Monday, April 6, 2009

ദയവു ചെയ്തു പുറത്തു പോകൂ.


യഹ്‌യ അൽ സമാവി.

സ്വദേശം: ഇറാഖ്‌.
ജനനം: 1949, സമാവയിൽ
പ്രവാസം: 1977-ൽ ആസ്ത്രേലിയയിലേക്ക്‌ പലായനം ചെയ്തു.

ദയവു ചെയ്തു പുറത്തു പോകൂ.
യഹ്‌യ അൽ സമാവി
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌
_________________
ഞങ്ങളുടെ പ്രിയപ്പെട്ട നാട്‌
യുദ്ധക്കൊതിയന്മാർക്കു വേണ്ടി
പൂക്കൾ വിരിയിക്കുന്നില്ല.
കടന്നാക്രമണകാരികളായ
കാപാലികർക്കു വേണ്ടി
യൂപ്രട്ടീസ്‌ നദി
അത്തിയും അക്രോട്ടും
ഉൽപ്പാദിപ്പിക്കുന്നില്ല.


അതു കൊണ്ട്‌,
പ്രജകൾ കശാപ്പു ചെയ്യപ്പെടുന്ന
ഈ നാട്ടിലെ പുൽമേടുകളും
നദികളും മണ്ണും വിട്ട്‌
നിങ്ങൾ പുറത്തു പോകണം.
ഞങ്ങളെ സമാധാനത്തോടെ
കഴിയാൻ അനുവദിക്കണം.

ചെന്നായ്ക്കളേ കൊടുത്ത്‌
പന്നികളെ വാങ്ങാനും,
കാസ രോഗത്തിനു പകരം
പ്ലേഗു വാങ്ങാനും,
ചൊറിക്കു ബദൽ മരണം സ്വീകരിക്കാനും
ഞങ്ങൾ ഒരുക്കമല്ല.
അതു കൊണ്ട്‌,നിങ്ങൾ
ഉടൻ ഇവിടം വിട്ട്‌ പുറത്തു പോകണം.

മാടപ്പിറാവുകൾക്ക്‌ കൂടു കൂട്ടാനുള്ള
വൈക്കോൽ കൂനകളാവാൻ
ഈ ഹെൽമെറ്റുകൾക്ക്‌ പ്രയാസമാണ്‌.
ചിന്തിയ ചോരകൾക്ക്‌
ചെമന്തിപ്പൂക്കളാകുവാനും.

അതു കൊണ്ട്ൻ നിങ്ങൾ
ഉടൻ സ്ഥലം കാലിയാക്കണം.

തെളിനീരുകൾ വറ്റിപ്പോയ,
കാർമേഘങ്ങൾ എത്തിനോക്കാത്ത
വറ്റി വരണ്ട കൃഷിയിടങ്ങൾ
രണ്ടു തലമുറകളായി അട്ടഹസിക്കുന്നു;
"ഞങ്ങളുടെ നാടും വിട്ട്‌ നിങ്ങൾ പുറത്തു
പോകണമെന്ന്".

ഇടിത്തീ വീഴുന്നതിനു മുമ്പേ,
അടിച്ചമർത്തപെട്ട ജന വിഭാഗത്തെ
വെറുതെ വിടുക.
പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുന്നത്‌ നല്ലതാണ്‌
'കപടമായ ചിഹ്നങ്ങൾ!!,
യുദ്ധ വ്യവസായികൾ!!,
എണ്ണയുടെയും പെണ്ണിന്റെയും
ജനകീയ മദ്യ ഷാപ്പുകളുടെയും
മൊത്ത വ്യാപാരികൾ!!,
വെട്ടിപ്പിടിത്തത്തിന്റെ സാക്ഷിപത്രങ്ങൾ!!,'
പോകൂ, ഉടൻ പുറത്തു പോകൂ.

തടവിലാക്കപ്പെട്ട ജന വിഭാഗത്തിനെ മേൽ
പട നയിച്ച്‌ വിജയിച്ച സേനാ നായകന്‌
നാരങ്ങാ നീരു കൊടുക്കുക.

യുദ്ധം തുടങ്ങുന്നതിനു മുമ്പേ
ഞങ്ങൾ തോറ്റു പോയവരാണ്‌.
ഗോതമ്പു മണികൾക്കു വേണ്ടി കേഴുന്ന പാടങ്ങൾ!!.
കോട്ട വാതിൽക്കലെത്തി
സങ്കടക്കടലിലേക്ക്‌
കണ്ണീരൊഴുക്കി വിടുന്ന അത്തി മരങ്ങൾ.

ദയവു ചെയ്ത്‌ നിങ്ങൾ പുറത്തു പോകൂ.

ചണ്ടിക്കൂനകൾക്കിടയിൽ
മരിച്ചു കിടക്കുന്ന
മുല കുടി വറ്റാത്ത കുഞ്ഞുങ്ങളെ
പുറത്തെടുത്ത്‌ മറവു ചെയ്യാൻ
ഞങ്ങളെ അനുവദിക്കുക.

ഇറാഖിന്റെ ഈത്തപ്പനത്തോട്ടങ്ങൾ
ഒരിന്തിഫാദക്കു വേണ്ടി
ഉണർന്നെഴുന്നേൽക്കുന്നതിനു മുമ്പേ
കൊടും ശിക്ഷകൾ നടപ്പാക്കാൻ
അവ വാളുകൾ ഉറയിൽ നിന്നും
ഊരുന്നതിനും മുമ്പേ
നിങ്ങൾ പുറത്തു പോകൂ.

1 comment :