹത്തു നിന്നൊലിച്ചിറങ്ങുന്ന രക്തം
നിന്റെ ലെനിനിസ്റ്റ്‌ ചെങ്കൊടിയാകുന്നു.
ഭൂമി പാർട്ടി ചിഹ്നവും,
ഭൂമി തന്നെ കമ്മ്യൂണിസവും.

മൃത്യുവിന്റെ കാർമേഘങ്ങൾക്കു മുകളിലൂടെ
നീ ഉദിച്ചുയരുക

കോപാകുലനായ നീ
ജീവനോടെയിരിക്കുന്നുവെന്ന വിവരം
ഭൂമിയുടെ അഷ്ട ദിക്കുകളും
കേൾക്കട്ടെ

ഇഴഞ്ഞിഴഞ്ഞു വരുന്ന
മൃത്യുവിന്റെ കൊടുങ്കാറ്റേ
കടന്നു വരൂ,
എനിക്കു തെല്ലും ഭയമില്ല
കൊടുങ്കാറ്റേ, വന്നാലും,
ചില വൃക്ഷങ്ങൾ നിനക്കു മുമ്പിൽ തലകുനിച്ചേക്കാം,
എന്നാൽ എല്ലാ വൃക്ഷങ്ങളും അങ്ങിനെ തല കുനിക്കില്ല.

ഈ അണക്കെട്ടിന്റെ ചങ്കുറപ്പിനു മുമ്പിൽ
നിന്റെ കൊടിമരം
ഒടിഞ്ഞു പോകുന്നത്‌ കാണാൻ
കടന്നു വരൂ കൊടുങ്കാറ്റേ,

ഒരു തോളിനു ബലം നൽകുന്ന മറ്റൊരു തോൾ
ഒരു കയ്യിൽ ഉറച്ചിരിക്കുന്ന
മറ്റൊരു കൈ,

കൊക്കക്കോളയുടെ കുപ്പികൾ കൊണ്ടും
കൺഠ കൗപീനം കൊണ്ടും
കിഴക്കിന്റെ നന്മകളെ കൊള്ളയടിച്ച
വെളിച്ചത്തിന്റെ ശത്രുക്കളെ
തിരിച്ചറിയാൻ;
മരണാസന്നനായി കഴിയുന്ന
കാലത്തിന്റെ നാറുന്ന ശവമേ,
മുന്നോട്ടു വരൂ,

ദിനകരന്റെ വൈരികൾ
ഈ പാഠവും കൂടി പഠിക്കട്ടെ:

ടാങ്കുകൾ തുപ്പുന്ന വെടിയുണ്ടകളേക്കാൽ ശക്തി
കുട്ടികളുടെ കവണകൾക്കുണ്ട്‌,
"ഫാന്റം" പറന്നുയരുന്നതിലും
മുകളിൽ പറക്കാൻ
ഈ കുട്ടികളുടെ ബീജങ്ങൾക്കാവും.

ശത്രു സൈന്യങ്ങളെയും
അവർ തൊടുത്തു വിടുന്ന ആയുധങ്ങളെയും,
മറച്ചുപിടിച്ച കപടമായ ഉദ്ദേശ ശുദ്ധിയെയും,
കീഴ്പ്പെടുത്താൻ
ഈ കുഞ്ഞുങ്ങളുടെ പുഞ്ചിരികൾക്കാവും,

വിഡ്ഢികളായ എല്ലാ ജനറലുമാരും
ഒരു കാര്യമറിയണം,
യഥാർത്ഥ വിജയം
വലിയ ജനറലിന്റെ
തോളിൽ തൂങ്ങിക്കിടക്കുന്നു,
അതായത്‌ "ഒക്റ്റോബറിന്റെ"

എല്ലാ നേതാക്കന്മാരും,
എല്ലാ ശ്വാനന്മാരും
ഒന്നു കൂടി അറിയണം

രാത്രി എത്ര നീണ്ടാലും
ഇരുട്ടിന്റെ ആയുസ്സിന്നെ വെട്ടി മുറിക്കാൻ
ഞങ്ങൾക്കു കഴിയും

അതു കൊണ്ട്‌ എന്റെ നാടേ,
മൃത്യുവിന്റെ
മേഘ പാളികൾക്കു മുകളിലൂടെ
നീ ഉദിച്ചുയരുക.

എന്റെ നാടേ; നീ മരിച്ചിട്ടില്ല.
നിന്റെ വാർന്നൊലിക്കുന്ന രക്തം
ലെനിനിയൻ പതാകയാകുന്നു,
കോപാകുലയായ ഭൂമി പാർട്ടി ചിഹ്നവും,
ആ ഭൂമി തന്നെ കമ്മ്യൂണിസവും.

No comments :

Post a Comment